18 April Thursday

അടുക്കളകൾ വെന്തുരുകുന്നു

വെബ് ഡെസ്‌ക്‌Updated: Friday Feb 14, 2020


 

സാധാരണക്കാരന്റെ കുടുംബ ബജറ്റ്‌ ഓരോ ദിവസവും പ്രതിസന്ധിയിലേക്ക്‌ പതിക്കുകയാണ്‌. കുതിച്ചുയരുന്ന പണപ്പെരുപ്പംകാരണം പൊതുവിപണിയിൽ അനിയന്ത്രിതമായി വില വർധിക്കുന്നു. നിത്യോപയോഗ സാധങ്ങളുടെ വിലക്കയറ്റം ജനങ്ങളെ പൊള്ളിക്കുന്നു. അതിനിടയിലാണ്‌ ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില വൻതോതിൽ വർധിപ്പിച്ചത്‌. ഭക്ഷ്യവസ്‌തുക്കളുടെ വിലക്കയറ്റത്തിനൊപ്പം പാചകവാതക വിലവർധന കൂടിയായതോടെ സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും അടുക്കളകൾ വെന്തുരുകുകയാണ്‌. ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില ഒറ്റയടിക്ക്‌ 146 രൂപയാണ്‌ കൂട്ടിയത്‌. 2014 ജനുവരിക്കുശേഷമുള്ള ഏറ്റവും വലിയ വിലവർധിപ്പിക്കലാണിത്‌. ഇതോടെ കേരളത്തിൽ സിലിണ്ടറിന്‌ 869 രൂപവരെയായി.

എണ്ണവില കുത്തനെ കുറയ്‌ക്കുമെന്നായിരുന്നു അധികാരത്തിലെത്തുംമുമ്പ്‌ ബിജെപി വാഗ്‌ദാനം ചെയ്‌തത്‌. പെട്രോൾ വില പകുതിയായി കുറയുമെന്ന്‌ നോട്ട്‌ നിരോധനകാലത്ത്‌ ബിജെപി നേതാക്കൾ പെരുമ്പറയടിച്ചിരുന്നു. എന്നാൽ, അതെല്ലാം സൗകര്യപൂർവം മറന്ന മോഡി സർക്കാർ സാധാരണക്കാരെ കടന്നാക്രമിക്കുന്നതിന്‌ എണ്ണക്കമ്പനികളെ കയറൂരിവിട്ടിരിക്കുകയാണ്‌. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലനിർണയം കമ്പനികൾക്ക്‌ വിട്ടുകൊടുത്തതിന്റെ ഫലമായി ജനങ്ങളുടെ നിത്യജീവിതത്തിലുണ്ടാകുന്ന ദുരിതങ്ങൾ ഇന്ന്‌ ആരും പരിഗണിക്കുന്നില്ല. ലാഭം വർധിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യമാണ്‌ എണ്ണക്കമ്പനികളെയും കേന്ദ്ര സർക്കാരിനെയും നയിക്കുന്നത്‌. 

പാചകവാതകവിലവർധിപ്പിച്ചതിന്‌ അനുസൃതമായി സബ്‌സിഡി നിരക്കുകളും കഴിഞ്ഞ ദിവസം കൂട്ടിയിട്ടുണ്ട്‌. സിലിണ്ടറിന്റെ വില പൂർണമായും ഉപയോക്താവ്‌ മുൻകൂറായി അടയ്‌ക്കുക. സബ്‌സിഡി ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ പണമായി നൽകും എന്നതാണ്‌ കേന്ദ്ര സർക്കാരിന്റെ നയം. എന്നാൽ, സബ്‌സിഡി തുക യഥാസമയം അക്കൗണ്ടിൽ വരുന്നില്ലെന്ന പരാതി വ്യാപകമാണ്‌. മാത്രമല്ല, സിലിണ്ടറിന്റെ വിപണിവിലയിൽ ജിഎസ്‌ടി ഈടാക്കുന്നതിനാൽ സബ്‌സിഡിയിൽ പത്തുരൂപവരെ ഉപയോക്താവിന്‌ നഷ്‌ടമുണ്ടാകും. ചുരുക്കത്തിൽ ജനങ്ങൾ വിപണിവിലയ്‌ക്ക്‌ സിലിണ്ടർ വാങ്ങി ജിഎസ്‌ടി വെട്ടിക്കുറച്ചശേഷമുള്ള സബ്‌സിഡിക്കായി കാത്തിരിക്കേണ്ട സ്ഥിതിയാണ്‌. ഈ സബ്‌സിഡിപോലും ഒഴിവാക്കുകയാണ്‌ മോഡി സർക്കാരിന്റെ ലക്ഷ്യം.

പച്ചക്കറികൾക്കും ധാന്യങ്ങൾക്കും വിലവർധിച്ചതാണ്‌ പണപ്പെരുപ്പം ഉയരാൻ കാരണം. വിപണി സൂചനകളനുസരിച്ച്‌ ഭക്ഷ്യവിലവർധനയും പണപ്പെരുപ്പവും രൂക്ഷമാകാനാണ്‌ സാധ്യത

കടുത്ത സാമ്പത്തികമാന്ദ്യം പിടിമുറുക്കിയ രാജ്യത്ത്‌ പണപ്പെരുപ്പവും അനിയന്ത്രിതമായിക്കഴിഞ്ഞു. പണപ്പെരുപ്പം 7.59 ശതമാനത്തിലെത്തിയതായാണ്‌ ഒടുവിലത്തെ കണക്ക്‌. ഒപ്പം വ്യാവസായിക ഉൽപ്പാദനവും കുറയുന്നു. പച്ചക്കറികൾക്കും ധാന്യങ്ങൾക്കും വിലവർധിച്ചതാണ്‌ പണപ്പെരുപ്പം ഉയരാൻ കാരണം. വിപണി സൂചനകളനുസരിച്ച്‌ ഭക്ഷ്യവിലവർധനയും പണപ്പെരുപ്പവും രൂക്ഷമാകാനാണ്‌ സാധ്യത.

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയതിനുപിന്നാലെ പാചകവാതകവില കുത്തനെ ഉയർത്തിയത്‌ പരാജയത്തിൽനിന്ന്‌ ബിജെപി ഒരു പാഠവും പഠിക്കില്ലെന്നാണ്‌ കാണിക്കുന്നത്‌. അരവിന്ദ്‌ കെജ്‌രിവാൾ സർക്കാർ സാധാരണക്കാർക്കായി നടപ്പാക്കിയ ക്ഷേമപദ്ധതികളെ പരിഹസിച്ച്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണം നടത്തിയ മോഡിയും അമിത്‌ ഷായും ജനവിരുദ്ധ നടപടികളിൽനിന്ന്‌ പിന്നോട്ടില്ലെന്ന്‌ ആവർത്തിച്ച്‌ വ്യക്തമാക്കുന്നു. സാധാരണക്കാർക്ക്‌ ആശ്വാസം നൽകുന്ന ക്ഷേമപദ്ധതികളെ അപഹസിക്കുന്ന നിലപാടാണ്‌ ബിജെപി എക്കാലവും സ്വീകരിക്കുന്നത്‌. കേരളത്തിൽ എൽഡിഎഫ്‌ സർക്കാർ ക്ഷേമപെൻഷനുകൾ വർധിപ്പിച്ചും ജനക്ഷേമകരമായ നടപടികൾ സ്വീകരിച്ചും മുന്നോട്ടുപോകുന്നത്‌ ബിജെപിക്ക്‌ ഇഷ്‌ടമല്ല. കോർപറേറ്റുകൾക്ക്‌ ഇളവുകൾ നൽകിയും സാധാരണക്കാർക്കുമേൽ കൂടുതൽ ഭാരം അടിച്ചേൽപ്പിച്ചുമാണ്‌ ബിജെപിയുടെ രാജ്യഭരണം. ജീവിതദുരിതങ്ങളിൽ നട്ടംതിരിയുന്ന ജനങ്ങളെ മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ ഭിന്നിപ്പിച്ച്‌ എക്കാലവും തെരഞ്ഞെടുപ്പ്‌ ജയിക്കാമെന്ന ചിന്തയാണ്‌ മോഡിയെയും അമിത്‌ ഷായെയും നയിക്കുന്നത്‌. എന്നാൽ,  ആ ധാരണയ്‌ക്ക്‌  ഡൽഹിയിലെ ജനങ്ങൾ കനത്ത പ്രഹരമേൽപ്പിച്ചു.

രാജ്യത്തെ കോടിക്കണക്കിന്‌ മനുഷ്യരുടെ നിത്യജീവിതത്തെ ബാധിക്കുന്നതാണ്‌ പാചകവാതക വിലവർധന. ഗ്രാമഗ്രാമാന്തരങ്ങളിലെ കോടിക്കണക്കിന്‌ അടുക്കളകളിലേക്ക്‌ സിലിണ്ടർവഴി മാത്രമേ ഇന്ന്‌ പാചകവാതകം എത്തിക്കാനാകൂ. പാചകവാതക സിലണ്ടറിന്‌ വില കൂട്ടിയാൽ കോടിക്കണക്കിന്‌ അടുപ്പുകൾ പുകയാതാകും. ജീവിതദുരിതങ്ങൾ നെഞ്ചിൽ തറച്ചുകയറുമ്പോൾ മനുഷ്യർ കൂടുതൽ കരുത്തോടെ പ്രതികരിക്കുകതന്നെ ചെയ്യും. അടുക്കളയിൽ പുകഞ്ഞുതുടങ്ങിയ രോഷം വർഗീയശക്തികൾക്കുമേൽ കൊടുങ്കാറ്റാകാൻ കാത്തിരിക്കുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top