09 December Saturday

പ്രവാസികളെ ചേർത്തുനിർത്തി ലോക കേരളസഭ

വെബ് ഡെസ്‌ക്‌Updated: Friday Jan 3, 2020


ലോകമെങ്ങുമുള്ള മലയാളി പ്രവാസികളെ നാടുമായി ബന്ധിപ്പിക്കുന്ന പൊതുവേദിയായ ലോക കേരളസഭയുടെ രണ്ടാം പതിപ്പ്‌ തിരുവനന്തപുരത്ത്‌ പുരോഗമിക്കുകയാണ്‌. പ്രവാസി സമൂഹത്തിന്റെ അറിവും വിഭവശേഷിയും കേരളത്തിന്റെ പുരോഗതിക്ക്‌ സൃഷ്ടിപരമായി ഉപയോഗപ്പെടുത്തുകയാണ്‌ ലോക കേരളസഭയുടെ ലക്ഷ്യം. വിവിധ രാജ്യങ്ങളിൽ വൈവിധ്യമാർന്ന മേഖലകളിൽ പ്രവർത്തനവിജയം നേടിയ പ്രവാസികളെ  ജന്മനാട്‌  അംഗീകരിക്കുന്നതിനും അവരുടെ മികവ്‌ കേരളത്തിന്റെ വളർച്ചയ്‌ക്ക്‌ പ്രയോജനപ്പെടുത്തുന്നതിനും  പൊതുവേദി വേണമെന്ന്‌ എൽഡിഎഫ്‌ സർക്കാർ തുടക്കത്തിലേ നിശ്ചയിച്ചിരുന്നു. ലോകമെങ്ങുമുള്ള മലയാളികളെ ഒരു ചരടിൽ കോർക്കുക എളുപ്പമാണോ എന്ന്‌ സംശയിച്ചവരെപ്പോലും അത്ഭുതപ്പെടുത്തുന്നതാണ്‌ ലോക കേരളസഭയുടെ വിജയം. 2018 ജനുവരി 12നും 13നും നടന്ന ആദ്യ ലോക കേരളസഭ  മുന്നോട്ടുവച്ച നിർദേശങ്ങൾ പ്രവർത്തനപഥത്തിലേക്ക്‌ നീങ്ങുന്ന വേളയിലാണ്‌ രണ്ടാം പതിപ്പിന്‌ വേദിയൊരുങ്ങുന്നത്‌.

കേരളത്തിന്റെ വളർച്ചയിലും പുരോഗതിയിലും പ്രവാസി സമൂഹം നൽകുന്ന സംഭാവനങ്ങൾ അമൂല്യമാണ്‌. ലോകരാജ്യങ്ങളിൽ വിയർപ്പൊഴുക്കി കോടിക്കണക്കിനു രൂപ പ്രവാസി മലയാളികൾ മാസംതോറും നാട്ടിലേക്ക്‌ അയക്കുന്നു. കേരളത്തിലെ ഓരോ മനുഷ്യരുടെയും ജീവിതവിജയത്തിൽ പ്രവാസികളുടെ പങ്കുണ്ട്‌.  എന്നാൽ,  മുൻകാലങ്ങളിൽ സർക്കാരിൽനിന്ന്‌ അർഹിക്കുന്ന  പരിഗണന പ്രവാസികൾക്ക്‌ ലഭിച്ചിരുന്നില്ല. പ്രവാസികൾ കൂടുതൽ അംഗീകാരവും പരിഗണനയും തീർച്ചയായും അർഹിക്കുന്നുണ്ട്‌. ഇത്‌ തിരിച്ചറിഞ്ഞാണ്‌ പിണറായി സർക്കാർ ലോക കേരളസഭയ്‌ക്കും വിവിധ പ്രവാസി ക്ഷേമ പദ്ധതികൾക്കും രൂപം നൽകിയത്‌. അന്നുവരെ കേരളം ആലോചിക്കുകപോലും ചെയ്യാത്ത ആശയമാണ്‌ ലോക കേരളസഭയുടെ രൂപീകരണത്തിലൂടെ യാഥാർഥ്യമായത്‌.

പ്രവാസികൾക്ക്‌ ആത്മവിശ്വാസം പകരാനും ജന്മനാട്‌ അംഗീകരിക്കുന്നുണ്ടെന്ന്‌ ബോധ്യപ്പെടുത്താനും എൽഡിഎഫ്‌ സർക്കാരിനും ലോക കേരളസഭയ്‌ക്കും കഴിഞ്ഞു. ലോക കേരള സഭയെ സംശയത്തോടെ സമീപിക്കുന്ന യുഡിഎഫും മറ്റ്‌ പ്രതിപക്ഷ പാർടികളും പ്രവാസികളായ മനുഷ്യരോട്‌ ഐക്യപ്പെടാനുള്ള അവസരമാണ്‌ പാഴാക്കുന്നത്‌. ലോക കേരളസഭ ബഹിഷ്‌കരിക്കാനുള്ള യുഡിഎഫിന്റെ തീരുമാനം പ്രവാസികളെ അവഹേളിക്കുന്ന നടപടിയാണ്‌. ലോകമെങ്ങുമുള്ള പ്രവാസികൾ ഒത്തുചേർന്ന്‌ കേരളത്തിന്റെ പുരോഗതിയെക്കുറിച്ച്‌ ചർച്ച ചെയ്യുമ്പോൾ മുഖംതിരിഞ്ഞുനിൽക്കുന്നവർ പ്രവാസികളെ ആക്ഷേപിക്കുകയാണ്‌. സംസ്ഥാന സർക്കാരിനോടുള്ള അന്ധമായ എതിർപ്പിന്‌ പ്രവാസികളെ ഇരയാക്കുന്നത്‌ ആർക്കും ഭൂഷണമല്ല. ലോക കേരള സഭയ്‌ക്ക്‌ ആശംസകൾ അർപ്പിച്ച്‌ കോൺഗ്രസ്‌ നേതാവ്‌ രാഹുൽ ഗാന്ധി മുഖ്യമന്ത്രിക്ക്‌ കത്തയക്കാൻ മനസ്സുകാട്ടിയതെങ്കിലും യുഡിഎഫിന്റെ കണ്ണ്‌ തുറപ്പിക്കണം.


 

അരക്കോടിയോളം മലയാളികൾ പ്രവാസികളായി ജീവിക്കുന്നുവെന്നാണ്‌ കണക്ക്‌. ഇതിൽ ബഹുഭൂരിപക്ഷവും വിദേശരാജ്യങ്ങളിലാണ്‌. രണ്ടു വലിയ പ്രകൃതി ദുരന്തങ്ങളെ നേരിടേണ്ടിവന്ന കേരളത്തിന്‌ പ്രവാസികളിൽനിന്ന്‌ ലഭിച്ച സഹായവും പിന്തുണയും അളവറ്റതാണ്‌. നാടിനെ അകമഴിഞ്ഞ്‌ പിന്തുണയ്‌ക്കുന്ന പ്രവാസികൾക്ക്‌ ലോക കേരളസഭ മുന്നോട്ടുവച്ച പദ്ധതികളിലൂടെ കേരളം മനംനിറയെ തിരികെ നൽകുകയാണ്‌. പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണം അവർക്കും നാടിനും പ്രയോജനപ്രദമായി നിക്ഷേപിക്കുന്നതിന്‌ രൂപം നൽകിയ കേരളൈറ്റ്‌സ്‌ ഇൻവെസ്‌റ്റ്‌മെന്റ്‌ ആൻഡ്‌ ഹോൾഡിങ്‌ ലിമിറ്റഡ്‌ എന്ന കമ്പനി ഉണർത്തുന്ന പ്രതീക്ഷകൾ ചെറുതല്ല. പ്രവാസി സഹകരണ സംഘം, പ്രവാസി നിർമാണക്കമ്പനി, വനിതാ സെൽ, പ്രവാസി ഫെസിലിറ്റേഷൻ സെന്റർ, നൈപുണ്യ വികസന പദ്ധതി,  ഫ്രീ ഡിപ്പാർച്ചർ ഓറിയന്റേഷൻ സെന്റർ എന്നിങ്ങനെ ഒട്ടേറെ പദ്ധതികളും സംസ്ഥാന സർക്കാർ നടപ്പാക്കുന്നു.

പ്രവാസി സമൂഹത്തിന്റെയും കേരളത്തിൽ ജീവിക്കുന്നവരുടെയും പ്രശ്‌നങ്ങൾ പരിഹരിക്കാൻ മലയാളികളാകെ യോജിപ്പോടെ മുന്നോട്ടുപോവുകയാണ്‌. പ്രവാസികൾക്കും കേരളത്തിനും പുതിയ പ്രതീക്ഷ പകർന്നാണ്‌  ലോക കേരളസഭയുടെ രണ്ടാം പതിപ്പിന്‌ വെള്ളിയാഴ്‌ച തിരശ്ശീല വീഴുക. ലോക കേരളസഭയുടെ അഭിപ്രായങ്ങളെയും നിർദേശങ്ങളെയും അതീവ ഗൗരവത്തോടെയാണ്‌ കാണുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്‌.  കേരളത്തിന്റെ പുനർനിർമാണത്തിനും പ്രവാസികളുടെ ക്ഷേമത്തിനും മലയാളികളാകെ ഒരുമിച്ച്‌ പ്രവർത്തിക്കേണ്ട നാളുകളാണിത്‌. പ്രവാസി സമൂഹത്തെ ചേർത്തുനിർത്തി കൂടുതൽ കരുത്തോടെ കേരളം മുന്നേറും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
-----
-----
 Top