29 March Friday

തദ്ദേശസ്ഥാപനങ്ങൾ നയിക്കണം

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018


സംസ്ഥാനത്തിന്റെ പതിനാലിൽ പതിമൂന്ന് ജില്ലകളെയും പിടിച്ചുലച്ച മഹാപ്രളയത്തിന്റെ ആഘാതത്തിൽനിന്ന് നമ്മൾ പതുക്കെ മോചിതരാകുകയാണ്. ഈ തകർച്ചയിൽനിന്ന് പുതിയൊരു കേരള സൃഷ്ടിയിലേക്ക് നമ്മൾ ചുവടുവയ്ക്കുകയാണ്. സംസ്ഥാനത്തെ ആറിലൊന്ന് ജനങ്ങളെയും നേരിട്ട് ബാധിച്ച പ്രളയത്തെ അതിജീവിക്കാനുള്ള നാടിന്റെ പരിശ്രമത്തിൽ നിർണായക പങ്ക് ഇനി തദ്ദേശസ്ഥാപനങ്ങൾക്കാണ്.
941 പഞ്ചായത്തുകളിൽ 260 പഞ്ചായത്തുകളെയാണ് പ്രളയക്കെടുതി ബാധിച്ചത്. 87 ൽ 41 മുനിസിപ്പാലിറ്റികളെയും പ്രളയം വിഴുങ്ങി. ഉരുൾപൊട്ടലും മണ്ണിടിച്ചിലും ദുരന്തം വിതച്ച പഞ്ചായത്തുകൾ ഈ കണക്കിലില്ല. വൻതോതിൽ അല്ലെങ്കിലും നാശം നേരിട്ട പ്രദേശങ്ങൾ വേറെയുമുണ്ട്. ഇവിടെയൊന്നും നിലവിലെ ബജറ്റും പദ്ധതി മുൻഗണനകളുംവച്ച്  തദ്ദേശസ്ഥാപനങ്ങൾക്ക്  മുന്നോട്ടുപോകാനാകില്ല.

പുതിയ രീതിയും മുമ്പില്ലാത്തത്ര ചലനശേഷിയും വേണം. കേരളത്തിന് ഈ പ്രളയകാലത്ത് മുഖ്യമന്ത്രി നൽകിയ നേതൃത്വം ഓരോ തദ്ദേശഭരണസ്ഥാപന മേധാവിക്കും മാതൃകയാക്കാം. മറ്റെല്ലാം മാറ്റിവച്ച് ദുരിതാശ്വാസം എന്ന ഒറ്റ ലക്ഷ്യത്തിലേക്ക് കേന്ദ്രീകരിക്കണം.അടിയന്തരസ്വഭാവത്തോടെ തദ്ദേശ സമിതികൾക്ക് ഏറ്റെടുക്കാവുന്ന പ്രവൃത്തികൾ സർക്കാർ പട്ടികയായിത്തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്  ഇതിന് സാങ്കേതികതടസ്സങ്ങൾ നീക്കി  ഉത്തരവുകൾ തുടർച്ചയായി വന്നുകഴിഞ്ഞു. ഏത് മേഖലയ്ക്ക് നീക്കിവച്ച പണമായാലും ദുരിതാശ്വാസത്തിന് വിനിയോഗിക്കാം. തനതുഫണ്ടും വികസനഫണ്ടും ഇങ്ങനെ പ്രയോജനപ്പെടുത്താം.  അടിയന്തരസ്വഭാവത്തിൽ ഏറ്റെടുക്കുന്ന ഇത്തരം  പദ്ധതികൾക്ക് ജില്ലാ ആസൂത്രണസമിതിയുടെ അനുമതിയും  ആവശ്യമില്ല.

വെള്ളം കയറിയ വീടുകളിലെയും ക്യാമ്പുകളിലെയും മാലിന്യസംസ്‌കരണം, ജനങ്ങൾക്ക് കുടിവെള്ളവും ഭക്ഷണവും ഉറപ്പാക്കൽ, വെള്ളം ഇറങ്ങിയയിടങ്ങളിലെ കെട്ടിടങ്ങളുടെ ഉറപ്പ് പരിശോധിക്കൽ, വൈദ്യുതി വിതരണം ഉറപ്പാക്കൽ, കന്നുകാലികളുടെ രക്ഷ, പകർച്ചവ്യാധികളും മറ്റു രോഗങ്ങളും  ഭക്ഷ്യവിഷബാധയും തടയൽ തുടങ്ങി പതിവ് ചുമതലയിൽ പെടുന്നതും പെടാത്തതുമായ ഒരുപിടി ഉത്തരവാദിത്തങ്ങളാണ്  തദ്ദേശ സ്ഥാപനങ്ങളുടെ ചുമലിൽ വരുന്നത്.

നിലവിലെ അടിയന്തരസാഹചര്യം നേരിടാൻ എല്ലാ അവസരവും സർക്കാർ ഒരുക്കിത്തന്നിരിക്കുന്നു, ഒരു ചുവപ്പുനാടയും വഴിമുടക്കില്ല. തീരുമാനങ്ങൾക്കായി കമ്മിറ്റി കൂടാനാകാത്ത നിലയിൽ സമിതി അധ്യക്ഷനും സ്റ്റാൻഡിങ‌് കമ്മിറ്റി ചെയർമാനും സെക്രട്ടറിയുംചേർന്ന് തീരുമാനമെടുത്താൽ മതിയാകും. ഏറ്റവും അടുത്ത ഭരണസമിതി യോഗത്തിൽ അവയ്ക്ക് അംഗീകാരം നേടിയാൽ മതി. പ്രളയത്തിൽ കുടുങ്ങിയ ആളെ രക്ഷിക്കാൻമുതൽ മുങ്ങിയ വീട്ടിൽ താമസക്കാരെത്തുമ്പോൾ ബൾബ് മാറ്റിയിടാൻവരെ പണം ചെലവാക്കാൻ അനുമതി നൽകി ഉത്തരവുകൾ വന്നിട്ടുണ്ട്. ഇനി പ്രവർത്തിക്കുകയാണ് തദ്ദേശസ്ഥാപനങ്ങളുടെ ഉത്തരവാദിത്തം.

എത്ര കുടുംബങ്ങൾ ദുരിതത്തിലായി എന്ന കണക്കെടുപ്പ്  മുതൽ മരിച്ച കന്നുകാലികളുടെ ജഡങ്ങൾ സംസ്‌കരിക്കുന്നതിൽവരെ തദ്ദേശ സ്ഥാപനമേധാവികളുടെ കണ്ണെത്തണം. ഇതിന് ആവശ്യമായ മാർഗരേഖകൾ കില തയ്യാറാക്കിയിട്ടുണ്ട്.പഞ്ചായത്ത്  പ്രസിഡന്റിലോ സ്റ്റാൻഡിങ‌് കമ്മിറ്റി ചെയർമാനിലോ ഒതുങ്ങുന്നതല്ല ഈ ഉത്തരവാദിത്തം. വാർഡ് അംഗങ്ങൾ ഈ തീരുമാനങ്ങളിലും അവ നടപ്പാക്കുന്നതിലും നിർണായക പങ്ക് തന്നെ വഹിക്കണം. ഇക്കാര്യം സർക്കാർ ഉത്തരവുകളും വ്യക്തമാക്കുന്നു.

നമ്മൾ നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയാണ്‌ മുന്നിൽ. പരിഹാരത്തിന്  മുൻ മാതൃകകൾ ഇല്ല. പെട്ടെന്ന് പല പ്രശ്‌നങ്ങളും ഉയർന്നുവരും. ചിലതൊക്കെ ചട്ടങ്ങളുടെയും നടപടിക്രമങ്ങളുടെയും കണ്ണട മാറ്റിവച്ച് ചെയ്യേണ്ടിവരും. ഇങ്ങനെ ചെയ്യുമ്പോൾ കൂടുതൽ ജാഗ്രത വേണ്ടിവരും. അഴിമതിയുടെയും സ്വജന പക്ഷപാതത്തിന്റെയും സാധ്യതകൾ അടയ്ക്കണം. സ്വയം നവീകരിച്ചുതന്നെ ഓരോരുത്തരും പ്രവർത്തിക്കേണ്ടിവരും.വാർഡ് മെമ്പറുടെ ഉത്തരവാദിത്തവും ഇക്കാര്യത്തിൽ ഏറെയാണ്. കെടുതി ബാധിച്ചവരെയും അല്ലാത്തവരെയും കൃത്യമായി തിരിച്ചറിയാനാകുക അവർക്കാണ്.

ആനുകൂല്യങ്ങൾ അനർഹരുടെ കൈയിലെത്താതിരിക്കാൻ ഏറ്റവും കരുതൽ വേണ്ടതും  അവർക്കാണ്. ഏറ്റവും അർഹരായവർക്ക് കൂടുതൽ പരിഗണന കിട്ടാനും അവർ ശ്രദ്ധിക്കേണ്ടിവരും. ഇതിൽ മറ്റൊരു പരിഗണനയും വരികയുമരുത്. ഏത് രാഷ്ട്രീയ പാർടിയുടെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടു എന്നത് ഈ ഉത്തരവാദിത്തം നിർവഹിക്കുന്നതിന‌് തടസ്സമാകരുത്. ആരും മാറിനിൽക്കരുത്; ആരെയും മാറ്റിനിർത്തുകയുമരുത്. ഈ സമയത്തെ ശരിയായ രാഷ്ട്രീയപ്രവർത്തനം അതുതന്നെയാണ്.

ജനകീയാസൂത്രണത്തിലൂടെ ആസൂത്രണത്തിലും പദ്ധതിനടത്തിപ്പിലും പുതുമാതൃകകൾ തീർത്ത കേരളത്തിലെ തദ്ദേശസമിതികൾക്ക് ഈ വെല്ലുവിളിയും നേരിടാനാകും എന്ന് നമുക്ക് ഉറപ്പിക്കാം. അവർക്കൊപ്പം കേരള ജനതയാകെയുണ്ടാകും; സംസ്ഥാന സർക്കാരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top