20 April Saturday

അടഞ്ഞുതന്നെ കിടക്കട്ടെ ദുശ്ശീലങ്ങളുടെ വാതിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Apr 7, 2020



രാജ്യം അടച്ചിട്ടിട്ട്‌ രണ്ടാഴ്‌ച പിന്നിട്ടു. കേരളത്തിൽ ഒരുദിവസം മുന്നേ ഒരാഴ്‌ചത്തെ അടച്ചിടൽ പ്രഖ്യാപിച്ചിരുന്നു. കാസർകോട്‌ ഉൾപ്പെടെ ഏതാനും ജില്ലകളിൽ കടുത്ത നിയന്ത്രണങ്ങൾ നേരത്തേതന്നെ നിലവിൽവന്നു. കൊറോണ ഭീതിക്കിടയിലും, ഇന്നത്തെ നിശ്‌ചല ജീവിതത്തിൽ  മാറ്റം എല്ലാവരും ആഗ്രഹിക്കുന്നുണ്ട്‌. ഏപ്രിൽ മധ്യത്തോടെ അടച്ചിടലിൽ അയവുവരുമെന്ന പ്രതീക്ഷയിലാണ്‌ നാട്‌. കൊറോണ വൈറസിന്റെ സമൂഹവ്യാപനം തടുത്തുനിർത്താൻ മറ്റൊരു പോംവഴിയുമില്ലാത്ത ഘട്ടത്തിലാണ്‌ സമ്പൂർണ സഞ്ചാരവിലക്കിന്‌ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ഉത്തരവായത്‌. ഏറെക്കുറെ  കർശനമായിത്തന്നെ നിയന്ത്രണം നടപ്പാക്കുകയും ചെയ്‌തു. ഇത്‌ ഉദ്ദിഷ്‌ടഫലം ചെയ്‌തോ എന്നു പരിശോധിച്ചാൽ, വലിയൊരളവിൽ ഗുണമുണ്ടായി എന്ന്‌ കാണാനാകും.

സമൂഹവ്യാപനം എന്ന ഭീഷണിയെ ലഘുവായിക്കണ്ട്‌ അടച്ചിടൽ, സാമൂഹ്യഅകലം എന്നിവയ്‌ക്ക്‌ കാലതാമസം വരുത്തിയ വികസിതരാജ്യങ്ങളുടെ അവസ്ഥ  ഇന്ന്‌ പരമദയനീയമാണ്‌. ഇത്തരം രാജ്യങ്ങളെ  താരതമ്യം ചെയ്‌താൽ ഇന്ത്യയുടെ സ്ഥിതി മെച്ചമാണ്‌. രോഗബാധിതരുടെ എണ്ണം, മരണനിരക്ക്‌  എന്നിവ കുറവാണ്‌. എന്നാൽ, ഏപ്രിൽ മുതലുള്ള കണക്കുകൾ  ആശാവഹമല്ല. രോഗബാധിതരുടെ എണ്ണം അതിവേഗമാണ്‌ വർധിക്കുന്നത്‌. ഇതിലേറെ ആശങ്കപ്പെടുത്തുന്നത്‌ ആരോഗ്യ പ്രവർത്തകർക്കുണ്ടാകുന്ന രോഗബാധയാണ്‌. ഇതര സംസ്ഥാനങ്ങളിൽ ആവശ്യമായ സുരക്ഷാമുൻകരുതലുകൾ ഇല്ലാതെ ജോലി ചെയ്യാൻ നിർബന്ധിതരാകുന്ന മലയാളി നേഴ്‌സുമാരുടെയും മറ്റും പരിദേവനങ്ങളാണ്‌ അടുത്ത ദിവസങ്ങളിൽ മാധ്യമങ്ങളിൽ നിറയുന്നത്‌.

അടച്ചിടലിനുശേഷവും വൈറസ്‌വ്യാപനത്തിന്‌ വഴിയൊരുക്കുന്ന സാമൂഹ്യ സാഹചര്യമാണ്‌ പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുമുള്ളത്‌. കുടിയേറ്റത്തൊഴിലാളികളുടെ  കൂട്ടപ്പലായനവും മതചടങ്ങുകൾക്കായി നടക്കുന്ന ഒത്തുകൂടലുകളും വലിയ ആപൽശങ്ക സൃഷ്‌ടിച്ചു. പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന്റെ മറപിടച്ച്‌ രണ്ട്‌ഘട്ടത്തിൽ ജനങ്ങൾ കൂട്ടമായി തെരുവിലിറങ്ങി പ്രകടനം നടത്തി. ഭരണകക്ഷികളുടെ  നേതാക്കളാണ്‌ പലയിടത്തും ഇതിനെല്ലാം നേതൃത്വം കൊടുത്തത്‌. തൊഴിലും വരുമാനവും നഷ്‌ടപ്പെട്ട ജനലക്ഷങ്ങൾക്ക്‌ ഭക്ഷണവും മറ്റ്‌ അടിസ്ഥാന ആവശ്യങ്ങളും ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം ഭരണാധികാരികൾ നിർവഹിക്കുന്നില്ലെങ്കിൽ കൂടുതൽ ആപൽക്കരമായ സ്ഥിതിയിലേക്കായിരിക്കും രാജ്യം സഞ്ചരിക്കുക.

മുഖ്യമന്ത്രി പിണറായി വിജയൻമുതൽ നാട്ടിൻപുറത്തെ സന്നദ്ധപ്രവർത്തകർവരെയുള്ള വലിയൊരു ശൃംഖലയാണ്‌ ഈ ‘ക്രൈസിസ്‌ മാനേജ്‌മെന്റ്‌ മെഷിനറി’. കോവിഡ്‌ ബാധിതരെ മരണത്തിന് വിട്ടുകൊടുക്കാതിരിക്കാനുള്ള പരിശ്രമം,  പ്രായമോ സാമൂഹ്യ പദവിയോ നോക്കാതെ സർക്കാരിന്റെ  ഉത്തരവാദിത്തമാണിവിടെ

ഇത്തരം ആശങ്കകൾക്ക്‌ നടുവിൽ നിൽക്കുമ്പോൾ പ്രതീക്ഷയുടെ തുരുത്തായി കേരളം തുടരുന്നത്‌  ഇവിടത്തെ സമഗ്രമായ പ്രതിസന്ധിനിവാരണ സംവിധാനങ്ങളുടെ മേൻമയാണ്‌ കാണിക്കുന്നത്‌. മുഖ്യമന്ത്രി പിണറായി വിജയൻമുതൽ നാട്ടിൻപുറത്തെ സന്നദ്ധപ്രവർത്തകർവരെയുള്ള വലിയൊരു ശൃംഖലയാണ്‌ ഈ ‘ക്രൈസിസ്‌ മാനേജ്‌മെന്റ്‌ മെഷിനറി’. കോവിഡ്‌ ബാധിതരെ മരണത്തിന് വിട്ടുകൊടുക്കാതിരിക്കാനുള്ള പരിശ്രമം,  പ്രായമോ സാമൂഹ്യ പദവിയോ നോക്കാതെ സർക്കാരിന്റെ  ഉത്തരവാദിത്തമാണിവിടെ. ഇപ്പോഴത്തെ നിലയിൽ മുന്നോട്ടുപോയാൽ രോഗമുക്തരാകുന്നവരുടെ നിരക്കിൽ കേരളം ഏറ്റവും മുന്നിലെത്തുമെന്നാണ്‌ പ്രതീക്ഷ. കർണാടകം അതിർത്തി അടച്ചതിനെത്തുടർന്ന്‌ അടിയന്തര ചികിൽസ കിട്ടാതെ മരിച്ച പത്തുപേരും ഇതരരോഗങ്ങൾ ബാധിച്ചവരായിരുന്നു. ചിലർ പ്രചരിപ്പിക്കുന്നതുപോലെ കേരളത്തിൽ ചികിൽസാ സൗകര്യം ഇല്ലാഞ്ഞിട്ടല്ല ഈ ദുരന്തം.  കേരളത്തിന്റെ വടക്കേ അറ്റത്തുനിന്ന്‌ അരമണിക്കുറിൽ താഴെ മാത്രമാണ്‌ മംഗളൂരുവിലേക്കുള്ള യാത്ര. പരിയാരം സർക്കാർ മെഡിക്കൽ കോളേജിലേക്കാകട്ടെ മൂന്ന്‌ മണിക്കൂറും. അടച്ചിടൽ കാരണം മദ്യംകിട്ടാതെ ആത്മഹത്യ ചെയ്‌തത്‌ പത്തിനടുത്ത്‌ ആളുകളാണ്‌. വിദേശങ്ങളിൽ കോവിഡ്‌ ബാധിച്ച്‌ മരിക്കുന്നവരിൽ മലയാളികളുടെ എണ്ണം കൂടിവരുന്നതും വേദനാജനകമാണ്‌.

ഇത്തരം സാമൂഹ്യ പ്രത്യാഘാതങ്ങൾക്ക്‌ നടുവിലും കേരളത്തിൽ പ്രധാന കേന്ദ്രങ്ങളിലെല്ലാം കോവിഡ്‌ ആശുപത്രികൾ സുസജ്ജമാണ്‌. വ്യാപകമായ പരിശോധനകൾക്ക്‌ സംവിധാനം ഒരുങ്ങി. ഭക്ഷണത്തിനും മറ്റ്‌ അവശ്യവസ്‌തുക്കൾക്കും ആരും ബുദ്ധിമുട്ടുന്നില്ല.  ഇതൊക്കെയാണെങ്കിലും കേന്ദ്രം തീവ്രകോവിഡ്‌ ബാധിതമായി പ്രഖ്യാപിച്ച  പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ കേരളം. കേന്ദ്ര സർക്കാർ ലോക്ക്‌ഡൗൺ ക്രമപ്പെടുത്തുന്നതിനുള്ള ആലോചനകൾ ആരംഭിച്ചിട്ടുണ്ട്‌. ഏപ്രിൽ പകുതിക്കുശേഷമുള്ള ട്രെയിൻ, വിമാന ബുക്കിങ്ങും ആരംഭിച്ചു. കേന്ദ്ര നിർദേശപ്രകാരം സഞ്ചാര, പ്രവൃത്തി വിലക്കുകൾക്ക്‌ ഇളവ്‌ നൽകുന്നതിന്‌ കേരളത്തിലും വിദഗ്‌ധസമിതി നിർദേശങ്ങൾ തയ്യാറാക്കുന്നുണ്ട്‌.  സാഹചര്യങ്ങൾ അനുകൂലമായാൽ നിയന്ത്രണങ്ങൾക്ക്‌ അയവു വന്നേക്കാം. പക്ഷേ, ലോക്ക്‌ഡൗൺ കാലത്ത്‌ മുറുകെപ്പിടിച്ച നല്ല ശീലങ്ങൾ ഇനിയങ്ങോട്ട്‌ എന്നും പിന്തുടരാൻ എല്ലാവരും  സന്നദ്ധരായാൽ മാത്രമേ മഹാമാരിയെ തുടച്ചുനീക്കാനാകൂ.


 

പാട്ടിന്റെ സുഗന്ധം
അഭൗമ സംഗീതമാധുരിയിലൂടെ നാടക–-സിനിമ ഗാനശാഖയെ സമ്പന്നമാക്കിയ പ്രഗത്ഭ സംഗീതജ്ഞൻ എം കെ അർജുനന്റെ വിയോഗം മലയാള സംഗീതലോകത്തിന്‌ തീരാത്ത നഷ്‌ടമാണ്‌. ആറുപതിറ്റാണ്ട്‌ നീണ്ട സംഗീതസപര്യയിലൂടെ അദ്ദേഹം സൃഷ്‌ടിച്ച ഈണങ്ങളുടെ ഭാവതീക്ഷ്‌ണതയും രാഗമാധുര്യവും എന്നും ആസ്വാദകഹൃദയങ്ങളിൽ പ്രതിധ്വനിക്കുകതന്നെ ചെയ്യും. പ്രണയവും വിഷാദവും വിരഹവും രതിയും എന്നുവേണ്ട, മനുഷ്യഹൃദയങ്ങളെ മഥിക്കുന്ന വികാരഭേദങ്ങളെയെല്ലാം ഭാവചാതുരിയോടെ അനുഭവവേദ്യമാക്കി അർജുനസംഗീതം. 

ദാരിദ്ര്യവും കഷ്‌ടപ്പാടുകളും നിറഞ്ഞ ജീവിതവഴികൾ പിന്നിട്ടാണ്‌ അദ്ദേഹം ആസ്വാദകഹൃദയങ്ങളിൽ സ്ഥാനംപിടിച്ച സംഗീതജ്ഞനായി വളർന്നത്‌. മെഹ്‌ബൂബ്‌ ഉൾപ്പെടെയുള്ള ഗായകർക്ക്‌ ജന്മം നൽകിയ പശ്ചിമകൊച്ചിയുടെ സംഗീതപാരമ്പര്യമാണ്‌ അദ്ദേഹം പിൻപറ്റിയത്‌. ഫോർട്ടുകൊച്ചിയിലെയും പരിസരപ്രദേശങ്ങളിലെയും കലാസമിതികളായിരുന്നു ആദ്യകാല തട്ടകം. പിന്നീട്‌ പ്രൊഫഷണൽ നാടകസംഘങ്ങളിൽ ഹാർമോണിസ്‌റ്റും സംഗീതസംവിധായകനുമായി. ഇരുനൂറോളം നാടകങ്ങൾക്കായി മുന്നൂറോളം പാട്ടുകൾക്ക്‌ ഈണമിട്ടു.


 

ജി ദേവരാജന്റെ ഹാർമോണിസ്‌റ്റായി സിനിമാ ഗാനരംഗത്തെത്തിയ അർജുനൻ, 1968ൽ ‘കറുത്ത പൗർണമി’ എന്ന ചിത്രത്തിൽ ‘മാനത്തിൻ മുറ്റത്ത്‌ മഴവില്ലാൽ അഴകെട്ടും’ എന്ന ഗാനത്തിന്‌ ഈണം നൽകി സ്വതന്ത്ര സംഗീതസംവിധായകനായി. പിന്നീടങ്ങോട്ട്‌ വയലാർ, ഒ എൻ വി, പി ഭാസ്‌കരൻ തുടങ്ങിയവരുടെയെല്ലാം ഗാനങ്ങൾക്ക്‌ ഈണം പകർന്നു. ശ്രീകുമാരൻ തമ്പിയുമായുള്ള കൂട്ടുകെട്ടിലാണ്‌ എം കെ അർജുനന്റെ പ്രതിഭ തിളങ്ങിയ ഈണങ്ങളേറെയും പിറന്നത്‌. 1969ൽ ‘റസ്‌റ്റ്‌ ഹൗസ്‌’ എന്ന ചിത്രത്തിൽ ആരംഭിച്ച അവരുടെ ബന്ധം മലയാളസിനിമാ സംഗീതരംഗത്തെ ഹിറ്റ്‌ കൂട്ടുകെട്ടിലൊന്നായി മാറുകയും ചെയ്‌തു. പാടാത്ത വീണയും പാടും, വാൽക്കണ്ണെഴുതി വനപുഷ്‌പം ചൂടി, ചെമ്പകത്തൈകൾ പൂത്ത, പാലരുവി കരയിൽ, മല്ലികപ്പൂവിൻ മധുരഗന്ധം, ആയിരം അജന്താ ചിത്രങ്ങളിൽ, ചന്ദ്രക്കല മാനത്ത്‌, യദുകുല രതിദേവനെവിടെ തുടങ്ങിയ ഗാനങ്ങൾ ആ ഹിറ്റുപട്ടികയിൽ ചിലതുമാത്രം.

പുരോഗമനപ്രസ്ഥാനങ്ങളുമായും അദ്ദേഹത്തിന്‌ അടുത്തബന്ധമാണ്‌ ഉണ്ടായിരുന്നത്‌.  സംഗീതലോകത്തെ പുതിയ തലമുറയോടും ഊഷ്‌മളസൗഹൃദം പുലർത്തി. വലിപ്പച്ചെറുപ്പമില്ലാതെ ഇടപഴകാനും ഉയരങ്ങളിൽ വിരാജിക്കുമ്പോഴും എളിയവനായി തുടരാനും അദ്ദേഹത്തിന്‌ കഴിഞ്ഞത്‌ യഥാർഥ കലാഹൃദയത്തിന്റെ ഉടമയായിരുന്നതുകൊണ്ടുമാത്രമാണ്‌. അദ്ദേഹത്തിന്റെ ഓർമകൾക്കുമുന്നിൽ ആദരാഞ്ജലി അർപ്പിക്കുന്നു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top