19 April Friday

ചരിത്രമെഴുതി കർഷകരുടെ ലോങ് മാർച്ച്

വെബ് ഡെസ്‌ക്‌Updated: Thursday Mar 8, 2018



മഹാരാഷ്ട്രയിലെ കർഷകർ പുതിയൊരു സമരചരിത്രം രചിക്കുകയാണ്. കർഷകആത്മഹത്യകൾ റെക്കോഡിടുന്ന സംസ്ഥാനത്ത് ബിജെപി സർക്കാരിനെതിരെ ലോങ് മാർച്ചിലാണ് കർഷകർ. ചെങ്കൊടിയുമായി അരലക്ഷം കർഷകരാണ് കഴിഞ്ഞ രണ്ടുദിവസമായി സമരമുദ്രാവാക്യങ്ങളുമായി മാർച്ചിൽ പങ്കെടുക്കുന്നത്. നാസിക്കിൽനിന്ന് തുടങ്ങിയ മാർച്ച് മുംബൈയിലെത്തുന്നത് 12നാണ്. ഇരുനൂറിലേറെ കിലോമീറ്റർ സഞ്ചരിച്ച് മുംബൈയിലെത്തുന്ന മാർച്ചിന്റെ അന്ത്യത്തിൽ കർഷകർ നിയമസഭ വളഞ്ഞ് അനിശ്ചിതകാലസമരം ആരംഭിക്കും. രാജ്യത്തുതന്നെ അസാധാരണമായ ഒരു സമരമുന്നേറ്റത്തിനാണ് ഓൾ ഇന്ത്യാ കിസാൻസഭ മഹാരാഷ്ട്രയിൽ നേതൃത്വം നൽകുന്നത്.

കഴിഞ്ഞ അഞ്ചുവർഷമായി കിസാൻസഭയുടെ നേതൃത്വത്തിൽ മറ്റ് സംഘടനകളുടെ സഹകരണത്തോടെ കർഷകർ നിരന്തരസമരത്തിലാണ്. 2016 മാർച്ചിൽ ഒരുലക്ഷം കർഷകരാണ് നാസിക്കിൽ ഉപരോധസമരം നടത്തിയത്. രണ്ടുമാസം കഴിഞ്ഞ് താനെയിൽ ശവപ്പെട്ടിസമരം. ഒക്ടോബറിൽ പാൽഘർ ജില്ലയിൽ ഗിരിവർഗ വികസനമന്ത്രിയുടെ വാഡയിലെ വീടുവളഞ്ഞ് സമരം ചെയ്തത് അരലക്ഷം കർഷകരാണ്. ഔറംഗബാദിലും മറാത്തവാഡയിലും ഖംഗാവോണിലും നടന്ന മറ്റ് എണ്ണമറ്റ സമരങ്ങൾ. 2017 ജൂണിൽ പതിനൊന്നുദിവസം നീണ്ട പണിമുടക്ക്. ഈവർഷം തന്നെ ആഗസ്തിൽ രണ്ടുലക്ഷം കർഷകർ അണിനിരന്ന് സംസ്ഥാനത്താകെ സംഘടിപ്പിച്ച ചക്കാ ജാം (റോഡ് ഉപരോധം) തുടങ്ങി സംസ്ഥാനത്തെ മുൾമുനയിൽ നിർത്തിയ സമരങ്ങളുടെ തുടർച്ചയിലാണ് അരലക്ഷം കർഷകർ ഇപ്പോൾ ഇരുനൂറ് കിലോമീറ്റർ കാൽനടയായെത്തി നിയമസഭ ഉപരോധിക്കാനൊരുങ്ങുന്നത്.

ഇന്ത്യയിൽ ഏറ്റവും കർഷകആത്മഹത്യ നടക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. പ്രതിവർഷം മൂവായിരത്തിലേറെ കർഷകരാണ് തുടർച്ചയായി മൂന്നുവർഷമായി സംസ്ഥാനത്ത് ജീവനനൊടുക്കുന്നത്. ഈ ജനുവരിയിൽ വിദർഭ മേഖലയിൽമാത്രം 104 കർഷകർ ആത്മഹത്യ ചെയ്തതായാണ് കണക്ക്. നിവൃത്തികേടിലാണ് ഭൂരിപക്ഷവും. ആത്മഹത്യചെയ്ത കർഷകരുടെ കുടുംബങ്ങളും കൂടുതൽ പ്രതിസന്ധിയിലേക്ക് പോകുന്നു. ആരും രക്ഷപ്പെടുന്നില്ല.

പരുത്തികർഷകരും മറ്റും കടുത്ത പ്രതിസന്ധിയിലാണ്. പരുത്തിക്ക് കടുത്ത കീടബാധയാണ് ഇക്കുറി ഉണ്ടായത്. 84 ശതമാനം വിളവുനശിച്ചു. ഓരോ കർഷകനും ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. കർഷകർക്ക് പരുത്തി കമ്പനികൾ നഷ്ടപരിഹാരം നൽകാൻ തയ്യാറായിട്ടില്ല. അതുകൊണ്ട് ഇക്കാര്യത്തിൽ സർക്കാർ ഇടപെട്ട് നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് കിസാൻസഭ ആവശ്യപ്പെടുന്നു.

ഈ കീടബാധയുടെ ആഘാതത്തിൽനിന്ന് തല ഉയർത്തുംമുമ്പ് വൻ ചുഴലിക്കാറ്റിന്റെ കെടുതിയും കർഷകർ നേരിട്ടു. കൃത്യമായ പ്രവചനങ്ങളോ മുന്നറിയിപ്പോ ഇല്ലാതിരുന്നതാണ് കർഷകർക്ക് ഇത്ര കടുത്തനാശത്തിന് കാരണമായത്. മറാത്തവാഡയും വിദർഭയുംപോലുള്ള വിശാലമായ മേഖലകളിലെ 'ഒറ്റപ്പെട്ട പ്രദേശങ്ങളിൽ' കാറ്റടിക്കും എന്നൊക്കെയായിരുന്നു മുന്നറിയിപ്പുകൾ എന്ന് കർഷകർ പറയുന്നു. ഇത്രയും വിശാലമായ മേഖലകളിൽ എവിടെ കാറ്റടിക്കും എന്ന് എങ്ങനെ മനസ്സിലാക്കുമെന്ന് അവർ ചോദിക്കുന്നു. അതുകൊണ്ടുതന്നെ കരുതൽനടപടികൾ സ്വീകരിക്കാനുമാകില്ല.

കർഷകർക്ക് പ്രശ്നങ്ങൾ അനവധിയാണ്. കടം എഴുതിത്തള്ളുമെന്ന സംസ്ഥാന സർക്കാർ പ്രഖ്യാപനം വീൺവാക്കായിരിക്കുകയാണ്. 71 ലക്ഷത്തിലേറെ കർഷകർക്ക് പ്രയോജനം ലഭിക്കേണ്ട പദ്ധതിയുടെ ഗുണം വളരെക്കുറച്ചുപേർക്കേ ലഭിച്ചിട്ടുള്ളൂ. പല വ്യവസ്ഥകൾ പുതുതായി കൊണ്ടുവന്ന് ഒട്ടേറെ കർഷകരെ പദ്ധതിയുടെ പരിധിക്ക് പുറത്താക്കി. സർക്കാരിന്റെ പിടിപ്പുകേടിലും നടപടിക്രമങ്ങളിലെ സങ്കീർണതകളിലും കുടുങ്ങി പദ്ധതി വൈകുന്നു. 34000 കോടി രൂപയുടെ പദ്ധതിയാണ് പ്രഖ്യാപിക്കപ്പെട്ടതെങ്കിലും കർഷകർക്ക് പ്രയോജനപ്പെട്ടിട്ടില്ല.

വിശദമായ അവകാശപത്രിക നൽകി വ്യക്തമായ ആവശ്യങ്ങ ൾ ഉയർത്തിയാണ് കർഷകർ സമരരംഗത്തുള്ളത്. അനുവാദമില്ലാതെ കർഷകരുടെ ഭൂമി പിടിച്ചെടുക്കുന്നതിൽനിന്ന് പിന്മാറുക, തക്കതായ നഷ്ടപരിഹാരത്തുക നൽകുക, വിളകൾക്ക് കൃത്യമായ താങ്ങുവില അനുവദിക്കുക,  എം എസ് സ്വാമിനാഥൻ കമീഷൻ കർഷകർക്കായി സമർപ്പിച്ച നിർദേശം നടപ്പാക്കുക, വനാവകാശനിയമം നടപ്പാക്കുക, കാർഷിക പെൻഷനിൽ കാലഘട്ടത്തിനനുസരിച്ചുള്ള വർധന വരുത്തുക,  പാവപ്പെട്ടവർക്ക് നൽകുന്ന റേഷൻ സമ്പ്രദായത്തിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുക,  കീടങ്ങളുടെ ശല്യംകാരണം വിള നഷ്ടപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരം അനുവദിക്കുക,  നദീസംയോജനപദ്ധതികൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾക്ക് അറുതിവരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് കർഷകർ മുന്നോട്ടുവയ്ക്കുന്നത്.

ലോങ് മാർച്ചോടെയോ നിയമസഭാ ഉപരോധത്തോടെയോ അവസാനിക്കുന്നതായിരിക്കില്ല കർഷകസമരങ്ങളും മഹാരാഷ്ട്രയിലെ കർഷകരുടെ ദുരിതങ്ങളും. പക്ഷേ സമരംമാത്രമാണ് മാർഗമെന്ന് കർഷകർ തിരിച്ചറിയുന്നു. വരുംനാളുകൾ മഹാരാഷ്ട്ര കർഷകർക്ക് പൊള്ളുന്ന സമരദിനങ്ങളാകുമെന്ന് കരുതാം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top