25 May Saturday

ലിസ്‌ ട്രസിന്റെ രാജി നൽകുന്ന സൂചന

വെബ് ഡെസ്‌ക്‌Updated: Saturday Oct 22, 2022


പദവിയിൽ ഒന്നരമാസം തികയ്‌ക്കുംമുമ്പ്‌ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ്‍ ട്രസിന്‌ രാജിവച്ച്‌ ഒഴിയേണ്ടിവന്നു. പാർടി ഏൽപ്പിച്ച ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചില്ലെന്നാണ്‌ പിന്മാറ്റത്തിനുശേഷം അവർ മാധ്യമങ്ങളോട്‌ പറഞ്ഞത്. കോവിഡിന്റെ മുറിവുകൾ, വിലക്കയറ്റം, പണപ്പെരുപ്പം, തൊഴിലാളിപ്രക്ഷോഭം തുടങ്ങിയ പ്രശ്‌നങ്ങൾ ആ രാജ്യത്തിന്റെ രാഷ്ട്രീയത്തിലും ഭരണത്തിലും സൃഷ്‌ടിച്ച രൂക്ഷപ്രതിസന്ധിയാണ് രാജിയിലെത്തിയത്. ചരിത്രത്തിൽ ഏറ്റവും ഹ്രസ്വകാലയളവ്‌ പദവി വഹിച്ച പ്രധാനമന്ത്രിയെന്ന നാണക്കേടുമായാണ്‌ ആ മടക്കം. സ്ഥാനമേറ്റയുടൻ അവർ അവതരിപ്പിച്ച സാമ്പത്തിക പാക്കേജിനും മിനിബജറ്റിനുമെതിരെ  വലിയ  വിമർശമായിരുന്നു. പണപ്പെരുപ്പം കുതിച്ചുയർന്നത്‌ സംഗതികൾ വീണ്ടും വഷളാക്കി.  ഇത്തരം പ്രതിസന്ധികളെ പ്രതിപക്ഷത്തിനൊപ്പം കൺസർവേറ്റീവ്  പാർടിയിലെയും മന്ത്രിസഭയിലെയും പല പ്രമുഖരും തുറന്നെതിർത്തു. ധനമന്ത്രി ക്വാസി ക്വാർട്ടെങ്ങും  ഇന്ത്യൻ വംശജയായ ആഭ്യന്തരമന്ത്രി  സ്യൂയെല്ല ബ്രേവർമാനും ചീഫ് വിപ്പ് വെൻഡി മോർട്ടനും രാജിവച്ചു.  ആവർത്തിച്ച രാജികളും വിവാദങ്ങളും സാമ്പത്തികപ്രതിസന്ധിയും സർക്കാരിനെ കുറെ നാളുകളായി ഉലയ്ക്കുകയാണ്.  ബ്രേവർമാൻ പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശം  ഉയർത്തി. അവരുടെ രാജി പ്രഖ്യാപനത്തിന്‌  തൊട്ടുമുമ്പ്‌ ഹൗസ് ഓഫ് കോമൺസിൽ ഒന്നര മണിക്കൂറിലധികം വാക്പോരും  കൈയാങ്കളിയോടടുത്ത ബഹളവുമാണ്‌ നടന്നത്‌. സ്ഥാനമൊഴിഞ്ഞ ബ്രേവർമാൻ,  ഇറങ്ങിപ്പോകുംവഴി, പ്രധാനമന്ത്രിക്കുനേരെ തെരഞ്ഞെടുപ്പ്‌ പ്രകടനപത്രികയിലെ  വാഗ്ദാനങ്ങളോട്‌ തരിമ്പും നീതിപുലർത്തിയില്ല എന്നതുൾപ്പെടെ ഗുരുതര ആക്ഷേപങ്ങൾ നിരത്തി.

കോവിഡ് ഏറെ താറുമാറാക്കിയ സമ്പദ്‌വ്യവസ്ഥകളി*ലൊന്നാണ് ബ്രിട്ടന്റേത്‌. യൂറോപ്പിലെ ഏറ്റവും ഉയർന്ന മരണനിരക്കാണ്‌ ഉണ്ടായതും.  മൂന്നു നൂറ്റാണ്ട്‌ ചരിത്രത്തിലെ ഏറ്റവും ഭീമമായ വളർച്ചാ പ്രതിസന്ധിയാണ് നേരിടുന്നതെന്ന ഓഫീസ് ഓഫ് നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സിന്റെ  കണക്കുകൾ അമ്പരപ്പിക്കുന്നതാണ്. നാണയപ്പെരുപ്പം നാലു പതിറ്റാണ്ടിനിടെ ഏറ്റവും ഉയർന്ന നിരക്കായ 10.1  ശതമാനമായി. ഏഴ് വൻ വികസിത സമ്പദ്‌വ്യവസ്ഥയുടെ ഗ്രൂപ്പിലെ ഏറ്റവും മോശം പ്രകടനം. ഗതാഗതമേഖലയിലടക്കം തൊഴിലാളികൾ തുടർച്ചയായ സമരങ്ങളിലാണ്‌.  വ്യാപാരസ്ഥാപനങ്ങളുടെ അടച്ചിടലും വിനോദസഞ്ചാരം, വ്യവസായം, ചെറുകിടരംഗം തുടങ്ങിയ മേഖലകൾ നേരിട്ട ക്ഷീണവും മാന്ദ്യത്തിലേക്ക് തള്ളിവിട്ടു.

പ്രഖ്യാപിതനയങ്ങളിൽനിന്ന് ലിസ് വ്യതിചലിച്ചുവെന്ന വിമർശമുയർത്തി മന്ത്രിസഭ രാജിവയ്‌ക്കണമെന്ന ആവശ്യം പ്രതിപക്ഷം തുടർച്ചയായി ഉയർത്തുകയുണ്ടായി. സർക്കാരിനെതിരെ മുതിർന്ന  ഭരണപക്ഷ അംഗങ്ങളും പ്രതികരിക്കാൻ മടിച്ചില്ല. തോറ്റ്‌ പിന്മാറില്ലെന്നും താനൊരു  പോരാളിയെന്നുമായിരുന്നു ആദ്യ ഘട്ടത്തിൽ വഴങ്ങാതിരുന്ന ലിസിന്റെ മറുപടി.  വിമർശവും പ്രതിഷേധവും ശക്തമായതോടെ പിടിച്ചുനിൽക്കാനായില്ല. പുതിയ നേതൃത്വം വരുംവരെ സ്ഥാനത്ത് തുടരുമെന്ന് ലിസ് പ്രതികരിച്ചു. അവരുടെ രാജിയോടെ പുതിയ പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജൻ റിഷി സുനകിന്‌  സാധ്യതയേറുകയാണെന്നാണ്‌ വാർത്തകൾ.  മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ വീണ്ടും മത്സരത്തിനിറങ്ങുമെന്നും പറയപ്പെടുന്നു. എന്നാൽ, അദ്ദേഹം നയം വ്യക്തമാക്കിയിട്ടില്ല.

കുരുക്കഴിക്കുംതോറും മുറുകിയ സാമ്പത്തികപ്രതിസന്ധിയുടെ ആഴം തിരിച്ചറിയാനാകാതെ നടപ്പാക്കിയ അശാസ്‌ത്രീയ പരിഷ്‌കാരങ്ങളാണ്‌ ലിസ്‌ ട്രസിന്റെ പതനം അതിവേഗമാക്കിയത്‌. നികുതി കുറയ്‌ക്കുമെന്ന വാഗ്‌ദാനമാണ്‌ അവരെ അധികാരത്തിലേറ്റിയതെങ്കിൽ അതേ പ്രഖ്യാപനം വിനയായി. വൻകിട കമ്പനികൾക്കുള്ള നികുതി മുൻ സർക്കാർ 19 ശതമാനത്തിൽനിന്ന് 25 ശതമാനമാക്കി ഉയർത്തിയിരുന്നു. ലിസ്‌ അത് മരവിപ്പിച്ച് വീണ്ടും 19 ശതമാനമാക്കി. അതോടെ പൗണ്ടിന്റെ മൂല്യം  കുത്തനെ ഇടിഞ്ഞ്‌ വൻ തകർച്ചയ്‌ക്ക്‌ വഴിവച്ചു. വൻകിടക്കാർക്ക്‌ നൽകിയ നികുതിയിളവ് തിരിച്ചടിയായെന്ന്‌ പിന്നീട്‌ അവർക്ക്‌  സമ്മതിക്കേണ്ടിയുംവന്നു. ഭൂരിപക്ഷം ജനങ്ങളുടെ താൽപ്പര്യങ്ങൾ  മുഖവിലയ്‌ക്കെടുക്കാതെ സമ്പന്നാനുകൂല നയങ്ങൾ പിന്തുടരുന്ന എല്ലാ ഭരണാധികാരികൾക്കുമുള്ള മുന്നറിയിപ്പുകൂടിയാണ്‌ ലിസ്‌ ട്രസിന്റെ അനിവാര്യമായ രാജി; ഒപ്പം ഉദാരവൽക്കരണ ഭ്രമത്തിനേറ്റ തിരിച്ചടിയും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top