28 September Thursday

കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം

വെബ് ഡെസ്‌ക്‌Updated: Saturday May 25, 2019


പതിനേഴാം ലോക‌്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഫലം അപ്രതീക്ഷിതമാണ്. രാജ്യത്താകെ തിരിച്ചടി ഏറ്റുവാങ്ങിയ കോൺഗ്രസ് കേരളത്തിൽ ഗണ്യമായ നേട്ടം ഉണ്ടാക്കി. 20 സീറ്റിൽ 19ലും കോൺഗ്രസ് നയിക്കുന്ന യുഡിഎഫ് മുന്നണി വിജയിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി കഴിഞ്ഞ സഭയിൽ ഉണ്ടായിരുന്ന എട്ടു സീറ്റിൽനിന്ന് ഒരു സീറ്റിലേക്ക് താഴ‌്ന്നു. എന്തുകൊണ്ട് ഇങ്ങനെ ഒരു ഫലമുണ്ടായി എന്നതിനെക്കുറിച്ചുള്ള പരിശോധനകൾ വിവിധ പാർടികൾ നടത്തുന്നുണ്ട്.

രാജ്യത്താകെ ബിജെപി നേട്ടമുണ്ടാക്കിയപ്പോൾ കേരളത്തിൽനിന്ന് ഒരാളെപ്പോലും വിജയിപ്പിക്കാൻ ആ പാർടിക്ക് കഴിഞ്ഞിട്ടില്ല എന്നത്  ഈ ഫലത്തിന്റെ  ശ്രദ്ധേയമായ മറ്റൊരു സവിശേഷതയാണ്. ബിജെപി വലിയ മുന്നേറ്റമുണ്ടാക്കും എന്നാണ് പ്രചാരണഘട്ടത്തിൽ അവകാശപ്പെട്ടിരുന്നത്. ശബരിമലയിലെ സ്ത്രീപ്രവേശം സംബന്ധിച്ച സുപ്രീംകോടതിവിധിയുമായി ബന്ധപ്പെട്ട് കേരളത്തിൽ  ആർഎസ്എസും ബിജെപിയും ചേർന്ന് സൃഷ്ടിച്ച അസ്വസ്ഥതകൾ വോട്ടും സീറ്റും ആക്കി മാറ്റും എന്ന അവരുടെ അവകാശവാദവും ഫലംവന്നതോടെ  പൊളിഞ്ഞു. ശബരിമല സ്ഥിതിചെയ്യുന്ന പത്തനംതിട്ട നിയോജക മണ്ഡലത്തിൽ വൈകാരികമായിത്തന്നെ വോട്ട‌് തേടിയ ബിജെപി സ്ഥാനാർഥി മൂന്നാംസ്ഥാനത്താണ് എത്തിയത്. 20 എൻഡിഎ സ്ഥാനാർഥികളിൽ 13 പേർക്കും കെട്ടിവച്ച കാശ് നഷ്ടപ്പെട്ട തെരഞ്ഞെടുപ്പുകൂടിയാണിത്.

ഇടതുപക്ഷ ജനാധിപത്യ മുന്നണി നല്ല കെട്ടുറപ്പോടെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. തുടക്കത്തിൽത്തന്നെ മികച്ച സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രവർത്തനംതുടങ്ങി. ദേശീയരാഷ്ട്രീയത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങൾ ജനങ്ങൾക്കുമുന്നിൽ വ്യക്തതയോടെ അവതരിപ്പിക്കാനും അഞ്ചുവർഷത്തെ എൻഡിഎ ഭരണം രാജ്യത്തെ എങ്ങനെ ദുഷിപ്പിച്ചു  എന്ന് വരച്ചുകാട്ടാനും  എൽഡിഎഫിന് കഴിഞ്ഞു. മോഡി ഭരണത്തെ താഴെയിറക്കണം എന്ന  പൊതുവികാരമാണ് ഇതിലൂടെ സൃഷ്ടിക്കപ്പെട്ടത്.  ഇന്ത്യയെ എല്ലാത്തരത്തിലും തളർത്തുകയും പ്രാകൃതമായ അവസ്ഥയിലേക്ക് എത്തിക്കുകയും മതപരമായ വിഭജനം സൃഷ്ടിക്കുകയും ചെയ്യുന്ന ആർഎസ്എസ് രാഷ്ട്രീയത്തിനെതിരെ കേരളത്തിലാകെ ശക്തമായ വികാരമാണ് അലയടിച്ചത്. മോഡി ഭരണം വീണ്ടും വന്നാൽ കൂടുതൽ അപകടം സംഭവിക്കുമെന്ന ഭീതി ജനങ്ങളിൽ പൊതുവെ വളർന്നു.

രാജ്യത്ത് ഒരിടത്തും ബിജെപിവിരുദ്ധ സഖ്യം ഫലപ്രദമായി രൂപപ്പെടുത്താൻ സന്നദ്ധത കാണിക്കുകയോ മുൻകൈ എടുക്കുകയോ ചെയ്യാത്ത കോൺഗ്രസാണ് കേരളത്തിൽ ഇതൊക്കെ ചെയ‌്തത‌് എന്നത് പ്രത്യേകം ഓർക്കണം. ഉത്തർപ്രദേശിൽ എസ്‌പി–-- ബിഎസ്‌പി സഖ്യം രൂപപ്പെട്ടപ്പോൾ അതിൽനിന്ന് മാറിനിൽക്കാനാണ് കോൺഗ്രസ് തയ്യാറായത്

മോഡിക്കു പകരം  രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ സർക്കാർ വരും എന്ന പ്രചാരണമാണ്  കോൺഗ്രസ് ഏറ്റെടുത്തത്. ബിജെപിയുടെ സാന്നിധ്യം ഇല്ലാത്ത വയനാട് മണ്ഡലത്തിൽ രാഹുൽഗാന്ധിയെ മത്സരിപ്പിച്ചത് അത്തരം പ്രതീതി   വളർത്താനാണ്. കുറെയേറെ ജനങ്ങളിൽ അങ്ങനെ വിശ്വാസം സൃഷ്ടിക്കാൻ മാധ്യമങ്ങളുടെ സഹായത്തോടെ കോൺഗ്രസിന് കഴിഞ്ഞു. അത് ആവേശത്തോടെ ഏറ്റുപിടിച്ച  ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ്,  ന്യൂനപക്ഷങ്ങൾക്ക് രക്ഷ വേണമെങ്കിൽ   കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന ബോധം സൃഷ്ടിക്കാൻ അവിശ്രമം പ്രവർത്തിച്ചു. കോൺഗ്രസാണെങ്കിൽ ബിജെപിയെയോ അതിന്റെ നയങ്ങളെയോ അഞ്ചുവർഷത്തെ മോഡി ഭരണത്തെയോ  വിമർശിക്കാൻ അല്ല,  ഇടതുപക്ഷത്തെ ആക്രമിക്കാനാണ് ഒരുമ്പെട്ടത്.  ഇടതുപക്ഷത്തിനെതിരെ തുടർച്ചയായി നുണക്കഥകൾ സൃഷ്ടിക്കാനും സഹായിക്കുന്ന മാധ്യമങ്ങളിലൂടെ അതിന് അമിത പ്രചാരം നൽകാനും യുഡിഎഫ് ശ്രമിച്ചു. ബിജെപിയുടെ അധികാരത്തുടർച്ച  തടയുക എന്ന ലക്ഷ്യത്തോടെയുള്ള വോട്ടുകൾ വലിയതോതിൽ യുഡിഎഫിനായി സമാഹരിക്കപ്പെടുന്ന അവസ്ഥ ഉടലെടുത്തത് ഈ പശ്ചാത്തലത്തിലാണ്. അതോടൊപ്പം  ബിജെപിയുടെ വോട്ട് ചില പ്രത്യേക മണ്ഡലങ്ങളിൽ യുഡിഎഫ് കരസ്ഥമാക്കുകയും ചെയ‌്തു. കാസർകോട്, കണ്ണൂർ തുടങ്ങിയ മണ്ഡലങ്ങളിലെ ബിജെപി വോട്ടിന്റെ എണ്ണം വിലയിരുത്തുമ്പോൾ അത് കാണാനാകും.

രാജ്യത്ത് ഒരിടത്തും ബിജെപിവിരുദ്ധ സഖ്യം ഫലപ്രദമായി രൂപപ്പെടുത്താൻ സന്നദ്ധത കാണിക്കുകയോ മുൻകൈ എടുക്കുകയോ ചെയ്യാത്ത കോൺഗ്രസാണ് കേരളത്തിൽ ഇതൊക്കെ ചെയ‌്തത‌് എന്നത് പ്രത്യേകം ഓർക്കണം. ഉത്തർപ്രദേശിൽ എസ്‌പി–-- ബിഎസ്‌പി സഖ്യം രൂപപ്പെട്ടപ്പോൾ അതിൽനിന്ന് മാറിനിൽക്കാനാണ് കോൺഗ്രസ് തയ്യാറായത്. ഡൽഹിയിൽ ആം ആദ്മി പാർടിയോട് അതേ സമീപനം എടുത്തു. ഹരിയാനയിലും സഖ്യത്തോട് മുഖംതിരിഞ്ഞുനിന്നു.  ഉറപ്പില്ലാത്ത നിലപാടുകളാണ് കോൺഗ്രസ് എടുത്തത് എന്ന് ഇന്ന് ആ പാർടിയുടെ സമുന്നത നേതാക്കൾതന്നെ  വിളിച്ചുപറയുന്നു. അത്തരമൊരു ഘട്ടത്തിലാണ്  കേരളത്തിൽ 19 സീറ്റിൽ യുഡിഎഫും  കോൺഗ്രസും വിജയം നേടിയത്. രാജ്യത്തെ ഭരണ കുത്തക കൈയാളിയ പാർടിയായ കോൺഗ്രസ് ഇന്ന് കേരള കോൺഗ്രസായി ചുരുങ്ങിയിരിക്കുന്നു.  ഇതൊക്കെയാണെങ്കിലും ആ പാർടിയും മുന്നണിയും നേടിയ വിജയത്തെ ഞങ്ങൾ ചുരുക്കിക്കാണുന്നില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായ താൽക്കാലിക തിരിച്ചടിയുടെ  ഗൗരവം വളരെ വലുതാണ് എന്നതിലും സന്ദേഹമില്ല. പരമ്പരാഗതമായി ഇടതുപക്ഷത്തിന്‌ ലഭിച്ചുകൊണ്ടിരുന്ന വോട്ടുകളിൽ കുറവ്‌ വന്നു.

തെരഞ്ഞെടുപ്പു പരാജയത്തെക്കുറിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും പ്രാഥമികമായി പ്രതികരിച്ചിട്ടുണ്ട്. കൂടുതൽ പരിശോധന നടത്തുമെന്നും വേണ്ട തിരുത്തലുകളുണ്ടാകുമെന്നും  വ്യക്തമാക്കിയിട്ടുമുണ്ട്.  ബിജെപിക്കെതിരെ വോട്ട് ചെയ‌്ത സംസ്ഥാനം  എന്ന വിശേഷണംമാത്രമല്ല കേരളത്തിനുവേണ്ടത്;  മതനിരപേക്ഷതയിൽ അടിയുറച്ചുനിൽക്കുന്ന  ഇടതുപക്ഷത്തിന് കരുത്തുപകരുന്ന സംസ്ഥാനമെന്ന  ഔന്നത്യംകൂടിയാണ്. നിവർന്നുനിന്ന് മോഡി ഭരണത്തിന്റെ കൊള്ളരുതായ‌്മകൾക്കെതിരെ ശബ്ദിക്കാനും പ്രതിഷേധിക്കാനും ആർജവം കാണിക്കുന്ന സംസ്ഥാനം  കേരളമാണ്. വേണ്ടിവന്നാൽ ബിജെപിയിലേക്ക് പോകുമെന്ന് പരസ്യമായി പറയുന്ന  ജനപ്രതിനിധികളെ അല്ല കേരളം അർഹിക്കുന്നത്;  ആർഎസ്എസിന്റെ  ഫാസിസ്റ്റു സമാനമായ ഇടപെടലുകൾക്കെതിരെ ശക്തിയുക്തം വാദിക്കുകയും പാർലമെന്റ‌് ജനങ്ങൾക്ക‌ുവേണ്ടിയുള്ള പോരാട്ടത്തിന്റെ വേദിയാക്കുകയും ചെയ്യുന്ന ഇടതുപക്ഷ എംപിമാരെയാണ്.  കേരളത്തിന്റെ  മതനിരപേക്ഷ സ്വഭാവം നേരായ ദിശയിൽ ഉയർത്തിപ്പിടിക്കാൻ ഇടതുപക്ഷത്തിനുതന്നെയാണ് കരുത്തുണ്ടാകേണ്ടത്.

പാർലമെന്റ‌് തെരഞ്ഞെടുപ്പിൽ പൊതുവെ കോൺഗ്രസിന് മേൽക്കൈ ലഭിക്കുന്ന സംസ്ഥാനമാണ് കേരളം.  1977ൽ  ഇന്ത്യയിൽ ആകെ കോൺഗ്രസ് വിരുദ്ധ തരംഗം ആഞ്ഞടിച്ചപ്പോൾ കേരളത്തിൽ എല്ലാ കോൺഗ്രസ് സ്ഥാനാർഥികളും വിജയിക്കുകയാണുണ്ടായത്. 2004ലെ തെരഞ്ഞെടുപ്പിൽ ഒരു കോൺഗ്രസ് എംപിയും കേരളത്തിൽനിന്ന് പാർലമെന്റിൽ എത്തിയില്ല എന്നത് മറ്റൊരു ചരിത്രം. അതുകൊണ്ടുതന്നെ  ഏതെങ്കിലും തരത്തിൽ ഇടതുപക്ഷത്തെ  ഇല്ലാതാക്കാനുള്ള ഒന്നാണ് ഈ ഫലം എന്ന് കരുതുന്നവരോട് സഹതപിക്കുകയേ നിർവാഹമുള്ളൂ. തിരിച്ചടിയിൽ തളർന്നിരിക്കുന്നവരല്ല ഇടതുപക്ഷം. എന്തുകൊണ്ടാണ് ഇത്തരം ഒരു ഫലം ഉണ്ടായത് എന്ന് ആഴത്തിൽ പഠിക്കുകയും അതിന്റെ കാരണങ്ങൾ കണ്ടെത്തുകയും ചെയ‌്ത‌് കേരളത്തെ ഇന്ത്യൻ മതനിരപേക്ഷ രാഷ്ട്രീയ മാതൃകയായി നിലനിർത്താൻ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക‌് കഴിയും എന്ന് ഞങ്ങൾ ഉറച്ചുവിശ്വസിക്കുന്നത്  അനുഭവങ്ങളുടെ അടിത്തറയിൽനിന്നുതന്നെയാണ്. തിരുത്തലുകളിലൂടെയും ജനങ്ങളുമായി കൂടുതൽ ഹൃദയബന്ധം സ്ഥാപിക്കുന്നതിലൂടെയും  വർധിത ആവേശത്തോടെ ജനകീയപ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിലൂടെയും ഈ തിരിച്ചടി അതിജീവിക്കാനും കുതിച്ചുയരാനും ഇടതുപക്ഷത്തിനു കഴിയും; അതാണ് ഈ കാലഘട്ടത്തിന്റെ ആവശ്യവും. രാജ്യത്തെ  ജനാധിപത്യക്കുരുതിയുടെയും സമഗ്രാധിപത്യത്തിന്റെയും വർഗീയചേരിതിരിവിന്റെയും ഗർത്തത്തിലേക്ക് തള്ളിയിടാനൊരുങ്ങുന്ന ശക്തികൾക്ക് അധികാരം വീണ്ടും കിട്ടുമ്പോൾ, ഈ നാടിന‌് കാവലാളാകാൻ ഇടതുപക്ഷത്തിനാണ‌് കഴിയുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top