25 April Thursday

സർവതലസ‌്പർശിയായ ആരോഗ്യനയം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 29, 2019


പൊതുജനാരോഗ്യ സൂചകങ്ങളിൽ ലോകനിലവാരം പുലർത്തുമ്പോഴും കേരളത്തിലെ ആരോഗ്യപരിപാലനരംഗത്ത‌്  പൊളിച്ചെഴുത്ത‌്  ആവശ്യമാണെന്ന സുചിന്തിതമായ നിലപാടാണ‌് എൽഡിഎഫ‌് സർക്കാരിന്റെ പുതുക്കിയ ആരോഗ്യനയത്തിൽ വ്യക്തമാകുന്നത‌്‌. ന്യായമായ ചെലവിൽ എല്ലാവർക്കും ചികിത്സാസൗകര്യങ്ങൾ ലഭ്യമാകുമ്പോൾമാത്രമേ ജനകീയ ആരോഗ്യനയം അർഥവത്താകുകയുള്ളൂ. ശക്തമായ പൊതുജനാരോഗ്യ സംവിധാനങ്ങൾക്കൊപ്പം സ്വകാര്യമേഖലയും കേരളത്തിൽ സമാന്തരമായുണ്ട‌്. സർക്കാർ മേഖലയിലെ സൗകര്യങ്ങൾ  പരമാവധി മെച്ചപ്പെടുത്തുക,  സ്വകാര്യ മേഖലയിൽ ഫലപ്രദമായ നിയന്ത്രണങ്ങൾ; ഇതാണ‌് കേരളത്തിന്റെ പുതുക്കിയ ആരോഗ്യനയത്തിന്റെ കാതൽ.

ചികിത്സയും  വിദ്യാഭ്യാസവും  സമന്വയിക്കുന്ന സുപ്രധാന മേഖലയാണ‌് ആരോഗ്യം. പൊതുമേഖലയുടെ സഹജമായ പരാധീനതകളിൽനിന്ന‌് ആരോഗ്യരംഗവും മുക്തമല്ല.  പ്രാഥമികാരോഗ്യകേന്ദ്രം മുതൽ മെഡിക്കൽ കോളേജ‌് സൂപ്പർ സ‌്പെഷ്യലിറ്റികൾവരെയുള്ള സർക്കാർ മേഖലയ‌്ക്ക‌് എൽഡിഎഫ‌്  സർക്കാരുകൾ എല്ലാ കാലത്തും  മുന്തിയ പരിഗണനയാണ‌് നൽകുന്നത‌്. ചികിത്സ –- വിദ്യാഭ്യാസ രംഗങ്ങളിലെ  സംവിധാനങ്ങൾ ഇന്ന‌് മെച്ചപ്പെട്ട നിലവാരം പുലർത്തുന്നവയാണ‌്‌. എന്നാൽ, ഇനിയുമേറെ മുന്നേറാനുണ്ടെന്ന കാഴ‌്ചപ്പാടോടെയാണ‌് സർക്കാർ നയം രൂപപ്പെടുത്തിയിരിക്കുന്നത‌്.

സ്വകാര്യമേഖലയുടെ പങ്ക‌് അവഗണിക്കാനാകാത്തതാണെങ്കിലും ആശുപത്രികളും മെഡിക്കൽ കോളേജുകളും  ലാഭക്കൊയ‌്ത്തിനുള്ള കേന്ദ്രങ്ങളാക്കാനുള്ള നീക്കത്തിന‌് തടയിട്ടേ മതിയാകൂ. ഈ വഴിക്കുള്ള ഏറ്റവും ഫലപ്രദമായ നടപടികളാണ‌് പുതിയനയം മുന്നോട്ടുവയ‌്ക്കുന്നത‌്. സ്വകാര്യമേഖലയിലെ ആരോഗ്യസംരംഭങ്ങൾക്ക‌് നിയന്ത്രണസംവിധാനങ്ങളും സ്വകാര്യ ആശുപത്രികളുടെ രജിസ്‌ട്രേഷനും  സേവനനിലവാരവും ഉറപ്പാക്കുന്ന  ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് ഫലപ്രദമായി നടപ്പാക്കും. ലാബുകൾക്കും ഇമേജിങ‌് കേന്ദ്രങ്ങൾക്കും രജിസ്‌ട്രേഷനും ഗ്രേഡിങ്ങും നിർബന്ധമാക്കും. പുതുതായി ആരംഭിക്കുന്ന  ക്ലിനിക്കൽ ഡയഗ്‌നോസ്റ്റിക് ടെക‌്നോളജി കൗൺസിൽ മെഡിക്കൽ അനുബന്ധ സംവിധാനങ്ങളെ നിയന്ത്രിക്കും.

പൊതുജനാരോഗ്യത്തിന്റെ പ്രാധാന്യം  ആവർത്തിച്ചുപറയുമ്പോഴും ഈ രംഗത്ത‌് പൊതുമുതൽമുടക്ക‌് കേരളത്തിന‌് അപമാനകരമാംവിധം  തുച്ഛമാണ‌്.  നിലവിൽ സംസ്ഥാന ഉൽപ്പാദനത്തിന്റെ 0.6 ശതമാനമാണ‌് പ്രതിവർഷം ആരോഗ്യച്ചെലവിനായി വിനിയോഗിക്കുന്നത‌്. ഇത‌്  ഉയർത്തി അഞ്ച‌് ശതമാനത്തിലെത്തിക്കാൻ  ലക്ഷ്യമിടുന്ന  ദീർഘകാല, ഹ്രസ്വകാല പദ്ധതികളാണ‌്  നടപ്പാക്കുക. രോഗപ്രതിരോധം, വികേന്ദ്രീകൃത ചികിത്സാസൗകര്യം, പൊതുജനാരോഗ്യ ശൃംഖലയുടെ ആധുനികവൽക്കരണം എന്നിവയ‌്ക്കാകും പ്രാമുഖ്യം. ജീവിതശൈലി–- പരിസ്ഥിതിജന്യരോഗങ്ങൾ എന്നിവയ‌്ക്കുള്ള ഊന്നൽ മാറിയ കാലത്തെ വികസന പരിപ്രേക്ഷ്യവുമായി ചേർന്നുപോകുന്നതാണ‌്. വയോജനങ്ങൾക്കും സ‌്ത്രീകൾക്കും കുട്ടികൾക്കുമുള്ള പ്രത്യേക പരിഗണന എടുത്തുപറയേണ്ടതാണ‌്.

റഫറൽ സംവിധാനം കർശനമാക്കുന്നത‌് സ‌്പെഷ്യാലിറ്റി വിഭാഗങ്ങളിലെ സമ്മർദം കുറയ‌്ക്കാൻ സഹായകമാകും. മോഡേൺ  ഡയറക്ടറേറ്റ് ഓഫ് പബ്ലിക് ഹെൽത്ത്, ഡയറക്ടറേറ്റ് ഓഫ് ക്ലിനിക്കൽ സർവീസസ്, ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ എന്നിങ്ങനെ മൂന്ന് ഡയറക്ടറേറ്റുകളായി വേർതിരിക്കുന്നതോടെ കാര്യക്ഷമമായ പ്രവർത്തനം ഉറപ്പുവരുത്താനാകും. ഡോക്ടർമാരെ മൂന്ന‌്  കേഡറുകളായി വിഭജിക്കുന്നതും  ചികിത്സ, അധ്യാപനം, ഭരണപരമായ കാര്യങ്ങൾ തുടങ്ങിയവ മൂലമുണ്ടാകുന്ന സമ്മർദങ്ങൾ കുറയ‌്ക്കാൻ സഹായകമാകും.
നിലവിലുള്ള നിയമങ്ങൾ പരിഷ‌്കരിച്ച‌് സമഗ്രമായ പൊതുജനാരോഗ്യനിയമം കൊണ്ടുവരാനുള്ള നിർദേശം സ്വാഗതാർഹമാണ‌്. രോഗികൾക്ക‌് ഉപദേശ നിർദേശങ്ങൾ നൽകുന്നതിനുള്ള ആരോഗ്യ ഇൻഫർമേഷൻ സംവിധാനം ശ്രദ്ധേയമായ നൂതനസംരംഭമാണ‌്.

പുതുക്കിയ ആരോഗ്യനയത്തിന‌് അടിവരയിടുന്ന നിർദേശങ്ങളാണ‌് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ ഉൾപ്പെട്ടിട്ടുള്ളത‌്. നിപായും പ്രളായനന്തര പകർച്ചവ്യാധികളും അതിജീവിച്ച അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ലോകാരോഗ്യ സംഘടനയുടെ സഹായത്തോടെ സമഗ്ര രോഗനിരീക്ഷണ പരിപാടി നടപ്പാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നതായി ഗവർണർ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി എല്ലാ ജില്ലാ ആശുപത്രികളിലും ആന്റി മൈക്രോബിയൻ റസിസ്റ്റൻസ‌് സ‌്ക്രീനിങ്ങും നടത്തും. കോഴിക്കോട‌് മെഡിക്കൽ കോളേജിൽ ബയോ സേഫ‌്റ്റി ലവൽ മൂന്ന‌് വൈറോളജി ലാബും കണ്ണൂരിൽ ഡ്രഗ‌്സ‌് ടെസ്റ്റിങ‌് ലാബ‌ും സ്ഥാപിക്കും. എല്ലാ ജില്ലയിലും ഇന്ത്യാ ഹൈപ്പർ ടെൻഷൻ മാനേജ‌്മെന്റ‌് ഇനിഷ്യേറ്റീവും സ‌്ട്രോക‌് ക്ലിനിക്കും നിലവിൽ വരുന്നതോടെ അന്തർദേശീയതലത്തിൽത്തന്നെ അപൂർവനേട്ടത്തിന‌് കേരളം പ്രാപ‌്തമാകും.  താഴെതട്ടിലുള്ള ചികിത്സാസൗകര്യങ്ങളുടെ കാര്യത്തിൽ കുതിച്ചുചാട്ടംതന്നെ സാധ്യമാകും. നിലവിൽ 170 പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രങ്ങളായി.

ഈ വർഷം 200 എണ്ണംകൂടി കുടുംബാരോഗ്യ കേന്ദ്രമാകും.  തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരംഭിച്ച ഡിജിറ്റൽ ക്യൂ മാനേജ‌്മെന്റ‌് ഓൺലൈൻ ബുക്കിങ‌് ഓഫ‌് അപ്പോയ‌്ന്റ‌്മെന്റ‌് സംവിധാനം മറ്റ‌് മെഡിക്കൽ കോളേജുകളിലേക്കും വ്യാപിപ്പിക്കും. ഇത്തരത്തിൽ സമഗ്രമായ അഴിച്ചുപണിക്കും നവീകരണത്തിനും തുടക്കമിടുന്ന ആരോഗ്യനയം കേരളം ലോകത്തിന‌് മുന്നിൽവയ‌്ക്കുന്ന മറ്റൊരു മാതൃകയാകുമെന്നതിൽ സംശയമില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top