26 April Friday

സ്‌ത്രീ‐ ശിശു സൗഹൃദനയങ്ങൾ ഉറപ്പിച്ച്‌ എൽഡിഎഫ്‌ സർക്കാർ

വെബ് ഡെസ്‌ക്‌Updated: Saturday Oct 30, 2021



ത്രിപുരയിൽ മുസ്ലിം‐ക്രിസ്‌ത്യൻ ആരാധനാലയങ്ങൾക്കുനേരെ സംഘപരിവാർ സംഘടനകൾ വ്യാപക അതിക്രമങ്ങളാണ്‌ തുടർച്ചയായി അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്‌. 13 പള്ളി നിലംപരിശാക്കി, ഒട്ടേറെ വീട്‌ തകർത്തു; സ്‌ത്രീകളെപ്പോലും  വെറുതെവിടുന്നില്ല. അതിനെല്ലാം ഭരണസംവിധാനത്തിന്റെ പൂർണപിന്തുണയും ഉണ്ടെന്നതാണ്‌ ഏറെ ഭയാനകം. 2018 മാർച്ചുവരെ അതായിരുന്നില്ല സ്ഥിതി. ഇടതുമുന്നണി ഭരണകാലത്ത്‌ തികച്ചും സമാധാനപരമായി നിലകൊണ്ട സംസ്ഥാനം വിദ്യാഭ്യാസ‐ സാമൂഹ്യ മേഖലകളിൽ പ്രശംസനീയമായ കുതിപ്പുനടത്തി. വടക്കുകിഴക്കൻ മേഖലയിൽ ഏറ്റവും സുരക്ഷിതമായ ഇടമെന്ന പ്രശംസയും നേടി. യോഗി ആദിത്യനാഥ്‌ മുഖ്യമന്ത്രിയായ ഉത്തർപ്രദേശ്‌ കുറ്റകൃത്യങ്ങളുടെ രാജ്യതലസ്ഥാനമാണ്‌. ന്യൂനപക്ഷങ്ങളും ദളിതരും സ്‌ത്രീകളും കുട്ടികളും ക്രൂരമായി പിച്ചിച്ചീന്തപ്പെടുന്നു. അതേക്കുറിച്ചൊന്നും  ഉയർത്താത്ത വിമർശമാണ്‌ കേരളത്തിൽ യുഡിഎഫ്‌ നേതൃത്വം ഉന്നയിച്ചുകൊണ്ടിരിക്കുന്നത്‌. കെ റെയിൽ, സ്‌ത്രീപ്രശ്‌നം തുടങ്ങിയ മുദ്രാവക്യങ്ങളുയർത്തി ‘മഹാസഖ്യം’ രൂപപ്പെടുത്തുകയുമാണ്‌. അതിനായി കോൺഗ്രസും മുസ്ലിംലീഗും ബിജെപിയും വിപ്ലവ വായാടിത്തവും കൈകോർത്തിരിക്കുന്നു. ഇവിടെയാണ്‌ വികസന കാര്യങ്ങളിലും കുട്ടികൾക്കും സ്‌ത്രീകൾക്കും എതിരായ അതിക്രമ സംഭവങ്ങളിലും  എൽഡിഎഫ്‌ സർക്കാർ രാജ്യത്തിനു മാതൃകയാകുന്ന നടപടികൾ കൈക്കൊള്ളുന്നത്‌ ശ്രദ്ധേയമാകുന്നത്‌.

കുട്ടികൾക്കെതിരായ കേസുകളിൽ ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കുമെന്നാണ്‌   മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ  വ്യക്തമാക്കിയത്‌. നടപടികൾ കൂടുതൽ ശിശുസൗഹൃദമാക്കാൻ, ബന്ധപ്പെട്ടവർക്ക് പരിശീലനം നൽകാൻ ഹൈക്കോടതി സഹായത്തോടെ തീരുമാനമെടുക്കും. ലൈംഗികാതിക്രമ ഇരകളുടെ സംരക്ഷണവും നിയമ പരിരക്ഷയും മുൻനിർത്തിയുള്ള യോഗത്തിൽ അതിന്റെ വിശദീകരണവുമുണ്ടായി. കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ  അതിക്രമത്തിനെതിരെ ജാഗ്രത നിറഞ്ഞ  ഇടപെടൽ അനിവാര്യമാണ്‌. അവ ഫലപ്രാപ്‌തിയിൽ എത്തിക്കാൻ  വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികൾ നടന്നുവരുന്നുണ്ട്‌. അതിക്രമങ്ങൾ കുറയ്‌ക്കാനും നിയന്ത്രിക്കാനും പ്രധാന സർക്കാർ വകുപ്പുകളുടെ മേൽനോട്ടത്തിൽ വനിതാ ശിശുക്ഷേമം, പൊലീസ്, പൊതുവിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, കുടുംബശ്രീ, കില, വനിതാ കമീഷൻ, വനിതാ വികസന കോർപറേഷൻ തുടങ്ങിയവയുടെ സഹകരണത്തോടെ പരിപാടികൾ ഏകോപിപ്പിക്കും. സമഗ്ര ലിംഗനീതി  ക്യാമ്പയിൻ ആരംഭിക്കാനും  സ്ത്രീകളും കുട്ടികളും ഇരയാക്കപ്പെടുന്ന കുറ്റകൃത്യങ്ങളുടെ തോത്, തീവ്രത, സാഹചര്യം എന്നിവ കണ്ടെത്തി പരിഹാരം നിർദേശിക്കാൻ  ക്രൈം മാപ്പിങ്ങിനും തീരുമാനമായി.

ലൈംഗികാതിക്രമ ഇരകളുടെ വിവരങ്ങൾ ഒരു കാരണവശാലും ചോരരുത്. ഏതുതരം വാർത്തകളായാലും  തിരിച്ചറിയുന്ന സൂചന പാടില്ല. മുഴുവൻ പാഠപുസ്തകങ്ങളുടെയും ജൻഡർ ഓഡിറ്റിങ്ങിന്‌  വിദ്യാകിരണം മിഷനെയും ചുമതലപ്പെടുത്തി. കുട്ടികളെയും സ്‌ത്രീകളെയും ലക്ഷ്യമിട്ടുള്ള മന്ത്രവാദം, അന്ധവിശ്വാസം, അനാചാരം തുടങ്ങിയവ നിയന്ത്രിക്കുന്നതിനും തടയുന്നതിനുമുള്ള നിയമവും തയ്യാറാകുകയുമാണ്‌. സമീപകാലത്ത്‌ നടുക്കമുണ്ടാക്കിയ ക്രൂരമായ സ്‌ത്രീധനപീഡന കൊലപാതകങ്ങളിലും സർക്കാരിന്റെ കണിശമായ നിലപാട്‌ കുറ്റവാളികളെ പൂട്ടുന്നതായി. എന്നാൽ, ചില അസാധാരണ സംഭവങ്ങൾ പെരുപ്പിച്ച്‌ പ്രതിപക്ഷവും ഒരുകൂട്ടം മാധ്യമങ്ങളും ദിവസങ്ങളോളം കോലാഹലമുണ്ടാക്കുകയാണ്‌.

സ്‌ത്രീ‐ശിശു വിഭാഗങ്ങൾക്കുനേരെയുള്ള അതിക്രമങ്ങൾ തടയാൻ പൊലീസിൽ പ്രത്യേക സംവിധാനമൊരുക്കാനും മുഖ്യമന്ത്രി നിർദേശം നൽകിയിരിക്കയാണ്‌.  ഇപ്പോൾ ചർച്ചയായ ഒറ്റപ്പെട്ട സംഭവങ്ങളിൽ സർക്കാരിനോ പൊലീസിനോ  ബന്ധപ്പെട്ട സമിതികൾക്കോ വീഴ്‌ചയുണ്ടായതായി പ്രതിപക്ഷ നേതാക്കൾക്കുപോലും  ആക്ഷേപമില്ല. എന്നാൽ, കേരളത്തിന്റെ നവോത്ഥാന പ്രത്യേകതകൾക്കും പുരോഗമന പാരമ്പര്യത്തിനും ലിംഗസമത്വ ബോധത്തിനും നിരക്കാത്ത സംഭവങ്ങൾ ആശങ്കാജനകമാണ്‌. കുറ്റവാസനയുള്ളവരുടെ വൈകൃതങ്ങൾ,  മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും രഹസ്യവിപണനം, മൊബൈൽ ഫോൺ വഴിയുള്ള നവമാധ്യമ ദുരുപയോഗം തുടങ്ങിയ പ്രവണതകളും പ്രധാനം.  കേസുകൾ  അതിവേഗം തീർപ്പാക്കി  ശിക്ഷ ഉറപ്പാക്കണം. അതിന്‌ പ്രാഥമിക ഘട്ടംമുതൽ നിയമസഹായം ലഭ്യമാക്കുമെന്ന മുഖ്യമന്ത്രിയുടെ  പ്രഖ്യാപനം ഏറെ ആശ്വാസകരമാണ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top