28 March Thursday

അടുക്കളകൾ പൂട്ടിച്ച് മോദി ഭരണം

വെബ് ഡെസ്‌ക്‌Updated: Friday Aug 20, 2021


മഹാമാരിക്ക് നടുവിൽ, തൊഴിലും വരുമാനവുമില്ലാതെ പരക്കം പായുകയാണ് രാജ്യത്തെ ജനകോടികൾ. എങ്ങനെ ജീവിക്കുമെന്നറിയാതെ, എവിടെയും അനിശ്ചിതത്വത്തിന്റെ നാളുകൾ. അതിനിടെ, ഓരോ ദിവസവും ജനങ്ങളെ എങ്ങനെയും ശിക്ഷിച്ച് രസിക്കുകയാണ് മോദി ഭരണമെന്ന് പറയേണ്ടിയിരിക്കുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വീട്ടാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില 25 രൂപ വർധിപ്പിച്ചത്.

ദുരിതകാലത്ത് ജനങ്ങൾക്ക് എങ്ങനെയൊക്കെ ആശ്വാസം നൽകാനാകുമെന്നാണ് സർക്കാരുകൾ ചിന്തിക്കേണ്ടത്. ഇന്ത്യയിൽ പക്ഷേ, നേരെ തിരിച്ചാണ് ആലോചന. എങ്ങനെ ദ്രോഹിക്കാനാകുമെന്ന് കേന്ദ്ര ഭരണം നിത്യേന ചിന്തിക്കുന്നു. ഈ മഹാമാരിക്കാലത്ത് അങ്ങനെ എത്രയെത്ര നടപടികൾ. കേരളീയർക്കാകട്ടെ, പാചകവാതക വിലവർധന കേന്ദ്ര സർക്കാരിന്റെ "ഓണസമ്മാന'വുമായി. ചിങ്ങം ഒന്നിനായിരുന്നു വില കൂട്ടിക്കൊണ്ടുള്ള പ്രഖ്യാപനം.

പാചകവാതകം ഇന്ന് മിക്കവാറും വീടുകളിൽ ഒഴിച്ചുകൂടാനാകാത്ത വസ്തുവാണ്. അതുകൊണ്ടുതന്നെ ഇതിന്റെ വിലവർധന കുടുംബങ്ങളുടെ ജീവിതച്ചെലവുകളാകെ താളം തെറ്റിക്കും. പത്രവും പാലും ടിവിയുമൊക്കെ ഉപേക്ഷിച്ചാണ് പലരും പാചകവാതകം വാങ്ങുന്നത്. ഇനി ഇതും ഉപേക്ഷിക്കേണ്ടി വരും. വീട്ടാവശ്യത്തിനുള്ള പാചകവാതകത്തിന്റെ സബ്സിഡി അവസാനിപ്പിച്ച സർക്കാർ അത് പുനഃസ്ഥാപിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. കഴിഞ്ഞ ബജറ്റിൽ പെട്രോളിയം സബ്സിഡി തുക വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് അടിക്കടി വില കൂട്ടുന്നത്. സബ്സിഡി തുക നാമമാത്രമായിരുന്നുവെന്നത് മറ്റൊരു കാര്യം.

വീട്ടാവശ്യത്തിനുള്ള 14.2 കിലോ സിലിണ്ടറിന്റെ വില ഇപ്പോൾ 866 രൂപയോളമായി. വീട്ടിലെത്തുമ്പോൾ 900 രൂപയും ചിലപ്പോൾ അതിൽക്കൂടുതലും നൽകേണ്ടിവരും. ഇക്കൊല്ലം ഇതിനകം ആറു തവണ വില കൂട്ടി. പത്തു മാസത്തിനിടെ 266 രൂപ വർധിച്ചു. ദിവസേനയെന്നോണം പെട്രോൾ–-ഡീസൽ വില വർധിപ്പിച്ച് പൊതുവിലക്കയറ്റം രൂക്ഷമാക്കിയതിനിടെയാണ് പാചകവാതക വിലയും തുടർച്ചയായി കൂട്ടുന്നത്. മൊത്ത വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം 12 ശതമാനത്തിനടുത്തും ഉപഭോക്തൃ സൂചികയനുസരിച്ചുള്ള വിലക്കയറ്റം ആറു ശതമാനത്തോളവുമായി ശമനമില്ലാതെ തുടരുന്നതിൽ സർക്കാരിന് ഒരു പ്രയാസവുമില്ല. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞു നിൽക്കുമ്പോഴും പെട്രോളിന്റെയും ഡീസലിന്റെയും കേന്ദ്ര നികുതിയും സെസുമെല്ലാം വർധിപ്പിക്കുകയായിരുന്നു. നികുതി വർധന പിൻവലിച്ചാൽ പെട്രോൾ–-ഡീസൽ വില കുറയ്ക്കാം. അതു വഴി പൊതു വിലക്കയറ്റവും തടയാം. എന്നാൽ, ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്‌ക്കുമില്ലെന്നും കേന്ദ്രം നികുതി കുറയ്ക്കില്ലെന്നും ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം ആവർത്തിച്ച് പ്രഖ്യാപിക്കുകയുണ്ടായി.

കേന്ദ്രം നികുതി കുറയ്ക്കില്ലെന്ന് വ്യക്തമാക്കിയ നിർമല സീതാരാമൻ വേണമെങ്കിൽ സംസ്ഥാനങ്ങൾ നികുതി കുറച്ചോട്ടെയെന്നും നിലപാട് സ്വീകരിച്ചു. എന്നാൽ, പെട്രോൾ–-ഡീസൽ നികുതി വരുമാനം കേന്ദ്രത്തിനാണ് കൂടുതൽ കിട്ടുന്നതെന്ന വസ്തുത മന്ത്രി മറച്ചുപിടിച്ചു. മാത്രമല്ല, കോവിഡ് മഹാമാരിയെത്തുടർന്ന് എല്ലാ വരുമാനമാർഗവും സ്തംഭിച്ച് തളർന്നുനിൽക്കുന്ന സംസ്ഥാനങ്ങൾ അവർക്കു ലഭിക്കുന്ന ചെറിയ നികുതി വിഹിതം എങ്ങനെ കുറയ്ക്കുമെന്നതിനും മന്ത്രിക്ക് ഉത്തരമില്ല. കേരളത്തിലാകട്ടെ, ഈയിനത്തിൽ സംസ്ഥാന നികുതി അടുത്ത കാലത്തൊന്നും കൂട്ടിയിട്ടുമില്ല. ചരക്ക് സേവന നികുതി (ജിഎസ്ടി)പ്രാബല്യത്തിൽ വന്നതോടെ, വിൽപ്പന നികുതിയുടെയും മൂല്യവർധിത നികുതിയുടെയും കാലത്തെപ്പോലെ സംസ്ഥാനങ്ങൾക്ക് സ്വന്തം നിലയിൽ നികുതികൾ ഏർപ്പെടുത്താനും കഴിയില്ല. ജിഎസ്ടി കൗൺസിലാണ് നികുതി തീരുമാനിക്കുന്നത്. പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് എക്സൈസ് തീരുവയും സെസും പലവട്ടം വർധിപ്പിച്ച കേന്ദ്രത്തിന് അത് കുറയ്ക്കാൻ കഴിയും. അതിന് തയ്യാറല്ലെന്ന് നിർമല സീതാരാമൻ ആവർത്തിക്കുമ്പോൾ ജനങ്ങളുടെ ദുരിതം ബിജെപിക്ക് പ്രശ്നമല്ലെന്ന് ഒരിക്കൽക്കൂടി വ്യക്തമായി.

യുപിഎ സർക്കാരിന്റെ കാലത്ത് ഓയിൽ ബോണ്ടിറക്കി സമാഹരിച്ച പണത്തിന്റെ പലിശ കൊടുക്കേണ്ടതിനാൽ നികുതി കുറയ്ക്കാനാകില്ലെന്നാണ് നിർമല സീതാരാമന്റെ വാദം. അത് വസ്തുതകൾക്ക് നിരക്കുന്നതല്ല. കേന്ദ്ര പെട്രോളിയം നികുതി വരുമാനത്തിന്റെ മൂന്നു ശതമാനത്തോളം മതി പലിശ നൽകാൻ. നികുതി കുറയ്ക്കാൻ കഴിയാത്ത വിധം പലിശ നൽകേണ്ട സ്ഥിതിയില്ലെന്ന് ചുരുക്കം. വാസ്തവത്തിൽ സംഭവിക്കുന്നത് മറ്റൊന്നാണ്. കോർപറേറ്റുകൾക്ക് നൽകുന്ന നികുതിയിളവുകളും അവരുടെ നികുതി കുടിശ്ശികകൾ എഴുതിത്തള്ളുന്നതും സർക്കാരിന് വലിയ വരുമാന നഷ്ടമുണ്ടാക്കുന്നുണ്ട്. അത് നികത്താൻ പെട്രോളിയം നികുതി വരുമാനത്തെ സർക്കാർ കണ്ടുവച്ചിരിക്കുന്നു. നികുതി കുറയ്ക്കില്ലെന്ന പിടിവാശിയുടെ കാര്യം ഇതുതന്നെ. അതായത്, കോർപറേറ്റുകളെ സഹായിക്കാൻ സർക്കാർ ജനങ്ങളെ ശിക്ഷിക്കുന്നു. പെട്രോൾ ,ഡീസൽ , പാചക വാതക വില വർധനയായും പൊതു വിലക്കയറ്റമായും ആ ശിക്ഷ ജനങ്ങൾ അനുഭവിക്കേണ്ടി വരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top