30 September Saturday

പൊറുക്കാനാകാത്ത വർണവെറി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 20, 2022മുൻമന്ത്രിയും മുതിർന്ന സിപിഐ എം നേതാവുമായ എം എം മണിക്കെതിരെ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ തിങ്കളാഴ്‌ച നടത്തിയ വർണവെറിയൻ പരാമർശങ്ങൾ അത്യന്തം അപലപനീയമാണ്‌. പെട്ടെന്നുണ്ടായ ക്ഷോഭത്തിൽ പറഞ്ഞതാണെന്നവകാശപ്പെട്ട്‌ മണിക്കൂറുകൾക്കുശേഷം സുധാകരൻ ഫെയ്‌സ്‌ബുക് പോസ്‌റ്റിലൂടെ ഖേദപ്രകടനം നടത്തിയെങ്കിലും പെട്ടെന്നുണ്ടായ വികാരമല്ല നാവിലൂടെ പുറത്തുവന്നതെന്ന്‌ വാർത്താസമ്മേളനത്തിലെ പ്രതികരണത്തിൽ വ്യക്തം. വർണവെറിക്കെതിരെ ലോകത്തെയുണർത്തിയ നെൽസൺ മണ്ടേലയുടെ ജന്മവാർഷികം ആഘോഷിക്കപ്പെട്ട ദിനത്തിലാണ്‌ നിന്ദ്യമായ പരാമർശങ്ങളുണ്ടായത്‌. കേരളത്തിലെ അധഃസ്ഥിത ജനവിഭാഗങ്ങൾക്കിടയിൽ പ്രവർത്തിച്ച്‌ ഉയർന്നുവന്ന സഖാവ്‌ മണിയെപ്പോലൊരു നേതാവിനെ കറുത്ത നിറത്തിന്റെ പേരിൽ അവഹേളിക്കുന്നത്‌ കെട്ടുനാറിയ സവർണമേന്മാബോധത്തിന്റെ പ്രതിഫലനമാണ്‌. ആധുനിക സമൂഹം തിന്മയായി കരുതുന്ന ആ വർണവെറി കോൺഗ്രസിന്റെയും സംഘപരിവാറിന്റെയും സൈബർ അണികളിൽനിന്ന്‌ മണിക്കെതിരെ ഏറെക്കാലമായുണ്ട്‌. കെപിസിസി പ്രസിഡന്റിന്റെ പദവിയിലിരിക്കുന്നയാൾതന്നെ ആ നിലയിലേക്ക്‌ അധഃപതിച്ചിരിക്കുന്നു എന്നതാണ്‌ ഇപ്പോൾ വ്യക്തമാകുന്നത്‌. പൊറുക്കാനാകാത്ത ഈ വർണവെറിയെയും അതിൽനിന്നുണ്ടായ അവഹേളനത്തെയും കേരളീയ സമൂഹം ഒന്നാകെ അപലപിക്കേണ്ടിയിരിക്കുന്നു.

മനുഷ്യനെ ജാതിയുടെയും തൊഴിലിന്റെയും ശാരീരിക പരിമിതികളുടെയും മറ്റും പേരിൽ കോൺഗ്രസുകാർ അവഹേളിക്കുന്നത്‌ പുതിയ കാര്യമല്ല. വിക്കൻ നമ്പൂരി, ഗൗരിച്ചോത്തി, മച്ചിപ്പെണ്ണ്‌, ചട്ടൻ, മുണ്ടൻ തുടങ്ങിയ അവഹേളനപദങ്ങളും അശ്ലീലപരിഹാസങ്ങളും കുപ്രസിദ്ധമായ ‘വിമോചനസമര’ കാലം മുതലെങ്കിലും ഇടതുപക്ഷ നേതാക്കൾക്കെതിരെ കേരളത്തിലെ വലതുപക്ഷത്തിന്റെ ഇഷ്ടമുദ്രാവാക്യങ്ങളായിരുന്നു. പുല്ലുപറിക്കൂ, ചകിരിപിരിക്കൂ എന്നൊക്കെയാണ്‌ അന്ന്‌ കോൺഗ്രസുകാർ മന്ത്രി ഗൗരിയമ്മയോട്‌ ആക്രോശിച്ചത്‌. കേരളത്തിന്റെ അഭിമാനമായ സാമ്പത്തികശാസ്‌ത്രജ്ഞൻ ഡോ. ടി എം തോമസ്‌ ഐസക്കിനെ കുറച്ചുകാലമായി കയറുപിരിശാസ്‌ത്രജ്ഞൻ എന്ന്‌ വലതുപക്ഷം അധിക്ഷേപിക്കുന്നത്‌ പരമ്പരാഗത തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന ജനവിഭാഗങ്ങളോട്‌ അവർക്കുള്ള നിന്ദയുടെ പ്രകടനമാണ്‌. കെപിസിസി പ്രസിഡന്റിന്റെ കസേരയിൽ സുധാകരന്റെ മുൻഗാമിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ അന്നത്തെ ആരോഗ്യമന്ത്രി കെ കെ ശൈലജയെ കോവിഡ്‌റാണി, നിപ്പാരാജകുമാരി എന്നൊക്കെ മൈക്കിന്‌ മുന്നിൽനിന്ന്‌ അധിക്ഷേപിച്ചതും മറക്കാറായിട്ടില്ല.

ആ നിരയിൽ ഒടുവിലത്തേതാണ്‌ കേരളത്തിലെ മുതിർന്ന നേതാക്കളിൽ ഒരാളായ സഖാവ്‌ മണിക്കെതിരെ സുധാകരൻ നടത്തിയ അവഹേളനം. സുധാകരൻതന്നെ മുമ്പ്‌ മുഖ്യമന്ത്രി പിണറായി വിജയനെ ചെത്തുകാരന്റെ മകൻ എന്നുവിളിച്ച്‌ ആക്ഷേപിച്ചിട്ടുണ്ട്‌. തന്റെ പിതാവ്‌ ചെത്തുകാരനായിരുന്നു എന്നതിൽ അഭിമാനമേയുള്ളൂ എന്ന്‌ മുഖ്യമന്ത്രി അന്ന്‌ മറുപടിയും നൽകി. എന്നാൽ, ചെത്തുതൊഴിൽ മോശമാണെന്ന മനോഭാവത്തിനെതിരെ അന്ന്‌ കേരളീയ പൊതുസമൂഹത്തിന്റെ പ്രതിഷേധമുയർന്നു. ഇപ്പോൾ അന്നത്തേക്കാൾ നിന്ദ്യമായാണ്‌ സുധാകരന്റെ വിഷനാവിൽ നിന്നുണ്ടായ ജൽപ്പനം. എം എം മണിയെ ആൾക്കുരങ്ങായി ചിത്രീകരിച്ച്‌ മഹിളാ കോൺഗ്രസ്‌ നടത്തിയ മാർച്ച്‌ വിമർശത്തിനിടയാക്കിയപ്പോഴാണ്‌ മണിയെ അവഹേളിച്ചതിനെ സുധാകരൻ ന്യായീകരിച്ചത്‌. മഹിളാ കോൺഗ്രസ്‌ തെറ്റ്‌ ഏറ്റുപറഞ്ഞ്‌ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്ന്‌ മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോഴും തെറ്റിനെ ന്യായീകരിക്കുകയായിരുന്നു സുധാകരൻ. പിന്നീട്‌ ചില കോൺഗ്രസ്‌ നേതാക്കളിൽനിന്നടക്കം സമ്മർദമുണ്ടായപ്പോഴാണ്‌ രാത്രി ഖേദപ്രകടനമുണ്ടായത്‌.

നിയമസഭയിൽ കെ കെ രമ സർക്കാരിനെതിരെ അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളുയർത്തിയതിനെ വിമർശിച്ച്‌ സഭയ്‌ക്കുള്ളിൽ മണി നടത്തിയ പ്രസംഗത്തിന്റെ പേരിലാണ്‌ അദ്ദേഹത്തിനെതിരെ മഹിളാ കോൺഗ്രസ്‌ സമരം നടത്തിയത്‌. മണി ഉപയോഗിച്ച ചില വാക്കുകൾ സ്‌ത്രീവിരുദ്ധമാണെന്ന്‌ വ്യാഖ്യാനിച്ച്‌ വലതുപക്ഷ മാധ്യമങ്ങളാണ്‌ അതിന്‌ അരങ്ങൊരുക്കിക്കൊടുത്തത്‌. കഴിഞ്ഞ ആറ്‌ വർഷത്തിനിടെ എസ്‌എഫ്‌ഐ നേതാക്കളടക്കം നിരവധി സിപിഐ എം പ്രവർത്തകരും അനുഭാവികളും കൊല്ലപ്പെട്ടപ്പോൾ അപലപിക്കാൻ തോന്നിയിട്ടില്ലാത്ത രമയെ അക്രമരാഷ്‌ട്രീയത്തിന്റെ ഇരയായി യുഡിഎഫും മാധ്യമങ്ങളും അവതരിപ്പിക്കുന്നതിലെ കാപട്യം കൂടിയാണ്‌ മണി തുറന്നുകാട്ടിയത്‌. എന്നാൽ, യുഡിഎഫ്‌–- സംഘപരിവാർ നേതാക്കൾക്ക്‌ ലഭിക്കുന്ന മാധ്യമപരിലാളന കമ്യൂണിസ്‌റ്റുകാരനായ അദ്ദേഹത്തിന്‌ ലഭിക്കില്ലല്ലോ. അദ്ദേഹത്തെ പണ്ടേ രാക്ഷസവൽക്കരിച്ച വലതുപക്ഷ മാധ്യമങ്ങൾ മണിയുടെ വാക്കുകൾ ദുർവ്യാഖ്യാനിക്കുകയായിരുന്നു. കേരളത്തിൽ ഒരു ചെറുവിഭാഗമെങ്കിലും ഇന്നും വർണവെറിയും ജാതിവിദ്വേഷവും വച്ചുപുലർത്തുന്നതിൽ ഈ മാധ്യമങ്ങൾക്കും പങ്കുണ്ട്‌. സുധാകരന്റെ വർണവെറിയെ അപലപിക്കുമ്പോൾ ഈ മാധ്യമങ്ങളുടെ ഇരട്ടത്താപ്പും ദുഷ്ടലാക്കുംകൂടി സമൂഹം തിരിച്ചറിയണം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top