24 April Wednesday

വിന്‍സന്റ് എംഎല്‍എ രാജിവയ്ക്കണം

വെബ് ഡെസ്‌ക്‌Updated: Monday Jul 24, 2017



അയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ കോവളം എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ എം വിന്‍സന്റിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരിക്കുന്നു. നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേട്ട് കോടതിയാണ് വിന്‍സന്റിനെ രണ്ടാഴ്ചത്തേക്ക്്് റിമാന്‍ഡ്് ചെയ്തത്. നടിയെ പീഡിപ്പിച്ച കേസില്‍ സൂപ്പര്‍ സിനിമാതാരത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിന് തൊട്ടുപുറകെയാണ് വീട്ടമ്മയുടെ പരാതിയില്‍ എംഎല്‍എയെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതുപോലെ സ്ത്രീകള്‍ക്കെതിരായ അതിക്രമം വച്ചുപൊറുപ്പിക്കില്ലെന്ന ശക്തമായ സന്ദേശമാണ്  സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കുന്നത്. സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തിയത് എത്ര ഉന്നതരായാലും നിയമനടപടികള്‍ ഉണ്ടാകുമെന്ന വിശ്വാസം ജനങ്ങളില്‍ സൃഷ്ടിക്കാന്‍ ഈ രണ്ട് കേസിലും കഴിഞ്ഞിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടുതന്നെ ഇരകള്‍ക്ക് ധൈര്യസമേതം അവരുടെ പരാതികള്‍ ബോധിപ്പിക്കാവുന്ന അനുകൂലമായ സാഹചര്യം സംസ്ഥാനത്ത് സൃഷ്ടിക്കപ്പെട്ടുവെന്നത് എല്‍ഡിഎഫ് സര്‍ക്കാരിന് അഭിമാനിക്കാവുന്ന നേട്ടംതന്നെയാണ്. 

  ബലാത്സംഗം, ആത്മഹത്യാപ്രേരണ, ‘ഭീഷണിപ്പെടുത്തല്‍, ഫോണിലൂടെ അപമര്യാദയായുള്ള സംസാരം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് വിന്‍സന്റ് എംഎല്‍എക്കെതിരെയുള്ളത്. വീട്ടിലും കടയിലും കയറിവന്ന് എംഎല്‍എ പീഡിപ്പിച്ചുവെന്നാണ് വീട്ടമ്മയുടെ പരാതി. ഈ പരാതി സാധൂകരിക്കുന്ന തെളിവുകള്‍ അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന കൊല്ലം സിറ്റി പൊലീസ് കമീഷണര്‍ അജിതാബീഗം ശേഖരിക്കുകയും ചെയ്തു. ഭര്‍ത്താവും മകനും ഇല്ലാത്ത സമയത്ത് ബാലരാമപുരം സ്വദേശിനിയെ വിന്‍സന്റ് വീട്ടില്‍ അതിക്രമിച്ചുകയറി രണ്ടുതവണ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. കടയില്‍വച്ചും പീഡിപ്പിച്ചു. വിന്‍സന്റ് തൊള്ളായിരത്തിലേറെ തവണ വീട്ടമ്മയെ ഫോണില്‍ വിളിച്ചെന്ന് അന്വേഷണസംഘം കണ്ടെത്തി. തന്റെ പേര് പുറത്തുവിടരുതെന്ന് വീട്ടമ്മയുടെ സഹോദരനോട് എംഎല്‍എ അപേക്ഷിക്കുന്നതിന്റെ ശബ്ദരേഖയുംകൂടി പുറത്തുവന്നതോടെയാണ് എംഎല്‍എയുടെ അറസ്റ്റിന് വഴിയൊരുങ്ങിയത്. 

സംസ്ഥാനത്തിന്റെ ചരിത്രത്തില്‍തന്നെ ആദ്യമായാണ് പീഡനക്കേസില്‍ ഒരു എംഎല്‍എ അറസ്റ്റിലാകുന്നത്. നേരത്തെയും പല എംഎല്‍എമാരും മന്ത്രിമാരും പീഡനക്കേസുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍പ്പെട്ടിട്ടുണ്ട്. അവരില്‍ പലരും അധികാരസ്ഥാനങ്ങള്‍ ഒഴിയുകയോ പുറത്താക്കപ്പെടുകയോ ചെയ്തു. എന്നാല്‍, ബലാത്സംഗം ഉള്‍പ്പെടെയുള്ള കേസില്‍ അറസ്റ്റിലായി ജയിലിലടയ്ക്കപ്പെട്ടിട്ടും തെരഞ്ഞെടുക്കപ്പെട്ട സ്ഥാനം ഒഴിയാന്‍ വിന്‍സന്റ് എംഎല്‍എ തയ്യാറായിട്ടില്ല. വിന്‍സന്റിനോട് രാജിവയ്ക്കാന്‍ അദ്ദേഹത്തിന്റെ പാര്‍ടിയായ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുമില്ല. സംസ്ഥാന കോണ്‍ഗ്രസിന്റെ നടപടി കേരളീയസമൂഹത്തോടുള്ള വെല്ലുവിളിയാണ്. മാന്യതയുടെ, സദാചാരത്തിന്റെ കണികപോലും കോണ്‍ഗ്രസില്‍ അവശേഷിച്ചിട്ടുണ്ടെങ്കില്‍ വിന്‍സന്റിനോട് ഉടനടി എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെടണം. കെപിസിസി സെക്രട്ടറി തുടങ്ങിയ പാര്‍ടിസ്ഥാനങ്ങളില്‍നിന്ന് വിന്‍സന്റിനെ ഒഴിവാക്കിയതുകൊണ്ട് മാത്രമായില്ല. തെരഞ്ഞെടുക്കപ്പെട്ട സ്ഥാനം രാജിവച്ച് അന്വേഷണത്തെ നേരിടാന്‍ വിന്‍സന്റ് തയ്യാറാകണം. ആദര്‍ശരാഷ്ട്രീയത്തിന്റെ കൊടി ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് നേതാക്കളൊക്കെ ഏതു മാളത്തിലാണ് ഒളിച്ചിരിക്കുന്നത്? ആന്റണിയും വി എം സുധീരനും മറ്റും എവിടെപ്പോയി? മഹിളാ കോണ്‍ഗ്രസ് നേതാക്കളായ ബിന്ദു കൃഷ്ണയും ഷാനിമോള്‍ ഉസ്മാനും മറ്റും വിന്‍സന്റ് എംഎല്‍എയുടെ രാജി ആവശ്യപ്പെട്ടിട്ടും സംസ്ഥാന അധ്യക്ഷന്റെ ചുമതലയുള്ള എം എം ഹസ്സന്‍ ആരോപണവിധേയനായ എംഎല്‍എ രാജിവയ്ക്കേണ്ടതില്ലെന്നാണ് പറയുന്നത്. എംഎല്‍എയ്ക്കെതിരെ പേരിന് നടപടിയെടുത്തതുപോലും ഗത്യന്തരമില്ലാതെയാണ്. നേതാക്കള്‍ എംഎല്‍എയെ സംരക്ഷിക്കുന്ന നിലപാട് എടുത്തതിനെതിരെ കോണ്‍ഗ്രസിനകത്തും സാമൂഹ്യമാധ്യമങ്ങളിലും കടുത്ത എതിര്‍പ്പ് ഉയര്‍ന്നതിനെതുടര്‍ന്നാണ് നടപടി. മാത്രമല്ല, പീഡനക്കേസില്‍പ്പെട്ട എംഎല്‍എയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷന്‍ ആക്രമിക്കാനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്താനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയ്യാറായി. 
സ്ത്രീപീഡകര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന നടപടിയാണ് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായത്. സ്ത്രീകളുടെ സുരക്ഷയേക്കാള്‍ കോണ്‍ഗ്രസിന് പ്രധാനം കോവളം എന്ന നിയമസഭാ സീറ്റാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തിന് ലഭിച്ച സീറ്റ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നപക്ഷം നഷ്ടപ്പെടുമെന്ന് കോണ്‍ഗ്രസിന് അറിയാം. ഉപതെരഞ്ഞെടുപ്പിലെ പരാജയം ഒഴിവാക്കാനാണ് പീഡനക്കേസില്‍പ്പെട്ടിട്ടും എംഎല്‍എ രാജിവയ്ക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് പറയുന്നത്. കോണ്‍ഗ്രസ് ചെന്നുപെട്ട രാഷ്ട്രീയപാപ്പരത്തമാണ് ഇവിടെ തെളിയുന്നത്. ഇതിനെതിരെ പ്രബുദ്ധ കേരളം പ്രതികരിക്കണം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top