25 April Thursday

മദ്യനയവും യുഡിഎഫിന്റെ നിഴൽയുദ്ധവും

വെബ് ഡെസ്‌ക്‌Updated: Tuesday Mar 20, 2018


യുഡിഎഫിന്റെ ജാള്യം സ്വാഭാവികമാണ്. എൽഡിഎഫ് വരുന്നതോടെ കേരളം മദ്യസമുദ്രമാകും എന്നത് അവരുടെ തെരഞ്ഞെടുപ്പ് വെളിപാടായിരുന്നു. ഗൂഢാലോചനകളും രഹസ്യധാരണയും ഒക്കെയായി നിഗൂഢമായ ഒരു മദ്യനയവുമായി എൽഡിഎഫ് വരുന്നു എന്നായിരുന്നു പ്രചാരണം. ഒന്നുമുണ്ടായില്ല. സുതാര്യമായ മദ്യനയത്തിലൂടെ ജനങ്ങളുടെ വിശ്വാസം ആർജിച്ച് സർക്കാർ മുന്നോട്ടുപോകുന്നു. രണ്ടു സാമ്പത്തികവർഷം പിന്നിടുകയാണ്. രണ്ടുതവണയും പ്രഖ്യാപിച്ച അബ്കാരിനയവും ജനങ്ങൾക്കുമുന്നിലുണ്ട്. മദ്യ ഉപയോഗവും ലഹരി ഉപയോഗവും കുറയ്ക്കുന്നതിനും ലഹരിക്കും മദ്യത്തിനും അടിപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്കുമായിരുന്നു നയത്തിലെ ഊന്നൽ. ലോകത്ത് ഒരിടത്തും വിജയിച്ചിട്ടില്ലാത്ത മദ്യനിരോധനം നടപ്പാക്കാൻ എൽഡിഎഫ് ഉദ്ദേശിക്കുന്നില്ല. മദ്യവർജനം എന്ന നയവുമായി മുന്നോട്ടുപോകും. അതിനായി ബോധവൽക്കരണം തുടരും.

ഇത് യുഡിഎഫിന് സഹിക്കാവുന്നതല്ല. നുണക്കുറ്റികളിൽ അവർ കെട്ടി ഉയർത്തിയ അപവാദക്കോട്ടയാണ് പൊളിയുന്നത്. അവർ വാളെടുക്കും. പുകമറകൾ സൃഷ്ടിക്കും. ഇല്ലാത്ത ശത്രുവിനോട് വല്ലാത്ത യുദ്ധം നടത്തുന്നതായി നടിക്കും. ഈ മദ്യനയത്തെചൊല്ലി നിയമസഭയിൽ കണ്ടതും ഈ വേഷംകെട്ടൽ. ചെങ്ങന്നൂരിൽ ഒരു തെരഞ്ഞെടുപ്പിനുകൂടി കാഹളം ഉയർന്നതോടെ ഈ നാടകമാടൽ ആവർത്തിക്കുകയുംചെയ്യും.

ഇപ്പോൾ മദ്യശാലകളുടെ കാര്യത്തിൽ സംഭവിച്ചതൊക്കെ നിയമനടപടികളാണ്. അതിൽ സർക്കാരിന് കാര്യമായൊന്നും ചെയ്യാനില്ല. കോടതികൾ അടച്ചുപൂട്ടാൻ പറഞ്ഞപ്പോൾ അടച്ചുപൂട്ടിയ ശാലകൾ ചിലത് തുറക്കാൻ കോടതി പറഞ്ഞിട്ടുണ്ട്. അതു തുറക്കുന്നു. അത്രമാത്രം.

ആ കേസ് വന്നവഴിയും ജനങ്ങൾക്ക് അറിയാവുന്നതുതന്നെ. പാതയോരങ്ങളിലുള്ള എല്ലാ മദ്യശാലകളും മാറ്റണമെന്ന് സുപ്രീകോടതിവിധി വന്നു.  ഈ സമയത്ത് പാതകൾ പുനർനിശ്ചയിച്ചും പേരുമാറ്റിയും വിധി മറികടക്കാൻ പല സംസ്ഥാനങ്ങളും ശ്രമിച്ചു. കേരളം ആ വഴിക്കൊന്നും പോയില്ല. വിധി മാനിച്ചു. നിരവധി കള്ളുഷാപ്പുകളടക്കം അടച്ചുപൂട്ടി. പിന്നീട് രണ്ട് ഘട്ടങ്ങളിലായി സുപ്രീകോടതിയിൽനിന്ന് പുതിയ വിധികൾ വന്നു.

കോർപറേഷനകത്തും മുനിസിപ്പിലിറ്റിയിലുമുള്ള മദ്യശാലകൾ പ്രവർത്തിക്കുന്നതിന് ദേശീയപാതയുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ദൂരപരിധി ആദ്യം ഒഴിവാക്കി. അപ്പോൾ ഈ വിധിയുടെ ഭാഗമായി, അടച്ചിട്ടിരുന്ന മദ്യശാലകൾ തുറക്കുന്നതിന് സർക്കാർ അനുവാദം നൽകി.

അപ്പോഴും പഞ്ചായത്തുമായി ബന്ധപ്പെട്ട വിലക്ക് നിലനിന്നു. ഈ കേസ് പരിഗണിക്കുമ്പോൾ, കേരളം നഗര‐ഗ്രാമ വ്യത്യാസമില്ലാത്ത സംസ്ഥാനമാണെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു. ഇത് പാതകമായിപ്പോയി എന്നതാണ് യുഡിഎഫ് വാദം. ഇത് എൽഡിഎഫ് സർക്കാരിന്റെ കണ്ടെത്തലല്ല; ആധികാരിക സാമൂഹ്യ‐സാമ്പത്തിക പഠനങ്ങളെല്ലാം അടിവരയിടുന്ന വസ്തുതയാണ്. ഏത് സാമൂഹ്യസാമ്പത്തിക സൂചകങ്ങൾ പരിശോധിച്ചാലും കേരളം അങ്ങനെയാണ്. പാറശാലമുതൽ മഞ്ചേശ്വരംവരെ ദേശീയ/സംസ്ഥാന പാതകളിലൂടെ സഞ്ചരിച്ചാൽ ആർക്കും നഗരം, ഗ്രാമം എന്ന വേർതിരിവ് കാണാൻ കഴിയില്ലെന്നതും വസ്തുത. ദേശീയ സംസ്ഥാന പാതയോരങ്ങൾ സംസ്ഥാനത്തുടനീളം ഏകരൂപസ്വഭാവത്തിൽ നഗരത്തിന്റെ സ്വഭാവമുള്ളവയാണ്. ഇക്കാര്യം സർക്കാർ സുപ്രീംകോടതിയിൽ പറഞ്ഞിട്ടുണ്ട്. തുടർന്ന് നഗരസ്വഭാവമുള്ള പഞ്ചായത്തുകളെ നിശ്ചയിച്ച് തുടർനടപടികൾ സ്വീകരിക്കാൻ സർക്കാരിന് കോടതി അധികാരം നൽകി.

ഇതനുസരിച്ച് പതിനായിരത്തിലധികം ജനസംഖ്യയുള്ള പഞ്ചായത്തുകളെ നഗരസ്വഭാവമുള്ളവയായി കണക്കിലെടുക്കാനും വിനോദസഞ്ചാരമേഖലകളായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളുടെ അടിസ്ഥാനസൗകര്യങ്ങളും വികസനത്തിന്റെ കാര്യത്തിൽ നഗരങ്ങൾക്ക് സമാനമായവയായി കണക്കാക്കാനും ഉത്തരവിട്ടിട്ടുണ്ട്. ഈ ഉത്തരവ് പുതിയ മദ്യശാലകൾക്കൊന്നും അനുമതി നൽകുന്നതല്ല.

നേരത്തെ, കോടതിയുടെ ഉത്തരവ് പ്രകാരം പഞ്ചായത്ത് മേഖലയിൽ എൽഡിഎഫ് സർക്കാർ അടച്ചുപൂട്ടിയ മദ്യശാലകൾക്ക് ഈ ഉത്തരവ് പ്രകാരം ലൈസൻസിന് അപേക്ഷിക്കാം. എക്സൈസ് കമീഷണർ അവ പരിഗണിച്ച് തീരുമാനമെടുക്കും. ഇതാണ് ഇക്കാര്യത്തിലെ വസ്തുത. അതേസമയം ഈ അനുമതി പരിഗണിക്കുമ്പോഴും യോഗ്യതയില്ലാതെ ഒറ്റഷാപ്പും പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രിതന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.

ഇനി മൊത്തം മദ്യശാലകളുടെ കണക്കെടുത്താലും യുഡിഎഫ് വാദങ്ങൾ പൊളിയും. അവരുടെ ഭരണകാലയളവിൽ ലൈസൻസുള്ള മദ്യഷോപ്പുകളുടെ ആകെ എണ്ണം 5462 ആയിരുന്നപ്പോൾ നിലവിലെ കണക്കുകൾ പ്രകാരം എൽഡിഎഫ് കാലത്ത് ലൈസൻസുള്ള മദ്യഷോപ്പുകളുടെ എണ്ണം 4870 മാത്രമാണ്. യുഡിഎഫ് കാലത്തെ അപേക്ഷിച്ച് 592 മദ്യഷോപ്പുകൾ കുറവ.്

ബാറുകൾ അടച്ചുപൂട്ടിയതിനാൽ നിരവധി തൊഴിലാളികൾക്ക് ജോലി നഷ്ടമായി. കള്ളുഷാപ്പുകളിൽമാത്രം 12,100 തൊഴിലാളികൾക്ക് പണി പോയി.  ബിയർ, വൈൻ പാർലറുകൾ, ബാർ ഹോട്ടലുകൾ എന്നിവയിലായി ഏകദേശം 7,500 തൊഴിലാളികൾക്ക് വേറെയും തൊഴിലില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് കോടതിവിധി അനുസരിച്ച് തുറക്കാൻ അനുമതി കിട്ടിയവ തുറക്കുന്നത്. ഒരു  ഷാപ്പും ബാർ ഹോട്ടലും  സർക്കാർ പുതിയതായി അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനൊപ്പം മറ്റ് ലഹരി ഉപയോഗം തടയാനും സർക്കാർ ശക്തമായ നടപടി എടുക്കുന്നു. അനധികൃത ലഹരിപദാർഥങ്ങൾ കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന് വിൽപ്പന നടത്തുന്നതിനെതിരെ മറ്റേതൊരു കാലത്തേക്കാളുമധികം കേസുകൾ എക്സൈസ് വകുപ്പ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ എൽഡിഎഫിന്റെ പ്രകടനപത്രിക പ്രകാരമുള്ള മദ്യനയമാണ് സർക്കാർ നടപ്പാക്കുന്നത്.

അത് അങ്ങനെതന്നെ തുടരുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുമുണ്ട്. തീർച്ചയായും യുഡിഎഫിന്റെ അങ്കലാപ്പ് ന്യായം. ഗ്രൂപ്പ് പോരിന്റെ ഭാഗമായി ഒറ്റവരിയിൽ പ്രമേയം കൊണ്ടുവന്ന് മദ്യനയം നടപ്പാക്കിയതാണല്ലോ അവരുടെ ചരിത്രം. പക്ഷേ ഇല്ലാത്ത പ്രചാരണങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാമെന്ന് ഇനി കരുതേണ്ട. അത്രയേറെ സുതാര്യമാണ് സർക്കാർനയവും പരിപാടികളും 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top