20 April Saturday

പാവങ്ങളുടെ കിടപ്പാടം ഇല്ലാതാക്കരുത്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020


അടച്ചുറപ്പും വൃത്തിയുമുള്ള വീട്ടിൽ അന്തിയുറങ്ങുകയെന്ന പാവപ്പെട്ടവരുടെ സ്വപ്‌നം യാഥാർഥ്യമാക്കുന്ന മാതൃകാ പദ്ധതിയാണ്‌ സംസ്ഥാന സർക്കാരിന്റെ ലൈഫ്‌ മിഷൻ. ദുരിതംനിറഞ്ഞ ജീവിതസാഹചര്യങ്ങളിൽനിന്ന്‌ ഒരിക്കലും മോചനമില്ലെന്നു കരുതിയ ലക്ഷക്കണക്കിനു മനുഷ്യർ ലൈഫ്‌ മിഷന്റെ സഹായത്തോടെ ഇന്ന്‌ സുരക്ഷിതമായ മേൽക്കൂരയ്‌ക്കു കീഴിൽ അന്തിയുറങ്ങുന്നു. വികസനത്തിൽ നിന്നും ഓരങ്ങളിലേക്ക്‌ തള്ളിമാറ്റപ്പെട്ടവരെ ചേർത്തുപിടിച്ച്‌ ജീവിത സുരക്ഷിതത്വത്തിലേക്ക്‌ നയിക്കുന്ന ലൈഫ്‌ മിഷന്റെ വിജയം ഇടതുപക്ഷത്തിന്റെ എതിരാളികളെ‌ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്‌. ഒരുതുണ്ട്‌ ഭൂമിയില്ലാത്ത നിസ്വർക്ക്‌ മനുഷ്യസ്‌നേഹികൾ വീട്‌ നിർമിച്ച്‌ നൽകുന്നതുപോലും വിവാദമാക്കി പ്രതിപക്ഷവും ചില  മാധ്യമങ്ങളും പാവപ്പെട്ടവർക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്‌. രാഷ്‌ട്രീയനേട്ടത്തിനുവേണ്ടി പാവങ്ങളുടെ കിടപ്പാടം തല്ലിത്തകർക്കരുതേ എന്നാണ്‌ ഇത്തരക്കാരോട്‌ ഞങ്ങളുടെ അഭ്യർഥന.

എല്ലാവർക്കും വീടും ജീവിതസുരക്ഷിതത്വവുമുള്ള നാടാക്കി കേരളത്തെ മാറ്റുകയെന്ന ലക്ഷ്യത്തോടെ എൽഡിഎഫ്‌ സർക്കാർ ആവിഷ്‌കരിച്ചതാണ്‌ ലൈഫ്‌ മിഷൻ. പദ്ധതി പൂർത്തിയാകുന്നതോടെ ഭവനരഹിതരില്ലാത്ത നാടാകും കേരളം. ഇതുവഴി സാമൂഹ്യ സുരക്ഷിതത്വത്തിന്റെ കൂടുതൽ ഉയർന്ന കേരളമാതൃക സൃഷ്ടിക്കപ്പെടും. ഒരുതുണ്ട്‌ ഭൂമിപോലും ഇല്ലാത്തവർക്കും സുരക്ഷിതമായ കിടപ്പാടം ഒരുക്കുകയാണ്‌ സംസ്ഥാന സർക്കാർ. ഭൂമിയില്ലാത്തവർക്കായി ഒട്ടേറെ ബഹുനില പാർപ്പിട സമുച്ചയങ്ങളാണ്‌ സംസ്ഥാനത്ത്‌ നിർമിക്കുന്നത്‌. ഇതിനായി സന്നദ്ധ സംഘടനകളുടെ സഹായവും പിന്തുണയും ഉപയോഗിക്കുന്നുണ്ട്‌. വടക്കാഞ്ചേരിയിൽ സർക്കാർ സ്ഥലത്ത്‌ യുഎഇയിലെ ഒരു സന്നദ്ധ സംഘടന സ്വന്തം പണം ചെലവഴിച്ച്‌ നിർമിച്ച്‌ കൈമാറുന്ന ഭവന സമുച്ചയത്തിന്റ പേരിൽ വിവാദമുണ്ടാക്കി ലൈഫ്‌ പദ്ധതിയെ മോശമായി ചിത്രീകരിക്കാനാണ്‌‌ പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും ശ്രമിക്കുന്നത്‌. സന്നദ്ധസേവനം നടത്തുന്ന വ്യക്തികളെയും സംഘടനകളെയും വിവാദത്തിൽപ്പെടുത്തി പിന്തിരിപ്പിച്ച്‌ പദ്ധതിയെ പ്രതിസന്ധിയിലാക്കാൻ നീക്കം നടക്കുന്നതായി സംശയിക്കണം.


 

സന്നദ്ധ സംഘടനകളും വ്യക്തികളും സർക്കാർ ഭൂമിയിൽ വീടും പാർപ്പിട സമുച്ചയങ്ങളും നിർമിച്ച്‌ കൈമാറുന്നത്‌ ആദ്യമായല്ല. 2018 പ്രളയത്തിനുശേഷം നൂറുകണക്കിനു വീടാണ്‌ സന്നദ്ധ സംഘടനകൾ പണിതുകൊടുത്തത്‌. പ്രളയം നാശംവിതച്ച വയനാട്ടിലും നിലമ്പൂരിലുമെല്ലാം നിരവധി വീട്‌ ഗുണഭോക്താക്കൾക്ക്‌ കൈമാറിക്കഴിഞ്ഞു. കുറെയേറെ നിർമാണത്തിലാണ്‌. ഗുജറാത്തിലടക്കം പാർപ്പിടങ്ങൾ നിർമിച്ച യുഎഇയിലെ റെഡ്‌ക്രസന്റ്‌ എന്ന ചാരിറ്റി സംഘടന 500 ചതുരശ്ര അടി വിസ്‌തീർണമുള്ള 140 വീടാണ്‌‌ വടക്കാഞ്ചേരിയിൽ പണിത്‌ തരുന്നത്‌. ഇതിനെ വിവാദമാക്കുന്നവർ പാവങ്ങളുടെ സ്വപ്‌നങ്ങളാണ്‌ തച്ചുതകർക്കുന്നതെന്ന്‌ പറയാതെ വയ്യ.

പാവപ്പെട്ടവർക്ക്‌ വീട്‌ നിർമിക്കാനുള്ള -സംസ്ഥാന സർക്കാരിന്റെയും കേന്ദ്രത്തിന്റയും വിഹിതത്തിനൊപ്പം തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടും ചേർത്ത്‌ രൂപം നൽകിയ പദ്ധതിയാണ്‌ ലൈഫ്‌. നാല്‌ ലക്ഷം രൂപയാണ്‌ സഹായധനം. ഇതിൽ ഗ്രാമങ്ങളിൽ 72,000 രൂപയും നഗരങ്ങളിൽ ഒന്നര ലക്ഷം രൂപയുമാണ്‌ കേന്ദ്രവിഹിതം. ശേഷിക്കുന്നതത്രയും സംസ്ഥാനമാണ്‌ നൽകുന്നത്‌. നാല്‌ വർഷംകൊണ്ട്‌ 2,24,286 കുടുംബത്തിന്‌ വീട്‌ ലഭിച്ചു. പത്തുലക്ഷത്തോളം പേർ ഇന്ന്‌ ഭയാശങ്കകളില്ലാതെ അത്യഹ്ലാദത്തോടെയും അഭിമാനത്തോടെയും കഴിയുന്നു. പദ്ധതിയുടെ മൂന്നാംഘട്ടത്തിൽ 1,25,593 വീടിന്റെ നിർമാണം നടക്കുകയാണ്‌. ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാത്തവർക്ക്‌ അപേക്ഷിക്കാൻ ഇനിയും അവസരവുമുണ്ട്‌.

പിണറായി സർക്കാർ അധികാരമേറ്റശേഷം പാവങ്ങളുടെ വീട്‌ നിർമാണത്തിൽ വലിയ കുതിപ്പാണ്‌ കേരളം നടത്തുന്നത്‌. 2018ലെ മഹാപ്രളയത്തിനുശേഷം ഈ മുന്നേറ്റം കൂടുതൽ വേഗം കൈവരിച്ചു. സഹകരണവകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ കെയർ ഹോം പദ്ധതിയിലെ വീടുകൾ, വ്യക്തികളും സ്ഥാപനങ്ങളും സിപിഐ എം അടക്കമുള്ള സംഘടനകളും നിർമിച്ച വീടുകൾ തുടങ്ങി പാവങ്ങൾക്ക്‌ അന്തിയുറങ്ങുന്നതിന്‌ മേൽക്കൂര തീർക്കാൻ കേരളം മത്സരിക്കുകയാണ്‌. എല്ലാവർക്കും വീടായി എന്ന്‌ ഇതിനർഥമില്ല. അവസാനത്തെ ഭവനരഹിതർക്കും വീട്‌ നൽകാൻ നമുക്ക്‌ കഴിയണം. ഈ മുന്നേറ്റവുമായി സഹകരിക്കാൻ പ്രതിപക്ഷം തയ്യാറാവുകയാണ്‌ വേണ്ടത്‌. പ്രളയകാലത്ത്‌‌ കെപിസിസി പ്രഖ്യാപിച്ച 1000 വീട്‌ എവിടെ എന്ന്‌ ഞങ്ങൾ ചോദിക്കുന്നില്ല. കോവിഡ്‌ പ്രതിരോധത്തെ തളർത്താൻ ശ്രമിക്കുന്നതുപോലെ ലൈഫ്‌ പദ്ധതിയെയും ലക്ഷ്യംവയ്‌ക്കരുതേ എന്നുമാത്രമാണ്‌ അഭ്യർഥന. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top