26 April Friday

തദ്ദേശഭരണത്തിന്റെ കഴുത്ത് ഞെരിക്കരുത്

വെബ് ഡെസ്‌ക്‌Updated: Thursday Apr 26, 2018


പ്രാദേശിക സർക്കാരുകളെ അപ്രസക്തമാക്കുന്ന കേന്ദ്രനിലപാടിനെതിരായ ശക്തമായ ചെറുത്തുനിൽപ്പിന് കേരളം മുന്നിട്ടിറങ്ങുകയാണ്. രാജ്യത്ത് പഞ്ചായത്തീരാജ് സംവിധാനം നടപ്പാക്കിയതിന്റെ രജതജൂബിലിയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാറിലാണ് കേന്ദ്ര ബിജെപി സർക്കാരിന്റെ നിഷേധാത്മക നിലപാടിനെതിരെ ദേശീയാടിസ്ഥാനത്തിൽ പോരാട്ടം ശക്തമാക്കാൻ തീരുമാനമെടുത്തത്. ഭരണഘടനാപരമായി തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് അർഹതപ്പെട്ട ഫണ്ട് നിഷേധിച്ച് അവയെ സംസ്ഥാന സർക്കാരുകൾക്കു മുന്നിൽ കൈനീട്ടുന്ന നിലയിലേക്ക് അധഃപതിപ്പിച്ചിരിക്കുകയാണ് കേന്ദ്രം. നിലവിലുള്ള പദ്ധതികളുടെ പേര് മാറ്റി തങ്ങളുടേതാക്കി അവതരിപ്പിക്കുന്നതല്ലാതെ ഫലപ്രദമായ വിഭവ വിതരണത്തിനോ വികേന്ദ്രീകൃത ആസൂത്രണത്തിനോ കേന്ദ്രം തയ്യാറാകുന്നില്ല. മോഡിയുടെ നാലുവർഷത്തെ ഭരണത്തിൽ കേന്ദ്രാവിഷ്കൃത തൊഴിലുറപ്പ് പദ്ധതി, പിന്നോക്കപ്രദേശ സഹായപദ്ധതി തുടങ്ങിയവയ്ക്ക് അനുവദിക്കുന്ന ഫണ്ടിൽ വന്ന തകർച്ച ആസൂത്രിതമാണെന്ന്  മനസ്സിലാക്കാൻ പ്രയാസമില്ല.

രാജ്യത്തിന്റെ പിന്നോക്കാവസ്ഥയ്ക്കു കാരണം ബിഹാർ, ഉത്തർപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളാണെന്ന നിതി ആയോഗ് സിഇഒ അമിതാഭ് കാന്തിന്റെ പ്രതികരണം ഈ സാഹചര്യത്തിൽ ഗൗരവപൂർവം പരിശോധിക്കപ്പെടേണ്ടതാണ്. തദ്ദേശസ്ഥാപനങ്ങൾവഴി ദാരിദ്ര്യനിർമാർജന, സാമൂഹ്യ സുരക്ഷാപദ്ധതികൾ നടപ്പാക്കുന്നതിൽ കേന്ദ്രവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും കാണിക്കുന്ന അലംഭാവമാണ് ഇതിൽ തെളിയുന്നത്. ജീവിതഗുണമേന്മാ സൂചകങ്ങളെല്ലാം താഴ്ന്നനിലയിലുള്ള ഈ സംസ്ഥാനങ്ങളെല്ലാം ബിജെപി ഭരിക്കുന്നവയാണ്്. 188 രാജ്യമുൾപ്പെടുന്ന മാനവ വികസന സൂചിക പട്ടികയിൽ 131‐ാം സ്ഥാനത്താണ് ഇന്ത്യ. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ ഇന്ത്യ ഏറെ പിന്നിലാണ്. വിദ്യാഭ്യാസനിലവാരം വളരെ മോശം. ശിശുമരണനിരക്ക് ഉയർച്ചയിൽ. തീരുമാനങ്ങളെടുക്കുന്നതിൽ സ്ത്രീകളുടെ പങ്കാളിത്തവും കുറവ്. ഇത്തരം സൂചികകളിൽ പുരോഗതി കൈവരിക്കാതെ രാജ്യത്തിന് സ്ഥിരതയുള്ള വളർച്ച നേടാനാകില്ല. ഇതെല്ലാം വിരൽചൂണ്ടുന്നത് തദ്ദേശഭരണ സ്ഥാപനങ്ങളുടെ ദുർബലാവസ്ഥയും. അധികാര കേന്ദ്രീകരണത്തിന്റെ വക്താക്കളായ ബിജെപിക്ക് രുചിക്കുന്നതല്ല മേൽപറഞ്ഞ കാര്യങ്ങൾ. തദ്ദേശഭരണസ്ഥാപനങ്ങളെ തങ്ങളുടെ വരുതിയിലാക്കുകയോ വന്ധ്യംകരിക്കുകയോ ചെയ്യുകയെന്ന കേന്ദ്ര അജൻഡയുടെ പശ്ചാത്തലമിതാണ്.

എഴുപത്തിമൂന്നാം ഭരണഘടനാ ഭേദഗതിയുടെ അടിസ്ഥാനത്തിലുള്ള പ്രാദേശിക ഭരണസംവിധാനം ഏറ്റവും ഫലപ്രദമായി നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. ത്രിതല പഞ്ചായത്ത് ഭരണവും നഗരസഭകളുംവഴി നടപ്പാക്കിവരുന്ന എണ്ണമറ്റ ജനകീയ പദ്ധതികളിലൂടെ ഗ്രാമസ്വരാജിന്റെ അർഥവ്യാപ്തിക്ക് കേരളം അടിവരയിടുന്നു. ഇടതുപക്ഷ സർക്കാരുകളുടെ നേതൃത്വത്തിൽ നടപ്പാക്കിയ ജനകീയാസൂത്രണത്തിലൂടെ ജനങ്ങൾക്ക് ഭരണത്തിലുള്ള പങ്കാളിത്തം ഉറപ്പാക്കി. അധികാരവും സമ്പത്തും താഴേത്തട്ടിൽ എത്തിക്കുകയെന്ന സ്വപ്നം ഇവിടെ യാഥാർഥ്യമായിരിക്കുന്നു. ഇന്ന് ആരോഗ്യം, വിദ്യാഭ്യാസം, ശുചീകരണം, കുടിവെള്ളം വിഷരഹിത കൃഷി,  ഭവനനിർമാണം, സാമൂഹ്യസുരക്ഷാ പദ്ധതികൾ തുടങ്ങിയവയെല്ലാം പ്രാദേശിക സർക്കാരുകൾവഴിയാണ് നടപ്പാക്കുന്നത്.

അധികാര വികേന്ദ്രീകരണം നിലനിർത്താനും ശക്തിപ്പെടുത്താനും ദേശീയാടിസ്ഥാനത്തിൽ പോരാട്ടം ശക്തമാക്കാനാണ് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) സംഘടിപ്പിച്ച സെമിനാർ പരിപാടികൾ ആവിഷ്കരിച്ചത്. രാജ്യത്തെ പഞ്ചായത്തീരാജ് സംവിധാനത്തെ ആസൂത്രിതമായി തകർക്കുന്ന നയങ്ങളാണ് കേന്ദ്രം നടപ്പാക്കുന്നതെന്ന് സെമിനാർ വിലയിരുത്തി. ദേശീയതലത്തിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികളെ പങ്കെടുപ്പിച്ച് ശക്തമായ പ്രക്ഷോഭത്തിന് കേരളം നേതൃത്വം നൽകും. കേരളംപോലുള്ള സംസ്ഥാനങ്ങൾ വിഭവങ്ങളും അധികാരങ്ങളും പകുതിയോളം പ്രാദേശിക സർക്കാരുകൾക്ക് നൽകുമ്പോൾ കേന്ദ്രം മുഖംതിരിച്ചുനിൽക്കുകയാണ്. കേന്ദ്രസർക്കാരിന്റെ ഒരു അധികാരവും ഫണ്ടും താഴേക്ക് നൽകാൻ തയ്യാറാകുന്നില്ല. അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായ ഉദ്യോഗസ്ഥ പുനർവിന്യാസത്തിലും രാജ്യത്ത് കാര്യമായ മാറ്റം ഉണ്ടാകുന്നില്ല.

വ്യത്യസ്തമായ അനുഭവം നിലനിൽക്കുന്ന കേരളത്തിൽ അധികാര വികേന്ദ്രീകരണ പ്രക്രിയക്കും പ്രാദേശിക ഭരണസംവിധാനത്തിനും സമഗ്രവികസനത്തിനും പുതിയ കുതിപ്പേകിയ ജനകീയാസൂത്രണത്തിന് 21 വയസ്സ് പിന്നിട്ടിരിക്കുകയാണ്. 1996 ആഗസ്ത് 17 ചിങ്ങം ഒന്നിന് ഇ എം എസ് നമ്പൂതിരിപ്പാട് ഉദ്ഘാടനംചെയ്ത ജനകീയാസൂത്രണ പ്രസ്ഥാനം ഇപ്പോൾ രണ്ടാംഘട്ടത്തിലാണ്. പിണറായി സർക്കാർ ആവിഷ്കരിച്ച നവകേരള മിഷന്റെ ഭാഗമായുള്ള ഹരിത കേരളം, ആർദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവയെല്ലാം സംയോജിപ്പിച്ചുകൊണ്ടുള്ള സമഗ്ര വികസനദൗത്യമാണ് രണ്ടാംഘട്ടം ജനകീയാസൂത്രണം ഏറ്റെടുത്തിട്ടുള്ളത്. ഇതിന്റെ നേതൃപരമായ പങ്കാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഹിക്കുന്നത്. ഈ ഘട്ടത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളെ ദുർബലപ്പെടുത്താനുള്ള നീക്കം എന്ത് വിലകൊടുത്തും തടയാൻ കേരളം പ്രതിജ്ഞാബദ്ധമാണ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top