27 April Saturday

കർഷകരോഷത്തിനിടയിലും പാചകവാതക വില കൂട്ടി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 16, 2020


പെട്രോൾ–- ഡീസൽ വില 14 രൂപ വർധിക്കാൻ‌ ഏതാനും മാസങ്ങളെടുത്തെങ്കിൽ, പാചകവാതക വിലയുടെ കാര്യത്തിൽ ആ ആനുകൂല്യംപോലും ജനങ്ങൾക്കില്ല. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ രണ്ടാംതവണയാണ്‌ വില വർധിപ്പിക്കുന്നത്‌. ഇപ്പോൾ ഗാർഹിക ഉപയോഗത്തിന്‌ നൽകുന്ന സിലിണ്ടറിന്റെ വില 701 രൂപയാണ്‌. വാണിജ്യ ആവശ്യങ്ങൾക്കുള്ള ഗ്യാസിന്‌ 27 രൂപ കൂട്ടി സിലിണ്ടറിന്‌‌ 1319 രൂപയാക്കി. കോവിഡ്‌ സൃഷ്ടിച്ച ജീവിതദുരിതങ്ങൾക്കുമേൽ ഇടിത്തീപോലെയാണ്‌ കേന്ദ്ര സർക്കാരിന്റെ പ്രഹരങ്ങൾ വന്നുപതിക്കുന്നത്‌. തൊഴിലും വരുമാനവും നഷ്ടപ്പെട്ട മഹാഭൂരിപക്ഷം സാധാരണ ജനങ്ങൾക്ക്‌ ആശ്വാസം നൽകാൻ, മർച്ചിൽ ലോക്‌ഡൗൺ പ്രഖ്യാപിച്ചതിനുശേഷം കേന്ദ്ര സർക്കാർ എന്തൊക്കെ ചെയ്‌തു എന്നത്‌ വിശദ പരിശോധനയ്‌ക്ക്‌ വിധേയമാക്കേണ്ടതാണ്‌. എന്തെങ്കിലും ചെയ്‌തെന്ന അവകാശവാദം കേന്ദ്ര സർക്കാരോ ബിജെപിയോ ഉന്നയിച്ച്‌ കണ്ടിട്ടില്ല. സാമ്പത്തിക പാക്കേജുകൾ പലതും പ്രഖ്യാപിച്ചിട്ടും പാവപ്പെട്ട ജനങ്ങളിലേക്ക്‌ അതൊന്നും എത്തിയിട്ടില്ല. എന്നാൽ, കഴിഞ്ഞ ജൂണിൽ 72 രൂപയായിരുന്ന പെട്രോൾവില ഇപ്പോൾ 86ൽ എത്തിയിരിക്കുന്നു. ഡീസൽവിലയും തൊട്ടടുത്താണ്‌. ചരക്കുകടത്തിനെ നേരിട്ട്‌ ബാധിക്കുന്നതാണ്‌ പെട്രോൾ–- ഡീസൽ വില. ഇത്‌ നിത്യോപയോഗ സാധനങ്ങളുടെ വിലയിലും പ്രതിഫലിക്കും.

കേരളത്തിൽ എൽഡിഎഫ്‌ സർക്കാർ ഭക്ഷ്യവസ്‌തുക്കളുടെ കിറ്റുകൾ  സൗജന്യമായി നൽകുന്നുണ്ട്‌. മാവേലി സ്‌റ്റോറുകളിൽ 14 ഇനം ഭക്ഷ്യസാധനങ്ങൾക്ക്‌ നാലരവർഷമായി വില വർധിപ്പിച്ചിട്ടുമില്ല‌. എന്നാൽ, ഇതേ സാധനങ്ങൾക്ക്‌ പൊതുവിപണിയിലുണ്ടായ  വിലക്കയറ്റം പ്രകടമാണ്‌. ഇതര സാധനങ്ങൾക്കാകട്ടെ വൻ വർധനയാണ്‌. ഈ സഹചര്യത്തിൽ പാചകവാതകത്തിന്‌ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ 100 രൂപ വർധിപ്പിച്ചത്‌ തീർത്തും അന്യായമായ നടപടിയാണ്‌. കാർഷികമേഖലയെ വൻകിട കോർപറേറ്റുകൾക്ക്‌ തീറെഴുതുന്ന നിയമങ്ങൾക്കെതിരെ രാജ്യവ്യാപകമായി ശക്തിപ്പെടുന്ന പ്രക്ഷോഭത്തെ മുഖവിലയ്‌ക്കെടുക്കാതെയാണ്‌ കൂടുതൽ ജനവിരുദ്ധ നടപടിയുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോകുന്നത്‌. രാജ്യസഭയിൽ  വോട്ടെടുപ്പിന്‌ സന്നദ്ധമാകാതെ പാസാക്കിയ നിയമങ്ങൾ കർഷകർക്ക്‌ ഗുണകരമാണെന്ന്‌ വാദിക്കാൻ ഇപ്പോഴും കേന്ദ്ര ഭരണാധികാരികൾക്ക്‌ ലജ്ജയില്ല.

കർഷകർക്ക്‌ ഗുണകരമാണ്‌ നിയമങ്ങളെങ്കിൽ എന്തുകൊണ്ട്‌ മൂന്നുമാസത്തോളമായി അവർ തെരുവിലിറങ്ങി സമരം ചെയ്യുന്നു എന്ന ചോദ്യത്തിന്‌ ഉത്തരമില്ല. തലസ്ഥാനത്തേക്കുള്ള പ്രധാന ഹൈവേകളിൽ പതിനായിരക്കണക്കിനു കർഷകർ തമ്പടിച്ചിട്ട്‌ മൂന്നാഴ്‌ചയോളമായി. പ്രാധാന റോഡുകളും ടോൾപ്ലാസകളും കർഷകർ ഉപരോധിക്കുകയാണ്‌. അറസ്റ്റും ഭീഷണിയും വകവയ്‌ക്കാതെയാണ്‌ കർഷക പ്രക്ഷോഭം മുന്നേറുന്നത്‌. ദിനംപ്രതി കൂടുതൽ കർഷകർ സമരകേന്ദ്രങ്ങളിലേക്ക്‌ എത്തിച്ചേരുകയാണ്‌. ചർച്ചകൾ പലവട്ടം കഴിഞ്ഞെങ്കിലും സർക്കാരിന്റെ പ്രലോഭനങ്ങൾക്ക്‌ വഴങ്ങാൻ കർഷക സംഘടനകൾ തയ്യാറായിട്ടില്ല. കർഷകർക്ക്‌ പിന്തുണയുമായി തൊഴിലാളി സംഘടനകളും രാഷ്‌ട്രീയ പാർടികളും മുന്നോട്ടുവന്നിട്ടുണ്ട്‌.


 

അധികാരഹുങ്കിൽ എന്തും അടിച്ചേൽപ്പിക്കാമെന്ന സ്ഥിതി മാറുകയാണെന്നാണ്‌ കർഷക പ്രക്ഷോഭത്തിന്‌ ലഭിക്കുന്ന പിന്തുണ വ്യക്തമാക്കുന്നത്‌. ജനരോഷം ഇത്ര ശക്തിപ്പെട്ടിട്ടും പാർലമെന്റിനെ വിശ്വാസത്തിലെടുക്കാനോ പ്രശ്‌നം ചർച്ചചെയ്യാനോ കേന്ദ്ര ഭരണകക്ഷി തയ്യാറല്ല. പാർലമെന്റിന്റെ ശീതകാലസമ്മേളനം വിളിച്ചുചേർക്കാതെ ഒളിച്ചോടാനാണ്‌ മോഡി സർക്കാർ തീരുമാനിച്ചിട്ടുള്ളത്‌. പാർലമെന്റ്‌ ‌ ചേർന്നാൽ കർഷകരുടെ രോഷം സഭയിലും പുറത്തും അലയടിക്കുമെന്ന്‌ നന്നായി അറിയാവുന്നവരാണ്‌ കേന്ദ്രനേതൃത്വം. യഥാസമയം പാർലമെന്റ്‌ ചേരാത്തതും ജനകീയപ്രശ്‌നങ്ങൾ ചർച്ചയ്‌ക്കെടുക്കാത്തതും അവരുടെ സമ്പന്ന പക്ഷപാതം കൂടുതൽ പ്രകടമാക്കാനേ ഉപകരിക്കൂ.

രാജ്യത്താകമാനമുള്ള കർഷകരെ ഒരേതരത്തിൽ ബാധിക്കുന്ന നിയമത്തിനെതിരായ പോരാട്ടം കുതന്ത്രങ്ങൾ ഉപയോഗിച്ച്‌ ദുർബലപ്പെടുത്താനാകില്ലെന്ന്‌ കേന്ദ്രസർക്കാർ തിരിച്ചറിയണം. എണ്ണവില കുറയ്‌ക്കുമെന്ന വാഗ്‌ദാനം നൽകി അധികാരത്തിലേറിയവർ ഇപ്പോൾ പറയുന്നത്‌ വർധനയുടെ ഗുണഫലം ജനങ്ങൾക്കാണെന്നാണ്‌. സാമാന്യബോധത്തിനുനേരെ പരിഹാസം ഉയർത്തുന്ന ഇത്തരം ന്യായീകരണങ്ങൾ ജനരോഷം ശക്തിപ്പെടുത്തുകയേ ഉള്ളൂ. കോവിഡ്‌കാലം എല്ലാ കോർപറേറ്റ്‌ അജൻഡകളും നടപ്പാക്കാനുള്ള സുവർണാവസരമായാണ്‌ ബിജെപി സർക്കാർ കാണുന്നത്‌.

കോവിഡും ലോക്‌ഡൗണും  ഏൽപ്പിച്ച  ആഘാതത്തിൽനിന്ന്‌ എന്ന്‌ മോചനം ലഭിക്കുമെന്ന ആശങ്കയിൽ ഒരു ആശ്വാസവും പകരാത്ത സർക്കാർ ജനങ്ങളുടെ തലയിൽ അനുദിനം ഭാരം കെട്ടിവയ്‌ക്കുകയാണ്‌. ഒരു ഭാഗത്ത്‌ പാചകവാതക വില വർധിപ്പിക്കുമ്പോൾ  മറുഭാഗത്ത്‌  സബ്‌സിഡി എന്ന പാവങ്ങളുടെ ആനുകൂല്യം തട്ടിയെടുക്കുന്നു. പാചകവാതക സബ്‌സിഡി ആറുമാസമായി ഒരാളുടെ അക്കൗണ്ടിലും ലഭിക്കുന്നില്ല.

തൊഴിൽമേഖലയിലാകട്ടെ അസ്വസ്ഥത പുകയുകയാണ്‌. അട്ടിമറിക്കപ്പെട്ട തൊഴിൽനിയമങ്ങൾ തൊഴിലാളികളെ വെറും കൂലിക്കാരാക്കി മാറ്റിയിരിക്കുന്നു. പൊതുമേഖലാ വിൽപ്പനയും സ്വകാര്യവൽക്കരണവും എല്ലാ അതിരും കടന്നു. ഇതിനെല്ലാമെതിരായ ശക്തമായ ചെറുത്തുനിൽപ്പാണ് നവംബർ 26ന്റെ ദേശീയ പൊതുപണിമുടക്കിൽ ദൃശ്യമായത്‌. കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന ദേശീയ ഹർത്താലിലും ഇതുവരെയില്ലാത്ത മുന്നേറ്റമാണ്‌ മഹാനഗരങ്ങളിൽപ്പോലും കണ്ടത്‌. കേന്ദ്രം ജനവിരുദ്ധ നയങ്ങൾ തുടർന്നാൽ പ്രതിരോധം അതത് മേഖലകളിൽമാത്രമായിരിക്കില്ലെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു‌. പെട്രോൾ, പാചകവാതക വിലവർധനയ്‌ക്കെതിരായ പ്രതിഷേധവും യോജിച്ച പോരാട്ടത്തിലേക്ക്‌ വളരുമെന്ന സൂചനയാണ്‌ ഉയർന്നുവരുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top