29 March Friday

ജീർണതയിൽനിന്ന് പുരോഗതിയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 12, 2019


എൽഡിഎഫ് സർക്കാർ നാലാംവർഷത്തിലേക്ക‌് കടക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങൾക്ക് മുന്നിൽവച്ചത് മൂന്നുവർഷം എന്ത് ചെയ‌്തു എന്ന് അക്കമിട്ട‌് വിശദീകരിക്കുന്ന രേഖയാണ്. ജീർണതയുടെ കാലത്തുനിന്ന്‌ കേരളം പുരോഗതിയിലേക്ക്‌ നീങ്ങിയതിന്റെ കൃത്യമായ ചിത്രീകരണമാണ് തിങ്കളാഴ‌്ച സർക്കാർ വാർഷികാഘോഷവേളയിൽ അവതരിപ്പിച്ച പ്രോഗ്രസ്‌ റിപ്പോർട്ട്‌. ഇത് രാജ്യത്തെ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനില്ലാത്ത അനുഭവമാണ്. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ വാഗ്ദാനപ്പെരുമഴ പെയ്യിക്കുകയും അതുകഴിഞ്ഞ‌് എല്ലാം മറക്കുകയും ചെയ്യുന്നതാണ് കോൺഗ്രസും ബിജെപിയും അടക്കമുള്ള കക്ഷികളുടെ രീതി. ദാരിദ്ര്യം അപ്പാടെ ഇല്ലാതാക്കുമെന്ന ‘ഗരീബീ ഹഠാവോ' മുദ്രാവാക്യത്തിന്റെ നാൽപ്പത്തെട്ടാം വാർഷികത്തിലാണ്  ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ  പാവപ്പെട്ടവർക്ക്  മിനിമം വേതനം ഉറപ്പാക്കുമെന്ന  വാഗ്ദാനവുമായി  കോൺഗ്രസ് രംഗത്തുവന്നത് എന്നതോർക്കുക. 

പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിയും പിന്നീട്‌ പ്രധാനമന്ത്രിയായ രാജീവ്‌ ഗാന്ധിയും വാഗ്‌ദാനംചെയ്‌ത ‘ഗരീബീ ഹഠാവോ'  രാജ്യത്തെ പാവപ്പെട്ടവരായ  അഞ്ചു കോടി കുടുംബങ്ങളിലെ 25 കോടി ആളുകളെ കണ്ടെത്തി മിനിമം വരുമാനം ഉറപ്പാക്കുമെന്ന വാഗ്ദാനത്തിലൂടെ വീണ്ടും മുഴക്കിയപ്പോൾ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളോടുള്ള കോൺഗ്രസിന്റെ വഞ്ചനാപരമായ സമീപനമാണ് വ്യക്തമായത്. പതിനേഴാം ലോക‌്സഭാ തെരഞ്ഞെടുപ്പിൽ മോഡി സർക്കാരും അഞ്ചുകൊല്ലത്തെ ഭരണനേട്ടങ്ങൾ പറഞ്ഞല്ല വോട്ട‌് തേടിയത്. നോട്ടു നിരോധത്തെക്കുറിച്ചോ കള്ളപ്പണ നിർമാർജനത്തെക്കുറിച്ചോ ജിഎസ‌്ടിയെക്കുറിച്ചോ നരേന്ദ്ര മോഡിക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല. അവിടെയാണ് എൽഡിഎഫ് സർക്കാരിന്റെ പ്രത്യേകത വ്യക്തമാകുന്നത്.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പുള്ള അവസ്ഥ ഓർമിപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പ്രോഗ്രസ‌് റിപ്പോർട്ട് അവതരിപ്പിച്ചത്. യുഡിഎഫ്‌ സർക്കാർ ഭരിച്ചിരുന്നപ്പോൾ  ഉണ്ടായിരുന്ന ജീർണത കേരളീയനെ ലോകത്തിനുമുമ്പിൽ നാണംകെടുത്തുന്നതായിരുന്നു. അഴിമതിയുടെയും അരാജകത്വത്തിന്റെയും ആകത്തുകയായിരുന്നു ഉമ്മൻചാണ്ടി സർക്കാർ. ആ കാലഘട്ടത്തിൽനിന്ന് ഇന്ന് കേരളം മോചനംനേടിയിരിക്കുന്നു. അഴിമതി ഇല്ലാത്ത നാടായി കേരളം അറിയപ്പെടുന്നു. എല്ലാം ശരിയാകും എന്നാണ‌് എൽഡിഎഫ‌് പറഞ്ഞത്. ഓരോ വർഷവും ജനങ്ങളുടെ പരിശോധനയ‌്ക്കായി സർക്കാരിന്റെ നേട്ടങ്ങൾ അവതരിപ്പിച്ച‌് യാഥാർഥ്യമാക്കുന്നത് ആ വാഗ്ദാനത്തിന്റെ സമഗ്രമായ സാക്ഷാൽക്കാരമാണ‌്.  

അഞ്ചുവർഷംകൊണ്ട് 50,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസനം യാഥാർഥ്യമാക്കാൻ ഉതകുന്ന വിധത്തിൽ കിഫ്ബി പുനഃസംഘടിപ്പിച്ചതും  പ്രളയ ദുരിതാശ്വാസത്തിനുനേരെ വന്ന എല്ലാ എതിർപ്പുകളെയും അതിജീവിച്ചതും കേന്ദ്ര അവഗണനയുടെയും ദ്രോഹനിലപാടുകളുടെയും ദുഷ‌്കരനാളുകൾ താണ്ടിയതും അടിസ്ഥാന സൗകര്യ വികസനത്തിൽ കുതിച്ചുചാട്ടം നടത്തിയതും പ്രോഗ്രസ‌് റിപ്പോർട്ട് വിശദീകരിക്കുന്നുണ്ട്.

എല്ലാ മേഖലയിലും സംസ്ഥാനം നേടിയ പുരോഗതി പ്രോഗ്രസ‌് റിപ്പോർട്ട‌് ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ഒരു വർഷം നിരവധി പ്രതിസന്ധികളുടെ നടുവിൽനിന്നാണ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കുന്ന പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ സംഘടിപ്പിച്ചത്. ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രളയക്കെടുതിയാണ് അഭിമുഖീകരിക്കേണ്ടിവന്നത്. യുഎൻ കണക്കുപ്രകാരം 31,000 കോടി രൂപയുടെ നഷ്ടമാണ് പ്രളയത്തിൽ സംസ്ഥാനത്തുണ്ടായത്. പാരിസ്ഥിതികമായ തകർച്ചയുടെ കണക്കുകൂടി ചേരുമ്പോൾ നഷ്ടം ഏറെക്കാലത്തെ ശ്രമകരമായ പ്രവർത്തനത്തിലൂടെമാത്രമേ നികത്തിയെടുക്കാൻ പറ്റൂവെന്ന സ്ഥിതിയും രൂപപ്പെട്ടുവന്നിട്ടുണ്ട്. ആരോഗ്യ–--വിദ്യാഭ്യാസ മേഖലകളിൽ കേരളം രാജ്യത്തിന‌് അനുകരണീയ മാതൃകയായി കൂടുതൽ തിളങ്ങിനിൽക്കുന്നു. പൊതുമേഖല വിറ്റുതുലയ‌്ക്കുന്ന എൻഡിഎ സർക്കാരിന്, കേരളത്തിലെ പൊതുമേഖലയുടെ വികസനം - ഈ പ്രോഗ്രസ‌് റിപ്പോർട്ടിൽ കണ്ണ് തുറന്നു കാണാൻ കഴിയും.

അഞ്ചുവർഷംകൊണ്ട് 50,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസനം യാഥാർഥ്യമാക്കാൻ ഉതകുന്ന വിധത്തിൽ കിഫ്ബി പുനഃസംഘടിപ്പിച്ചതും  പ്രളയ ദുരിതാശ്വാസത്തിനുനേരെ വന്ന എല്ലാ എതിർപ്പുകളെയും അതിജീവിച്ചതും കേന്ദ്ര അവഗണനയുടെയും ദ്രോഹനിലപാടുകളുടെയും ദുഷ‌്കരനാളുകൾ താണ്ടിയതും അടിസ്ഥാന സൗകര്യ വികസനത്തിൽ കുതിച്ചുചാട്ടം നടത്തിയതും പ്രോഗ്രസ‌് റിപ്പോർട്ട് വിശദീകരിക്കുന്നുണ്ട്. ഗെയിൽ പൈപ്പ് ലൈൻ, ദേശീയപാത വികസനം, മലയോര-തീരദേശ പാതകൾ, ദേശീയ ജലപാത, കൂടംകുളം വൈദ്യുതി ലൈൻ തുടങ്ങിയവയൊക്കെ യാഥാർഥ്യമാകുന്നത‌് കേരളീയന് എക്കാലത്തേക്കും അഭിമാനിക്കാവുന്ന നേട്ടമാണ്.

മുഖ്യമന്ത്രി വ്യക്തമാക്കിയതുപോലെ "വാഗ്ദാനങ്ങൾ പാലിക്കാനുള്ളതാണ്’ എന്ന  നയം ഊട്ടിയുറപ്പിക്കുന്നു ഇതിലൂടെ.  തെരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ എത്രത്തോളം നടപ്പാക്കി എന്നത് അറിയാനുള്ള അവകാശം ജനാധിപത്യ  സംവിധാനത്തിൽ ജനങ്ങൾക്കുണ്ട്. ജനങ്ങളിൽനിന്ന് അഭിപ്രായങ്ങൾ സ്വീകരിച്ചാണ‌് എൽഡിഎഫ് സർക്കാർ പ്രകടനപത്രിക തയ്യാറാക്കിയിരുന്നത്. അത് സവിശേഷമായ കാൽവയ‌്പായിരുന്നു. അതിന്റെ തുടർച്ചയായാണ് ഈ പ്രോഗ്രസ‌് റിപ്പോർട്ടിന്റെ പ്രകാശനം. കേരളം ഇന്ത്യക്ക‌് നൽകിയ നിരവധി ജനാധിപത്യപരമായ സംഭാവനകളിൽ ഒന്നാണ് ഇത്.  പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനങ്ങൾ തെരഞ്ഞെടുപ്പുകാലത്ത് നിലനിൽക്കുന്ന ഒന്നുമാത്രമാണെന്ന പ്രഖ്യാപനം നടന്ന രാജ്യത്താണ് വാഗ്ദാനപാലനത്തിന്റെ  റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത് എന്നുകൂടി ഓർക്കേണ്ടതുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top