01 October Sunday

പ്രവാസികളെ ചേർത്തുപിടിച്ച്‌ മുന്നോട്ട്‌

വെബ് ഡെസ്‌ക്‌Updated: Monday Jun 20, 2022


കേരളത്തിന്റെ സാമ്പത്തിക സാമൂഹ്യ സാംസ്‌കാരിക വികസനത്തിന്‌ ഏറെ സംഭാവനകൾ നൽകുന്നവരാണ്‌ പ്രവാസികൾ.  ഒന്നരക്കോടിയിലധികം  ഇന്ത്യക്കാർ വിദേശത്ത്‌ തൊഴിൽചെയ്യുന്നുണ്ട്‌. ഇതിൽ വലിയ ശതമാനവും മലയാളികളാണ്‌. ഇന്ത്യൻ ആഭ്യന്തര ഉൽപ്പാദനത്തിന്റെ മൂന്ന്‌ ശതമാനം പ്രവാസികൾ അയക്കുന്ന പണമാണെങ്കിൽ കേരളത്തിന്റെ  ജിഡിപിയുടെ 35 ശതമാനം വരുമിത്‌. 2.3 ലക്ഷം കോടി രൂപയാണ്‌ പ്രവാസികൾ കേരളത്തിലേക്ക്‌ അയക്കുന്നത്‌. ഇതിനർഥം കേരള സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല്‌ പ്രവാസികളാണെന്നാണ്‌. ഈ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ലോക കേരളസഭ പ്രത്യേക പ്രാധാന്യമർഹിക്കുന്നത്.

ലോകകേരളസഭയുടെ  പ്രധാനലക്ഷ്യം നമ്മുടെ വികസനപ്രക്രിയയിൽ  പ്രവാസികളെ പങ്കാളികളാക്കുക എന്നതാണ്. അതിനുതകുന്ന പദ്ധതികൾ രൂപപ്പെടുത്തണം. ഒന്നാംലോക കേരള സഭയിലെ രേഖ ഇത്  വ്യക്തമാക്കുന്നുണ്ട്.  മറ്റ് രാജ്യങ്ങളുടെ  വികസനത്തിൽ പ്രവാസികൾ  പ്രധാന പങ്ക്‌ വഹിക്കുന്നുണ്ട്. നവകേരളം രൂപപ്പെടുത്താനുള്ള കാഴ്ചപ്പാടിൽ  പ്രവാസികളുടെ പങ്കാളിത്തം  ഉറപ്പു വരുത്തുക എന്നത്  അതുകൊണ്ട് തന്നെ പ്രധാന വിഷയമായി  സമ്മേളനം ചർച്ചചെയ്തു. അതോടൊപ്പം പ്രവാസികൾ പൊതുവിൽ  അനുഭവിക്കുന്ന പ്രശ്നങ്ങളും ചർച്ച ചെയ്തു.

ഈ പ്രവാസിസമൂഹത്തെ കേരളത്തിന്റ വികസനപ്രക്രിയയിൽ ഭാഗഭാക്കാക്കിയാൽ ഏറെ മുന്നേറാൻ കഴിയുമെന്ന കാര്യത്തിൽ തർക്കമില്ല. സ്വന്തം നാടുംവീടും വിട്ട്‌ മണലാരണ്യങ്ങളിലും പ്രതികൂല കാലാവസ്ഥയിലും വിയർപ്പൊഴുക്കുന്ന പ്രവാസികൾ അനുഭവിക്കുന്ന ദുരിതം ലഘൂകരിക്കുന്നതിന്‌  സംസ്ഥാനത്തിന്‌ എന്തുചെയ്യാൻ കഴിയുമെന്ന ചിന്തയുടെകൂടി ഭാഗമായാണ്‌ ലോക കേരളസഭയ്‌ക്ക്‌ ഒന്നാം പിണറായി സർക്കാർ തുടക്കമിട്ടത്‌. പ്രവാസികളെ കേരളത്തിലെ ജനാധിപത്യ പ്രക്രിയയിൽ പങ്കെടുപ്പിക്കുന്ന ഈ പരീക്ഷണത്തിന്‌ വൻ കൈയടിയാണ്‌ പ്രവാസി സമൂഹത്തിൽനിന്ന്‌ ലഭിച്ചത്‌. ആദ്യ ലോക കേരളസഭയിൽ 20 രാജ്യത്തു നിന്നായിരുന്നു പങ്കാളിത്തമെങ്കിൽ രണ്ടാം ലോക കേരളസഭയിൽ 40 രാജ്യത്തുനിന്നുള്ളവർ പങ്കെടുത്തു. ജൂൺ 16 മുതൽ മൂന്ന്‌ ദിവസം തിരുവനന്തപുരത്ത്‌ ചേർന്ന മൂന്നാം ലോക കേരളസഭയിൽ 62 രാജ്യത്തുനിന്നും 21 സംസ്ഥാനത്തുനിന്നും പ്രാതിനിധ്യമുണ്ടായി. ലോകകേരള സഭയിൽ പ്രവാസികൾക്കുള്ള വർധിച്ച താൽപ്പര്യമാണ്‌ ഇത്‌ കാണിക്കുന്നത്‌.

പ്രവാസികളുടെ ജീവിതം മെച്ചപ്പെടുത്തുന്ന നിരവധി വിഷയങ്ങളാണ്‌ അവിടെ ചർച്ച ചെയ്‌തത്‌. പ്രവാസികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്‌ അവശ്യം വേണ്ടത്‌ അവരെ സംബന്ധിച്ച കൃത്യമായ ഡാറ്റാബാങ്കാണ്‌. അതിനായി ഈ വർഷം തന്നെ കേരള മൈഗ്രേഷൻ സർവേ നടത്തി പ്രവാസിമലയാളികളുടെ വിവരശേഖരണം പൂർത്തിയാക്കുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി മലയാളി പ്രവാസി ഡാറ്റാപോർട്ടൽ വികസിപ്പിക്കുമെന്നും വാഗ്‌ദാനമുണ്ടായി. പ്രവാസികൾക്ക്‌ അതത്‌ രാജ്യങ്ങളിൽ നിയമസഹായം ഉറപ്പാക്കുന്നതിനുള്ള സംവിധാനം, വ്യവസായ നിക്ഷേപ പരാതികൾ പരിഹരിക്കുന്നതിന്‌ ഓൺലൈൻ അദാലത്ത്‌ തുടങ്ങി നിരവധി നിർദേശങ്ങളും തീരുമാനങ്ങളും ലോക കേരളസഭയിൽ ഉണ്ടായി. നവകേരള നിർമാണത്തിനും വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥയ്‌ക്കും കരുത്തു പകരാനുമുള്ള ചർച്ചകളും പ്രവാസികളുടെ പാർലമെന്റിൽ ഉണ്ടായി.

പ്രവാസികളോട്‌ മുഖം തിരിഞ്ഞു നിൽക്കുന്ന കേന്ദ്ര സർക്കാരിന്റെ സമീപനത്തിനെതിരെയും ലോകകേരള സഭയിൽ ശബ്‌ദം ഉയർന്നു. സമഗ്ര കുടിയേറ്റ നിയമനിർമാണത്തിന്‌ കേന്ദ്രം കാലതാമസം വരുത്തുന്നതാണ്‌ പ്രധാനമായും വിമർശിക്കപ്പെട്ടത്‌. 2019 ൽ ഈ നിയമനിർമാണത്തിന്റെ കരട്‌ കേന്ദ്രം പുറത്തുവിട്ടെങ്കിലും ഇതുവരെയും പാർലമെന്റിൽ അവതരിപ്പിച്ചിട്ടില്ല. അതുടൻ വേണമെന്ന്‌ മുഖ്യമന്ത്രി ഉൾപ്പെടെ സഭയിൽ സംസാരിച്ച പലരും അഭിപ്രായപ്പെട്ടു. അതോടൊപ്പം കോവിഡ്‌ കാലത്ത്‌ ദുരിതത്തിലായ പ്രവാസികളെ സഹായിക്കുന്നതിന്‌ കേരള സർക്കാർ ആവശ്യപ്പെട്ട 2000 കോടി രൂപയുടെ പാക്കേജിന്‌ കേന്ദ്രം അനുമതി നൽകാത്തതിലും അമർഷം ഉയരുകയുണ്ടായി.

എന്നാൽ ലോക കേരളസഭയിൽ ഏറ്റവും ശക്തമായ പ്രതിഷേധം ഉയർന്നത്‌ പ്രതിപക്ഷത്തിന്റെ നിഷേധാത്‌മക നിലപാടിനെതിരെയാണ്‌. ലോക കേരളസഭ ബഹിഷ്‌കരിക്കുകയും പ്രവാസികളെ അധിക്ഷേപിക്കുകയും ചെയ്‌ത യുഡിഎഫ്‌, ബിജെപി സമീപനത്തിനെതിരെയായിരുന്നു ഇത്‌. ലോക കേരളസഭയ്‌ക്ക്‌ എൽഡിഎഫ്‌ സർക്കാർ തുടക്കമിട്ടതുമുതൽ തന്നെ ഇത്‌ ധൂർത്താണെന്നും അനാവശ്യമാണെന്നുമുള്ള നിലപാടാണ്‌ പ്രതിപക്ഷം സ്വീകരിച്ചത്‌. അതിപ്പോഴും തുടരുകയാണ്‌. അതിന്റെ ഭാഗമായി യുഡിഎഫും ബിജെപിയും ഇക്കുറിയും ലോക കേരളസഭ ബഹിഷ്‌കരിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ ഇറക്കിയ പ്രസ്‌താവനയിൽ പറയുന്നതുപോലെ ‘വിദൂരതയിൽ ജീവിക്കുമ്പോഴും നാടിനെക്കുറിച്ച്‌ ചിന്തിക്കുകയും സഹായിക്കുകയും ചെയ്യുന്ന കൂടെപ്പിറപ്പുകളോടാണ്‌’ പ്രതിപക്ഷം ഇത്തരത്തിലുള്ള സമീപനം സ്വീകരിച്ചത്‌. സ്വന്തം യാത്രാച്ചെലവിൽ ലോക കേരളസഭയ്‌ക്കെത്തിയ പ്രവാസികൾക്ക്‌ ഭക്ഷണവും താമസസൗകര്യവും നൽകുന്നതാണോ ധൂർത്ത്‌ എന്ന എം എ യൂസഫലിയുടെ ചോദ്യം പ്രതിപക്ഷത്തിന്റെ യഥാർഥ മുഖം വെളിവാക്കാൻ സഹായിക്കും. പ്രവാസികളെ ബഹിഷ്‌കരിക്കുന്നത്‌ കണ്ണിൽച്ചോരയില്ലാത്ത ക്രൂരതയാണെന്ന്‌ മുഖ്യമന്ത്രി പറഞ്ഞതും ഇതുകൊണ്ടാണ്‌. കുടുംബത്തിനും നാടിനും എന്തു നൽകാനാകുമെന്ന്‌ ചിന്തിച്ച്‌ ഉരുകിത്തീരുന്ന പ്രവാസികളെ സഹായിച്ചില്ലെങ്കിലും അവരുടെ കഞ്ഞിയിൽ മണ്ണുവാരിയിടരുതെന്ന്‌ കേരളത്തിലെ പ്രതിപക്ഷ കക്ഷികളെ ഓർമിപ്പിക്കട്ടെ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top