28 March Thursday

ജനാധിപത്യചരിത്രത്തിന് കേരളത്തിന്റെ സംഭാവന

വെബ് ഡെസ്‌ക്‌Updated: Monday Jan 15, 2018


ലോകത്തിന്റെ ഏത് ഭാഗത്തായാലും മലയാളി ഒറ്റയ്ക്കല്ലെന്നും ഈ നാട് അവരുടെ സന്തോഷത്തിലും ദുഃഖത്തിലും ഒരുപോലെ പങ്കുചേരുമെന്നുമുള്ള മഹത്തായ സന്ദേശമുയര്‍ത്തി രണ്ടു ദിവസമായി തിരുവനന്തപുരം നിയമസഭാ മന്ദിരത്തില്‍ ചേര്‍ന്ന പ്രഥമ ലോക കേരളസഭ സമാപിച്ചു. പ്രവാസി ക്ഷേമത്തിനുള്ള നിരവധി പദ്ധതികള്‍ക്ക് രൂപംനല്‍കിയും അതിലേറെ പദ്ധതികളുടെ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചുമാണ് പ്രഥമ സമ്മേളനത്തിന് തിരശ്ശീല വീണത്. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംരംഭമെന്നത് പല കാര്യത്തിലും രാജ്യത്തിനു മാതൃകയാകുന്ന കേരളത്തിന്റെ ഏറ്റവും പുതിയ സംഭാവനയാണ്. രാജ്യത്തെ പ്രവാസി നിക്ഷേപം മൊത്തം പ്രവാസി നിക്ഷേപത്തിന്റെ 12.75 ശതമാനമായിട്ടും ഈ പണം പ്രത്യുല്‍പ്പാദനപരമായി ഉപയോഗിക്കാന്‍ നാടിനിതുവരെ കഴിഞ്ഞിട്ടില്ലെന്ന യാഥാര്‍ഥ്യം നിലനില്‍ക്കെയാണ് അതിനൊരു മാറ്റംവേണമെന്ന സന്ദേശമുയര്‍ത്തി ലോക കേരളസഭ ചേര്‍ന്നത്. ഗള്‍ഫ് വ്യവസായി യൂസഫലി മുതല്‍ മണലാരണ്യത്തില്‍ ആടുമേയ്ച്ചിരുന്ന നജീബ് വരെ ലോകത്തിന്റെ ഒരു പരിച്ഛേദംതന്നെയാണ് സഭയില്‍ ഭാഗഭാക്കായത്. കേരളത്തിലെ പാര്‍ലമെന്റ,് നിയമസഭാംഗങ്ങളും ഇന്ത്യയുടെ വിവിധ നഗരങ്ങളിലും ലോകത്തെമ്പാടുമായി വസിക്കുന്ന മലയാളികളുടെ പ്രതിനിധികളുമടക്കം 351 പേരാണ് പ്രഥമ ലോക കേരളസഭയില്‍ പങ്കെടുത്തത്. സമാപനസമ്മേളനത്തില്‍ സ്പീക്കര്‍ വിലയിരുത്തിയതുപോലെ സംസ്ഥാനത്തിന്റെ വികസനചരിത്രത്തില്‍ ഒരുമയുടെ സൂര്യോദയമാണ് ലോക കേരളസഭയുടെ രൂപീകരണത്തോടെ സംസ്ഥാനത്ത് ഉണ്ടായത്.

പ്രവാസി സമൂഹത്തെയും കേരളീയരെയും ഒരേ ചരടില്‍ കോര്‍ത്തിണക്കാനും ഈ കൂട്ടായ്മ കേരളത്തിന്റെ മൊത്തം വികസനത്തിന് ഉപയോഗപ്പെടുത്താനുമുള്ള മഹത്തായ ആശയമായാണ് ലോക കേരളസഭ നല്‍കുന്നത്. രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ ലോക കേരളസഭ സമ്മേളിക്കുമെന്നും അതിനിടയിലുള്ള കാര്യങ്ങളുടെ നടത്തിപ്പിനായി ഒരു സെക്രട്ടറിയറ്റും ഏഴ് സ്റ്റാന്‍ഡിങ് കമ്മിറ്റിയും രൂപീകരിക്കുമെന്നും സമാപനസമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിക്കുകയുണ്ടായി. ആദ്യ ലോക കേരളസഭ കൈക്കൊണ്ട തീരുമാനങ്ങളും നിര്‍ദേശങ്ങളും പരിശോധിക്കാനുള്ള സംവിധാനമെന്ന നിലയിലാണ് സെക്രട്ടറിയറ്റും സ്റ്റാന്‍ഡിങ് കമ്മിറ്റികളും വിഭാവനം ചെയ്തിട്ടുള്ളത്. അതായത് ലോക കേരളസഭയുടെ പ്രവര്‍ത്തനത്തിന് ഒരു തുടര്‍ച്ചയുണ്ടാകുമെന്നര്‍ഥം. ഒരു സ്ഥിരംസംവിധാനമായി ഇത് മാറുന്നത് കേരളീയരും പ്രവാസികളും തമ്മിലുള്ള അകലം കുറയ്ക്കുമെന്ന് മാത്രമല്ല വിശാലമായ ഒരു കേരളീയസമൂഹ രൂപീകരണത്തിനും വഴിവയ്ക്കും.

കേരളത്തിന്റെ വികസനത്തിന് ഉതകുന്ന നിരവധി നിര്‍ദേശങ്ങളാണ് പ്രഥമ ലോക കേരളസഭ മുന്നോട്ടുവച്ചിട്ടുള്ളത്. വിദേശത്തുള്ള വ്യവസായ വാണിജ്യസംരംഭകരുമായി സജീവബന്ധം പുലര്‍ത്താന്‍ പ്രവാസി വാണിജ്യ ചേംബറുകള്‍ രൂപീകരിക്കുക എന്നതാണ് അതില്‍ പ്രധാനം. ഓരോ വിദേശമേഖലയ്ക്കും പ്രത്യേക ചേംബറുകള്‍ എന്ന ആശയമാണ് സഭ മുന്നോട്ടുവച്ചത്.  കേരളത്തില്‍ ഇപ്പോള്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ചേംബറുകളുമായി സഹകരിച്ച് ആഗോളതലത്തില്‍ തന്നെയുള്ള മലയാളികളുടെ വ്യവസായ വാണിജ്യസംരംഭ കൂട്ടുകെട്ടാണ് ഇതുവഴി ലക്ഷ്യമിടുന്നത്. പ്രൊഫഷണലുകളുടെ സേവനം കേരളത്തിലെ വ്യവസായ-ഗവേഷണസ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെ എല്ലാ രാജ്യത്തും പ്രവാസി പ്രൊഫഷണല്‍ സമിതികള്‍ രൂപീകരിക്കുക, വിദേശത്ത് ജോലി ചെയ്യുന്നവരും തിരിച്ചുവന്നവരും മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവരുമായ എല്ലാ മലയാളികള്‍ക്കുമായി നോര്‍ക്കയില്‍ പ്രത്യേക വിഭാഗങ്ങള്‍ രൂപീകരിക്കുക, മടങ്ങിവരുന്ന പ്രവാസികളുടെ ക്ഷേമം ലക്ഷ്യമിട്ട് കേരള വികസന നിധിക്ക് രൂപംനല്‍കുക, പ്രവാസികള്‍ക്ക് സംരംഭം തുടങ്ങുന്നതിന് പ്രത്യേക വായ്പാ സൌകര്യം ലഭ്യമാക്കുക, രോഗബാധിതര്‍ക്കും അപകടം സംഭവിക്കുന്നവര്‍ക്കും തൊഴില്‍ നഷ്ടമാകുന്നവര്‍ക്കുമെല്ലാം സംരക്ഷണം നല്‍കുന്നതിന് പദ്ധതി രൂപീകരിക്കുക തുടങ്ങി നിരവധി തീരുമാനങ്ങളാണ് പ്രഥമ ലോക കേരള സഭ കൈക്കൊണ്ടിട്ടുള്ളത്. എന്‍ആര്‍ഐ നിക്ഷേപത്തിനു മാത്രമായി ഏകജാലക സംവിധാനം ഒരുക്കുന്നതിനെക്കുറിച്ച് സാധ്യതാപഠനം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

അതായത് പ്രവാസിസമൂഹം കേരളത്തിലേക്ക് അയക്കുന്ന പണം മാത്രമല്ല അവരുടെ അറിവും കഴിവുകളും അനുഭവങ്ങളും എങ്ങനെ നവകേരള സൃഷ്ടിക്കായി പ്രയോജനപ്പെടുത്താമെന്ന ആലോചനയാണ് ലോക കേരളസഭയില്‍ നടന്നത്. ജീവിതം കരുപ്പിടിപ്പിക്കാനായി നാടുവിട്ട മലയാളികളെ സംബന്ധിച്ച് സര്‍ക്കാരിന്റെ ഈ സംരംഭം വലിയ ആദരംകൂടിയാണ്. പ്രവാസിസമൂഹത്തെക്കുറിച്ച് ചിന്തിക്കാനും അവരില്‍നിന്ന് പലതും സ്വീകരിക്കാനും ജന്മനാട് തയ്യാറായിയെന്നത് മലയാളത്തിന്റെ മാധുര്യമൂറുന്ന പുരസ്കാരംതന്നെയാണ്. പ്രവാസിസമൂഹത്തെ അംഗീകരിക്കുന്നതിലും അവരുടെ സേവനം സംസ്ഥാനത്തിന് ഉപയോഗപ്പെടുത്തുന്ന കാര്യത്തിലും ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ കേരളം ഒറ്റക്കെട്ടായി നിന്നുവെന്നതും മറ്റൊരു പ്രത്യേകതയാണ്. പ്രവാസിസമൂഹത്തിനു പിന്നില്‍ കേരളം ഒറ്റക്കെട്ടായി നില്‍ക്കുമെന്ന സന്ദേശം തന്നെയാണ് ഇതു നല്‍കുന്നത്. ഈ കൂട്ടായ്മ ലോക കേരള സഭയെന്ന ആശയത്തെ വാനോളം ഉയര്‍ത്തുമെന്ന് പ്രത്യാശിക്കാം.  ലോക ജനാധിപത്യചരിത്രത്തില്‍ കേരളത്തിന്റെ സംഭാവനയായി ലോക കേരളസഭ മാറുമെന്നതിലും സംശയമില്ല. മറ്റു പല സംസ്ഥാനങ്ങള്‍ക്കും അനുകരണീയമായ മാതൃകയായി ഇത് സമീപ ഭാവിയില്‍ത്തന്നെ മാറുകയും ചെയ്യും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top