05 October Thursday

ഇളവുകൾ അത്യാവശ്യങ്ങൾക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Apr 21, 2020


മാർച്ച്‌ 20ന്‌ കാസർകോട്‌ ജില്ലയിൽ ഒരാഴ്‌ചത്തെ അടച്ചിടൽ പ്രഖ്യാപിച്ചുകൊണ്ടാണ്‌ കേരള സർക്കാർ ലോക്ക്‌ഡൗണിന്‌ തുടക്കം കുറിച്ചത്‌. സംസ്ഥാനത്ത്‌ മാർച്ച്‌ 24നും രാജ്യത്ത്‌ 25നും സമ്പൂർണ അടച്ചിടൽ നിലവിൽവന്നു. രോഗവ്യാപനത്തിന്റെ സ്ഥിതിയും വളർച്ചയും വിലയിരുത്തി യുക്തിസഹമായ തീരുമാനം എടുക്കുന്നതിന്റെ ഭാഗമായാണ്‌ പൊതുതീരുമാനത്തിന്‌ അഞ്ചുനാൾമുമ്പേ കാസർകോട്‌ അടച്ചത്‌‌. കൊറോണവ്യാപനത്തിന്റെ പ്രധാന കേന്ദ്രമായിരുന്ന വടക്കൻ അതിർത്തി ജില്ലയിലടക്കം ഇന്ന്‌ നില ഏറെ മെച്ചപ്പെട്ടു. അടച്ചിടലിനുമുമ്പുതന്നെ അവിടെ നിരോധനാജ്ഞയടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രോഗപ്പകർച്ചയിൽ മുമ്പിലായിരുന്ന കാസർകോട്‌ ഇപ്പോൾ ആശ്വാസത്തിന്റെ വക്കിലാണ്. ‌‌‌ഇപ്പോൾ കൂടുതൽപേർക്ക്‌ വൈറസ്‌ ബാധയുള്ള കണ്ണൂരടക്കം അഞ്ച്‌  ജില്ല ഇപ്പോഴും ഹോട്ട്‌സ്പോട്ടായി തുടരുകയാണ്‌. 88 തദ്ദേശഭരണ സ്ഥാപനങ്ങളാണ്‌ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചത്‌. ഇവിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ തുടരുകയാണ്‌. ദിവസങ്ങളായി രോഗം റിപ്പോർട്ട്‌ ചെയ്യാത്ത  കോട്ടയം, ഇടുക്കി ജില്ലകളിൽമാത്രമാണ്‌ ചില ഇളവുകൾ സംസ്ഥാന സർക്കാർ അനുവദിച്ചത്‌.

അവശ്യ സർവീസുകളുടെ കൂട്ടത്തിൽ വർക്‌ഷോപ്പുകൾ, പുസ്‌തകശാലകൾ എന്നിവ ആഴ്‌ചയിൽ രണ്ടുദിവസം തുറക്കാൻ നേരത്തെ അനുമതി നൽകി. ഇതിനു പുറമെയാണ്‌  ബാർബർ ഷോപ്പുകളും ഭക്ഷണശാലകളും നിയന്ത്രണവിധേയമായി തുറക്കാനുള്ള തീരുമാനം. ഇത്‌ രോഗവ്യാപനത്തിന്‌ കാരണമായേക്കുമെന്ന വിദഗ്‌ധാഭിപ്രായം വന്ന സാഹചര്യത്തിൽ ഇതിൽ ചിലത്‌ തൽക്കാലം വേണ്ടെന്നുവച്ചു.

കേന്ദ്ര നിർദേശങ്ങളുമായി പൂർണമായും യോജിച്ചുപോകുകയാണ്‌ സംസ്ഥാന സർക്കാരിന്റെ നിലപാടെന്ന്‌ മുഖ്യമന്ത്രിയും മന്ത്രിമാരും വ്യക്തമാക്കിയിട്ടുണ്ട്‌. അടച്ചിടലിന്റെ അനിവാര്യതയും ഇളവുകളുടെ ആവശ്യകതയും പൊരുത്തപ്പെടുത്തി കൊണ്ടുപോകുന്നത്‌ ജനതാൽപ്പര്യം മുൻനിർത്തിയാണ്‌.ഒരു മാസത്തിലേറെയായി രോഗവ്യാപനത്തിന്റെ ഭയപ്പാടുകൾക്കൊപ്പം സാധാരണ ജീവിതവും നഷ്ടപ്പെട്ടവരാണ്‌ ജനങ്ങൾ. ജീവിതവൃത്തി കൈവിട്ടുപോയ ഏറ്റവും താഴെക്കിടയിലുള്ളവർക്ക്‌ ആശ്വാസം പകരുന്നതിന്റെ ഭാഗമായാണ്‌ കാർഷിക, തൊഴിലുറപ്പ്‌, നിർമാണമേഖലകളിൽ പരിമിതമായ ഇളവുകൾ അനുവദിച്ചത്‌. സാമൂഹ്യ അകലം, സുരക്ഷാ സംവിധാനങ്ങൾ എന്നിവയിൽ വിട്ടുവീഴ്‌‌ചയില്ലാതെ വേണം ഇളവുകൾ നടപ്പാക്കാനെന്നും നിഷ്‌കർഷിച്ചു. നിശ്ചിതമേഖലകളിൽ മാനദണ്ഡങ്ങൾ പാലിച്ചുവേണം ഇളവുകൾ അനുവദിക്കാൻ. എന്നാൽ, നിയന്ത്രണങ്ങൾ നീക്കിയെന്ന മനോഭാവത്തോടെയാണ്‌ ചിലരെങ്കിലും ഇതിനെ സമീപിക്കുന്നത്‌.


 

കഴിഞ്ഞ വിഷുദിവസം റോഡുകളിലും മാർക്കറ്റുകളിലും കണ്ട ജനക്കൂട്ടം അമ്പരപ്പിക്കുന്നതായിരുന്നു. അന്നത്തേതിലും ലാഘവബുദ്ധിയോടെയാണ്‌‌ തിങ്കളാഴ്‌ച പലയിടത്തും ജനക്കൂട്ടത്തെ കണ്ടത്‌. വിഷുവിന്‌ പ്രത്യേകിച്ച്‌ ഒരു ഇളവും നൽകാതിരുന്നിട്ടും കണിയൊരുക്കാനും സദ്യവട്ടത്തിനുമൊക്കെയായി അസാധാരണമായ ഒഴുക്കാണ്‌ ഉണ്ടായത്‌. തിങ്കളാഴ്‌ചയാകട്ടെ  ഇളവുകളുമായി ബന്ധമില്ലാത്ത ആവശ്യങ്ങളും പറഞ്ഞ്‌ ജനങ്ങൾ വെളിയിലിറങ്ങി. ഇത്‌ നാം കൈവരിച്ച നേട്ടങ്ങൾ തകിടംമറിക്കും. ശരിയാണ്;‌ ലോക –-ദേശീയ ശരാശരിയുമായുള്ള താരതമ്യത്തിൽ കേരളം വളരെ മുന്നിലാണ്‌. നമ്മുടെ ആരോഗ്യപ്രവർത്തകരുടെയും സർക്കാർ സംവിധാനങ്ങളുടെയും സമർപ്പിത സേവനമാണ്‌ ആ നേട്ടത്തിന്‌ ആധാരം. അതിലപ്പുറം, നിർദേശങ്ങൾ അക്ഷരംപ്രതി പാലിച്ച്‌ വീടനകത്ത്‌ കഴിച്ചുകൂട്ടിയ ജനങ്ങളാണ്‌  ഈ  നേട്ടത്തിന്റെ അവകാശികൾ.

പക്ഷേ,  ഈ നേട്ടം വളരെ പ്രാഥമികമാണ്‌. ഇത്‌ ‌സ്ഥായിയാക്കുന്നതിന്‌ കുറച്ചുകൂടി ക്ഷമയും ത്യാഗവും  സഹിക്കേണ്ടതുണ്ട്‌. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി വീട്ടിലിരിക്കുകയാണ് വേണ്ടത്‌‌. രാജ്യത്തെ വിമാന, ട്രെയിൻ, റോഡ്‌, പൊതുഗതാഗതങ്ങൾ എപ്പോൾ തുടങ്ങാനാകുമെന്ന്‌ മെയ്‌ മൂന്നിനുശേഷമേ വിലയിരുത്തുകയുള്ളൂ. പക്ഷേ, സ്വകാര്യവാഹനങ്ങൾക്ക്‌ അനുമതി ലഭിച്ചു എന്ന്‌ തോന്നുംവിധമാണ്‌  തിങ്കളാഴ്‌‌ച റോഡിലെത്തിയ വാഹനങ്ങളുടെ എണ്ണം. സ്വകാര്യവാഹനങ്ങൾക്ക്‌ ഇളവുമാത്രമാണ്‌ ലഭിക്കുക‌; അനുമതിയല്ല. പൊതുഗതാഗതം ആരംഭിക്കുന്ന ഘട്ടംവരെ സ്വകാര്യവാഹനങ്ങളും നിയന്ത്രണം പാലിച്ചേ മതിയാകൂ. ഇളവുകൾ പ്രയോജനപ്പെടുത്തേണ്ടത്‌ തൊഴിൽമേഖലയും അവശ്യസേവനങ്ങളും  മാത്രമായിരിക്കണം. ആഘോഷങ്ങൾക്കും സൗഹൃദ സന്ദർശനങ്ങൾക്കും കുറച്ചുകാലംകൂടി അവധി നൽകണം.

കേരളത്തിൽ നിലവിലുള്ള രോഗബാധിതർ സുഖപ്പെടാൻ കുറച്ചുനാൾമതിയാകും. നിരീക്ഷണത്തിലുള്ളവർക്ക്‌ രോഗബാധ ഉണ്ടാകുന്നതും  പരിമിതമായിരിക്കും. ഇത്‌ പൂർണമായും ലോക്ക്‌ഡൗണിന്റെ സംഭാവനയാണ്‌. പക്ഷേ, ജനജീവിതം സാധാരണ നിലയിലാകുന്നതോടെ വൈറസ്‌ വ്യാപനം ആവർത്തിക്കാനിടയുണ്ട്‌. അതുപോലെ പ്രവാസി സഹോദരങ്ങളെ നാട്ടിലെത്തിച്ച്‌ രോഗമില്ലെന്ന്‌ ഉറപ്പാക്കണം; രോഗബാധിതരെ ചികിത്സിക്കണം. ഇതെല്ലാം അതീവ ശ്രമകരമായ ദൗത്യമാണ്‌. അതിനായി നാം പുനരർപ്പണം ചെയ്യേണ്ടതുണ്ട്‌. കേന്ദ്രനിർദേശങ്ങൾ കേരളം ലംഘിച്ചെന്നും തിരുത്തിയെന്നും വിശദീകരണം നൽകിയെന്നുമെല്ലാമുള്ള പ്രചാരണം നിക്ഷിപ്‌ത താൽപ്പര്യത്തോടുകൂടിയുള്ളതാണ്‌. മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചപോലെ കേരളത്തെ ഇകഴ്‌ത്തുകയെന്ന ലക്ഷ്യമാണ്‌ അത്തരം ശ്രമങ്ങൾക്കു പിന്നിലുള്ളത്‌. കൊറോണവ്യാപനം തടയുന്നതിനായുള്ള ഏത്‌ നടപടിയും കേന്ദ്ര–- സംസ്ഥാന വ്യത്യാസമില്ലാതെ ജനനന്മ ലക്ഷ്യമാക്കിയുള്ളതാണ്‌. അത്‌ പൂർണമനസ്സോടെ നടപ്പാക്കുകയും ഇളവുകൾ ദുരുപയോഗം ചെയ്യാതിരിക്കുകയുമാണ്‌ ഇന്നത്തെ കടമ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top