25 April Thursday

രാജ്യസഭാ തെരഞ്ഞെടുപ്പും അട്ടിമറിക്കുമ്പോൾ

വെബ് ഡെസ്‌ക്‌Updated: Saturday Mar 27, 2021


ജനഹിതം തുടർച്ചയായി അട്ടിമറിക്കുകയും ഭരണഘടനാ തത്വങ്ങളും മൂല്യങ്ങളും കാറ്റിൽപറത്തുകയും ഫാസിസ്‌റ്റ്‌ പ്രകൃതമുള്ള ഭരണകൂടങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും പൊതുരീതിയാണ്‌. പാർലമെന്റിനെയും കോടതികളെയും തെരഞ്ഞെടുപ്പ്‌ കമീഷനെയും വരുതിയിലാക്കിയാണ്‌ പല പ്രവർത്തനങ്ങളും. വഴങ്ങിനിൽക്കാത്ത ന്യായാധിപന്മാരെ കീഴ്‌വഴക്കങ്ങൾ ലംഘിച്ച്‌ സ്ഥലംമാറ്റുന്നതും പതിവായി. ചിലരുടെ ജീവനുനേരെ ഭീഷണിയുമുയർത്തുന്നു. പേശീബലത്തിനും പണച്ചാക്കിനും അവ രണ്ടും കാണിച്ചുള്ള പ്രലോഭനത്തിലൂടെയുള്ള കാലുമാറ്റത്തിനുമൊപ്പം അന്വേഷണ ഏജൻസികളെയും ദുരുപയോഗം ചെയ്യുമെന്നതാണ്‌ അനുഭവം. രാജ്യത്തിന്റെ ഫെഡറൽ സ്വഭാവം വകവയ്‌ക്കാതെ സംസ്ഥാനങ്ങളുടെ അധികാരം പലമട്ടിൽ കവരുകയുമാണ്‌. ഡൽഹിയുടെ പദവിക്കുമേൽ ലഫ്‌റ്റനന്റ് ഗവർണർക്ക് അമിതാധികാരം നൽകുന്ന വിവാദ ബിൽ ലോക്‌സഭയും പിന്നാലെ രാജ്യസഭയും പാസാക്കിയത്‌ കഴിഞ്ഞ ദിവസമാണ്‌. സംസ്ഥാന സർക്കാരിനേക്കാൾ കേന്ദ്രം നിയമിക്കുന്ന ലഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന ബിൽ ഇടതുപക്ഷവും ആം ആദ്മി പാർടിയും ഉൾപ്പെടെയുള്ള പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനും സഭയിൽനിന്നുള്ള ഇറങ്ങിപ്പോക്കിനും ശേഷമാണ്‌ പാസാക്കിയത്‌. കേന്ദ്രത്തിന്റെ തീക്കളി തകൃതിയായി നടക്കുന്ന മറ്റൊരു സംസ്ഥാനം ജമ്മു കശ്‌മീരാണ്‌.

ജനവിരുദ്ധങ്ങളായ പല നിയമങ്ങളും ബില്ലുകളും പാസാക്കിയെടുക്കാൻ രാജ്യസഭയിലെ ഭൂരിപക്ഷമില്ലായ്‌മ മോഡി സർക്കാരിന്‌ തടസ്സമായിരുന്നു. അതിന്‌ സംഘപരിവാര ബുദ്ധികേന്ദ്രങ്ങൾ കണ്ടെത്തിയ വഴി പല നിയമസഭകളിൽനിന്നും പണംകൊടുത്തും സ്ഥാനമാനങ്ങൾ വാഗ്‌ദാനംചെയ്‌തും അന്വേഷണ ഏജൻസികളെ ഇളക്കിവിട്ടും എംഎൽഎമാരെ ചാക്കിലാക്കുകയായിരുന്നു. അതിന്റെ അപകടവും ഗൗരവവും കോൺഗ്രസ്‌ തിരിച്ചറിയുന്നില്ലെന്നതും എടുത്തുപറയേണ്ടതാണ്‌. ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ്‌ ഉറപ്പായും ജയിക്കുമെന്ന സ്ഥിതിയുണ്ടായിട്ടും ആ പാർടി സ്ഥാനാർഥിയെപ്പോലും നിർത്തിയില്ല. ഒടുവിലിതാ കേരളത്തിൽനിന്ന്‌ ഒഴിവുവന്ന മൂന്നു രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് നടപടികൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ മരവിപ്പിച്ചിരിക്കുന്നു. നിയമ മന്ത്രാലയത്തിന്റെ ശുപാർശ പ്രകാരമാണ് അടിമുടി ജനാധിപത്യവിരുദ്ധമായ നടപടി. മൂന്ന് എംപിമാരുടെയും കാലാവധി ഏപ്രിൽ 21ന് തീരാനിരിക്കെയാണ്‌ ഈ നീക്കം.

മാർച്ച്‌ 31നകം പത്രികാസമർപ്പണം പൂർത്തിയാക്കി ഏപ്രിൽ 12ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ ദുരൂഹവും അപ്രതീക്ഷിതവുമായ തീരുമാനം. വിജ്ഞാപനം വന്ന്‌ തുടർ നടപടികൾ തുടങ്ങിയശേഷമുള്ള നീക്കം അവകാശങ്ങൾ ഹനിക്കുന്നതും ബാഹ്യശക്തികളുടെ ഇടപെടലുകൾക്ക്‌ വഴങ്ങുന്നതുമാണ്‌. ഇത്തരം വിധ്വംസക നീക്കം ഭരണഘടനാ സ്ഥാപനങ്ങളെ സംശയാസ്‌പദമാക്കുകയും ചെയ്യും. നിയമസഭയിലെ അംഗബലത്തിന്റെ അടിസ്ഥാനത്തിൽ എൽഡിഎഫ്‌ രണ്ടു സീറ്റിലും യുഡിഎഫ്‌ ഒന്നിലും ജയിക്കും. ആ വസ്‌തുത മുന്നിൽക്കണ്ടാണ്‌ തെരഞ്ഞെടുപ്പ്‌ റദ്ദാക്കലെന്ന്‌ വ്യക്തം. കേന്ദ്ര ഗവൺമെന്റിനെതിരെ രാജ്യസഭയിൽ മുഴങ്ങുന്ന പ്രതിഷേധ ശബ്ദത്തെ ക്ഷീണിപ്പിക്കാൻ തെരഞ്ഞെടുപ്പു കമീഷനെ കരുവാക്കുകയുമാണ്‌. സ്വതന്ത്രമായി കടമ നിറവേറ്റേണ്ട കമീഷൻ കേന്ദ്ര ഗവൺമെന്റിന്റെ അനുബന്ധമായാണ്‌ പ്രവർത്തിക്കുന്നതെന്നാണ്‌ കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ്‌ അകാരണമായി മരവിപ്പിച്ച നടപടിയിൽ തെളിയുന്നത്‌. 2016ൽ രാജ്യസഭാ തെരഞ്ഞെടുപ്പ്‌ നടത്തിയത്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ വിജ്ഞാപനം വന്നശേഷമാണെന്നോർക്കണം.

രാജ്യസഭാംഗങ്ങളുടെ കാലാവധി അവസാനിക്കുംമുമ്പ്‌ ഒഴിവു നികത്തണമെന്നാണ്‌ ജനപ്രാതിനിധ്യ നിയമം അനുശാസിക്കുന്നതെന്നാണ്‌ ഭരണഘടനാ വിദഗ്‌ധരുടെ അഭിപ്രായം. രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടികളെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്‌താവന ഇവിടെയാണ്‌ പ്രസക്തമാകുന്നത്‌. കേന്ദ്ര നിർദേശാനുസരണമാണ്‌ തെരഞ്ഞെടുപ്പ് മാറ്റിയത്. കാരണം വിശദീകരിച്ചിട്ടില്ല. ഈ നടപടിക്ക് പിന്നിലെ ചേതോവികാരം എന്താണെന്ന് കേന്ദ്രം പറയേണ്ടതുണ്ട്‌. എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പ് നടപടികൾ മരവിപ്പിച്ചതെന്ന് കമീഷനോ നിയമ മന്ത്രാലയമോ വ്യക്തമാക്കിയിട്ടുമില്ല. കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിക്കുന്നു എന്നുമാത്രമാണ് ഉത്തരവിൽ. തെരഞ്ഞെടുപ്പ് നിർത്തിവച്ചത് ഭരണഘടനാവിരുദ്ധവും രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്നത് നിയമസഭാംഗങ്ങളുടെ അവകാശവുമാണെന്നും മുഖ്യമന്ത്രി വിശദീകരിക്കുകയുണ്ടായി. ഭരണഘടനയുടെ 324–-ാം വകുപ്പ്‌ കമീഷന്‌ അനുവദിച്ച വിപുലമായ അധികാരമാണ്‌ നിഷേധിക്കുന്നത്‌. പ്രത്യേക കാരണങ്ങൾ സൂചിപ്പിക്കാതെയുള്ള ആ തീരുമാനം ജനാധിപത്യവാദികൾ നിയമപരമായും നേരിടേണ്ടതുണ്ട്‌. സിപിഐ എം ഹൈക്കോടതിയെ സമീപിച്ചത്‌ ശരിയായ നടപടിയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top