20 April Saturday

ലണ്ടന്‍ തീപിടിത്തം നല്‍കുന്ന പാഠം

വെബ് ഡെസ്‌ക്‌Updated: Friday Jun 16, 2017


പടിഞ്ഞാറന്‍ ലണ്ടനിലെ 24 നിലയുള്ള ഗ്രെന്‍ഫല്‍ ടവറിലുണ്ടായ തീപിടിത്തത്തിന്റെ ദൃശ്യങ്ങള്‍ ആരിലും നടുക്കം ഉളവാക്കുന്നതാണ്. 24 നിലയിലുള്ള ഫ്ളാറ്റ് സമുച്ചയം തീഗോളമായി കത്തിയമരുകയായിരുന്നു. രണ്ടാംനിലയില്‍നിന്ന് ആരംഭിച്ച തീ നിമിഷങ്ങള്‍ക്കകം കെട്ടിടമാകെ ആളിപ്പടര്‍ന്നു. രക്ഷപ്പെടാനാകാതെ കെട്ടിടസമുച്ചയത്തില്‍ കുടുങ്ങിപ്പോയവരുടെ രോദനം ബ്രിട്ടന്റെ രോദനമായി. 120 കുടുംബങ്ങള്‍ താമസിച്ചിരുന്ന ഈ ഫ്ളാറ്റ് സമുച്ചയത്തില്‍ എഴുനൂറോളംപേര്‍ താമസിക്കുന്നുണ്ടായിരുന്നു. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് തീപിടിത്തമുണ്ടായത്.  17 പേര്‍ക്ക് ജീവഹാനി സംഭവിച്ചു. 74 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇതില്‍ 18 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.  മാഞ്ചസ്റ്ററിലും ലണ്ടനിലും ഉണ്ടായ ഭീകരാക്രമണത്തിന് ശേഷം ബ്രിട്ടനില്‍ ഉണ്ടാകുന്ന ഏറ്റവുംവലിയ ദുരന്തമാണിത്.

കാലതാമസം കൂടാതെ ഫയര്‍, ആംബുലന്‍സ്, പൊലീസ് സര്‍വീസ് ലഭ്യമായതാണ് മരണസംഖ്യ കുറച്ചത്. മാത്രമല്ല ജനങ്ങള്‍ നല്‍കിയ വര്‍ധിച്ച സഹകരണവും ദുരന്തത്തിന്റെ ആഴം കുറയ്ക്കുന്നതിന് സഹായിച്ചു.  മുസ്ളിം, ക്രിസ്ത്യന്‍ പള്ളികളാണ് പൊള്ളലേറ്റവര്‍ക്ക് അടിയന്തരശുശ്രൂഷയും ഭക്ഷണവുംമറ്റും നല്‍കിയത്. ഗ്രെന്‍ഫല്‍ ദുരന്തം ഒഴിവാക്കാമായിരുന്നതല്ലേ എന്ന ചോദ്യം ബ്രിട്ടനില്‍ ഇതിനകം ഉയര്‍ന്നു. ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തികശക്തിയാണ് ബ്രിട്ടന്‍. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ നൂറ്റാണ്ടുകളോളം കോളനിയാക്കി ഭരിച്ച സാമ്രാജ്യത്വരാഷ്ട്രം. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഈറ്റില്ലം. പക്ഷേ അവിടെയും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണെന്ന യാഥാര്‍ഥ്യമാണ് ഗ്രെന്‍ഫല്‍ ദുരന്തം വിളിച്ചോതുന്നത്.  ജനങ്ങള്‍ സുരക്ഷിതമെന്ന് കരുതുന്ന തൊഴിലിടങ്ങളിലും സ്കൂളുകളിലും ഗതാഗതമേഖലയിലുംമറ്റും ദുരന്തം ആവര്‍ത്തിക്കുകയാണ്. 

മറ്റേത് നഗരങ്ങളിലേതുമെന്നപോലെ ലണ്ടനിലും സ്വത്തിന് വില കുത്തനെ ഉയരുന്നതിന് പ്രധാന കാരണം റിയല്‍ എസ്റ്റേറ്റ് ഭീമന്മാരുടെ രംഗപ്രവേശമാണ്. ലക്ഷ്വറി ഫ്ളാറ്റുകളുംമറ്റും കൂണുപോലെ ഉയരുമ്പോഴും അതില്‍ അടിസ്ഥാന സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കാന്‍ ഒരു ശുഷ്കാന്തിയും അധികൃതര്‍ കാട്ടുന്നില്ല. ഗ്രെന്‍ഫല്‍ കെട്ടിടത്തില്‍ തീപിടിത്തമുണ്ടായാല്‍ താമസക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കാനായി കേന്ദ്രീകൃത സൈറണ്‍ സംവിധാനംപോലും  ഉണ്ടായിരുന്നില്ലെന്ന് രക്ഷപ്പെട്ടവര്‍ ആക്ഷേപിക്കുന്നു. മാത്രമല്ല തീപിടിത്തമുണ്ടാകുന്ന ഘട്ടത്തില്‍ വെള്ളം തളിക്കുന്നതിനുള്ള സംവിധാനവും ഈ ഫ്ളാറ്റ് സമുച്ചയങ്ങളില്‍ ഉണ്ടായിരുന്നില്ല. 2009ല്‍ ദക്ഷിണ  ലണ്ടനിലെ ലഖനാല്‍ ഹൌസില്‍ ആറുപേരുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തെതുടര്‍ന്ന് നിയമിച്ച അന്വേഷണ കമീഷന്‍ വാട്ടര്‍ സ്പ്രിങ്കിള്‍ സംവിധാനം എല്ലാ ഫ്ളാറ്റ് സമുച്ചയങ്ങളിലും നിര്‍ബന്ധമാക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു.  എന്നാല്‍, അധികാരത്തിലുണ്ടായിരുന്ന കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ ഒരു നടപടിയും കൈക്കൊണ്ടില്ല.  കഴിഞ്ഞ നാല് വര്‍ഷം ഭവനമന്ത്രിയായിരുന്നത് ശനിയാഴ്ച പ്രധാനമന്ത്രിയുടെ ചീഫ് ഓഫ് സ്റ്റാഫായി നിയമിക്കപ്പെട്ട ഗവിന്‍ ബാര്‍വെല്ലായിരുന്നു. ലഖനാല്‍ ഹൌസ് ദുരന്തത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടുപോലും പ്രസിദ്ധീകരിക്കാന്‍ ബാര്‍വെല്‍ തയ്യാറായിരുന്നില്ല. 

ഇതൊക്കെത്തന്നെ ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിക്കാന്‍ കാരണമായി. സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കാന്‍ ബാധ്യതപ്പെട്ട പ്രാദേശിക ഭരണകൂടത്തിന് ആവശ്യത്തിന് പണംനല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാത്തതാണ് ദുരന്തത്തിന്റെ കാഠിന്യം വര്‍ധിപ്പിച്ചതെന്ന് ലേബര്‍ പാര്‍ടി നേതാവ് ജെറെമി കോര്‍ബിന്‍ ആരോപിച്ചിട്ടുണ്ട്. നവ ഉദാരവല്‍ക്കരണനയം സ്വീകരിച്ച തെരേസ മേയുടെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ ചെലവുചുരുക്കല്‍നയത്തിന്റെ ഭാഗമായാണ് പ്രാദേശിക സമിതികള്‍ക്കുള്ള ഫണ്ട് വെട്ടിക്കുറച്ചതെന്നും അതിന്റെ ഫലമാണ് ഇത്തരത്തിലുള്ള ദുരന്തമെന്നും ജെറെമി കോര്‍ബിന്‍ ആരോപിച്ചു.  ചെലവുചുരുക്കല്‍ നയത്തിന്റെ ഫലമായി ഫയര്‍സര്‍വീസ് ജീവനക്കാരെയും മറ്റും വെട്ടിക്കുറച്ചതും വിനയായി. അടുത്തയിടെയാണ് സര്‍ക്കാര്‍ ലണ്ടന്‍ നഗരത്തിലെ പത്തോളം ഫയര്‍സ്റ്റേഷനുകള്‍ അടച്ചിട്ടത്. 27 ഫയര്‍ എന്‍ജിന്‍ വാഹനങ്ങളുടെ ഉപയോഗവും സര്‍ക്കാര്‍ അവസാനിപ്പിച്ചു. 500 ഫയര്‍സര്‍വീസ് ജീവനക്കാരെ പിരിച്ചുവിട്ടു. 100 ദശലക്ഷം യുറോയുടെ ചെലവ് കുറയ്ക്കാനായിരുന്നു കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ ഈ നടപടി സ്വീകരിച്ചത്.  സ്വാഭാവികമായും ഫ്ളാറ്റുകളിലെയും പൊതുസ്ഥലങ്ങളിലെയും സുരക്ഷാസംവിധാനത്തില്‍ കുറവുണ്ടായി. 20000 പൊലീസുകാരെയും ചെലവുചുരുക്കല്‍ നയത്തിന്റെ ഭാഗമായി വലതുപക്ഷ സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. ഇത് സുരക്ഷാസംവിധാനങ്ങളെയും ദോഷമായി ബാധിച്ചു. ലോകബാങ്കും ഐഎംഎഫും മറ്റും മുന്നോട്ടുവയ്ക്കുന്ന ചെലവുചുരുക്കല്‍ നയങ്ങള്‍ സൂക്ഷ്മതലത്തില്‍ എങ്ങനെയൊക്കെയാണ് ജനജീവിതത്തെയും അവരുടെ സുരക്ഷയെയും ബാധിക്കുന്നുവെന്നതിന്റെ ഉദാഹരണംകൂടിയാണ് ഗ്രെന്‍ഫല്‍ ദുരന്തം. ജനങ്ങളുടെ സ്വൈരജീവിതവും സുരക്ഷയും തകര്‍ക്കുന്ന ഈ നയത്തിനെതിരെ ബ്രിട്ടനിലും ജനരോഷമുയരുകയാണ്. ജൂണ്‍ എട്ടിന് നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കുകയും ചെയ്തു 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top