20 April Saturday

പ്രവാസികള്‍ക്ക് പ്രത്യാശ നല്‍കുന്ന സര്‍ക്കാര്‍

വെബ് ഡെസ്‌ക്‌Updated: Friday Jan 5, 2018

 

കേരളം പ്രവാസികളെക്കുറിച്ചും അവരുടെ സംഭാവനകളെക്കുറിച്ചും അവരനുഭവിക്കുന്ന പ്രയാസങ്ങളെക്കുറിച്ചും സജീവമായി ചര്‍ച്ചചെയ്യുന്ന ഘട്ടമാണിത്. തൊഴില്‍ തേടിയും മെച്ചപ്പെട്ട ജീവിതസാഹചര്യം അന്വേഷിച്ചും പിറന്ന നാടിനെയും ബന്ധുജനങ്ങളെയും വിട്ട് അന്യദേശങ്ങളില്‍ പോയി പണിയെടുക്കാന്‍ നിര്‍ബന്ധിതരായവരാണ് പ്രവാസികള്‍. പ്രവാസികളെക്കൂടി ഉള്‍ക്കൊള്ളുന്ന സമഗ്ര പദ്ധതിയുടെ സമൂര്‍ത്തമായ ചുവടുവയ്പായി സംസ്ഥാന സര്‍ക്കാര്‍ ലോക കേരളസഭയ്ക്ക് രൂപം നല്‍കുകയാണ്. വിവിധ രാജ്യങ്ങളിലും പ്രദേശങ്ങളിലും അധിവസിക്കുന്ന കേരളീയര്‍ തമ്മില്‍ ആശയവിനിമയം സാധ്യമാക്കുന്നതിനും പരസ്പരസഹകരണം ഉറപ്പുവരുത്തുന്നതിനും ബൃഹദ് കേരളത്തെ ഒരുമിപ്പിച്ച് നിര്‍ത്തുന്നതിനുമുള്ള സംവിധാനമായി രൂപംകൊള്ളുന്ന ലോക കേരളസഭയ്ക്ക് തിരശ്ശീല ഉയരാനിരിക്കെ, പ്രവാസികളുമായി ബന്ധപ്പെട്ട സുപ്രധാനമായ ചില വിഷയങ്ങള്‍കൂടി സജീവമായി പൊതു പരിഗണനയില്‍ വരേണ്ടതുണ്ട്. അതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം മുന്നോട്ടുവച്ച ചില നിര്‍ദേശങ്ങള്‍ ഇന്ത്യക്കകത്തും പുറത്തുമുള്ള മലയാളി കൂട്ടായ്മകള്‍ സജീവമായി ചര്‍ച്ച ചെയ്യേണ്ടതാണ്.

കേരള പ്രവാസി ക്ഷേമ ബോര്‍ഡിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതാണ് നിര്‍ദേശങ്ങളിലൊന്ന്. ഇന്ത്യയിലാദ്യമായി ഒരു സംസ്ഥാന സര്‍ക്കാര്‍ മറുനാട്ടില്‍ വിയര്‍പ്പൊഴുക്കുന്ന സഹോദരങ്ങള്‍ക്കുവേണ്ടി സവിശേഷമായ ഒരു ക്ഷേമനിധി നിയമം നടപ്പാക്കിയത് കേരളത്തിലാണ്. 2009ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ആ നിയമത്തിന്റെ ഭാഗമായാണ് പ്രവാസി ക്ഷേമ ബോര്‍ഡ് പ്രവര്‍ത്തനമാരംഭിച്ചത്. ഇപ്പോള്‍ വിദേശത്തും കേരളത്തിനു പുറത്ത് മറ്റു സംസ്ഥാനങ്ങളിലും ജോലി ചെയ്യുന്നവര്‍, വിദേശത്തുനിന്ന് മടങ്ങിവന്നവര്‍ അടക്കം അരക്കോടിയിലേറെ പ്രവാസികള്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെടുന്നു.

എന്നാല്‍, ആകെ 2,20,000 പേര്‍ മാത്രമേ ക്ഷേമനിധി അംഗത്വം എടുത്തിട്ടുള്ളൂ എന്നാണ് മുഖ്യമന്ത്രി സൂചിപ്പിച്ചത്. ഇത് മൊത്തം പ്രവാസികളുടെ കണക്കുമായി തട്ടിച്ചുനോക്കുമ്പോള്‍ വളരെ കുറവാണ്. ബോര്‍ഡിലെ അംഗങ്ങളുടെ എണ്ണം 10 ലക്ഷമായി വര്‍ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നു. അംഗങ്ങളില്‍ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ വളരെ കുറവാണ്. എല്ലാ പ്രവാസി കേരളീയരെയും അംഗത്വത്തിലെത്തിക്കാന്‍ രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളില്‍ അവിടെ പ്രവര്‍ത്തിക്കുന്ന മലയാളി സംഘടനകളും സാംസ്കാരിക സംഘടനകളും യോജിച്ച് പ്രവര്‍ത്തിക്കണം എന്നാണ് മുഖ്യമന്ത്രി ആഹ്വാനം ചെയ്തത്. ലോകത്തിന്റെ ഏതുകോണില്‍നിന്നും ഓണ്‍ലൈനായി ബോര്‍ഡില്‍ അംഗത്വമെടുക്കാനും അംശാദായം അടയ്ക്കാനും കഴിയുന്ന കേരളത്തിലെ ഏക അന്തര്‍ദേശീയ വെല്‍ഫെയര്‍ ബോര്‍ഡാണ് പ്രവാസികളുടെ ക്ഷേമത്തിനുള്ളത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ തുക ക്ഷേമ പെന്‍ഷനായി നല്‍കുന്ന ബോര്‍ഡുകൂടിയാണത്. അതിന്റെ പ്രയോജനം അര്‍ഹരായ എല്ലാവര്‍ക്കും ഉറപ്പുവരുത്തുന്നതിന് മലയാളി സംഘടനകളുടെ വിപുലമായ ഇടപെടല്‍ കൂടിയേ തീരൂ. ലോകത്തെമ്പാടും ചിതറിക്കിടക്കുന്ന മലയാളി പ്രവാസി സമൂഹത്തിന്റെ ആശ്രയ കേന്ദ്രമായി കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് മാറുന്നതിനുള്ള ഉപാധിയാണ് മലയാളി സംഘടനകളുടെ സഹകരണവും മുന്‍കൈയും.

ലേബര്‍ ക്യാമ്പുകളിലും മറ്റും കഷ്ടപ്പെടുന്ന ലക്ഷക്കണക്കിനു പ്രവാസികളുടെ കഷ്ടതകള്‍ തിരിച്ചറിയാനും മടങ്ങിവരുന്നവര്‍ക്കായി പുനരധിവാസ പദ്ധതികള്‍ നടപ്പാക്കാനും എല്‍ഡിഎഫ് സര്‍ക്കാര്‍ ശക്തമായി ഇടപെടുന്നു. വിദേശ മലയാളികളുടെ സമ്പാദ്യം സുരക്ഷിതമായി നിക്ഷേപിക്കുന്നതിനുള്ള മാര്‍ഗമെന്ന നിലയില്‍ക്കൂടിയാണ് 'കിഫ്ബി' രൂപപ്പെടുത്തിയത്. പ്രവാസി സമൂഹത്തിന് സധൈര്യം നിക്ഷേപം നടത്താനുള്ള വേദിയാണത്. നിക്ഷേപത്തുക ചെറുതോ വലുതോ ആകട്ടെ, അത് ജനിച്ച നാടിന്റെ വികസനത്തിന് ഉതകുംവിധം പ്രയോജനപ്പെടുത്താനാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അവസരമൊരുക്കുന്നത്. ഒരുവശത്ത് സ്വന്തം നിക്ഷേപം വളരുന്നതും മറുവശത്ത് ആ നിക്ഷേപത്തിന്റെകൂടി ബലത്തില്‍ നമ്മുടെ നാട് വളരുന്നതും കാണാനാണ് അതുവഴി കഴിയുക. ഏതു മേഖലയിലാണോ നിക്ഷേപിക്കാന്‍ താല്‍പ്പര്യം ആ മേഖലയില്‍ത്തന്നെ നിക്ഷേപിക്കാന്‍ കഴിയുമെന്നതും മുടക്കുന്ന തുകയ്ക്ക് ഗവണ്‍മെന്റ് ഗ്യാരന്റി ഉണ്ട് എന്നതും കിഫ്ബിയുടെ ആകര്‍ഷക ഘടകങ്ങളാണ്; സവിശേഷതയുമാണ്. ഈ പദ്ധതിയുടെ വിജയത്തിനും പ്രവാസി മലയാളി സംഘടനകള്‍ക്ക് നിര്‍ണായക സംഭാവന ചെയ്യാനാകും. നോര്‍ക്ക, പ്രവാസി ക്ഷേമ ബോര്‍ഡ്, കിഫ്ബി എന്നിവയുമായി ലോകത്തിന്റെ ഏതുമൂലയിലുമുള്ള മലയാളികളെയും കണ്ണിചേര്‍ക്കുക എന്ന ഉത്തരവാദിത്തമാണ് മലയാളി സംഘടനകള്‍ക്ക് ഏറ്റെടുക്കാനുള്ളത്. ലോക കേരള സഭ നടക്കുന്ന പശ്ചാത്തലം ഈ രംഗത്തെ മുന്നേറ്റത്തിന്റേതാകണം എന്ന് പ്രത്യാശിക്കുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top