28 March Thursday

മനുഷ്യജീവിതം 
ഞെരിച്ചമർത്തി 
മോദി ഭരണം

വെബ് ഡെസ്‌ക്‌Updated: Tuesday May 10, 2022


കുറച്ച്‌ വിഷംകൂടി തന്നൂടെ?’ പാചകവാതക വിലവർധനയെക്കുറിച്ച്‌ ചോദിച്ചപ്പോൾ തിരുവനന്തപുരത്തെ ഒരു വീട്ടമ്മ കഴിഞ്ഞ ദിവസം ‘ദേശാഭിമാനി’യോട്‌ പ്രതികരിച്ചത്‌ ഇങ്ങനെയാണ്‌. ഇത്‌ ഒരു വീട്ടമ്മയുടെമാത്രം  രോഷമല്ല. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തെയും എല്ലാ സാധാരണ മനുഷ്യരുടെയും വികാരവിക്ഷോഭമാണത്‌. വിലക്കയറ്റവും  തൊഴിലില്ലായ്‌മയും തൊഴിൽനഷ്‌ടവും ഒപ്പം കോവിഡും സൃഷ്‌ടിച്ച കെടുതികൾക്കിടയിൽ മനുഷ്യജീവിതത്തെക്കുറിച്ച്‌ ഒരു പരിഗണനയുമില്ലാത്ത മോദിസർക്കാരിനോടുള്ള പ്രതിഷേധത്തിന്റെയും അവിശ്വാസത്തിന്റെയും പ്രതിഫലനമാണ്‌ ഈ രോഷപ്രകടനം.

ഗാർഹികോപയോഗത്തിനുള്ള പാചകവാതകത്തിന്റെ വില കഴിഞ്ഞ ദിവസം 50 രൂപകൂടി കൂട്ടി ആയിരം കടത്തിവിടുന്ന സാഹചര്യം ഏതാണ്‌? ഡീസലിനും പെട്രോളിനും വില കുത്തനെ കയറ്റി മോദിസർക്കാർ ജനങ്ങൾക്കുമേൽ നിരന്തരപ്രഹരമേൽപ്പിക്കുന്ന കാലമാണിത്‌. നവലിബറൽ നയങ്ങളുടെ കൂടംകൊണ്ട്‌ ജനങ്ങളുടെ നട്ടെല്ല്‌ തകർക്കുന്ന കാലം. കോവിഡ്‌ മഹാമാരിക്കാലത്ത്‌ ഏറ്റവും കൂടുതൽ തൊഴിൽനഷ്‌ടമുണ്ടായ രാജ്യമാണിത്‌.  സമ്പദ്‌ഘടനയിൽ കോവിഡ്‌ സൃഷ്‌ടിച്ച മുറിപ്പാടുകൾ മായാൻ പന്ത്രണ്ട്‌ കൊല്ലമെങ്കിലും വേണ്ടിവരുമെന്ന്‌ റിസർവ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ വിദഗ്‌ധർ പറഞ്ഞിട്ട്‌ ദിവസങ്ങളേ ആയിട്ടുള്ളൂ. മഹാമാരി പിടിമുറുക്കിയ മൂന്നുവർഷത്തിൽ സമ്പദ്‌ഘടനയ്‌ക്കുണ്ടായ നഷ്‌ടം 52 ലക്ഷം കോടി രൂപയാണെന്നും അതിന്റെ ആഘാതം മറികടക്കണമെങ്കിൽ  2034–-35 സാമ്പത്തികവർഷംവരെ കാത്തിരിക്കേണ്ടി വരുമെന്നുമാണ്‌ വിദഗ്ധരുടെ കണ്ടെത്തലെന്ന്‌ ‘ടൈംസ്‌ ഓഫ്‌ ഇന്ത്യ’ കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്‌തിരുന്നു.

ഇത്തരമൊരു സാഹചര്യത്തിലാണ്‌ പാചകവാതക വില അടിക്കടി വർധിപ്പിക്കുന്നത്‌. ഉപജീവനമാർഗം നഷ്‌ടപ്പെട്ട്‌  വരുമാനം ഇല്ലാതായി ക്രയശേഷിയുടെ കാര്യത്തിൽ ദുർബലരായ ജനങ്ങളെ പാചകവാതകത്തിന്റെ വിലകൂടി വർധിപ്പിച്ച്‌ പട്ടിണിക്കിടുകയാണ്‌ കേന്ദ്രസർക്കാർ ചെയ്യുന്നത്‌.

തൊഴിലില്ലായ്‌മ ലോകത്തെയാകെ  ഗ്രസിച്ചിരിക്കുകയാണ്‌. ആഗോള തൊഴിലില്ലായ്‌മയുടെ കണക്കുകൾ ഞെട്ടിക്കുന്നതാണ്‌.  2019ലെ 18.7 കോടിയായിരുന്ന ആഗോള തൊഴിലില്ലായ്‌മ 2022ൽ 20.5 കോടിയായി ഉയരുമെന്നാണ്‌ കണക്ക്‌. തൊഴിൽ നഷ്‌ടമാകട്ടെ 2020ൽ 7.5 കോടിയിലത്തിയെന്നാണ്‌ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ  നിഗമനം. ഈ കണക്കുകളിലേക്ക്‌ ഗണ്യമായ സംഭാവന നൽകുന്നത്‌ ഇന്ത്യയാണെന്നത്‌ നമുക്ക്‌ അങ്ങേയറ്റം അപമാനകരമാണ്‌. എല്ലാ അർഥത്തിലും ജീവനോപാധിയും ജീവിതംതന്നെയും തകർന്ന മനുഷ്യർക്കുമേലാണ്‌ അവശ്യ ഇന്ധനങ്ങളുടെ വില കയറ്റിക്കൊണ്ട്‌ മോദി സർക്കാർ ക്രൂരമായി ആനന്ദിക്കുന്നത്‌.

ഇത്തരം നീചമായ സാമ്പത്തികനയം പിന്തുടർന്ന്‌ ജനങ്ങളെ നിരന്തരം പീഡിപ്പിക്കുന്ന  കേന്ദ്രസർക്കാരിന്റെ ഈ നിലപാടിനെ ഏകാധിപത്യം എന്നല്ലാതെ എന്താണ്‌ വിശേഷിപ്പിക്കാനാകുക. രാജ്യത്തെ ഏറ്റവും പ്രധാന പ്രതിപക്ഷ പാർടിയായ കോൺഗ്രസ്‌ ഇക്കാര്യത്തിൽ നിശ്ശബ്‌ദത പാലിക്കുന്നത്‌ ഈ ഏകാധിപത്യത്തിന്‌ വളമാകുകയാണ്‌.  ഭീഷണികൾ കൂസാതെ ഇടതുപക്ഷവും രാജ്യത്തെ തൊഴിലാളി സംഘടനകളും മാത്രമാണ്‌ ഇതിനെതിരെ പ്രതികരിക്കാൻ ധൈര്യം കാണിക്കുന്നത്‌.  ബിജെപിയുടെ ഈ നയങ്ങളെ വിമർശിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്ന പ്രവണത ശക്തമാകുകയാണ്‌. അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന ഈ രാജ്യത്തെ ഭരിക്കുന്നത്‌ ഏകാധിപത്യ പ്രവണതയാണെന്ന ആക്ഷേപത്തെ സാധൂകരിക്കുന്ന ഒരു അന്താരാഷ്‌ട്ര പഠനം പുറത്തുവന്നിട്ടുണ്ട്‌.  

സ്വീഡനിലെ വി ഡെം ഇൻസ്‌റ്റിറ്റ്യൂട്ട്‌ പുറത്തിറക്കിയ ‘ഡെമോക്രസി റിപ്പോർട്ട്‌ 2022: ഓട്ടോക്രാറ്റൈസേഷൻ ചെയ്‌ഞ്ചിങ്‌ നേച്ചർ?’ എന്ന പഠനത്തിൽ ഇന്ത്യയെ ‘തെരഞ്ഞെടുക്കപ്പെട്ട ഏകാധിപത്യം’ എന്ന ഗണത്തിലാണ്‌ സ്ഥാനപ്പെടുത്തിയിട്ടുള്ളത്‌. അഭിപ്രായസ്വാതന്ത്ര്യവും മാധ്യമങ്ങളുടെയും പൗരസമൂഹത്തിന്റെയും സ്വാതന്ത്ര്യങ്ങളും മോദി ഭരണത്തിൽ കുറയുകയാണെന്ന്‌  റിപ്പോർട്ട്‌ പരാമർശിക്കുന്നു. ഇക്കാര്യത്തിൽ അയൽരാജ്യങ്ങളായ പാകിസ്ഥാനിനും ബംഗ്ലാദേശിനും നേപ്പാളിനും പിറകിലാണ്‌ ഇന്ത്യ. ലോകത്തിലെ ഏറ്റവും ഏകാധിപത്യമുള്ള പത്തു രാജ്യത്തൊന്നായാണ്‌ ഇന്ത്യയെ റിപ്പോർട്ട്‌ സ്ഥാപിക്കുന്നത്‌.

കോൺഗ്രസ്‌ തുടങ്ങിവച്ചതാണ്‌ ഇന്ത്യയിലെ  സാമ്പത്തിക ദുരന്തങ്ങൾ. കോൺഗ്രസിനേക്കാൾ വാശിയോടെയാണ്‌ ഏഴുവർഷമായി മോദി സർക്കാർ അത്‌ നടപ്പാക്കുന്നത്‌. അതുകൊണ്ടുതന്നെ  ബിജെപിയെ വിമർശിക്കാനുള്ള ധാർമികാവകാശം കോൺഗ്രസിനില്ലതന്നെ. ഈ ദുരിതങ്ങളുടെയെല്ലാം ഉത്തരവാദിത്വം ബിജെപിയെപ്പോലെതന്നെ കോൺഗ്രസിനുമുണ്ട്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top