19 April Friday

ലാൽസലാം ജോസഫൈൻ

വെബ് ഡെസ്‌ക്‌Updated: Tuesday Apr 12, 2022


സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും മഹിളാ പ്രസ്ഥാനത്തിന്റെ സമുന്നത നേതാക്കളിൽ ഒരാളുമായിരുന്ന എം സി ജോസഫൈന്റെ വേർപാട്‌ തികച്ചും അപ്രതീക്ഷിതമായാണ്‌ സംഭവിച്ചത്‌. കണ്ണൂരിൽ പാർടിയുടെ 23–-ാം കോൺഗ്രസിൽ പങ്കെടുക്കുന്നതിനിടെ ശനിയാഴ്‌ച വൈകിട്ട്‌ കുഴഞ്ഞുവീണ അവർ ഞായർ ഉച്ചയോടെ കണ്ണൂർ എ കെ ജി ആശുപത്രിയിലാണ്‌ അന്ത്യശ്വാസം വലിച്ചത്‌. ശാരീരികമായ വയ്യായ്‌ക അലട്ടിയിരുന്നെങ്കിലും ഊർജസ്വലയായാണ്‌ ജോസഫൈൻ പാർടി കോൺഗ്രസിൽ പങ്കെടുത്തിരുന്നത്‌. പെട്ടെന്നുണ്ടായ മരണം പാർടി പ്രവർത്തകരെ മാത്രമല്ല കേരളീയ പൊതുസമൂഹത്തെയാകെ ദുഃഖത്തിലാഴ്‌ത്തി. എന്നും പുരോഗമന നിലപാടുകൾ ഉയർത്തിപ്പിടിച്ച ജോസഫൈൻ ആഗ്രഹിച്ചപോലെ മൃതദേഹം വൈദ്യശാസ്‌ത്ര വിദ്യാർഥികൾക്ക്‌ പഠിക്കാൻ എറണാകുളം മെഡിക്കൽ കോളേജിന്‌ കൈമാറി.

യാഥാസ്ഥിതികമായ സാമൂഹ്യ പശ്ചാത്തലത്തിൽനിന്നാണ്‌ ജോസഫൈൻ പുരോഗമന രാഷ്‌ട്രീയത്തിലേക്ക്‌ കടന്നുവന്നത്‌. വൈപ്പിൻ ദ്വീപിൽ എളങ്കുന്നപ്പുഴ പഞ്ചായത്തിലെ മുരിക്കുംപാടത്ത്‌ സാധാരണ കുടുംബത്തിലാണ്‌ അവർ ജനിച്ചുവളർന്നത്‌. 1970കളുടെ മധ്യത്തിൽ മഹാരാജാസ്‌ കോളേജിൽ ബിരുദാനന്തര ബിരുദത്തിന്‌ പഠിക്കുമ്പോൾ ജോസഫൈൻ അന്ന്‌ കോൺഗ്രസിലെ പരിഷ്‌കരണവാദികളായ പരിവർത്തനവാദി കോൺഗ്രസിന്റെ പ്രവർത്തകയായി. അതിന്റെ നേതാക്കളിൽ ഒരാളായിരുന്ന പി എ മത്തായിയുമായി 1976ൽ പ്രണയവിവാഹം. മത്തായിയുടെ നാടായ അങ്കമാലിയിൽ ആചാരങ്ങളൊന്നും പാലിക്കാതെ പരസ്‌പരം മാലയിട്ടായിരുന്നു വിവാഹം. കുപ്രസിദ്ധമായ വിമോചനസമരകാലംമുതൽ കമ്യൂണിസ്റ്റ്‌ വിരുദ്ധരുടെ കോട്ടയായി അറിയപ്പെട്ടിരുന്ന നാടാണ്‌ അങ്കമാലി. അവിടെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്‌ടയായി 1978ൽ സിപിഐ എം അംഗമായ ജോസഫൈൻ പടിപടിയായി ഉയർന്നാണ്‌ 2002ൽ കേന്ദ്ര കമ്മിറ്റി അംഗമായത്‌. മരിക്കുംവരെ ആ സ്ഥാനത്ത്‌ തുടർന്നു.

സ്‌ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളുയർത്തി കേരളത്തിലെങ്ങും ഓടിനടന്ന്‌ പ്രവർത്തിച്ച മുൻനിര മഹിളാ നേതാക്കളിൽ ഒരാളാണ്‌ ജോസഫൈൻ. സുശീല ഗോപാലനുശേഷം കേരളത്തിൽനിന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗമായ ആദ്യ വനിതാനേതാവുമാണ്‌. സ്‌ത്രീകളുടെയും തൊഴിലാളികളടക്കം അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും അവകാശപ്പോരാട്ടങ്ങളിൽ വിട്ടുവീഴ്‌ചയില്ലാതെ നിലകൊണ്ട അവർ വിവിധ ട്രേഡ്‌ യൂണിയനുകളുടെ ഭാരവാഹിയുമായിരുന്നു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ വൈസ്‌ പ്രസിഡന്റ്‌, സംസ്ഥാന പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചതിനു പുറമെ സംസ്ഥാന വനിതാ വികസന കോർപറേഷൻ ചെയർപേഴ്‌സൺ, വിശാല കൊച്ചി വികസന അതോറിറ്റി ചെയർപേഴ്‌സൺ, സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷ എന്നീ ഭരണപരമായ ചുമതലകളും നിറവേറ്റി.

2017ൽ സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷയായപ്പോൾ കൈകാര്യം ചെയ്യേണ്ടിവന്ന ആദ്യ കേസുകളിലൊന്ന്‌ ഏറെ വിവാദമായ ഹാദിയയുടെ അവകാശം സംബന്ധിച്ചായിരുന്നു. സംഘപരിവാറും ദേശീയ വനിതാ കമീഷൻതന്നെയും വിഷയം വർഗീയവൽക്കരിക്കാൻ ശ്രമിച്ചപ്പോൾ ഹാദിയക്ക്‌ എല്ലാ പിന്തുണയുമായി ജോസഫൈൻ ഉറച്ചുനിന്നു. വനിതാ കമീഷൻ ഹാദിയക്കൊപ്പംമാത്രമെന്ന്‌ ജോസഫൈൻ തുടക്കത്തിലേ വ്യക്തമാക്കി. പ്രായപൂർത്തിയായ യുവതിയെന്ന നിലയിൽ ഹാദിയയുടെ വിശ്വാസവും ജീവിതവും അവൾതന്നെ നിശ്ചയിക്കുമെന്ന നിലപാടെടുത്തു. സുപ്രീംകോടതിയിലെ കേസിൽ കമീഷൻ കക്ഷിചേർന്നതോടെയാണ്‌ യുവതിക്ക്‌ നീതി വേഗത്തിലായത്‌.

അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്‌ത്രീകളെ നേരിൽ കണ്ട്‌ വിവരങ്ങൾ മനസ്സിലാക്കി നീതി ലഭ്യമാക്കാൻ ജോസഫൈൻ ശ്രദ്ധിക്കുമായിരുന്നു. കോട്ടയത്ത്‌ ദുരഭിമാനഹത്യക്ക് ഇരയായി മരിച്ച കെവിന്റെ ഭാര്യ നീതുവിനെ കാണാൻ പോയപ്പോൾ അപകടത്തിൽ സാരമായി പരിക്കേറ്റിട്ടും യാത്ര മുടക്കിയില്ല. ആശുപത്രിയിലെത്തി പ്രഥമശുശ്രൂഷ സ്വീകരിച്ചശേഷം ഉടൻ നീതുവിനെ കണ്ട്‌ പിന്തുണ ഉറപ്പുനൽകിയ രംഗം കേരളത്തിന്‌ മറക്കാനാകില്ല. സ്‌ത്രീധന അതിക്രമങ്ങൾക്കെതിരെ കർക്കശ നിലപാടെടുത്ത ജോസഫൈൻ സ്‌ത്രീധന നിരോധന നിയമത്തിന്‌ മൂർച്ച കൂട്ടുന്നതിനും പ്രയത്നിച്ചു.

ഭർതൃപീഡനത്തിന്‌ ഇരയായ യുവതി പൊലീസിൽ പരാതിപ്പെട്ടിട്ടില്ലെന്ന്‌ അറിഞ്ഞപ്പോൾ നടത്തിയ പ്രതികരണത്തിന്റെ പേരിൽ രാഷ്‌ട്രീയ എതിരാളികളാൽ ആക്രമിക്കപ്പെട്ടശേഷവും ജോസഫൈൻ ആ യുവതിക്ക്‌ നീതിക്കുവേണ്ടി നിലകൊണ്ടു. എന്നും മാനവിക ആദർശങ്ങളിൽ അടിയുറച്ചു പ്രവർത്തിച്ച ധീരസഖാവിനെയാണ്‌ ജോസഫൈന്റെ മരണത്തോടെ നഷ്‌ടപ്പെട്ടത്‌. ജോസഫൈന്റെ വിയോഗത്തിൽ ദുഃഖിക്കുന്നവർക്കൊപ്പം  ഞങ്ങളും പങ്കുചേരുന്നു. അന്ത്യാഭിവാദ്യം സഖാവേ.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top