22 September Friday

രാജ്യം ഇനി തെരഞ്ഞെടുപ്പ് ചൂടിലേക്ക്

വെബ് ഡെസ്‌ക്‌Updated: Monday Mar 11, 2019


ഏപ്രിൽ 11 മുതൽ മെയ് 19 വരെ ഏഴ് ഘട്ടമായി പതിനേഴാമത് ലോക‌്സഭാ തെരഞ്ഞെടുപ്പ് നടക്കും. ഏപ്രിൽ 23നാണ് കേരളത്തിൽ വോട്ടെടുപ്പ്. മെയ് 23നാണ് വോട്ടെണ്ണൽ. മെയ് അവസാനം പുതിയ സർക്കാർ അധികാരത്തിൽ വരും. ഇനിയുള്ള ദിവസങ്ങൾ തീവ്രമായ രാഷ്ട്രീയ പോരാട്ടത്തിന്റെ ദിനങ്ങളായിരിക്കും.

വാഗ്ദാന ലംഘനങ്ങളുടെയും ജനവഞ്ചനയുടെയും അഞ്ച് വർഷമാണ‌് കടന്നുപോയത്. ഒപ്പം ജനാധിപത്യ അവകാശങ്ങളെല്ലാം ചവിട്ടിമെതിക്കപ്പെടുകയും ജനാധിപത്യംതന്നെ കശക്കിയെറിയപ്പെടുകയും ചെയ‌്തു. ഹിന്ദുരാഷ്ട്രം സ്ഥാപിക്കുക ലക്ഷ്യമാക്കിയുള്ള വർഗീയധ്രുവീകരണശ്രമങ്ങളും ശക്തമായിരുന്നു. 2022 ആകുമ്പോഴേക്കും കർഷകന്റെ വരുമാനം ഇരട്ടിയാക്കുമെന്നും സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് നടപ്പാക്കുമെന്നും മോഡി വാഗ‌്ദാനം ചെയ‌്തിരുന്നു. എന്നാൽ, വാഗ്ദാനലംഘനങ്ങളിൽ പ്രതിഷേധിച്ച് രാജ്യമെങ്ങും കർഷകർ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണ് ദൃശ്യമായത‌്. ഹിന്ദി മേഖലയിലെ മൂന്ന് സംസ്ഥാനങ്ങളിൽ കഴിഞ്ഞ വർഷാവസാനം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി തോറ്റതുപോലും കർഷകരോഷത്തിന്റെ ഫലമായിട്ടുകൂടിയായിരുന്നു.

മോഡി സർക്കാർ നൽകിയ മറ്റൊരു വാഗ്ദാനം വർഷം രണ്ടു കോടി തൊഴിലവസരം സൃഷ്ടിക്കുമെന്നായിരുന്നു. എന്നാൽ, തൊഴിലില്ലായ‌്മ 7.2 ശതമാനം എന്ന ഏറ്റവും ഉയർന്ന ശതമാനത്തിലാണിപ്പോൾ. ഏതാനും ലക്ഷം തൊഴിലവസരങ്ങൾമാത്രമാണ് സൃഷ്ടിക്കാൻ മോഡി സർക്കാരിന് കഴിഞ്ഞത്. സ്ത്രീകൾ ഏറ്റവും അരക്ഷിതമായതും ഈ കാലഘട്ടത്തിൽത്തന്നെ. കത്വയും ഉന്നാവും നൽകുന്ന സൂചനയതാണ്. ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്കനുസരിച്ച് 2007ൽ മണിക്കൂറിൽ 21 സ്ത്രീകളാണ് ആക്രമിക്കപ്പെട്ടതെങ്കിൽ 2016ൽ അത് 39 ആയി വർധിച്ചു. ഒരോ മണിക്കൂറിലും നാല് ബലാത്സംഗക്കേസ‌് റിപ്പോർട്ട് ചെയ്യുന്ന രാജ്യവും ഇന്ത്യയാണ്. അതായത്, കർഷകരും യുവാക്കളും സ്ത്രീകളും വർധിച്ചതോതിൽ മോഡി സർക്കാരിനെതിരെ അണിനിരക്കുന്ന ഘട്ടമാണിത്.

മോഡി സർക്കാരിനെതിരെ ജനവികാരം അതിന്റെ ഉച്ചാവസ്ഥയിലെത്തിയ ഘട്ടത്തിലാണ് പുൽവാമയിൽ ഭീകരാക്രമണം ഉണ്ടാകുന്നതും അതിനെതിരെ ബാലാകോട്ടിൽ വ്യോമാക്രമണം നടക്കുന്നതും. സൈനികമായ ഈ നടപടിയെ രാഷ്ട്രീയലക്ഷ്യത്തിനായി ഉപയോഗിച്ച് സങ്കുചിത ദേശീയവാദത്തിന്റെ കൊടി ഉയർത്തി തെരഞ്ഞെടുപ്പിൽ ജയിക്കാനുള്ള ശ്രമമാണ് ബിജെപിയും ആർഎസ്എസും നടത്തുന്നത്. ബാലാകോട്ടിൽ ആക്രമണം നടന്ന അന്നു രാവിലെ രാജസ്ഥാനിലെ ചുരുവിൽ പൊതുയോഗത്തെ അഭിസംബോധന ചെയ‌്തുകൊണ്ട് ഈ രീതിയിലുള്ള പ്രചാരണത്തിന് മോഡി തുടക്കമിടുകയും ചെയ‌്തു. കർഷകരുടെയും യുവാക്കളുടെയും സ്ത്രീകളെയുമെല്ലാം പ്രതിഷേധത്തെ നിർവീര്യമാക്കാനും മറയ്ക്കാനും ഇതുവഴി കഴിയുമെന്നാണ് ബിജെപിയും മോഡിയും പ്രതീക്ഷിക്കുന്നത്. എന്നാൽ, ഇതുകൊണ്ടുമാത്രം ജയിക്കാനാകില്ലെന്നു കണ്ട ബിജെപി 2014ൽനിന്ന‌് വ്യത്യസ്തമായി സംസ്ഥാനങ്ങളിൽ ശക്തമായ സഖ്യത്തിന് ഇക്കുറി തയ്യാറായത് ഈ പശ്ചാത്തലത്തിലാണ്. മഹാരാഷ്ട്രയിൽ ശിവസേനയുമായും തമിഴ്നാട്ടിൽ എഐഡിഎംകെ, പിഎംകെയുമായും പഞ്ചാബിൽ അകാലിദളുമായും ബിഹാറിൽ ജെഡിയു, എൽജെപി എന്നിവയുമായും ബിജെപി സഖ്യം സ്ഥാപിച്ചുകഴിഞ്ഞു. 

സ്വന്തം നിലയിൽ അധികാരത്തിൽ തിരച്ചുവരുക അസാധ്യമാണ് എന്നറിഞ്ഞിട്ടും ബിജെപിയുടെ തോൽവി ഉറപ്പുവരുത്താനുള്ള ഒരു രാഷ്ട്രീയതന്ത്രവും മുന്നോട്ടുവയ‌്ക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. സർക്കാർവിരുദ്ധ വികാരമുള്ളിടങ്ങളിൽ കോൺഗ്രസിന് വിജയിക്കാമെന്നല്ലാതെ മറ്റൊരിടത്തും മുന്നേറ്റം ഉണ്ടാക്കാൻ കോൺഗ്രസിന് കഴിയുമെന്ന് പ്രതീക്ഷിക്കാനാകില്ല. എന്നിട്ടും സംസ്ഥാനാടിസ്ഥാനത്തിൽ സഖ്യം സ്ഥാപിക്കാനുള്ള താൽപ്പര്യം കോൺഗ്രസ് കാട്ടിയിട്ടില്ല. ഉത്തർപ്രദേശിൽ എസ‌്‌പി, ബിഎസ‌്‌പി, ആർഎൽഡി സഖ്യമാണ് ബിജെപിയെ അധികാരത്തിൽ തിരിച്ചുവരുന്നത് തടയാനുള്ള ഏറ്റവും ഫലപ്രദമായ രാഷ്ട്രീയ കൂട്ടുകെട്ട്. ഈ സഖ്യം രണ്ട് സീറ്റ് കോൺഗ്രസിന‌് നൽകുകയും ചെയ്തിരുന്നു. എന്നിട്ടും ആ സഖ്യത്തിന്റെ കൂടെ നിൽക്കാതെ ഉത്തർപ്രദേശിൽ സ്വന്തം സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ് കോൺഗ്രസ്. കോൺഗ്രസ് പുറത്തിറക്കിയ 15 പേരുടെ ആദ്യ സ്ഥാനാർഥിപ്പട്ടികയിൽ 11 ഉം ഉത്തർപ്രദേശിൽനിന്നുള്ളതാണ്. രാജസ്ഥാനിലും മധ്യപ്രദേശിലും മറ്റും ബിഎസ‌്‌പി  ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളെ കൂടെ നിർത്താൻ ഒരു ശ്രമവും നടത്തിയിട്ടുമില്ല. 

എന്നാൽ, പ്രാദേശിക പാർടികൾക്ക് മേൽക്കൈ ഉള്ള സംസ്ഥാനങ്ങളിൽ ഫലപ്രദമായ ബിജെപിവിരുദ്ധ സഖ്യം നിലവിൽ വന്നിട്ടുമുണ്ട്. ഉത്തർപ്രദേശുതന്നെയാണ് അതിന്റെ മികച്ച ഉദാഹരണം. തമിഴ്നാട്ടിൽ ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യവും ഈ ഗണത്തിൽപെടുത്താം.  ബിജെപിയെ പരാജയപ്പെടുത്തുക മതനിരപേക്ഷ സർക്കാരിനെ കേന്ദ്രത്തിൽ അധികാരത്തിലെത്തിക്കുക എന്ന മുദ്രാവാക്യം ഉയർത്തി സിപിഐ എമ്മും ഇടതുപക്ഷവും തെരഞ്ഞെടുപ്പുരംഗത്ത് സജീവമാണ്. കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി 20 സീറ്റിലെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. യുഡിഎഫ്, ബിജെപി എന്നിവർ സ്ഥാനാർഥിനിർണയംപോലും പൂർത്തിയാക്കിയിട്ടില്ല. രാജ്യത്തെ ജനങ്ങൾക്കുമുമ്പിൽ മോഡി സർക്കാരിന്റെ ജനാധിപത്യവിരുദ്ധ ദുർഭരണത്തെ താഴയിറക്കാൻ ഏറ്റവും നല്ല അവസരമാണ് കൈവന്നിരിക്കുന്നത്. അതവർ വിനിയോഗിക്കുമെന്ന് പ്രതീക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top