26 April Friday

വികസനത്തിന്‌ ലഭിച്ച അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022


സംസ്ഥാനത്തെ 12 ജില്ലകളിലായി  42 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ അനിഷേധ്യമായ വിധത്തിൽ ജനപിന്തുണ വർധിപ്പിച്ചിരിക്കുന്നു. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വികസന–-ജനക്ഷേമ പ്രവർത്തനങ്ങൾക്ക്‌ ജനങ്ങൾ നൽകിയ അംഗീകാരമാണ്‌ ഈ ജനവിധി. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇവയിൽ 20 സീറ്റുണ്ടായിരുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി അത്‌ 24 ആയി ഉയർത്തി. 16 സീറ്റുണ്ടായിരുന്ന യുഡിഎഫിന്‌ 12 സീറ്റായി കുറഞ്ഞു. ആറ്‌ സീറ്റുണ്ടായിരുന്ന ബിജെപിക്കും ചില സീറ്റ്‌ നഷ്ടപ്പെട്ടു. എങ്കിലും തൃപ്പൂണിത്തുറയിൽ കോൺഗ്രസ്‌  വൻതോതിൽ വോട്ട്‌ മറിച്ചതിനാൽ രണ്ട്‌ സീറ്റ്‌ ലഭിച്ച ബിജെപിക്ക്‌ മൊത്തത്തിൽ മുമ്പുണ്ടായിരുന്നതുപോലെ ആറ്‌ സീറ്റുണ്ട്‌.  രണ്ട്‌ കോർപറേഷൻ, ഏഴ്‌ മുനിസിപ്പാലിറ്റി, രണ്ട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌, 31 പഞ്ചായത്ത്‌ വാർഡിലേക്കാണ്‌ ചൊവ്വാഴ്‌ച ഉപതെരഞ്ഞെടുപ്പ്‌ നടന്നത്‌.

സംസ്ഥാനം ഉറ്റുനോക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പ്‌ തൃക്കാക്കരയിൽ നടക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ്‌ തദ്ദേശ ഉപതെരഞ്ഞെടുപ്പുകൾ നടന്നത്‌. സ്വാഭാവികമായും അവയുടെ ഫലം തൃക്കാക്കരയിൽ ജനവികാരം എന്തായിരിക്കുമെന്നതിന്റെ സൂചനയാണ്‌. ഇത്‌ മുൻകൂട്ടി മനസ്സിലാക്കിയുള്ള ബേജാറിലാണ്‌ എൽഡിഎഫിനും വിശേഷിച്ച്‌ മുഖ്യമന്ത്രിക്കുമെതിരെ കെപിസിസി പ്രസിഡന്റുതന്നെ സമനില തെറ്റിയമട്ടിൽ വിദ്വേഷപ്രചാരണം നടത്തുന്നത്‌. ഇതുവഴി എൽഡിഎഫ്‌ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിൽ അസ്വസ്ഥരായ സകല വലതുപക്ഷ പിന്തിരിപ്പന്മാരുടെയും വോട്ട്‌ ഒരിടത്ത്‌ കേന്ദ്രീകരിക്കുന്നതിനുള്ള കച്ചവടങ്ങൾക്ക്‌ അന്തരീക്ഷമൊരുക്കുകയാണ്‌ ലക്ഷ്യം. ഇത്തരം കച്ചവടങ്ങൾ വ്യക്തമാക്കുന്ന തെളിവുകൾ തദ്ദേശ ഉപതെരഞ്ഞെടുപ്പുഫലങ്ങളിൽ വേണ്ടത്രയുണ്ട്‌. എൽഡിഎഫിന് കഴിഞ്ഞ തവണത്തെക്കാൾ സീറ്റ് മാത്രമല്ല വോട്ടും വർധിച്ചിട്ടുണ്ട്. എൽഡിഎഫ് പരാജയപ്പെട്ടിടത്തുപോലും വോട്ടിൽ വൻ വർധനയുണ്ടായിട്ടുണ്ട്. മാത്രമല്ല താരതമ്യേന യുഡിഎഫിന്‌ മേൽക്കൈയുണ്ടായിരുന്ന മലപ്പുറം, പാലക്കാട്‌, ഇടുക്കി ജില്ലകളിലും എൽഡിഎഫ്‌ നല്ല മുന്നേറ്റമുണ്ടാക്കി. പാലക്കാട്‌ ബിജെപിയുടെ സീറ്റാണ്‌ എൽഡിഎഫ്‌ പിടിച്ചത്‌. യുഡിഎഫ്‌–-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിനെ ജനം എതിർക്കുന്നു എന്നതിന്റെ കൃത്യമായ സൂചനയാണിത്‌.

തൃക്കാക്കരയുടെ അയൽമണ്ഡലമായ തൃപ്പൂണിത്തുറയിലെ ഒരു നഗരസഭാ വാർഡിൽ യുഡിഎഫിന്റെ വോട്ട്‌ പകുതിയിൽ താഴെയായി കുറഞ്ഞത്‌ എൽഡിഎഫിനെ തോൽപ്പിക്കാൻ  യുഡിഎഫ്‌ എന്തുംചെയ്യുമെന്ന്‌ ഒരിക്കൽക്കൂടി വ്യക്തമാക്കുന്നതാണ്‌. തൃപ്പൂണിത്തുറയിൽ തന്നെ മറ്റൊരു വാർഡിലും ബിജെപി ജയിച്ചത്‌ കോൺഗ്രസ്‌ സഹായത്തോടെയാണെന്ന്‌ വ്യക്തമാക്കുന്നതാണ്‌ വോട്ടുകണക്കുകൾ. എൽഡിഎഫിനെതിരെ  കോൺഗ്രസിന്‌ സാധ്യതയുള്ളിടത്ത്‌ തങ്ങളുടെ വോട്ട്‌ മറിച്ച്‌ ബിജെപിയും പ്രത്യുപകാരം ചെയ്‌തിട്ടുണ്ട്‌. കണ്ണൂർ മുഴുപ്പിലങ്ങാട്‌ പഞ്ചായത്തിലെ തെക്കേ കുന്നുംപുറം വാർഡിൽ ബിജെപി കോൺഗ്രസിനാണ്‌ വോട്ട്‌ മറിച്ചത്‌. സിൽവർ ലൈൻ പദ്ധതിക്കെതിരെ ബിജെപി–-കോൺഗ്രസ്‌ നേതൃത്വത്തിൽ മഴവിൽസഖ്യം കഴിഞ്ഞയാഴ്‌ച കുഴപ്പമുണ്ടാക്കാൻ ശ്രമിച്ച മേഖലയിലെ വാർഡിൽ എൽഡിഎഫിന്‌ കഴിഞ്ഞ തവണത്തേക്കാൾ എഴുപതിൽപ്പരം വോട്ട്‌ കൂടി. ബിജെപിക്ക്‌ 141 വോട്ടുണ്ടായിരുന്ന ഇവിടെ ഇത്തവണ അവർക്ക്‌ ലഭിച്ചത്‌ 36 വോട്ട്‌.

ഇത്തരം കച്ചവടംകൊണ്ടൊന്നും എൽഡിഎഫിന്റെ വർധിക്കുന്ന ജനപിന്തുണയെ നേരിടാൻ വലതുപക്ഷത്തിന്‌ കഴിയില്ലെന്ന്‌ വ്യക്തമാക്കുന്നതാണ്‌ പുതിയ തദ്ദേശഫലങ്ങൾ. കണ്ണൂരിൽ ഉപതെരഞ്ഞെടുപ്പ്‌ നടന്ന അഞ്ചിൽ മൂന്ന്‌ വാർഡും എൽഡിഎഫിനാണ്‌. പയ്യന്നൂർ നഗരസഭ ഒമ്പതാം വാർഡിലെ വിജയം വലത്‌ രാഷ്‌ട്രീയ–-മാധ്യമ നുണപ്രചാരണങ്ങൾക്ക്‌ കനത്ത പ്രഹരമായി. തെരഞ്ഞെടുപ്പുപ്രചാരണത്തിന്റെ മൂർധന്യത്തിലാണ്‌ പയ്യന്നൂരിലെ സിപിഐ എം നേതാക്കൾക്കെതിരെ സംസ്ഥാനതലത്തിൽത്തന്നെ നുണപ്രചാരണമുണ്ടായത്‌. ഫലം വന്നപ്പോൾ യുഡിഎഫ്‌, ബിജെപി സ്ഥാനാർഥികൾക്ക്‌ കെട്ടിവച്ച കാശുപോലും നഷ്ടപ്പെട്ടു. 2020ൽ 644 വോട്ടായിരുന്ന ഭൂരിപക്ഷം ഇത്തവണ 828 വോട്ടായി ഉയർത്തി വൻമുന്നേറ്റം നടത്താൻ എൽഡിഎഫിനായി. ഇടതുപക്ഷത്തിനെതിരായ നുണപ്രചാരണങ്ങൾ ജനങ്ങൾ അവജ്ഞയോടെ തള്ളി. തൃശൂരിലെ തൃക്കൂർ ആലങ്ങോട്‌ വാർഡിൽ കോൺഗ്രസ്‌ ഗ്രൂപ്പുവഴക്കുമൂലം ജനപ്രതിനിധി രാജിവച്ച സീറ്റ്‌ 288 വോട്ട്‌ ഭൂരിപക്ഷത്തോടെയാണ്‌ എൽഡിഎഫ്‌ പിടിച്ചെടുത്തത്‌. കൊല്ലത്ത്‌ തെരഞ്ഞെടുപ്പുനടന്ന ആറിൽ അഞ്ച്‌ വാർഡിലും എൽഡിഎഫിനാണ്‌ വിജയം. മൂന്ന്‌ വാർഡ്‌ കോൺഗ്രസ്‌, ബിജെപി പാർടികളിൽനിന്ന്‌ പിടിച്ചെടുക്കുകയായിരുന്നു.

ആത്മാർഥതയുള്ള സ്വന്തം അണികളെപ്പോലും വഞ്ചിച്ച്‌ അണിയറയിൽ വോട്ടുകച്ചവടം നടത്തുന്ന കോൺഗ്രസ്‌, ബിജെപി നേതൃത്വങ്ങളെ ജനങ്ങൾ തിരസ്‌കരിക്കുന്നതാണ്‌ വാർഡുകളിൽ കണ്ടത്‌. വികസനത്തിനുവേണ്ടി നിലകൊള്ളുന്ന എൽഡിഎഫ്‌ സർക്കാരിനൊപ്പമാണ്‌ തങ്ങളെന്നാണ്‌ ജനങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്‌. ഈ ദിശയിൽത്തന്നെയുള്ള മാറ്റത്തിനാണ്‌ തൃക്കാക്കരയും ഒരുങ്ങുന്നത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top