25 April Thursday

സർക്കാർ രൂപീകരണത്തിൽ തുടരുന്ന അവ്യക്തത

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2019

മഹാരാഷ്ട്രയിൽ നിലവിലെ നിയമസഭയുടെ കാലാവധി നവംബർ ഒമ്പതോടെ അവസാനിക്കുമെങ്കിലും പുതിയ സർക്കാർ രൂപീകരണത്തിൽ അവ്യക്തത തുടരുകയാണ്‌. ഒക്‌ടോബർ 21നു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നിലവിലെ ഭരണമുന്നണിയായ ബിജെപി–-ശിവസേനാ സഖ്യത്തിന്‌ ഭൂരിപക്ഷം ലഭിച്ചെങ്കിലും അധികാരം പങ്കിടലിന്റെ കാര്യത്തിൽ ഇരു പാർടിയും കടുത്ത തർക്കത്തിലാണ്‌. 288 അംഗ നിയമസഭയിൽ ബിജെപിക്ക്‌ 105ഉം ശിവസേനയ്‌ക്ക്‌ 56ഉം സീറ്റാണ്‌ ലഭിച്ചത്‌. എൻസിപിക്ക്‌ 54ഉം കോൺഗ്രസിന്‌ 44ഉം മറ്റ്‌ ചെറു പാർടികൾക്കും സ്വതന്ത്രർക്കുമായി 29ഉം സീറ്റ്‌ ലഭിച്ചു. സഖ്യത്തിൽ മത്സരിച്ചിട്ടും ബിജെപി–-ശിവസേനാ കൂട്ടുകെട്ടിന്‌ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ 24 സീറ്റ്‌ കുറഞ്ഞു. വോട്ടുവിഹിതത്തിലും 2014നെ അപേക്ഷിച്ച്‌ അഞ്ചു ശതമാനത്തിന്റെ ഇടിവുണ്ടായി.

മാസങ്ങൾക്ക്‌ മുമ്പുനടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ 230 നിയമസഭാ മണ്ഡലത്തിൽ ബിജെപി–-ശിവസേനാ സഖ്യം മുന്നിലെത്തിയിരുന്നു. 51 ശതമാനം വോട്ടും ലഭിച്ചു. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടുശതമാനം 42.18 ആയി കുറഞ്ഞു. പ്രകാശ്‌ അംബേദ്‌കറുടെ വഞ്ചിത്‌ ബഹുജൻ അഗാഡി, അസദുദ്ദീൻ ഒവെയ്‌സിയുടെ എഐഎംഐഎം തുടങ്ങിയ പാർടികൾ മുപ്പതിലേറെ സീറ്റിൽ കോൺഗ്രസ്‌–-എൻസിപി സ്ഥാനാർഥികളുടെ വിജയസാധ്യതയെ അട്ടിമറിച്ചു. മതനിരപേക്ഷ വോട്ടുകളിലെ ഭിന്നിപ്പ്‌ ഒഴിവാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ മഹാരാഷ്ട്രയുടെ ഫലം മറ്റൊന്നായേനേ.

തെരഞ്ഞെടുപ്പുഫലം വന്നതിനു പിന്നാലെ ബിജെപി–-ശിവസേനാ സഖ്യത്തിൽ വലിയ വിള്ളൽ വീണു. ഭരണം തുല്യമായി പങ്കിടണമെന്ന നിലപാട്‌ ശിവസേന കടുപ്പിച്ചതോടെ ബിജെപി വെട്ടിലായി. രണ്ടര വർഷം മുഖ്യമന്ത്രിസ്ഥാനമെന്ന ആവശ്യവും ശിവസേന മുന്നോട്ടുവച്ചിട്ടുണ്ട്‌. ഭരണത്തിൽ തുല്യപങ്കാളിത്തമെന്ന ആവശ്യത്തോട്‌ ബിജെപി യോജിക്കുന്നില്ല. രണ്ടരവർഷം മുഖ്യമന്ത്രിസ്ഥാനം വിട്ടുകൊടുക്കാനും അവർ ഒരുക്കമല്ല. ബിജെപി വഴങ്ങിയില്ലെങ്കിൽ മറ്റു വഴികൾ തേടുമെന്ന്‌ സേന വ്യക്തമാക്കിക്കഴിഞ്ഞു. എൻസിപിയുമൊത്ത്‌ സഖ്യസർക്കാർ രൂപീകരിക്കാനാണ്‌ സേനയുടെ ശ്രമം. കോൺഗ്രസിന്റെ  പുറമെനിന്നുള്ള പിന്തുണകൂടി ഉറപ്പിക്കാനായാൽ സഖ്യസർക്കാർ യാഥാർഥ്യമാകുമെന്നുതന്നെയാണ്‌ സേനയുടെ പ്രതീക്ഷ. മഹാരാഷ്ട്രയിൽ ബിജെപിയുടെ വളർച്ച തങ്ങളെ തളർത്തിക്കൊണ്ടാണെന്ന ബോധ്യം ശിവസേനയ്‌ക്കുണ്ട്‌. അതുകൊണ്ടുതന്നെയാണ്‌ ദേവേന്ദ്ര ഫഡ്‌നാവിസിന്‌ അഞ്ചുവർഷംകൂടി അനുവദിച്ചുകൊടുക്കാൻ അവർ മടിക്കുന്നത്‌.

പ്രതിപക്ഷത്തിരിക്കുമെന്ന നിലപാടാണ്‌ എൻസിപി നേതാവ്‌ ശരദ്‌ പവാർ തുടക്കത്തിൽ സ്വീകരിച്ചിരുന്നത്‌. എന്നാൽ, ശിവസേന സഖ്യസർക്കാരെന്ന ആശയം മുന്നോട്ടുവച്ചതോടെ അവർക്കതിന്‌ അവകാശമുണ്ടെന്ന തരത്തിലേക്ക്‌ നിലപാട്‌ മയപ്പെടുത്തി. മുതിർന്ന സേനാ നേതാവും രാജ്യസഭാംഗവുമായ സഞ്‌ജയ്‌ റൗത്ത്‌ ശരദ്‌ പവാറുമായി കൂടിക്കാഴ്‌ച നടത്തുകകൂടി ചെയ്‌തതോടെ ബിജെപിയെ മാറ്റിനിർത്തിയുള്ള സർക്കാരെന്നത്‌ മഹാരാഷ്ട്രയിൽ വലിയ ചർച്ചയായി മാറുകയാണ്‌. തിങ്കളാഴ്‌ച ശരദ്‌ പവാർ കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയെ കാണുന്നുണ്ട്‌. സഖ്യസർക്കാരെന്ന ശിവസേനയുടെ വാഗ്‌ദാനത്തോട്‌ സ്വീകരിക്കേണ്ട സമീപനമാകും ഇരുനേതാക്കളും ചർച്ച ചെയ്യുക.

ശിവസേനയുമൊത്ത്‌ സർക്കാർ രൂപീകരിക്കുന്നതിനെതിരായി കോൺഗ്രസിലും എൻസിപിയിലും ചില നേതാക്കൾ ശബ്ദമുയർത്തിയിട്ടുണ്ട്‌. തീവ്രവലതുപക്ഷ ആശയഗതിക്കാരായ സേനയുമൊത്ത്‌ സഖ്യം സ്ഥാപിക്കുന്നത്‌ തങ്ങളുടെ മതനിരപേക്ഷ വോട്ടുബാങ്കിൽ വിള്ളൽ വീഴ്‌ത്തുമെന്നാണ്‌ കോൺഗ്രസിലെയും എൻസിപിയിലെയും ഒരുവിഭാഗം നേതാക്കളുടെ അഭിപ്രായം. എന്നാൽ, ബിജെപിയെ അകറ്റിനിർത്താൻ സേനയെ കൂട്ടുപിടിക്കുന്നതിൽ തെറ്റില്ലെന്ന്‌ അഭിപ്രായപ്പെടുന്നവരും ഇരു പാർടിയിലുമുണ്ട്‌. എൻസിപിയുമായി സർക്കാർ രൂപീകരിക്കുമെന്ന ശിവസേനാ നേതാക്കളുടെ പ്രസ്‌താവന ബിജെപിക്കുമേലുള്ള സമ്മർദതന്ത്രമായാണ്‌ തുടക്കത്തിൽ വിലയിരുത്തപ്പെട്ടിരുന്നത്‌. എന്നാൽ, സഞ്‌ജയ്‌ റൗത്ത്‌ പവാറിനെ വന്നുകണ്ടതോടെ കളി കാര്യമായി.

മഹാരാഷ്ട്രയിൽ ഒരുഘട്ടത്തിൽ ബിജെപിയേക്കാൾ വലിയ കക്ഷി ശിവസേനയായിരുന്നു. രണ്ട്‌ മുഖ്യമന്ത്രിമാരെയും അവർക്ക്‌ ലഭിച്ചു. എന്നാൽ, 1999നുശേഷം മുഖ്യമന്ത്രിപദത്തിലെത്താൻ ശിവസേനയ്‌ക്കായിട്ടില്ല. ഇക്കാലയളവിൽ ഉൾപാർടി പ്രശ്‌നങ്ങളും മറ്റും കാരണം ബിജെപി സീറ്റുനിലയിൽ അവരെ മറികടക്കുകയും ചെയ്‌തു. താക്കറെ കുടുംബത്തിൽനിന്നൊരാൾ മുഖ്യമന്ത്രിയാകുകയെന്നത്‌ ദീർഘനാളായി സേനാ പ്രവർത്തകർ ആഗ്രഹിക്കുന്നതാണ്‌. ശിവസേനാ തലവൻ ഉദ്ധവ്‌ താക്കറെയുടെ മകൻ ആദിത്യ താക്കറെയെയാണ്‌ മുഖ്യമന്ത്രിസ്ഥാനത്തേക്ക്‌ അവർ ഉയർത്തിക്കാട്ടുന്നത്‌. മുഖ്യമന്ത്രിപദം ഏതുവിധേനയും പിടിച്ചെടുത്തുകൊണ്ട്‌ ബിജെപിയുടെ അപ്രമാദിത്വം അവസാനിപ്പിക്കുകയാണ്‌ ലക്ഷ്യം.

ഫലം വന്ന്‌ 10 ദിവസം പിന്നിട്ടിട്ടും സർക്കാർ രൂപീകരണത്തിൽ അവ്യക്തത തുടരുന്നതിൽ മഹാരാഷ്ട്രക്കാർ അസ്വസ്ഥരാണ്‌. അപ്രതീക്ഷിതമായി പെയ്‌ത കനത്തമഴയിൽ നാസിക്കിലും മറ്റും വലിയ കൃഷിനാശമാണ്‌ സംഭവിച്ചിട്ടുള്ളത്‌. സർക്കാരിന്റെ ഒരു സഹായവും കിട്ടാതെ കൃഷിക്കാർ ബുദ്ധിമുട്ടുകയാണ്‌. ബിജെപി–-ശിവസേനാ തർക്കം പരിഹരിക്കുന്നതുവരെ തന്നെ മുഖ്യമന്ത്രിയാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഒരു കർഷകൻ ഗവർണർക്ക്‌ കത്തയക്കുന്ന സ്ഥിതിവരെയുണ്ടായി. സർക്കാർ രൂപീകരണം ഇനി നീണ്ടാൽ വലിയ ജനരോഷമാകും ഉയരുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top