06 June Tuesday

കൊറോണക്കാലത്തെ കുതിരക്കച്ചവടം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 25, 2020


കൊറോണക്കാലത്തും അധികാരം നേടാനുള്ള കിടമത്സരത്തിന്‌ ഒരു കുറവും വന്നിട്ടില്ലെന്ന്‌ മധ്യപ്രദേശിലെ സംഭവവികാസങ്ങൾ തെളിയിക്കുന്നു. 2018 അവസാനം നടന്ന തെരഞ്ഞെടുപ്പിലെ ജനവിധി എതിരായിരുന്നിട്ടും 15 മാസത്തിന്‌ ശേഷം ബിജെപി മധ്യപ്രദേശിൽ അധികാരത്തിൽ തിരിച്ചുവന്നു. നാലാമതും സംസ്ഥാനത്തെ മുഖ്യമന്ത്രിയായി അധികാരമേറ്റ ബിജെപി നേതാവ്‌ ശിവരാജ്‌സിങ്‌ ചൗഹാൻ  ചൊവ്വാഴ്‌ച വിശ്വാസവോട്ട്‌ തേടി അധികാരം ഉറപ്പിച്ചു. കൂറുമാറ്റനിരോധന നിയമത്തെ നോക്കുകുത്തിയായി നിർത്തിയാണ്‌ മധ്യപ്രദേശിൽ ബിജെപി വീണ്ടും അധികാരത്തിലെത്തിയിരിക്കുന്നത്‌.

എഐസിസി ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ പാർടി വിട്ട് ബിജെപിയിൽ ചേർന്നതോടെയാണ് ജനവിധി അട്ടിമറിക്കാനുള്ള നീക്കങ്ങൾ ശക്തിപ്പെട്ടത്‌. ജനങ്ങൾ തെരഞ്ഞെടുത്തില്ലെങ്കിൽ അധികാര ദുർവിനിയോഗത്തിലൂടെയും ജനാധിപത്യവിരുദ്ധ മാർഗങ്ങളിലൂടെയും സ്വന്തം സർക്കാരിനെ അവരോധിക്കുക എന്നതാണ് ബിജെപിയുടെ തന്ത്രം. മോഡി സർക്കാർ 2014ൽ കേന്ദ്രത്തിൽ അധികാരത്തിലെത്തിയശേഷമാണ് ഇത്തരത്തിലുള്ള ജനാധിപത്യഹത്യ സർവസാധാരണമായത്. പണം വാരിക്കോരി നൽകി കേന്ദ്രാധികാരവും ഗവർണറുടെ ഓഫീസിനെയും ഉപയോഗിച്ച് ബിജെപി ഇതര കക്ഷികളുടെ സർക്കാരുകളെ അട്ടിമറിക്കുക എന്നതാണ് മോഡി –അമിത് ഷാ കൂട്ടുകെട്ടിന്റെ പതിവുരീതി. അത് മധ്യപ്രദേശിലും ആവർത്തിക്കപ്പെട്ടു. മധ്യപ്രദേശിൽ കൂറുമാറാൻ ഒരു കോൺഗ്രസ് എംഎൽഎക്ക് 25മുതൽ 30കോടിവരെയാണ് വാഗ്ദാനം നൽകിയത്‌.  ഇത്രയും വലിയ തുക വാഗ്‌ദാനം ചെയ്യാൻ ബിജെപിക്ക്‌ അവസരം നൽകിയത്‌  ഇലക്ടറൽ ബോണ്ട് വഴി രാഷ്ട്രീയ പാർടികൾക്ക് ഫണ്ട്‌ സ്വരൂപിക്കാൻ മോഡി സർക്കാർ അനുവാദം നൽകിയതിലൂടെയാണ്‌. ആരാണ് പണം നൽകിയതെന്ന് ഒരിക്കലും വെളിപ്പെടുത്തേണ്ടതില്ലെന്നതാണ്‌ ഇലക്ടറൽ ബോണ്ടുകളുടെ  പ്രത്യേകത. രാഷ്ട്രീയപാർടികളും കോർപറേറ്റുകളും തമ്മിലുള്ള അവിഹിത ബന്ധത്തിന് ഇത് വഴിവച്ചു. ഇലക്ടറൽ ബോണ്ടിന്റെ ആനുകൂല്യം ഏറ്റവും അധികം ലഭിച്ചത്‌ ബിജെപിക്കാണെന്ന്‌ കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെയാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ കൂറുമാറ്റം ദിനസരിയായി മാറിയത്.

കൂറുമാറ്റ നിരോധന നിയമത്തെ മറികടക്കുന്നതിനായി ഈ എംഎൽഎമാരെ മുഴുവൻ രാജിവയ്‌പിക്കുന്ന തന്ത്രമാണ്‌ ബിജെപി സ്വീകരിച്ചത്‌. ഇവരെ വീണ്ടും മത്സരിപ്പിച്ച്‌ ജയിപ്പിച്ച്‌ ഭൂരിപക്ഷമുണ്ടാക്കുക എന്നതാണ്‌ പുതിയ രീതി

കൂറുമാറിയ സിന്ധ്യക്കൊപ്പം 22 കോൺഗ്രസ്‌ എംഎൽഎമാരാണ്‌ ബിജെപിയിലെത്തിയത്‌. കൂറുമാറ്റ നിരോധന നിയമത്തെ മറികടക്കുന്നതിനായി ഈ എംഎൽഎമാരെ മുഴുവൻ രാജിവയ്‌പിക്കുന്ന തന്ത്രമാണ്‌ ബിജെപി സ്വീകരിച്ചത്‌. ഇവരെ വീണ്ടും മത്സരിപ്പിച്ച്‌ ജയിപ്പിച്ച്‌ ഭൂരിപക്ഷമുണ്ടാക്കുക എന്നതാണ്‌ പുതിയ രീതി. കർണാടകത്തിലും ഇതേ രീതിയിലൂടെയാണ്‌ കുമാരസ്വാമി സർക്കാരിനെ വീഴ്‌ത്തി ബിജെപി അധികാരം പിടിച്ചെടുത്തത്‌. കോൺഗ്രസ്‌ –-ജെഡിഎസ്‌ അംഗങ്ങളാണ്‌ ബിജെപിക്കൊപ്പം ചേർന്നതും എംഎൽഎ സ്ഥാനം രാജിവച്ച്‌ ഉപതെരഞ്ഞെടുപ്പിനെ നേരിട്ടതും. ഇവരിൽ ഭൂരിപക്ഷവും വിജയിച്ചതോടെ യെദ്യൂരപ്പ സർക്കാരിന്റെ അധികാരം ഉറച്ചു.  അതേരീതിതന്നെ മധ്യപ്രദേശിലും ആവർത്തിക്കുകയാണ്‌.

ബിജെപിയുടെ ഇത്തരം ജനാധിപത്യവിരുദ്ധതന്ത്രങ്ങൾ വിജയിക്കുന്നതിന്‌ പ്രധാനകാരണം കോൺഗ്രസിന്റെ അപചയമാണെന്നുകൂടി കാണേണ്ടതുണ്ട്‌. പ്രത്യയശാസ്‌ത്രദൃഢതയോ സംഘടനാശേഷിയോ നേതൃത്വമോ ഇല്ലാത്ത പ്രസ്ഥാനമായി കോൺഗ്രസ്‌ അധഃപതിച്ചിരിക്കുകയാണ്‌. ഒരുവേള അധ്യക്ഷസ്ഥാനത്തേക്കുപോലും പരിഗണിക്കപ്പെട്ട സിന്ധ്യപോലും കോൺഗ്രസ്‌ വിടുന്നത്‌ ഈ പശ്‌ചാത്തലത്തിലാണ്‌. സിന്ധ്യയുടെ കുടുംബത്തിന്‌ സംഘപരിവാർ സംഘടനകളുമായുള്ള ബന്ധം കൂറുമാറ്റം എളുപ്പമാക്കിയെന്ന്‌ മാത്രം. അധികാരം പങ്കുവയ്‌ക്കാനുള്ള കമൽനാഥിന്റെ വിമുഖതയും സിന്ധ്യയുടെ കൂറുമാറ്റത്തിന്‌ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു.

വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാൽ സർക്കാർ മുന്നോട്ടുകൊണ്ടുപോകണമെങ്കിൽ കമൽനാഥിനെ പോലെ അനുഭവസമ്പത്തുള്ള നേതാവായിരിക്കണം മുഖ്യമന്ത്രിസ്ഥാനത്ത്‌ ഇരിക്കേണ്ടത്‌ എന്ന ന്യായമാണ്‌ സിന്ധ്യയെ വെട്ടാൻ കോൺഗ്രസ്‌ നേതൃത്വം മുന്നോട്ടുവച്ചത്‌.

വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാൽ സർക്കാർ മുന്നോട്ടുകൊണ്ടുപോകണമെങ്കിൽ കമൽനാഥിനെ പോലെ അനുഭവസമ്പത്തുള്ള നേതാവായിരിക്കണം മുഖ്യമന്ത്രിസ്ഥാനത്ത്‌ ഇരിക്കേണ്ടത്‌ എന്ന ന്യായമാണ്‌ സിന്ധ്യയെ വെട്ടാൻ കോൺഗ്രസ്‌ നേതൃത്വം മുന്നോട്ടുവച്ചത്‌.  എന്നാൽ, കമൽനാഥിനും ബിജെപിയുടെ കുതന്ത്രങ്ങളെ മറികടക്കാൻ കഴിഞ്ഞില്ല. വിശ്വാസവോട്ട് തേടാൻ ഒരുക്കമാണെന്നായിരുന്നു കമൽനാഥ്‌ ആദ്യം പ്രസ്‌താവിച്ചത്‌. ദിവസങ്ങൾ കഴിയുന്തോറും വിമത എംഎൽഎമാരെ കൂടെ നിർത്താൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടതോടെ കമൽനാഥ് കളംമാറ്റി ചവിട്ടി. സ്പീക്കർ എൻ പി പ്രജാപതിയുടെ ഓഫീസ് ഉപയോഗിച്ച് സർക്കാരിനെ രക്ഷിക്കാനാണ് പിന്നത്തെ ശ്രമം. അതിന്റെ ഭാഗമായാണ് ആറുമന്ത്രിമാരുടെ രാജി മാത്രം സ്വീകരിക്കാൻ സ്പീക്കർ തയ്യാറായത്.  16 പേരുടെ രാജി സ്വീകരിക്കണമെങ്കിൽ അവർ നേരിട്ട് ഹാജരാകണമെന്ന നിലപാടാണ് സ്പീക്കർ സ്വീകരിച്ചത്. അവസാനം  സ്പീക്കർ കൊറോണ വൈറസ് ബാധയുടെപേരിൽ നിയമസഭ മാർച്ച് 26വരെ നിർത്തിവച്ചെങ്കിലും സുപ്രീംകോടതി ഇടപെട്ടതോടെ കാര്യങ്ങൾ തകിടംമറിഞ്ഞു. 20ന്‌ ഭൂരിപക്ഷം തെളിയിക്കാൻ കോടതി ആവശ്യപ്പെട്ടതോടെയാണ്‌ കമൽനാഥ്‌ രാജിവച്ചതും ശിവരാജ്‌സിങ്‌ ചൗഹാൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തതും.

അതായത്‌ നിയമസഭാതെരഞ്ഞെടുപ്പിൽ അധികാരം ലഭിച്ചിട്ടില്ലെങ്കിലും അധികാരം പിടിച്ചെടുക്കാൻ കഴിയുമെന്ന്‌ ആവർത്തിച്ച്‌ തെളിയിക്കുകയാണ്‌ ബിജെപി. അനാരോഗ്യകരമായ ഈ രീതി ജനാധിപത്യ–-രാഷ്ട്രീയ സംവിധാനത്തിന്‌ ഏൽപ്പിക്കുന്ന പരിക്ക്‌ വളരെ വലുതാണ്‌. ഇതെങ്ങനെ തടയണമെന്ന കാര്യത്തിൽ രാഷ്ട്രീയപാർടികൾ കൂലങ്കഷമായി ആലോചിക്കുക തന്നെ വേണം. എങ്കിലേ ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കാനാകൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top