29 March Friday

ലോക‌്പാൽ നിയമനത്തിന‌് അഞ്ചാണ്ട‌്

വെബ് ഡെസ്‌ക്‌Updated: Tuesday Mar 19, 2019


ഭരണത്തിന്റെ സർവതലങ്ങളും അഴിമതിമുക്തമാക്കുന്നതിനുള്ള ‘ലോക‌്പാൽ’ യാഥാർഥ്യമാക്കുന്നതിന‌് ഒടുവിൽ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നു. സുപ്രീംകോടതി റിട്ട. ജസ‌്റ്റിസ‌് പിനാകി ചന്ദ്രഘോഷാണ‌് ലോക‌്പാൽ അധ്യക്ഷപദത്തിലേക്ക‌് നാമനിർദേശം ചെയ്യപ്പെട്ടത‌്. ആദ്യ ലോക‌്പാൽ ബിൽ പാസാക്കിയിട്ട‌് അരനുറ്റാണ്ടും നിലവിലുള്ള നിയമം പ്രാബല്യത്തിലായിട്ട‌് അഞ്ച‌ുവർഷവും പിന്നിടുമ്പോഴാണ‌് നിയമനതീരുമാനം. ബിജെപി, കോൺഗ്രസ‌് കക്ഷികൾക്ക‌് അഴിമതി നിർമാർജനത്തോട‌് ഒട്ടും ആത്മാർഥത ഇല്ലെന്ന‌് വ്യക്തമാക്കുന്നതാണ‌്  ഈ നീണ്ട കാലതാമസം. നാലാം ലോക‌്സഭ 1969ൽ ആണ‌് ആദ്യമായി ജനലോക‌്പാൽ ബിൽ പാസാക്കിയത‌്. പക്ഷേ, ആ ബിൽ രാജ്യസഭ കടന്നില്ല. പിന്നീട‌് നിരവധിതവണ  ബിൽ പാർലമെന്റിൽ എത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല.

താഴെക്കിടയിലുള്ള ഉദ്യോഗസ്ഥൻമുതൽ പ്രധാനമന്ത്രിക്കെതിരെവരെ ഉയരുന്ന അഴിമതിപരാതികൾ പരിഗണിച്ച‌് ശിക്ഷ വിധിക്കുന്നതിനുള്ള വിപുലമായ അധികാരങ്ങളുള്ള ഓംബുഡ‌്സ‌്മാനാണ‌് ലോക‌്പാൽ. ചെയർമാനും പരമാവധി എട്ട‌് അംഗങ്ങളും അടങ്ങുന്ന സ്വതന്ത്രസംവിധാനം. ലോക‌്പാൽ നിയമനിർമാണം നീണ്ടുപോകുന്നതിന‌് പ്രധാന കാരണമായത‌്, ഇതിന്റെ പരിധിയിൽ വരുന്ന അധികാരസ്ഥാനങ്ങൾ സംബന്ധിച്ച തർക്കമായിരുന്നു. പ്രധാനമന്ത്രിയെ ലോക‌്പാൽ പരിധിയിൽനിന്ന‌് ഒഴിവാക്കാനായിരുന്നു കോൺഗ്രസിന‌് താൽപ്പര്യം.  ഇക്കാര്യത്തിൽ സമവായമുണ്ടായെങ്കിലും നിയമനിർമാണം ബോധപൂർവം നീട്ടിക്കൊണ്ടുപോയി. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത‌് കോൺഗ്രസും സഖ്യകക്ഷികളും നേരിട്ട അഴിമതി ആരോപണങ്ങൾ  കുറച്ചൊന്നുമായിരുന്നില്ല.

കോമൺവെൽത്ത‌് ഗെയിംസ‌്, 2 ജി സ‌്പെക‌്ട്രം, കൽക്കരി ഖനി എന്നിവയുമായി ബന്ധപ്പെട്ടുണ്ടായ ഭീമൻ അഴിമതികൾ മൻമോഹൻസിങ‌് സർക്കാരിന്റെ മുഖം വികൃതമാക്കി. ഈ പശ‌്ചാത്തലത്തിലാണ‌് ഉന്നതങ്ങളിലെ അഴിമതി തടയുന്നതിന‌് ഫലപ്രദമായ സംവിധാനം എന്ന ആവശ്യം പ്രതിപക്ഷം ശക്തമായി ഉയർത്തിയത‌്. അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ നടന്ന അഴിമതിവിരുദ്ധ പ്രക്ഷോഭവും ലോക‌്പാൽ ബിൽ ഇന്നത്തെ രൂപത്തിൽ പാസാക്കുന്നതിന‌് വഴിയൊരുക്കി. രണ്ടാം യുപിഎ സർക്കാരിന്റെ അവസാനകാലത്ത‌് 2014 ജനുവരി 16ന‌് ലോക‌്പാൽനിയമം പ്രാബല്യത്തിൽവന്നു.

അഴിമതിയിൽ മുങ്ങിയ മൻമോഹൻസിങ് സർക്കാരിനെ പുറത്താക്കുന്നതിന‌്  ജനങ്ങൾ മാനസികമായി തയ്യാറായ ഘട്ടത്തിലാണ‌് സംശുദ്ധഭരണമെന്ന മുദ്രാവാക്യവുമായി മോഡിയും  ബിജെപിയും അവസരം മുതലാക്കാൻ എത്തിയത‌്. വർഷത്തിൽ രണ്ടുകോടി തൊഴിൽ, 50 രൂപയ‌്ക്ക‌് ഒരു ലിറ്റർ പെട്രോൾ, കർഷകർക്ക‌് പെൻഷൻ, വിദേശത്തെ കള്ളപ്പണം നൂറുദിവസത്തിനകം പിടിച്ചെടുത്ത‌് ഒാരോ പൗരന്റെയും അക്കൗണ്ടിൽ 15 ലക്ഷം രൂപവീതം നിക്ഷേപിക്കും തുടങ്ങിയ വാഗ‌്ദാനപ്പെരുമഴയാണ‌് മോഡി ചൊരിഞ്ഞത‌്. യുപിഎ സർക്കാർ പാസാക്കിയ നിയമം അനുസരിച്ച‌് ലോക‌്പാൽ സംവിധാനം ഉടനെ നടപ്പാക്കുമെന്നും പ്രഖ്യാപിച്ചു.

സഹസ്രകോടികളുടെ വെട്ടിപ്പാണ‌് യുപിഎ ഭരണത്തിൽ അരങ്ങേറിയത‌്. പൊതുമേഖല വിറ്റും പ്രതിരോധ ഇടപാടുകളിൽപോലും കമീഷൻ പറ്റിയും  ജനങ്ങളെ കൊള്ളയടിച്ച  കോൺഗ്രസിനെതിരായ വികാരമാണ‌് ബിജെപിക്ക‌് 2014ൽ ഭരണം നേടിക്കൊടുത്തത‌്. ഭരണത്തിന്റെ ഉന്നതങ്ങൾ ഉൾപ്പെട്ട നിരവധി അഴിമതികളുടെ തെളിവുകൾ മാധ്യമങ്ങളിൽ നിറഞ്ഞു. എന്നിട്ടും ലോക‌്പാൽ സംവിധാനം പ്രാവർത്തികമാക്കിക്കൊണ്ട‌് അഴിമതിക്കാരെ പുട്ടാൻ മോഡിഭരണം ചെറുവിരൽപോലും അനക്കിയില്ല. മാത്രമല്ല,  കോൺഗ്രസിനേക്കാൾ വാശിയോടെ കോർപറേറ്റ‌് സേവയും അഴിമതിയും പൊടിപെടിച്ചു. നോട്ടുനിരോധനവും ജിഎസ‌്ടിയും സാധാരണക്കാരുടെ  നടുവൊടിച്ചപ്പോൾ,  നാടിന്റെ സമ്പാദ്യം കൊള്ളയടിച്ച  വിജയ‌്മല്യക്കും നീരവ‌്മോഡിക്കും വിദേശത്ത‌് സുഖവാസം ഒരുങ്ങി. അംബാനിക്ക‌് റഫേൽ വിമാനങ്ങളുടെ നിർമാണച്ചുമതല, അദാനിക്ക‌് തുറമുഖങ്ങളും വിമാനത്താവങ്ങളും; അങ്ങനെപോയി  ‘സംശുദ്ധഭരണം’. പാർടി അധ്യക്ഷൻ അമിത‌് ഷായുടെ മകന്റെ ബിസിനസ‌് ചുരുങ്ങിയകാലംകൊണ്ട‌് 16000 മടങ്ങാണ‌് വളർന്നത‌്‌. മധ്യപ്രദേശിലെ ബിജെപി മുഖ്യമന്ത്രി ശിവരാജ‌്സിങ് ചൗഹാനുമായി ബന്ധപ്പെട്ട വ്യാപം അഴിമതിക്കേസിലെ 40 സാക്ഷികളാണ‌് ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടത‌്.  ഫ്രാൻസുമായുള്ള റഫേൽ ഇടപാടിൽ 30000 കോടിയാണ‌് രാജ്യത്തിന്റെ നഷ്ടം.  ശരദാ ചിട്ടിത്തട്ടിപ്പിനുമേൽ നാലുവർഷത്തിലേറെ അടയിരുന്ന സിബിഐ തെരഞ്ഞെടുപ്പ‌് അടുത്തപ്പോഴാണ‌് മമതയെ മെരുക്കാൻ റെയ‌്ഡുമായി ഇറങ്ങിയത‌്. ഇതെല്ലാം തെളിയിക്കുന്നത‌് അഴിമതിയിലും  കോർപറേറ്റ‌് ചങ്ങാത്തത്തിലും കോൺഗ്രസും ബിജെപിയും ഇരട്ട സഹോദരൻമാർ ആണെന്നാണ‌്.

ഭരണമേറ്റ ഉടനെ ലോക‌്പാൽ നിയമനം നടത്താനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തത്തിൽനിന്ന‌് തൊടുന്യായങ്ങൾ പറഞ്ഞാണ‌് ബിജെപി സർക്കാർ ഒളിച്ചോടിയത‌്. ഒടുവിൽ സുപ്രീംകോടതിയിൽനിന്ന‌് അന്ത്യശാസനം ലഭിച്ചപ്പോഴാണ‌്‌ കഴിഞ്ഞ സെപ‌്തംബറിൽ സെർച്ച‌് കമ്മിറ്റിക്ക‌് രൂപംനൽകിയത‌്. സെർച്ച‌് കമ്മിറ്റി റിപ്പോർട്ട‌് ലഭിച്ചപ്പോൾ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ലോക‌്സഭാ സ‌്പീക്കറും അടങ്ങുന്ന നിയമനസമിതിയെ, പ്രതിപക്ഷത്തിന‌് അംഗബലം കുറവാണെന്ന സാങ്കേതികത്വത്തിൽ കുടുക്കി. വീണ്ടും കോടതി ഇടപെടൽ ഉണ്ടായപ്പോഴാണ‌് ലോക‌്പാൽ പാനലിന്റെ പേരുകൾ അംഗീകരിക്കുന്ന തീരുമാനമുണ്ടായത‌്. എന്നാൽ‌, ഇത‌് പ്രവർത്തിപഥത്തിലെത്താൻ ഇനിയും കടമ്പകളുണ്ട‌്. പ്രത്യേകിച്ചും തെരഞ്ഞെടുപ്പ‌് അടുത്ത സാഹചര്യത്തിൽ. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളേയും തകർത്ത‌് എകാധിപത്യവാഴ‌്ചയ‌്ക്ക‌്  കോപ്പുകൂട്ടുന്ന മോഡിഭരണം ലോക‌്പാലിനെയും അപ്രസക്തമാക്കുകയാണ‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top