19 April Friday

ചെന്നിത്തലയുടെ ബഹിഷ്‌കരണം വഞ്ചന

വെബ് ഡെസ്‌ക്‌Updated: Friday Jan 25, 2019


കേരളത്തിന്റെ അതിജീവനവും പുരോഗതിയും പ്രവാസി മലയാളികളെ ഒഴിവാക്കി സാധ്യമല്ല. പ്രളയത്തിൽ കേരളം മുങ്ങിയപ്പോൾ സഹായഹസ‌്തവുമായി ഓടിയെത്തിയവരുടെ മുൻനിരയിൽ പ്രവാസി മലയാളികളായിരുന്നു. ഇടങ്കോലിടലുകളും നിരുത്സാഹപ്പെടുത്താലും ഭീഷണിയും എല്ലാമുണ്ടായിട്ടും പ്രവാസികൾ പിറന്ന നാടിനോട് സ‌്നേഹവും കൂറും കാണിക്കാൻ ആവേശത്തോടെ മുന്നോട്ടുവന്നു. ഇന്ന്, എല്ലാ പരിമിതികളെയും മറികടന്ന‌് നവ കേരളം കെട്ടിപ്പടുക്കാനുള്ള പ്രയത്നത്തിൽ പ്രവാസി മലയാളികളുടെ നിറഞ്ഞ സാന്നിധ്യമുണ്ട്. കേരളത്തിനു പുറത്ത‌് ഇതര സംസ്ഥാനങ്ങളിലും രാജ്യത്തിനു പുറത്തും ജീവിക്കുന്ന മലയാളികളെ കേരളം എന്ന കുടയ‌്ക്ക‌ു കീഴിൽ അണിനിരത്താനുള്ള മാതൃകാ സംരംഭമാണ് കഴിഞ്ഞ വർഷം ആരംഭിച്ച ലോക കേരള സഭ.  ആദ്യ സമ്മേളനം വലിയ വിജയമായിരുന്നു. ഇത്തരത്തിലുള്ള കൂട്ടായ‌്മകളുടെ പ്രസക്തി ഇതര സംസ്ഥാങ്ങൾക്ക‌് ബോധ്യപ്പെടുത്തുന്നതുകൂടിയായി ലോക കേരള സഭാ രൂപീകരണവും തുടർന്നുള്ള ഇടപെടലുകളും. സഭയുടെ മേഖലാസമ്മേളനം ഫെബ്രുവരി 15നും 16നും ദുബായിൽ നടക്കുകയാണ്. കക്ഷി രാഷ്ട്രീയത്തിനും ജാതിമതത്തിനും അതീതമായി  കേരളീയന്റെ കൂട്ടായ‌്മ എന്ന നിലയിൽ നാടിനെ സ‌്നേഹിക്കുന്ന എല്ലാവർക്കും ആ സമ്മേളനം വിജയിപ്പിക്കാനുള്ള ബാധ്യതയുണ്ട്. കാരണം, പ്രവാസികൾ കേരളത്തിനു മുന്നിൽ വലിയ പ്രതീക്ഷയുടെ വാതിലുകളാണ് തുറന്നിടുന്നത്.

ദുബായിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിന്റെ  അധ്യക്ഷൻ സ്പീക്കറാണ്. പ്രതിപക്ഷ നേതാവ്, ചീഫ് സെക്രട്ടറി, മന്ത്രിമാർ എന്നിവരും പങ്കെടുക്കാനാണ‌് തീരുമാനം. ദൗർഭാഗ്യവശാൽ, പ്രതിപക്ഷ നേതാവ് ആ സമ്മേളനത്തിൽ പങ്കെടുക്കില്ല എന്ന വാർത്തയാണ് വന്നിട്ടുള്ളത്. സഭാ സമ്മേളനം ധൂർത്താണ്‌ എന്ന പ്രചാരണവും നടക്കുന്നു. ഈ സാഹചര്യത്തിലാണ്,  സമ്മേളന നടത്തിപ്പിന്റെ  ചെലവ‌ിൽ ഒരു പൈസപോലും സംസ്ഥാന സർക്കാർ വഹിക്കുന്നില്ലെന്ന‌് സ‌്പീക്കർ പി ശ്രീരാമകൃഷ‌്ണന‌് വ്യക്തമാക്കേണ്ടിവന്നത്.  പ്രവാസി സമൂഹമാണ‌് സ‌്പോൺസർഷിപ്പുവഴി ചെലവിനാവശ്യമായ തുക കണ്ടെത്തുന്നത‌്. ഇത് മനസ്സിലാക്കാൻ പ്രതിപക്ഷ നേതാവിനോ ധൂർത്തെന്നാരോപിക്കുന്ന ചില മാധ്യമങ്ങൾക്കോ ഒട്ടും ബുദ്ധിമുട്ടില്ല. എന്നിട്ടും എന്തിന‌് കുപ്രചാരണവും അവഹേളനവും ബഹിഷ‌്കരണവും എന്ന ചോദ്യത്തിന് യുഡിഎഫ് നേതൃത്വം മറുപടി പറയേണ്ടതുണ്ട്. 

ലോക കേരള സഭയുടെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത   പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജാഗ്രത കാട്ടേണ്ടതായിരുന്നുവെന്ന‌്  പറഞ്ഞയാളാണ്  ഇന്നത്തെ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ. "മുഖ്യമന്ത്രിയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായാണ‌് ലോക കേരള സഭ സംഘടിപ്പിച്ചത്.  ഇതുകൊണ്ട് ഒരു നിക്ഷേപവും കേരളത്തിൽ വരാൻ പോകുന്നില്ല’ എന്നാണ‌് അദ്ദേഹം അന്ന് പറഞ്ഞത്. കേരളത്തിനുവേണ്ടി സർക്കാർ എന്ത് ചെയ‌്താലും അതിന്റെ നേട്ടം കേരളീയർക്കാകെയാണ്. നേതൃത്വം പിണറായി വിജയനാകുന്നത്, അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയായതുകൊണ്ടാണ്. ആ മുഖ്യമന്ത്രിയല്ല, ചെന്നിത്തലയുടെ ബഹിഷ‌്കരണംകൊണ്ട് അവഹേളിക്കപ്പെടുന്നത്. ആത്മാഭിമാനമുള്ള ഓരോ മലയാളിയുമാണ്. പ്രളയകാലത്ത്, കേരളത്തിന് സഹായം നൽകരുത് എന്ന ആഹ്വാനം കേട്ടത് സംഘപരിവാറിൽനിന്നാണ്. കേരളത്തിന് കിട്ടേണ്ടിയിരുന്ന സഹായങ്ങൾ പലതും മുടക്കാൻ ആസൂത്രിതമായ ഇടപെടലുണ്ടായി. എന്തിനാണ് കേരളത്തിന് സഹായം എന്ന് ചോദിക്കാൻ യുഡിഎഫ് നേതൃത്വത്തിലും ആളുണ്ടായി എന്നത് അന്ന് വിസ‌്മയകരമായിരുന്നു. ഇന്ന്, പ്രവാസി മലയാളി സമൂഹത്തെയാകെ അണിനിരത്തുന്ന ഒരു മഹദ് സംരംഭത്തെ തള്ളിപ്പറയുകയും ബഹിഷ്കരിക്കുകയും ചെയ്യുന്നതിലൂടെ ചെന്നിത്തല സ്വയം അണിയുന്നത്, കേരളത്തെ ശപിക്കുന്ന സംഘപരിവാറിന്റെ കുപ്പായംതന്നെയാണ്.

ലോകത്തെമ്പാടുമുള്ള മലയാളിയുടെ ആശയാഭിലാഷങ്ങളും നവകേരള നിർമിതിക്കുള്ള ആഗ്രഹവും പ്രതിഫലിക്കേണ്ട വേദിയാണ് ലോക കേരള സഭ. നിയമനിർമാണാധികാരമില്ലാത്തതെങ്കിലും ഉപദേശാധികാരമുള്ള  ആ സഭ  നമ്മുടെ ജനാധിപത്യത്തിന്റെ വളർച്ചയെയും വൈവിധ്യവൽക്കരണത്തെയുമാണ് അടയാളപ്പെടുത്തുന്നത്. കേരളത്തിന്റെ സമഗ്ര വികസനത്തിൽ നിർണായകമായി ഇടപെടാൻ കഴിയുന്ന ക്രിയാത്മകതയുടേതായ സഭ എന്ന നിലയിലാണ് അതിനെ  വിഭാവനം ചെയ‌്തിട്ടുള്ളത്.  ജനാധിപത്യത്തിന്റെ  വളർച്ചയുടെ ഒരു പുതിയ തലമായ അതിനോടുള്ള എതിർപ്പ് കേരളത്തോടുതന്നെയുള്ള എതിർപ്പാണ്. 

ലോകത്തെമ്പാടുമുള്ള ജനങ്ങളുമായി ബന്ധം പുലർത്തുന്നവരാണ് കേരളീയർ. സാർവദേശീയവും ദേശീയവുമായ പ്രശ്‌നങ്ങളും കേരള ജനതയെ ഏറെ സ്വാധീനിച്ചുവരുന്നുണ്ട്. കേരളത്തിൽ സർക്കാർ  സ്വീകരിച്ചുവരുന്ന സമീപനങ്ങളിൽ പോരായ‌്മകൾ ഉണ്ടെങ്കിൽ അവ  പരിശോധിക്കുന്നതിനും കഴിയേണ്ടതുണ്ട്. അത്തരമൊരു പരിശോധനയും ചർച്ചയും അതിന്റെ ഫലമായ തീരുമാനങ്ങളും ഉരുത്തിരിയേണ്ട ലോക കേരള സഭാ സമ്മേളനം ബഹിഷ്‌കരിക്കുന്ന പ്രതിപക്ഷ നേതാവിന്റെ തീരുമാനം കേരളത്തോടുള്ള വഞ്ചനയാണെന്ന് ചരിത്രം വിധിയെഴുതും. പ്രവാസി മലയാളികൾ ശേഖരിക്കുന്ന പണംകൊണ്ട് നടത്തുന്ന സമ്മേളനത്തെ ധൂർത്തെന്ന‌് വിശേഷിപ്പിക്കാനും പ്രളയദുരന്തത്തോട് ചേർത്തുകെട്ടി തെറ്റിധാരണ പരത്താനും ശ്രമിക്കുന്നവർക്കുള്ള മറുപടി  ആ സമ്മേളനത്തിന്റെ വിജയവും തീരുമാനങ്ങളുംതന്നെയാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top