31 May Wednesday

എരിഞ്ഞുതീരരുത് ബീഡിത്തൊഴിലാളികളുടെ ജീവിതം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 21, 2017


ബീഡിവ്യവസായം തകര്‍ച്ചയിലായപ്പോള്‍ പട്ടിണിയിലായ നിരവധി കുടുംബങ്ങള്‍ കേരളത്തിലുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരുകള്‍ സംസ്ഥാനത്ത് അധികാരത്തില്‍ വന്ന വേളകളിലെല്ലാം ബീഡിത്തൊഴിലാളികളുടെ കണ്ണീരൊപ്പാനും അവര്‍ക്ക് കൈത്താങ്ങാകാനും ശ്രമിച്ചിട്ടുണ്ട്. ആ പരിശ്രമങ്ങളുടെ തുടര്‍ച്ച അത്യാവശ്യമായ ഘട്ടമാണിത്. പ്രതീക്ഷയോടെയാണ്  തൊഴിലാളികള്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ ഉറ്റുനോക്കുന്നത്്.

ഇതരസംസ്ഥാനങ്ങളില്‍നിന്ന് കുറഞ്ഞവിലയ്ക്കുള്ള ബീഡി വരുന്നതും പുകവലിക്കാരുടെ എണ്ണം കുറഞ്ഞതും സിഗററ്റിന്റെ ഉപയോഗം വര്‍ധിച്ചതും ബീഡിവ്യവസായത്തെ അസ്തമയത്തിലേക്ക് നയിച്ചു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് പ്രധാനമായും സംഘടിതവ്യവസായം എന്നനിലയില്‍ ബീഡിനിര്‍മാണം നിലനിന്നത്. കേരളത്തിന്റെ അഭിമാനമായ ദിനേശ് ബീഡിയില്‍ 1980കളില്‍ ഏതാണ്ട് 40,000 പേര്‍ തൊഴിലെടുത്തിരുന്നു. ഈ സഹകരണസ്ഥാപനത്തില്‍ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഇരട്ടി കൂലിയും മറ്റ് ആനുകൂല്യങ്ങളും ലഭിച്ചു. ഈ സ്ഥാപനംപോലും ഇന്ന് വലിയ പ്രതിസന്ധിയിലാണ്. ഉദ്ദേശം 35,000 തൊഴിലാളികള്‍ കൊഴിഞ്ഞുപോയി. വൈവിധ്യവല്‍ക്കരണത്തിലൂടെ തൊഴിലാളികളുടെ ജീവിതത്തിന് പ്രകാശം പരത്താനുള്ള തീവ്രശ്രമത്തിലാണ് അവരിപ്പോള്‍.

ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 1999 ജൂലൈ ഒന്നിന് ആരംഭിച്ചതാണ്, കേരള ബീഡി ആന്‍ഡ് സിഗാര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്. തൊഴിലാളികള്‍ക്ക് തണലേകാന്‍ പലപ്പോഴും ബോര്‍ഡിന് സാധിക്കുന്നില്ല. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നിരവധി മാസങ്ങള്‍ പെന്‍ഷന്‍ വിതരണം ചെയ്യാതെ കുടിശ്ശിക വരുത്തി. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍ പെന്‍ഷന്‍തുക 600ല്‍നിന്ന് ആയിരമാക്കി വര്‍ധിപ്പിച്ച്, മുഴുവന്‍ കുടിശ്ശികയും കൊടുത്തുതീര്‍ത്തു. അത്തരത്തിലുള്ള ഇടപെടലുകള്‍ ബീഡിത്തൊഴിലാളികള്‍ക്കായി ഇനിയും ഉണ്ടാകണം.

ബീഡിവ്യവസായം പാടേ തകര്‍ന്നിട്ടും സംസ്ഥാനത്ത് ഒരുലക്ഷത്തിലേറെ ബീഡിത്തൊഴിലാളികളുണ്ട്. എന്നാല്‍, ക്ഷേമനിധിയില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ 24,047 പേരാണ്. പെന്‍ഷന് അര്‍ഹരായവര്‍ 3090 പേര്‍മാത്രം. സ്വയംതൊഴില്‍ ചെയ്യുന്ന ബീഡിത്തൊഴിലാളികള്‍ക്ക് മാസത്തില്‍ ആറു രൂപയും അല്ലാത്തവര്‍ക്ക് മൂന്നു രൂപയുമാണ് തൊഴിലാളിവിഹിതം. പ്രതിമാസം ആറു രൂപ തൊഴിലുടമാവിഹിതമായി ശേഖരിക്കുന്നുണ്ട്. ഇതോടൊപ്പം സര്‍ക്കാര്‍വിഹിതവും ചേരുമ്പോള്‍ ക്ഷേമനിധി ബോര്‍ഡിനുള്ള വരുമാനമാകും. തുച്ഛമായ വരുമാനമാണ് ബോര്‍ഡിനുള്ളത്. അതുകൊണ്ട് പരമാവധി തൊഴിലാളികളെ ക്ഷേമനിധിയിലേക്ക് ഉള്‍പ്പെടുത്തണം. വിവാഹധനസഹായം, അവശതാ ധനസഹായം, മരണാനന്തര സഹായം പ്രസവാനുകൂല്യം എന്നീ ആനുകൂല്യങ്ങള്‍ ക്ഷേമനിധി ബോര്‍ഡില്‍നിന്ന് വിതരണം ചെയ്യുന്നുണ്ട്. വളരെ ചെറിയ തുകയാണ് ഇതിലൂടെ തൊഴിലാളികള്‍ക്ക് ലഭിക്കുന്നത്. തുക വര്‍ധിപ്പിക്കാനുള്ള നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളണമെന്നാണ് ബീഡിത്തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.   

മിനിമംകൂലി 300 രൂപയും ക്ഷാമബത്തയും നടപ്പാക്കണമെന്നാണ് ആവശ്യം. സംസ്ഥാന സര്‍ക്കാര്‍, തൊഴിലാളി സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ അത് 275 രൂപയും ക്ഷാമബത്തയുമായി ഉയര്‍ത്താമെന്ന ധാരണയിലെത്തി. ഇത് എത്രയുംവേഗം നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പരമ്പരാഗത വ്യവസായ മേഖലയിലെ വിവിധ തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ആശ്വാസം പകരുന്ന വരുമാന പൂരക പദ്ധതിയും ബീഡിവ്യവസായ മേഖലയില്‍ ഇപ്പോള്‍ ഇല്ല. ചുവപ്പുനാടയില്‍ കുടുങ്ങി ആ സഹായം നല്‍കാന്‍ ഇനിയും വൈകരുത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ബീഡിവ്യവസായ മേഖലയില്‍ 14.5 ശതമാനം വില്‍പ്പനനികുതി ഏര്‍പ്പെടുത്തിയിരുന്നു. അത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആ പ്രക്ഷോഭത്തെ പരിഗണിച്ചില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍തന്നെ ബീഡിയുടെ വില്‍പ്പനനികുതിയിനത്തില്‍ പിരിച്ചെടുത്ത തുക ബീഡി സഹകരണസംഘങ്ങള്‍ക്ക് സബ്സിഡിയായി തിരികെ നല്‍കാന്‍ തീരുമാനിച്ചു. ദിനേശ് ബീഡി സഹകരണസംഘത്തിന് അത് നല്‍കി. മറ്റുള്ളവര്‍ക്കും ലഭ്യമാക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിവരികയാണ്.

ബീഡി ഒരു ദേശീയവ്യവസായമാണ്. 65 ലക്ഷത്തിലേറെ തൊഴിലാളികള്‍ രാജ്യത്ത് ഈ മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്. ബീഡി കേന്ദ്ര വെല്‍ഫെയര്‍ ബോര്‍ഡില്‍ 49 ലക്ഷത്തിലേറെ തൊഴിലാളികള്‍ അംഗങ്ങളാണ്. 1000 ബീഡിക്ക് അഞ്ചു രൂപ സെസ് ഏര്‍പ്പെടുത്തിയാണ് ബോര്‍ഡ് വരുമാനമുണ്ടാക്കുന്നത്. നിരവധി ആനുകൂല്യങ്ങള്‍ തൊഴിലാളികള്‍ക്ക് ഇതുവഴി ലഭിക്കുന്നുണ്ടെങ്കിലും കാലതാമസം പ്രധാന പ്രശ്നമാണ്. ഈ വീഴ്ച അടിയന്തരമായി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകേണ്ടതുണ്ട്. ബീഡിവ്യവസായത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ്. ഈ തൊഴിലാളികളെ സംരക്ഷിക്കാനുള്ള ബാധ്യത കേന്ദ്ര സര്‍ക്കാരിനുണ്ട്. തൊഴില്‍ നഷ്ടപ്പെട്ട ബീഡിത്തൊഴിലാളികള്‍ക്ക് 3000 രൂപ പെന്‍ഷന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര സര്‍ക്കാരിന് പ്രപ്പോസല്‍ നല്‍കിയിരുന്നു. ആ പെന്‍ഷനില്‍ 1000 രൂപ സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി നല്‍കാമെന്ന ഉറപ്പും എല്‍ഡിഎഫ് സര്‍ക്കാര്‍ കേന്ദ്രത്തിന് നല്‍കി. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ ആ ആവശ്യത്തെ മുഖവിലയ്ക്കെടുത്തില്ല. ബീഡിത്തൊഴിലാളികളുടെ ന്യായമായ ആ ആവശ്യം നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം.

ബീഡിത്തൊഴിലാളികളെ പട്ടിണിയില്‍ വീണുപോകാതെ സംരക്ഷിക്കുന്നതിന്റെ ‘ഭാഗമായി, വൈവിധ്യവല്‍ക്കരണത്തിന്റെ പാതയിലൂടെ പല സഹകരണസംഘങ്ങളും മുന്നേറുന്നുണ്ട്. അതൊരു രക്ഷാമാര്‍ഗമാണ്. അതിനുപുറമെ തൊഴിലാളികളെ സംരക്ഷിക്കുന്നതിനുവേണ്ടി ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ഈ മേഖലയില്‍ അടിയന്തരമായി ഇടപെടണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെടുന്നു. ബീഡിത്തൊഴിലാളികളുടെ ജീവിതം എരിഞ്ഞുതീരാതെ കാത്തുരക്ഷിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ജാഗ്രത പുലര്‍ത്തണം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top