26 April Friday

മെസ്സിയാണ് ശരി; ഇസ്രയേലല്ല

വെബ് ഡെസ്‌ക്‌Updated: Friday Jun 8, 2018

ജറുസലേമിൽ ഇസ്രയേലുമായി ജൂൺ ഒമ്പതിന‌് സന്നാഹമത്സരത്തിൽ കളിക്കേണ്ടതില്ലെന്ന് ലയണൽ മെസ്സി ക്യാപ്റ്റനായുള്ള അർജന്റീനിയൻ ഫുട്‌ബോൾ ടീം തീരുമാനിച്ചത് ലോകമെങ്ങുമുള്ള സമാധാനസ്‌നേഹികളും സാമ്രാജ്യത്വവിരുദ്ധരും  ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. റഷ്യയിൽ 14ന് ആരംഭിക്കുന്ന ലോകകപ്പ് ഫുട്‌ബോൾ മത്സരത്തിന്റെ ഭാഗമായായിരുന്നു ഇസ്രയേൽ‐അർജന്റീന സന്നാഹമത്സരം നിശ്ചയിച്ചിരുന്നത്.

ഇത് ആദ്യമായൊന്നുമല്ല ഇസ്രയേൽ‐ അർജന്റീന സന്നാഹമത്സരം നടക്കുന്നത്. 1986നുശേഷം മാത്രം നാലുതവണ ഇരുടീമുകളും തമ്മിലുള്ള മത്സരത്തിന് ഇസ്രയേൽ വേദിയായിരുന്നു. അപ്പോൾ ഇക്കുറിമാത്രം അർജന്റീനിയൻ ടീം പിന്മാറാനുള്ള കാരണമെന്താണ്? സ്‌പോർട്‌സിനെയും സങ്കുചിത രാഷ്‌ട്രീയലക്ഷ്യം നേടാനുള്ള ആയുധമാക്കാൻ ഇസ്രയേൽ തയ്യാറായതാണ് മത്സരം അസാധ്യമാക്കിയത്. 

ഇസ്രയേലിലെ മൂന്നാമത്തെ വലിയ നഗരവും മധ്യധരണ്യാഴിയുടെ തീരത്തുള്ള തുറമുഖ നഗരവുമായ ഹൈഫയിലായിരുന്നു സന്നാഹമത്സരം ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ, മൂന്നുമാസംമുമ്പാണ് വേദി ജറുസലേമിലേക്ക് മാറ്റിയതായി ഇസ്രയേൽ സർക്കാർ അർജന്റീനയെ അറിയിക്കുന്നത്. ഇസ്രയേലിന്റെ കായിക‐സാംസ്‌കാരികമന്ത്രിയും ജൂത തീവ്രവാദത്തിന്റെ പ്രതീകവുമായ മിറി റജേവാണ് വേദി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ചതെന്ന് ഇസ്രയേൽ മാധ്യമങ്ങൾതന്നെ സാക്ഷ്യപ്പെടുത്തുന്നു.

വേദി മാറ്റിയത് തലസ്ഥാനമായ ടെൽ അവീവിലേക്കല്ല മറിച്ച് ജറുസലേമിലേക്കാണ്. ജറുസലേം ഇന്ന് ഒരു തർക്കപ്രദേശമാണ്. പലസ്‌തീൻപ്രശ്‌നത്തിന് അന്താരാഷ്‌‌ട്രസമൂഹം മുന്നോട്ടുവയ‌്‌‌ക്കുന്ന ദ്വിരാഷ്‌‌ട്രപരിഹാരം യാഥാർഥ്യമാകുന്നപക്ഷം പലസ്‌തീൻ തലസ്ഥാനമാകേണ്ടത് കിഴക്കൻ ജറുസലേമാണ്. എന്നാൽ, ആ സാധ്യത എന്നന്നേക്കുമായി അടയ‌്‌‌ക്കുന്നതിനാണ് മെയ് 14ന് സയണിസത്തിന്റെ സംരക്ഷകനായ അമേരിക്ക അവരുടെ എംബസി ജറുസലേമിലേക്ക് മാറ്റിയത്. 

ജറുസലേം ഇസ്രയേൽ ആക്രമിച്ച് കീഴ‌്പ്പെടുത്തിയ 1948ലെ യുദ്ധത്തിന്റെ 70‐ാംവാർഷിക ദിനത്തിലാണ് ഈ എംബസിമാറ്റം. അമേരിക്കയെ പിന്തുണച്ച് മൂന്നു രാഷ്ട്രങ്ങൾമാത്രമാണ് എംബസി മാറ്റാൻ സന്നദ്ധമായിട്ടുള്ളത്. ഗ്വാട്ടിമാലയും ഹോണ്ടുറാസും പരാഗ്വേയും. 

ഇസ്രയേലിന്റെ അധിനിവേശത്തിന് കൈയൊപ്പ‌് ചാർത്തുന്നതിന്റെയും പലസ്തീൻകാർക്ക് മാതൃരാഷ്ട്രം നിഷേധിക്കുന്നതിന്റെയും ഭാഗമായാണ് ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ മാറ്റുന്നത്. അതിനെതിരെ വൻ പ്രതിഷേധമാണ് ഗാസയിലുണ്ടായത്. 120 പലസ്തീൻകാർ ഇതിനകം കൊല്ലപ്പെട്ടു. പരിക്കേറ്റവരെ ശുശ്രൂഷിക്കുന്ന ഇരുപത്തൊന്നുകാരി നേഴ്‌‌‌‌സ് റസാൻ അൽ നജ്ജറെയും ദാക്ഷിണ്യമേതുമില്ലാതെ ഇസ്രയേൽസേന വെടിവച്ചുകൊന്നു.

എഴുപതാണ്ടുകൾക്കുമുമ്പ് കൈവിട്ട ജന്മദേശത്തേക്ക് മാർച്ച‌് ചെയ‌്‌‌ത മുഹമ്മദ് ഖലീൽ എന്ന ഗാസയിലെ ഫുട്‌ബോൾ താരത്തിന്റെ മുട്ടിനാണ് വെടിയേറ്റത്. ഈ മനുഷ്യത്വരാഹിത്യത്തിനും കടന്നാക്രമണങ്ങൾക്കും നിയമസാധുത നൽകുന്ന നടപടിയായിരിക്കും അർജന്റീന ഇസ്രയേലുമായി ജറുസലേമിൽവച്ച് സന്നാഹമത്സരം നടത്തിയാൽ.

സന്നാഹമത്സരം നടത്താൻ നിശ്ചയിച്ചിരുന്ന ജറുസലേമിലെ ടെഡി കൊളാക് സ്‌റ്റേഡിയത്തിനും അധിനിവേശത്തിന്റെ ചോരകിനിയുന്ന ചരിത്രമാണ് പറയാനുള്ളത്. 1948ലെ യുദ്ധത്തിൽ ഇസ്രയേൽ സേനയുടെ ആക്രമണത്തിന്റെ ഫലമായി പലസ്‌തീനികൾ ഒഴിഞ്ഞുപോകാൻ നിർബന്ധിതമായ അൽ മൽഹ ഗ്രാമം ഇടിച്ചുനിരപ്പാക്കിയാണ് ഈ സ്‌‌‌റ്റേഡിയം പണിതിട്ടുള്ളത്. അമേരിക്കൻ സാമ്രാജ്യത്വത്തെ നഖശിഖാന്തം എതിർക്കുന്ന, സോഷ്യലിസ്റ്റ് ക്യൂബയുടെയും വെനസ്വേലയുടെയും ആരാധകനായ ഡീഗോ മറഡോണയുടെ ശിഷ്യന്മാർക്ക് ജറുസലേമിൽ പന്തുരുട്ടാൻ കഴിയുമായിരുന്നില്ല.

അർജന്റീനിയൻ ടീമിനെ ജറുസലേമിൽതന്നെ കളിപ്പിക്കാൻ ഇസ്രയേൽ ഭരണകൂടം എല്ലാ അടവും പുറത്തെടുത്തിരുന്നു. ഇസ്രയേൽ പ്രസിഡന്റ് ബെന്യാമിൻ നെതന്യാഹു അർജന്റീനിയൻ പ്രസിഡന്റ് മൗറിഷ്യോ മാക്രിയുമായി ടെലിഫോണിൽ ബന്ധപ്പെട്ടിരുന്നു. അർജന്റീനിയൻ ടീം ജഴ്‌സിയണിഞ്ഞ് ഇസ്രയേൽ കളിക്കാർക്കൊപ്പം പടമെടുക്കാൻ അനുവദിച്ചാൽ 7,30,000 ഡോളർ നൽകാമെന്നുവരെ ഇസ്രയേൽ കായികമന്ത്രി വാഗ‌്ദാനം ചെയ‌്‌‌തതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

സന്നാഹമത്സരത്തിന്റെ 30,000 ടിക്കറ്റ് വിറ്റ് കാശ് തട്ടിയതിനെക്കുറിച്ചും കൺട്രോളർ ഓഫീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.  ഇസ്രയേൽ വച്ചുനീട്ടിയ പ്രലോഭനങ്ങൾക്കൊന്നും വഴങ്ങാൻ മെസ്സിയുടെ ടീം തയ്യാറായില്ല. മത്സരം ഉപേക്ഷിക്കാൻ അർജന്റീനിയൻ ടീമിൽ സമ്മർദം ചെലുത്തിയ പലസ്‌തീൻ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് ജിബ്രിൽ രജൂബ് പറഞ്ഞതുപോലെ, സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകമാണ് മെസ്സിയെന്ന് തെളിയിക്കപ്പെട്ടു.

അവർ അവസാനം ശരിയായതുതന്നെ ചെയ്‌തുവെന്ന് അർജന്റീനിയൻ ഫുട്‌ബോൾ അസോസിയേഷന്റെ തീരുമാനത്തെക്കുറിച്ച് സ്‌ട്രൈക്കർ ഗോൺസാലോ ഹിഗ്വെയ്ൻ അഭിപ്രായപ്പെട്ടു. മനോഹരമായ ഫുട്‌ബോളിനെപ്പോലും അധിനിവേശത്തിന്റെ ആയുധമാക്കാനുള്ള ഇസ്രയേലിന്റെ  സയണിസ‌്റ്റ‌് നയത്തിന് മുഖമടച്ചുള്ള പ്രഹരമാണ് മെസ്സിയും കൂട്ടരും നൽകിയിട്ടുള്ളത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top