21 September Thursday

എല്ലാവര്‍ക്കും വീട് മെച്ചപ്പെട്ട ജീവിതവും

വെബ് ഡെസ്‌ക്‌Updated: Wednesday May 24, 2017


കേരളത്തില്‍ സ്വന്തമായി വീടില്ലാത്തവരുടെ എണ്ണം ദേശീയ ശരാശരിയുമായി താരതമ്യം ചെയ്താല്‍ വളരെ ചെറുതാണ്. 132  കോടി ജനങ്ങളുള്ള ഇന്ത്യാ മഹാരാജ്യത്ത് 30 ശതമാനവും വീടില്ലാത്തവരോ, വാസയോഗ്യമായ വീടില്ലാത്തവരോ ആണെന്നറിയുമ്പോഴാണ് കേരളത്തിന്റെ നില എത്ര മെച്ചമെന്ന് ആശ്വസിക്കാനാകുക. എന്നാല്‍, പൊതുജീവിത ഗുണമേന്മയിലും ആയുര്‍ദൈര്‍ഘ്യത്തിലുമൊക്കെ ലോകനിലവാരം അവകാശപ്പെടാനാകുന്ന കേരളത്തിന്റെ നില സംതൃപ്തമെന്ന് പറയാനാവില്ല. ഭൂമിയും വീടുമില്ലാത്ത 4.7 ലക്ഷം പേര്‍ ഇനിയുമുണ്ട്്. ഭൂമിയുണ്ടെങ്കിലും സ്വന്തം വീടെന്ന സ്വപ്നം സാധ്യമാകാത്ത 2.91 ലക്ഷം പേര്‍ വേറെയും. സമ്പൂര്‍ണ ഭവനപദ്ധതികള്‍ പലത് ആവിഷ്കരിച്ചിട്ടും ലക്ഷ്യം എന്തുകൊണ്ട് അകന്നുപോയി എന്നത് ഗൌരവമര്‍ഹിക്കുന്ന ചോദ്യമാണ്. ഇതിനുള്ള ഉത്തരമാണ് ഇടതു ജനാധിപത്യമുന്നണി സര്‍ക്കാര്‍ രൂപംനല്‍കിയ ലൈഫ് മിഷന്‍. രണ്ടു ലക്ഷം വീട് നിര്‍മിക്കാന്‍ വീട് ഒന്നിന് 3 സെന്റ് വച്ച് കണക്കാക്കിയാല്‍ 6000 ഏക്കര്‍ ഭൂമി ആവശ്യമായി വരും. ഉയര്‍ന്ന ജനസാന്ദ്രതയും കുറഞ്ഞ ഭൂലഭ്യതയുമുള്ള നമ്മുടെ സംസ്ഥാനത്ത് ഇതൊരു ഹിമാലയന്‍ ദൌത്യമാണ്. ഇതുകൂടി കണക്കിലെടുക്കുമ്പോഴാണ് പ്രത്യേക ലക്ഷ്യവിഭാഗങ്ങള്‍ക്ക് ഭവനസമുച്ചയങ്ങള്‍ എന്ന ആശയം പ്രസക്തമാകുന്നത്. ജീവനോപാധികളും സാമൂഹ്യസുരക്ഷിതത്വവുംകൂടി ഭവനപദ്ധതിയുടെ ഭാഗമായി യഥാര്‍ഥ്യമാകുന്നു എന്നത് ഈ പദ്ധതിയെ ഉദാത്തമായ ഒരു തലത്തിലേക്ക് ഉയര്‍ത്തുന്നു.  പ്രഖ്യാപിക്കുന്ന പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാനുള്ള കാഴ്ചപ്പാടും ഇച്ഛാശക്തിയും ഭരണാധികാരികള്‍ക്കുണ്ടെങ്കില്‍ ഏത് പ്രതിബന്ധത്തെയും തരണം ചെയ്യാനാകും. ഈ അര്‍ഥത്തിലും ഇതുവരെയുള്ള ഭവനപദ്ധതികളില്‍നിന്ന് ലൈഫ് മിഷന്‍ വ്യത്യസ്തമാകുന്നു.

കേന്ദ്രാവിഷ്കൃത ഭവനപദ്ധതികളുടെ മാനദണ്ഡങ്ങള്‍ പലപ്പോഴും അര്‍ഹരായ ഭവനരഹിതര്‍ക്ക് ഗുണം ചെയ്യുന്നതായിരുന്നില്ല. മുന്‍ എല്‍ഡിഎഫ് ഗവര്‍മെന്റ് ആരംഭിച്ച ഇ എം എസ് പദ്ധതിയാണ് ഭവനരംഗത്ത് ഏറ്റവും ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. സഹകരണമേഖലയുടെ സഹായത്തോടെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഴി പദ്ധതി ഏറ്റവും ഫലപ്രദമായി മുന്നോട്ടുപോയി. 2 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് വീട് സ്വന്തമായി. ഇരുപതിനായിരത്തില്‍പ്പരം കുടുംബങ്ങള്‍ക്ക് ഭൂമിയും വീടും ലഭിച്ചു. ജനകീയ പങ്കാളിത്തവും ഗുണഭോക്തൃ തെരഞ്ഞെടുപ്പിലെ സുതാര്യതയും  സഹകരണ ബാങ്കുകളുടെയും തദ്ദേശഭരണ സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച പ്രവര്‍ത്തനവും പദ്ധതിയെ കുറ്റമറ്റതാക്കി. എന്നാല്‍,ഇടതു ജനാധിപത്യമുന്നണിക്ക് ഭരണത്തുടര്‍ച്ച നഷ്ടപ്പെട്ടപ്പോള്‍, ലോകശ്രദ്ധയാകര്‍ഷിച്ച ഈ മഹത്തായ പദ്ധതിയും പാതിവഴിയിലായി. സഹകരണ ബാങ്കുകളില്‍നിന്നുള്ള വായ്പകള്‍ക്ക് ഗ്യാരന്റി നല്‍ക്കാനും പലിശഭാരം ഏറ്റെടുക്കാനും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വിസമ്മതിച്ചു. ഇതോടെ പതിനായിരക്കണക്കിന് വീടുകളുടെ നിര്‍മാണം മുടങ്ങി. 2008നു ശേഷം ഇന്ദിര ആവാസ് യോജന പ്രകാരം അനുവദിച്ചതില്‍ ഇരുപത്തയ്യായിരത്തോളം വീടുകളും  പൂര്‍ത്തിയായിട്ടില്ല. നഗരങ്ങളിലെ പാര്‍പ്പിടപ്രശ്നം ഇന്ദിര ആവാസ് യോജന കൈകാര്യം ചെയ്യാനേ സാധിക്കുമായിരുന്നില്ല. 

ഈയൊരു പശ്ചാത്തലത്തിലാണ് അവശേഷിക്കുന്ന മുഴുവന്‍  ഭവനരഹിതര്‍ക്കും അഞ്ചുവര്‍ഷംകൊണ്ട് വീട് നല്‍കുക എന്ന ലക്ഷ്യത്തോടെ എല്‍ഡിഎഫ് സര്‍ക്കാര്‍ ലൈഫ് പദ്ധതിക്ക് തുടക്കമിട്ടത്. കേവലം വീട് എന്നതിനപ്പുറം ഗുണഭോക്താക്കള്‍ക്ക് സ്ഥായിയായ ഒരു ജീവനോപാധി കൂടി ലഭ്യമാക്കുക എന്ന ലക്ഷ്യം ലൈഫ് മിഷനെ വ്യത്യസ്തമാക്കുന്നുണ്ട്. പുനലൂരില്‍ പദ്ധതിയുടെ സംസ്ഥാനതല  ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചതുപോലെ, ഇ എം എസ് ഭവനപദ്ധതി നിര്‍ത്തിയേടത്തുനിന്നാണ് ലൈഫ് ആരംഭിക്കുന്നത്. വ്യക്തമായ സമയക്രമം നിശ്ചയിച്ചും വിപുലമായ പിന്തുണാസംവിധാനങ്ങള്‍ ഉറപ്പുവരുത്തിയും നടപ്പാക്കുന്ന പദ്ധതി കേരളത്തിന്റെ മുഖച്ഛായ മാറ്റുമെന്നുറപ്പാണ്.

വീടുവയ്ക്കാന്‍ ഭൂമിയില്ലാത്തവര്‍, വീടുനിര്‍മാണം മുടങ്ങിപ്പോയ മുന്‍പദ്ധതികളുടെ ഗുണഭോക്താക്കള്‍, പുറമ്പോക്ക്, തീരദേശം, തോട്ടം മേഖലകള്‍ എന്നിവിടങ്ങളില്‍ കൂരകെട്ടി താമസിക്കുന്നവര്‍, ഭൂമിക്ക് കൈവശാവകാശ രേഖയോ പട്ടയമോ ഇല്ലാത്തവര്‍, ഭൂമിയുള്ള ഭവനരഹിതര്‍, വാസയോഗ്യമല്ലാത്ത വീടുകളില്‍ പാര്‍ക്കുന്ന എല്ലായിടത്തുമുള്ളവര്‍ എന്നിവരെല്ലാം ലൈഫ് മിഷന്റെ പരിധിയില്‍ വരും. പദ്ധതി നിര്‍വഹണത്തിലെ ജനകീയ ഓഡിറ്റിങ്ങും നിര്‍മാണസാമഗ്രികള്‍ പ്രാദേശിക ലഭ്യത ഉറപ്പുവരുത്തിയും സമയനിഷ്ഠ പാലിക്കും. ഭൂമിയില്ലാത്ത ഭവനരഹിതര്‍ക്കും പട്ടയമോ കൈവശാവകാശമോ ഇല്ലാത്ത ഭൂമിയിലെ താല്‍ക്കാലിക താമസക്കാര്‍ക്കും ഗുണനിലവാരമുള്ള പാര്‍പ്പിട സമുച്ചയങ്ങള്‍ ഒരുക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അര്‍ഹരായവരുടെ എണ്ണവും സ്ഥല ലഭ്യതയും അടിസ്ഥാനമാക്കിയായിരിക്കും പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മിക്കുക. ഭവന സമുച്ചയങ്ങളിലെ താമസക്കാര്‍ക്ക് അങ്കണവാടി, സ്കൂള്‍ വിദ്യാഭ്യാസം, ഐടി പരിശീലനം, കൌമാരക്കാര്‍ക്കുള്ള കൌണ്‍സലിങ്, വൈദഗ്ധ്യ പരിശീലനം, സ്വയംതൊഴില്‍ പരിശീലനം, ആരോഗ്യപരിരക്ഷ, വയോജന പരിചരണം, സുരക്ഷ മുതലായ സൌകര്യങ്ങള്‍കൂടി ഉറപ്പുവരുത്തും. ഉല്‍പ്പാദന-സേവനമേഖലകളില്‍ സ്വയംതൊഴില്‍ കണ്ടെത്താന്‍ സഹായിക്കുന്നതിലൂടെ ഇവരെ സ്ഥിരവരുമാനമുള്ളവരാക്കി മാറ്റുക എന്നതുകൂടി സര്‍ക്കാര്‍  ലക്ഷ്യമിടുന്നു.

മുന്‍കാലങ്ങളില്‍ ഒന്നോ രണ്ടോ വകുപ്പുകളുടെ മാത്രം ചുമതലയായിരുന്നു ഭവനപദ്ധതികളെങ്കില്‍ സര്‍ക്കാര്‍ സംവിധാനങ്ങളാകെ സംയോജിപ്പിക്കുന്നതാകും ലൈഫ് മിഷന്‍. അനര്‍ഹരെ ഒഴിവാക്കിയും അര്‍ഹരായ എല്ലാവരെയും ഉള്‍പ്പെടുത്തിയുമാകും ഗുണഭോക്തൃനിര്‍ണയം. ഇതിന്റെ പ്രാഥമികഘട്ടം കുടുംബശ്രീകള്‍ വഴി ആയതിനാല്‍ നൂറുശതമാനം സുതാര്യത ഉറപ്പാക്കാനാകും.  കുറ്റമറ്റ അന്തിമപട്ടിക രൂപപ്പെടുത്തുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ്. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ള ഒരുപറ്റം മനുഷ്യര്‍ക്ക് വീട് എന്ന സ്വപ്നത്തോടൊപ്പം സ്വന്തം ജീവിതവും കരുപ്പിടിപ്പിക്കാന്‍ അവസരമൊരുക്കിയ  എല്‍ഡിഎഫ് ഗവര്‍മെന്റിന് അഭിമാനിക്കാനേറെയുണ്ട്. എല്ലാവര്‍ക്കും വീടും മെച്ചപ്പെട്ട ജീവിതവും എന്ന ലക്ഷ്യത്തിലേക്കുള്ള കരുത്തുറ്റ ചുവടുവയ്പാണിത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top