26 April Friday

വിധിയെഴുതിയ കേരളം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 24, 2019


പതിനേഴാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടം പൂർത്തിയായിരിക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ മണ്ഡലങ്ങൾ ഉൾപ്പെട്ട തെരഞ്ഞെടുപ്പാണ‌് ചൊവ്വാഴ‌്ച പൂർത്തിയായത്. കേരളം വോട്ടുചെയ്തു കഴിഞ്ഞു. മികച്ച പോളിങ‌് ശതമാനവും സംസ്ഥാനത്തുണ്ടായി.

തെരഞ്ഞെടുപ്പു പ്രക്രിയ തികച്ചും സമാധാനപരമായി പൂർത്തിയാക്കിയ കേരള ജനതയെ ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു. ഒരുമാസത്തിലേറെ നീണ്ട ആവേശകരമായ പ്രചാരണത്തിനുശേഷം നടന്ന വോട്ടെടുപ്പിൽ 75 ശതമാനത്തിലേറെ പേർ ജനാധിപത്യാവകാശം വിനിയോഗിച്ചതായാണ് ഇത്‌ എഴുതുമ്പോൾ ലഭിക്കുന്ന റിപ്പോർട്ട്‌.
ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ സംഗതി കേരളത്തിൽ അത്ര പരിചിതമല്ലാത്ത രീതിയിൽ നടന്ന വർഗീയ പ്രചാരണങ്ങളാണ്. മുമ്പും വർഗീയത തെരഞ്ഞെടുപ്പിൽ ആയുധമാക്കാറുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി കൂടിയ അളവിൽ വർഗീയവിഷം തുപ്പിയിരുന്നു. എന്നാൽ, ഇക്കുറി അത് എല്ലാ പരിധികളും ലംഘിച്ചു. ബിജെപി അവരുടെ വടക്കേ ഇന്ത്യൻ മാതൃകയിൽ മറയില്ലാത്ത തീവ്ര വർഗീയതയുമായി രംഗത്തിറങ്ങി. അവരുടെ സംസ്ഥാന പ്രസിഡന്റ് തന്നെ കടുത്ത വർഗീയ പരാമർശത്തിന്റെ പേരിൽ തെരഞ്ഞെടുപ്പ് കമീഷന്റെ നടപടിക്കിരയായി. ലഘുലേഖകളിലും പ്രസംഗങ്ങളിലും വീടുകയറിയുള്ള പ്രചാരണത്തിലും അവർ വർഗീയത തന്നെ മുഖ്യ ആയുധമാക്കി. വയനാട് പാകിസ്ഥാനിലാണോ എന്ന ചോദ്യവുമായി ബിജെപിയുടെ അഖിലേന്ത്യാ പ്രസിഡന്റ് ഈ പ്രചാരണത്തിന‌് തീവ്ര മുസ്ലിം വിരുദ്ധതയുടെ മാനംകൂടി നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാകട്ടെ കേരളത്തിനു പുറത്തെ പ്രസംഗങ്ങളിലെല്ലാം കേരളത്തിനെതിരെ വർഗീയത ആളിക്കത്തിയ്ക്കുന്ന നുണകൾ വിളമ്പി.

ബിജെപി വർഗീയ പ്രചാരണം നടത്തി എന്നതുമാത്രമല്ല ഈ തെരഞ്ഞെടുപ്പ് വേളയിൽകണ്ട പ്രത്യേകത. ഈ വർഗീയ പ്രചാരണത്തിനു കുടപിടിക്കാനും പിന്നണി പാടാനും യുഡിഎഫും കൂടെക്കൂടി എന്നതുകൂടിയാണ്. ‘മതനിരപേക്ഷ ദേശീയ പാർട്ടി' എന്നൊക്കെ മേനി നടിയ്ക്കുന്ന കോൺഗ്രസ് ശബരിമലയിലെ സ്ത്രീപ്രവേശം സംബന്ധിച്ച സുപ്രീം കോടതിവിധിയുടെ മറപറ്റി ബിജെപിയുടെ വർഗീയ പ്രചാരണങ്ങൾ ആവർത്തിച്ചു. എന്നുമാത്രമല്ല, വയനാടിനെ പാകിസ്ഥാനാക്കിയ അമിത് ഷായുടെ പരാമർശത്തോട് ചെറുതായൊന്നു പ്രതികരിയ്ക്കാൻപോലും ദിവസങ്ങൾ എടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ജാഗ്രതയോടെ അമിത് ഷായുടെ വാക്കുകൾക്കെതിരെ കടുത്ത പ്രതിഷേധം ഉയർത്തിയിട്ടും കോൺഗ്രസ് നേതാക്കൾ പ്രതികരിക്കാൻ മടിച്ചു. ഇതിൽ അത്ഭുതമില്ല. ദേശീയതലത്തിൽ ബിജെപിക്കെതിരെ പൊരുതുകയാണെന്ന‌് അവകാശപ്പെടുന്ന ആ പാർട്ടിയുടെ ദേശീയ അധ്യക്ഷൻ, തെരഞ്ഞെടുപ്പിനുശേഷം ഒരു മതനിരപേക്ഷ സർക്കാരിന് പരിശ്രമിക്കും എന്ന പരസ്യനിലപാടുള്ള ഇടതുപക്ഷത്തിനെതിരെ കേരളത്തിൽ വന്നു മത്സരിയ്ക്കുകയാണല്ലോ ചെയ്തത്.

ഈ വർഗീയ പ്രചാരണത്തിന്റെ ആപത്ത് തെരഞ്ഞെടുപ്പോടെ അവസാനിയ്ക്കുന്നതല്ല. അന്യമത വിദ്വേഷത്തിന്റെയും മതാന്ധതയുടെയും കുഴിബോംബുകൾ പാകിയിട്ടാണ് ബിജെപിയും യുഡിഎഫും പ്രചാരണരംഗം വിടുന്നത്. എപ്പോൾ വേണമെങ്കിലും പൊട്ടി അപായം വിതയ്ക്കാവുന്ന ഈ വിഷ ബോംബുകൾ നീക്കംചെയ്യേണ്ട ചുമതലകൂടി ഇടതുപക്ഷത്തിന്റെയും മതനിരപേക്ഷതയിൽ വിശ്വസിയ്ക്കുന്ന മനുഷ്യരുടെയാകെയും ചുമലിൽ വന്നുവീഴുകയാണ്. വരും ദിനങ്ങളിൽ ഈ പ്രവർത്തനം ഊർജിതമാക്കേണ്ടിവരും.

സാമൂഹ്യമാധ്യമങ്ങൾ വലിയ തോതിൽ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇക്കുറി ഉപയോഗിക്കപ്പെട്ടു. വളരെ ഫലപ്രദമായ പ്രചാരണംതന്നെ സാമൂഹ്യമാധ്യമങ്ങളിലൂടെ നടന്നു. എന്നാൽ, ഈ മാധ്യമങ്ങളെ വർഗീയത പ്രചരിപ്പിയ്ക്കാൻ ബിജെപിയും കോളേജ് തെരഞ്ഞെടുപ്പ് മാതൃകയിൽ നുണ പ്രചരിപ്പിക്കാൻ യുഡിഎഫും ഉപയോഗിക്കുന്നതും കേരളം കണ്ടു. അതേസമയം, ഇതേ മാധ്യമങ്ങൾ പ്രയോജനപ്പെടുത്തിത്തന്നെ ഇത്തരം പ്രചാരണങ്ങളെ വലിയൊരളവിൽ പ്രതിരോധിക്കാൻ എൽഡിഎഫിന് കഴിഞ്ഞു.

ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഒഴിച്ചാൽ തികച്ചും സമാധാനപരമായ തെരഞ്ഞെടുപ്പു പ്രചാരണമാണ് സംസ്ഥാനത്ത് നടന്നത്. ക്രമസമാധാനപാലനത്തിൽ നിഷ്പക്ഷതയോടെയും കാര്യക്ഷമതയോടെയും സംസ്ഥാന സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. തെരഞ്ഞെടുപ്പ് ദിനത്തിലും കാര്യമായ അക്രമ സംഭവങ്ങൾ എങ്ങും ഉണ്ടായിട്ടില്ല.

ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മുമ്പില്ലാത്തവണ്ണം വോട്ടിങ‌് യന്ത്രങ്ങളിൽ കുഴപ്പങ്ങൾ കണ്ടത് പല ബൂത്തുകളിലും പോളിങ‌് വൈകാൻ ഇടയാക്കി. ചിലയിടത്ത് ഏത് സ്ഥാനാർഥിക്ക‌് ചെയ്താലും ബിജെപിയ്ക്ക് പോകുന്നു എന്ന പരാതി വന്നു. മോഡിയുടെ യന്ത്രം ഇവിടെയും എത്തിയോ എന്ന് കോടിയേരി ബാലകൃഷ്ണൻ സംശയം ഉന്നയിച്ചത് ഈ സാഹചര്യത്തിലാണ്. വോട്ടിങ‌് യന്ത്രത്തിന്റെ വിശ്വാസ്യതയെ പറ്റിത്തന്നെ ആശങ്കകൾ ഉയരുന്ന ഈ കാലത്ത് ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ തെരഞ്ഞെടുപ്പു കമീഷൻ ജാഗ്രത പുലർത്തേണ്ടതായിരുന്നു. ഇക്കാര്യം മുഖ്യമന്ത്രിതന്നെ ചൂണ്ടിക്കാട്ടുകയും ചെയ്തു.

ഇനി ഫലത്തിനായി ഒരുമാസത്തെ കാത്തിരിപ്പാണ്. ജനാധിപത്യ ഇന്ത്യ നിലനിൽക്കാനും വർഗീയ ജനവിരുദ്ധ ഭരണത്തിന് അന്ത്യം കുറിക്കാനും ലോക്‌സഭയിൽ ഇടതുപക്ഷ പ്രാതിനിധ്യം മികച്ച തോതിൽ ഉയർത്താനും സഹായകമായ ഒരു വിധിയെഴുത്താണ് ഉണ്ടായിട്ടുള്ളതെന്ന് നമുക്ക് പ്രത്യാശിക്കാം. വോട്ടെടുപ്പ് ദിനത്തിൽ ലഭിക്കുന്ന സൂചനകളും അതുതന്നെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top