24 April Wednesday

ബ്രസീലിൽ ചരിത്രമെഴുതി ലുല ഭരണം

വെബ് ഡെസ്‌ക്‌Updated: Monday Jan 2, 2023


ലോകമെങ്ങുമുള്ള ഇടതുപക്ഷ പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങൾക്ക്‌ നവവത്സര സമ്മാനമായി ബ്രസീലിൽ ഇടതുപക്ഷക്കാരനും വർക്കേഴ്‌സ്‌ പാർടി നേതാവുമായ ലുല ഡ സിൽവ മൂന്നാം തവണയും പ്രസിഡന്റായി അധികാരമേറ്റിരിക്കുകയാണ്‌. തീവ്ര വലതുപക്ഷക്കാരനും ‘ബ്രസീലിലെ ട്രംപു’മായ ജയ്‌ർ ബോൾസനാരോയെ രണ്ടാംഘട്ട വോട്ടെടുപ്പിൽ 1.8 ശതമാനം വോട്ടിന്റെ വ്യത്യാസത്തിൽ തോൽപ്പിച്ചാണ്‌ ലുല മൂന്നാം വിജയം ഉറപ്പിച്ചത്‌. ബ്രസീലിലെ ഇടതുപക്ഷത്തിന്റെ വിജയം വർക്കേഴ്‌സ്‌ പാർടിയുടെയോ കേവലം ഒരു രാഷ്ട്രീയ പാർടിയുടെയോ വിജയമല്ല, മറിച്ച്‌ ബ്രസീലിയൻ ജനാധിപത്യത്തിന്റെ വിജയമാണെന്നാണ്‌ ലുല തന്നെ വിശേഷിപ്പിച്ചിട്ടുള്ളത്‌. ലുലയുടെ പിൻഗാമിയായി അധികാരമേറ്റ ദിൽമ റൂസഫിനെ ഇംപീച്ച്‌ ചെയ്‌ത്‌ പുറത്താക്കിയതിനു ശേഷമുള്ള ആറുവർഷവും ബ്രസീലിൽ ഇല്ലാതിരുന്നത്‌ ജനാധിപത്യമായിരുന്നു. 2018ൽ ജയ്‌ർ ബോൾസനാരോ അധികാരമേറിയതോടെ ഏകാധിപത്യച്ചുവയുള്ള ഭരണമാണ്‌ കാഴ്‌ചവയ്‌ക്കപ്പെട്ടത്‌. ആമസോൺ മഴക്കാടുകൾ വൻതോതിൽ വെട്ടിനശിപ്പിക്കുകയും ആദിവാസികളെ കുടിയൊഴിപ്പിക്കുകയും തൊഴിലാളികളുടെ അവകാശങ്ങൾ ഒന്നൊന്നായി കവർന്നെടുക്കപ്പെടുകയും ചെയ്‌തു. ഈ നയങ്ങൾക്കെതിരെയുള്ള പ്രതിഷേധമാണ്‌ ജനങ്ങൾ തെരഞ്ഞെടുപ്പിൽ പ്രകടിപ്പിച്ചത്‌.

എന്നാൽ, ലുലയുടെ വിജയത്തെ അംഗീകരിക്കാൻ ബോൾസനാരോ ഇനിയും തയ്യാറായിട്ടില്ല. അമേരിക്കൻ പ്രസിഡന്റ്‌ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങ്‌ ട്രംപ്‌ ബഹിഷ്‌കരിച്ചതുപോലെ ലുലയുടെ സത്യപ്രതിജ്ഞാ ചടങ്ങ്‌ ബോൾസനാരോയും ബഹിഷ്‌കരിച്ചു. ലുലയ്‌ക്ക്‌ അധികാരം കൈമാറുന്ന ചടങ്ങിൽ പങ്കെടുക്കാതെ ഫ്‌ളോറിഡയിൽ ട്രംപിനെ സന്ദർശിക്കാനാണ്‌ ബോൾസനാരോ തയ്യാറായത്‌. മാത്രമല്ല, ലുല അധികാരമേൽക്കുന്നത്‌ തടയാൻ തലസ്ഥാനമായ ബ്രസീലിയയിൽ കലാപം സൃഷ്ടിക്കാനും ബോൾസനാരോ അനുയായികൾ ശ്രമിച്ചു. വിമാനത്താവളത്തിനടുത്തുള്ള ഇന്ധന ടാങ്കിൽനിന്ന്‌ ബോംബ്‌ കണ്ടെത്തുകയും ഒരാൾ അറസ്റ്റിലാകുകയും ചെയ്‌തു. ബോംബ്‌ സ്‌ഫോടനം നടത്തി രാജ്യത്തെ ആഭ്യന്തര അടിയന്തരാവസ്ഥയിലേക്ക്‌ നയിക്കുകയും അതുവഴി ലുല അധികാരമേൽക്കുന്നത്‌ തടയുകയുമായിരുന്നു ലക്ഷ്യമെന്നാണ്‌ ചോദ്യം ചെയ്യലിൽനിന്ന്‌ വ്യക്തമായത്‌. അതായത്‌ ലുലയുടെ വിജയം അംഗീകരിക്കാൻ പ്രതിപക്ഷം ഇനിയും തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ ലുല സർക്കാരിനെ അസ്ഥിരീകരിക്കാൻ തുടർന്നും ശ്രമങ്ങളുണ്ടാകും. അയൽരാജ്യമായ പെറുവിൽ ഇടതുപക്ഷക്കാരനായ പ്രസിഡന്റിനെ കുറച്ചുദിവസങ്ങൾക്ക്‌ മുമ്പാണല്ലോ അട്ടിമറിച്ചത്‌.

പട്ടിണിക്ക്‌ അന്ത്യം കുറിക്കുമെന്നും ആമസോൺകാടുകളും തൊഴിലാളികളുടെ അവകാശങ്ങളും സംരക്ഷിക്കുമെന്നും വാഗ്‌ദാനം ചെയ്‌താണ്‌ ലുല അധികാരമേറ്റത്‌. അദ്ദേഹം പ്രഖ്യാപിച്ച മന്ത്രിസഭ അത്‌ പ്രതിഫലിപ്പിക്കുന്നതാണ്‌. പ്രസിദ്ധ പരിസ്ഥിതി പ്രവർത്തകയും ആമസോൺ മഴക്കാടുകൾ സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുകയും ചെയ്യുന്ന മറീന സിൽവയെയാണ്‌ ലുല പരിസ്ഥിതി മന്ത്രിയാക്കിയത്. വനസമ്പത്ത്‌ കൊള്ളയടിക്കുന്ന കോർപറേറ്റുകൾക്കും അഗ്രി ബിസിനസുകാർക്കും മറീന സിൽവയുടെ മന്ത്രിസ്ഥാനം രുചിക്കില്ലെന്നുറപ്പാണ്‌. ഈജിപ്‌തിൽ കഴിഞ്ഞ വർഷം ചേർന്ന കാലാവസ്ഥാ ഉച്ചകോടിയിൽ ബ്രസീലിനെ പ്രതിനിധാനംചെയ്‌ത്‌ പങ്കെടുത്ത ലുല ആമസോൺകാടുകൾ സംരക്ഷിക്കാതെ കാലാവസ്ഥാ സുരക്ഷ ഉറപ്പുവരുത്താനാകില്ലെന്ന്‌ പ്രഖ്യാപിച്ചിരുന്നു. അത്‌ പാഴ്‌വാക്കല്ലെന്ന്‌ മറീന സിൽവയുടെ നിയമനം വ്യക്തമാക്കി. അതോടൊപ്പം തദ്ദേശീയജനതയുടെ ക്ഷേമം ഉറപ്പുവരുത്താനായി ആദ്യമായി ഒരു മന്ത്രിയെ നിയമിക്കാനും ലുല തയ്യാറായി. തദ്ദേശീയ ജനതയുടെ അവകാശപ്പോരാട്ടങ്ങൾക്ക്‌ നേതൃത്വം നൽകുന്ന സോണിയ ഗ്വാജ്ജാരയാണ്‌ ഈ വകുപ്പ്‌ കൈകാര്യം ചെയ്യുന്ന മന്ത്രി. പ്രഖ്യാപിക്കപ്പെട്ട 16 മന്ത്രിമാരിൽ പതിനൊന്നും സ്‌ത്രീകളാണെന്നതും ശ്രദ്ധേയമാണ്‌.

പട്ടിണി ഇല്ലായ്‌മ ചെയ്യാൻ പ്രതിജ്ഞാബദ്ധമാണ്‌ ലുല സർക്കാർ. 2003–-2010 ഭരണകാലത്ത്‌ അദ്ദേഹം നടപ്പാക്കിയ ബോൾസ ഫാമിലിയ പദ്ധതിയിലൂടെ രണ്ട്‌ കോടി പേരെയാണ്‌ പട്ടിണിമുക്തരാക്കിയത്‌. സമാനമായ പദ്ധതികൾ ഇക്കുറിയും നടപ്പാക്കുമെന്ന്‌ ലുല ഉറപ്പ്‌ നൽകുന്നു. പാവപ്പെട്ട ജനങ്ങൾക്ക്‌ പ്രതീക്ഷ നൽകുന്നതാണ്‌ ലുലയുടെ  തിരിച്ചുവരവ്‌. പുതുവർഷം ബ്രസീലിന്റെ ചരിത്രത്തിൽ പുതിയ രാഷ്ട്രീയ അധ്യായത്തിനാണ്‌ തുടക്കമിടുന്നത്‌. ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ മുന്നേറ്റത്തിന്‌ ലുലയുടെ ഭരണം വേഗം വർധിപ്പിക്കുമെന്ന്‌ പ്രതീക്ഷിക്കാം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top