16 April Tuesday

നിയന്ത്രണം പാലിച്ച്‌ അതിജീവിക്കാം

വെബ് ഡെസ്‌ക്‌Updated: Friday May 7, 2021


കോവിഡ്‌ രോഗികളുടെ എണ്ണം അനിയന്ത്രിതമായി വർധിച്ചതിനാൽ എട്ടുമുതൽ 16 വരെ കേരളത്തിൽ സമ്പൂർണ ലോക്‌ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്‌. സംസ്ഥാനത്ത്‌ ഒരാഴ്‌ചയായി തുടരുന്ന കർശന നിയന്ത്രണങ്ങൾ ഫലപ്രദമാകാത്തതിനാലാണ്‌ ലോക്‌ഡൗൺ നടപ്പാക്കേണ്ടിവന്നത്‌. കർശന നടപടി സ്വീകരിച്ചിട്ടും കേരളത്തിൽ ദിവസേന രോഗികൾ വർധിക്കുകയാണ്‌.

കോവിഡിനെ നേരിടാൻ രാജ്യവ്യാപക ലോക്‌ഡൗൺ നടപ്പാക്കി ഒരു വർഷം പിന്നിട്ടപ്പോഴാണ്‌ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ വീണ്ടും രൂക്ഷമായ രോഗവ്യാപനത്തിന്റെ പിടിയിലമർന്നത്‌. ജനജീവിതം പ്രതിസന്ധിയിലാകുന്നത്‌ ഒഴിവാക്കാൻ പരമാവധി ശ്രമിച്ചിട്ടും ഫലമില്ലാതെ വന്നതോടെ ലോക്‌ഡൗൺ പ്രഖ്യാപിക്കാൻ സർക്കാർ നിർബന്ധിതമാകുകയായിരുന്നു. ജനിതക വ്യതിയാനം വന്ന കോവിഡ്‌ വൈറസിന്റെ കടന്നാക്രമണത്തിൽ രാജ്യം വിറകൊള്ളുമ്പോൾ പല സംസ്ഥാനത്തും ലോക്‌ഡൗൺ നടപ്പാക്കിക്കഴിഞ്ഞു. വലിയ വ്യാപനശേഷിയുള്ള പുതിയ കോവിഡ്‌ വൈറസ്‌ എല്ലാ പ്രതിരോധത്തെയും നിസ്സാരമാക്കി നിത്യേന കൂടുതൽ പേരെ രോഗികളാക്കുന്നു. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ഒരു വർഷത്തിലേറെയായി മഹാമാരിക്കെതിരെ പൊരുതുന്ന ആരോഗ്യപ്രവർത്തകൾ കോവിഡിന്റെ രണ്ടാം വരവിൽ കടുത്ത വെല്ലുവിളിയാണ്‌ നേരിടുന്നത്‌. അതുകൊണ്ടുതന്നെ സർക്കാരിന്റെയും ആരോഗ്യപ്രവർത്തകരുടെയും നിർദേശങ്ങൾ അനുസരിക്കുകയും ലോക്‌ഡൗൺ നിയന്ത്രണങ്ങൾ പാലിക്കുകയും ചെയ്യാൻ ജനങ്ങളാകെ തയ്യാറാകേണ്ട നിർണായക സമയമാണിത്‌. അസാധാരണവും ഗുരുതരവുമായ ഭീഷണിയിലൂടെയാണ്‌ നാട്‌ കടന്നുപോകുന്നതെന്ന്‌ എല്ലാവരും തിരിച്ചറിയേണ്ടതുണ്ട്‌.

കോവിഡ്‌ മഹാമാരി അൽപ്പം പിന്നോട്ടടിച്ച സമയത്തുതന്നെ രോഗത്തിന്റെ രൂക്ഷമായ രണ്ടാം വരവുണ്ടാകുമെന്ന്‌ ആരോഗ്യവിദഗ്‌ധർ മുന്നറിയിപ്പു നൽകിയതാണ്‌. ആരോഗ്യവിദഗ്‌ധർ ഭയപ്പെട്ടതുതന്നെ സംംഭവിച്ചു. കോവിഡിന്റെ രണ്ടാം തരംഗം ഭീതിദ യാഥാർഥ്യമായി ഇന്ന്‌ രാജ്യത്തെ വേട്ടയാടുന്നു. ആശുപത്രി പ്രവേശനത്തിനും ഐസിയുവിനും വെന്റിലേറ്ററിനും വേണ്ടി ജനങ്ങൾ പരക്കംപായുന്നു. ഒരിറ്റ്‌ പ്രാണവായു കിട്ടാതെ മനുഷ്യർ പിടഞ്ഞുമരിക്കുന്ന വാർത്തകളാണ്‌ എങ്ങും. ഉള്ളവനും ഇല്ലാത്തവനും ഒരുപോലെ ഓക്‌സിജനുവേണ്ടി അലമുറയിടുന്നു. പ്രാണവായു കിട്ടാതെ ഉറ്റവർ മരിച്ചുവീഴുന്നത്‌ കണ്ടുനിൽക്കേണ്ടി വരിക എത്രമാത്രം സങ്കടകരമാണ്‌. രോഗികൾക്ക്‌ ചികിത്സ നൽകാനാകാതെ വിദഗ്‌ധരായ ഡോക്ടർമാർ നിസ്സഹായരാകുന്നു. ശ്‌മശാനങ്ങളിൽ മൃതദേഹങ്ങൾ ഊഴംകിട്ടാതെ കാത്തുകിടക്കുന്നു. എല്ലാ അർഥത്തിലും കോവിഡ്‌ മഹാമാരി രാജ്യത്തെ മനുഷ്യരെ ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽപ്പാലത്തിൽ വേട്ടയാടുകയാണ്‌. 


 

ആരോഗ്യസംവിധാനങ്ങളുടെ ശേഷിക്കുള്ളിൽ രോഗികളുടെ എണ്ണം ഒതുക്കിനിർത്തുകയെന്നത്‌ മഹാമാരിക്കെതിരായ പോരാട്ടത്തിൽ ഏറ്റവും പ്രധാനമാണ്‌. ചികിത്സ നൽകാൻ കഴിയുന്നതിൽ കൂടുതൽ രോഗികൾ ഓരോ ദിവസവും ഉണ്ടായാൽ കുറേപ്പേർക്ക്‌ ശരിയായ പരിചരണം ലഭിക്കാത്ത അവസ്ഥയുണ്ടാകും. വെന്റിലേറ്റർ സഹായം വേണ്ട രോഗികളുടെ എണ്ണം ലഭ്യമായ വെന്റിലേറ്ററുകളേക്കാൾ കൂടുതലായാൽ കുറേപ്പേരുടെ ജീവൻ അപകടത്തിലാകും. ആശുപത്രി കിടക്കകളുടെയും ഐസിയുവിന്റെയും ഓക്‌സിജൻ സിലിൻഡറുകളുടെയും കാര്യവും ഇതുതന്നെയാണ്‌. നിലവിലുള്ള സംവിധാനങ്ങൾക്ക്‌ ഉൾക്കൊള്ളാനാകുന്നതിൽ കൂടുതൽ രോഗികളുണ്ടായാൽ പലർക്കും യഥാസമയം ചികിത്സ കിട്ടാതെ വരും. ഈ ദുരന്തമാണ്‌ കേരളത്തിനു പുറത്ത്‌ പല സംസ്ഥാനവും ഇന്ന്‌ അഭിമുഖീകരിക്കുന്നത്‌. രോഗികൾ അനിയന്ത്രിതമായി വർധിച്ചാൽ കേരളത്തിലും ഇത്തരമൊരു അവസ്ഥയ്‌ക്ക്‌ അധിക ദിവസം വേണ്ടിവരില്ല. ഈ അപകടം കണക്കിലെടുത്താണ്‌ ലോക്‌ഡൗൺ നടപ്പാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്‌. കൂടുതൽ വിഷമകരമായ സാഹചര്യം ഒഴിവാക്കാൻ ലോക്‌ഡൗണിലെ ബുദ്ധിമുട്ടുകൾ സഹിക്കാൻ എല്ലാവരും തയ്യാറാകുകയല്ലാതെ വഴിയില്ല.

ആരോഗ്യ സംവിധാനങ്ങളുടെ മികവും സർക്കാരിന്റെയും ആരോഗ്യപ്രവർത്തകരുടെയും ഫലപ്രദമായ ഇടപെടലും കാരണമാണ്‌ കേരളം ഇതുവരെ സുരക്ഷിതമായി നിലകൊണ്ടത്‌. രോഗികൾ കൂടുതലുണ്ടായിട്ടും രാജ്യത്ത്‌ ഏറ്റവും കുറഞ്ഞ മരണനിരക്ക്‌ കേരളത്തിലായിരുന്നു. ദിവസേനയുള്ള രോഗബാധിതരുടെ എണ്ണം 42,000 കടന്നതോടെ ആരോഗ്യസംവിധാനങ്ങളും ആരോഗ്യപ്രവർത്തകരും കടുത്ത സമ്മർദം അനുഭവിക്കുകയാണ്‌. അപായകരമായ സ്ഥിതിയില്ലെങ്കിലും അധികം ദൂരെയല്ലാതെ ദുരന്തം പതിയിരിക്കുന്നുണ്ട്‌. രോഗവ്യാപനം പരമാവധി കുറച്ച്‌ ആരോഗ്യ സംവിധാനങ്ങൾക്കുമേലുള്ള സമ്മർദം കുറയ്‌ക്കുകയേ വഴിയുള്ളൂ. രോഗം പകരാനുള്ള എല്ലാ സാധ്യതയും ഒഴിവാക്കാൻ ഓരോരുത്തരും മുൻകരുതലെടുക്കണം. ശുചിത്വം പാലിച്ചും മാസ്‌ക്‌ ധരിച്ചും സാമൂഹികമായി അകന്നുനിന്നും രോഗത്തെ പ്രതിരോധിച്ചാലേ രോഗികളുടെ എണ്ണവും ആശുപത്രികളിലെ തിരക്കും കുറയ്‌ക്കാൻ സാധിക്കൂ. പ്രായമായവരെ മരിക്കാൻ വിട്ട്‌ ഓക്‌സിജൻ മാസ്‌ക്‌ ചെറുപ്പക്കാർക്ക്‌ നൽകുന്ന വാർത്തകൾ വായിച്ചത്‌ അധികം മുമ്പല്ലെന്ന്‌ ഓർക്കണം. കോവിഡ്‌ ഭീഷണിയില്ലാത്ത നല്ല നാളേക്കായി ലോക്‌ഡൗൺ നിയന്ത്രണങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാകുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top