28 March Thursday

അടുക്കള അടപ്പിക്കുന്ന മോഡി ഭരണം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 3, 2021

കോഴിക്കൂടിന്റെ കാവൽ കുറുക്കന് കിട്ടിയാൽ എന്താകും സ്ഥിതി. ഒറ്റക്കോഴിയും ബാക്കിയുണ്ടാകില്ല. എല്ലാറ്റിനെയും കൊന്നുതിന്നും. അതുപോലെയാണ് നരേന്ദ്ര മോഡി ഭരണം ഏറ്റതുമുതൽ ഇന്ത്യയുടെ സ്ഥിതി. ജനങ്ങളുടെ ജീവിതം എല്ലാ തരത്തിലും തകർത്തെറിയുമെന്ന പിടിവാശിയിലാണ് മോഡി.

ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പാചക വാതകത്തിന്റെ വില വീണ്ടും കൂട്ടി ജനങ്ങളെ ശിക്ഷിച്ചത്. അഞ്ചു ദിവസത്തിനകം രണ്ടാമത്തെ വർധന. ഫെബ്രുവരി നാലിനുശേഷം നാലാമത്തെ വർധന. എണ്ണക്കമ്പനികളാണ് വില കൂട്ടുന്നതെന്നൊക്കെ സാങ്കേതികമായി പറയാമെങ്കിലും വില കൂട്ടുന്നതിന്റെ മുഖ്യ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിന് തന്നെ. തുടർച്ചയായി പെട്രോൾ, ഡീസൽ വില വർധിപ്പിക്കുന്നതിനിടെ പാചക വാതക വിലയും അടിക്കടി വർധിപ്പിക്കുന്നതുവഴി ഒരു തരത്തിലും ജീവിക്കാനാകാതെ സാധാരണ ജനങ്ങൾ നെട്ടോട്ടമോടുകയാണ്. അതുകണ്ട് ആർത്തലച്ച് ചിരിക്കുന്ന ഭരണക്കാരായി മാറിയിരിക്കുന്നു മോഡിയും കൂട്ടരും.

ഗാർഹിക സിലിൻഡറിന് ഫെബ്രുവരി നാലിന് 25 രൂപ കൂട്ടി. ഫെബ്രുവരി 15ന് 50 രൂപ കൂട്ടി. ഫെബ്രുവരി 25ന് 25 രൂപ വർധിപ്പിച്ചു. മാർച്ച് ഒന്നിന് വീണ്ടും 25 രൂപ കൂട്ടി. ഒപ്പം വാണിജ്യാവശ്യത്തിനുള്ള സിലിൻഡറിന് 100 രൂപയും വർധിപ്പിച്ചു. ഗാർഹിക സിലിൻഡറിന്റെ വില കേരളത്തിൽ 835 രൂപയായി. ഒമ്പതു മാസത്തിനിടെ കൂട്ടിയത് 240 രൂപ. വാണിജ്യ സിലിൻഡറിന്റെ വില 1630 രൂപയോളമായി. വർഷത്തിൽ 12 സിലിൻഡറിന് ചെറിയൊരു തുക സബ്സിഡിയായി സർക്കാർ നൽകിയിരുന്നു. ഈ കോവിഡ് കാലത്ത് മാസങ്ങളായി അതുമില്ല. സബ്സിഡി നൽകാതിരിക്കുമ്പോൾ ആ പണം സർക്കാരിന് ലാഭം. കോർപറേറ്റുകൾക്ക് നൽകുന്ന ഇളവുകൾമൂലം സർക്കാരിന് നഷ്ടമാകുന്ന പണം സബ്സിഡികൾ വെട്ടിച്ചുരുക്കി ഈടാക്കുന്നു. അതായത്, കോർപറേറ്റുകൾക്കുവേണ്ടി ജനങ്ങളെ കൊള്ളയടിക്കുന്നു. യഥാർഥത്തിൽ കൂടുതൽ തുക സബ്സിഡി നൽകി ജനങ്ങളെ സഹായിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.

പാചകവാതകം ഇന്ന് മിക്കവാറും വീടുകളിൽ ഒഴിച്ചുകൂടാനാകാത്ത വസ്തുവാണ്. അതുകൊണ്ടു തന്നെ, ഇതിന്റെ വിലവർധന കുടുംബങ്ങളുടെ ജീവിതച്ചെലവുകളാകെ താളംതെറ്റിക്കും. പത്രവും പാലും ടിവിയുമൊക്കെ ഉപേക്ഷിച്ചാണ് പലരും പാചക വാതകം വാങ്ങുന്നത്. പാചക വാതകത്തിന്റെയും പെട്രോൾ, ഡീസലിന്റെയും വിലവർധിക്കുന്നതുമൂലം പൊതു വിലക്കയറ്റവും രൂക്ഷമാകും. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റ നിരക്ക് ആഴ്ചതോറും കൂടിവരികയാണ്. ചായക്കടകൾ, ചെറിയ ഭക്ഷണശാലകൾ, റസ്റ്റോറന്റുകൾ എന്നിവയെല്ലാം ഉപയോഗിക്കുന്ന വാണിജ്യ സിലിൻഡറുകൾക്കും വില വർധിപ്പിച്ചതോടെ ഇവിടെയൊക്കെ ഭക്ഷണ സാധനങ്ങൾക്കും വില കൂടും.

രാജ്യാന്തര വിപണിയിലെ ഇറക്കുമതി വിലയെയും ഡോളർ രൂപ വിനിമയ നിരക്കിനെയും അടിസ്ഥാനമാക്കിയാണ് എണ്ണക്കമ്പനികൾ പാചക വാതക വിതരണ വില തീരുമാനിക്കുന്നത്. കടത്തുകൂലി, ബോട്ട്‌‌ലിങ് ചാർജ്, നികുതികൾ, കമ്പനികളുടെ ലാഭം എന്നിവയൊക്കെ ഇതോടൊപ്പം ചേരും. രാജ്യാന്തര വിപണിയിൽ വില കുറഞ്ഞുനിന്നാലും ഇന്ത്യയിൽ വില കൂടിനിൽക്കുന്നുവെന്നാണ് ഇതുവരെയുള്ള അനുഭവം. സർക്കാർ എല്ലാം കമ്പോളത്തിന് വിട്ടുകൊടുത്തിരിക്കുന്നതാണ് പ്രശ്നം. എവിടെയും സർക്കാരിന് ഇടപെട്ട് വില നിയന്ത്രിക്കാവുന്നതേയുള്ളു. 2014നെ അപേക്ഷിച്ച് രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില 50 ശതമാനത്തോളം കുറഞ്ഞുനിൽക്കുമ്പോഴും ഇന്ത്യയിൽ വില കൂടുകയാണ്. കോവിഡ് കാലത്ത് മറ്റു പല രാജ്യങ്ങളും സബ്സിഡി നൽകി എൽപിജി വില കൂടാതിരിക്കാൻ ശ്രദ്ധിച്ചപ്പോൾ ഇന്ത്യയിൽ സബ്സിഡി തന്നെ ഉപേക്ഷിച്ചു. പെട്രോളിന്റെയും ഡീസലിന്റെയും കാര്യത്തിലാകട്ടെ, കേന്ദ്ര ഗവൺമെന്റ് എക്സൈസ് തീരുവ അടിക്കടി വർധിപ്പിച്ച് വില കൂട്ടുന്നു. കോർപറേറ്റ് മുതലാളിമാർക്ക് നൽകുന്ന ഇളവുകൾ വഴി സർക്കാരിന് നഷ്ടമാകുന്ന പണം കണ്ടെത്തുകയാണ് ഇവിടെയും സർക്കാരിന്റെ ലക്ഷ്യം.

-കോവിഡും സാമ്പത്തിക തകർച്ചയുംമൂലം തൊഴിലും വരുമാനവുമില്ലാതെ ജനങ്ങൾ പരക്കം പായുമ്പോഴാണ് ഇത്തരത്തിൽ ജനങ്ങളെ കൊള്ളയടിക്കുന്നത്‌. കോവിഡിന് മുമ്പ് 2019 മുതൽതന്നെ രൂക്ഷമായ സാമ്പത്തികമാന്ദ്യം മൂലം രാജ്യത്ത് ഗ്രാമ -നഗരങ്ങളിൽ ഗാർഹിക വരുമാനം വലിയ തോതിൽ ഇടിഞ്ഞു. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി (സിഎംഐഇ) അടക്കം ഒട്ടേറെ സ്ഥാപനങ്ങൾ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കോവിഡിന്റെ പേരിൽ മുന്നറിയിപ്പില്ലാതെ കേന്ദ്രം ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ സ്ഥിതി വഷളായി. കമ്പനികൾ പൂട്ടി. തൊഴിലാളികൾ പെരുവഴിയിലായി. അസംഘടിത മേഖല ചലനമറ്റു. സമ്പദ്‌വ്യവസ്ഥ നിലം പതിച്ചു. ആ തകർച്ചയിൽനിന്ന് ഇനിയും കര കയറിയിട്ടില്ല. അതിനിടെയാണ് സർക്കാർ ഓരോ ദിവസവും ജനങ്ങളുടെ പോക്കറ്റടിക്കുന്നത്. അടുപ്പിൽ തീയെരിയരുതെന്ന് സർക്കാരിന് വാശി തന്നെ.

ജനങ്ങൾക്ക് തൊഴിലും അതുവഴി വരുമാനവും അങ്ങനെ സാധനങ്ങൾക്ക് ഡിമാൻഡും ഉണ്ടാകുമ്പോഴാണ് സമ്പദ്‌വ്യവസ്ഥ ചലിക്കുന്നത്. ഇതൊന്നുമില്ലാത്തതാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ വിഴുങ്ങിയ മാന്ദ്യത്തിന്റെ മുഖ്യ കാരണം. അതിനിടെ, നയാപൈസ കടം മേടിച്ചുപോലും ആരെയും ജീവിക്കാൻ അനുവദിക്കില്ലെന്ന മട്ടിൽ ജനങ്ങളെ കേന്ദ്ര സർക്കാർ കൊള്ളയടിക്കുന്നു. പെട്രോൾ, ഡീസൽ, പാചക വാതക വില വർധനയിലൂടെ അതാണ് സംഭവിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ, മോഡി ഭരണം സമ്പദ്‌വ്യവസ്ഥയെ കരകയറ്റുകയുമില്ല, ജനങ്ങളെ ജീവിക്കാൻ അനുവദിക്കുകയുമില്ല. ദേശവ്യാപക പോരാട്ടം മാത്രമാണ് ജനങ്ങൾക്ക് മുന്നിലുള്ള പോംവഴി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top