20 April Saturday

പ്രതിസന്ധികൾ മറികടന്ന്‌ വികസനത്തുടർച്ചയിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday May 4, 2021


സമാനതകളില്ലാത്ത ജനപിന്തുണയുമായാണ്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും കേരളത്തിന്റെ ഭരണസാരഥ്യത്തിലെത്തുന്നത്‌. എൽഡിഎഫ്‌ വോട്ടുവിഹിതത്തിൽ നേടിയ വർധന, തുടർഭരണംപോലെ മറ്റൊരു ചരിത്രമാണ്‌. യുഡിഎഫിന്‌ നേരിയ വർധനയുണ്ടായപ്പോൾ എൻഡിഎ ഏറെ പിന്നോട്ടുപോയി. ബിജെപിയുടെ വോട്ടുകച്ചവടവും തകർച്ചയുമാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. ഈ രാഷ്‌ട്രീയവഞ്ചനയെ അതിജീവിച്ച്‌ എൽഡിഎഫ്‌ നേടിയ വിജയത്തിന്റെ ആഹ്ലാദവും ആഘോഷവും ഉള്ളിലൊതുക്കി കേരളം മഹാരോഗത്തിന്റെ കെടുതികളോട്‌ പൊരുതുകയാണ്‌. ഒരു വർഷത്തിലേറെയായി തുടരുന്ന പ്രവർത്തനങ്ങളാണെങ്കിലും ഇന്നത്തെ സാഹചര്യം അതീവ ഗൗരവമുള്ളതാണ്‌. തുടക്കത്തിൽ രോഗബാധിതർക്കെല്ലാം കിടത്തിച്ചികിത്സ നൽകിയിരുന്നുവെങ്കിൽ  ഇപ്പോൾ ഗുരുതരാവസ്ഥയുള്ളവർക്കുമാത്രം ആശുപത്രി പ്രവേശനം എന്ന നിലയായി. രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വൻതോതിൽ കൂടുകയാണ്‌. ഓക്‌സിജൻപോലും  കിട്ടാതെ രോഗികൾ മരിക്കുന്ന അവസ്ഥ നമ്മുടെ അയൽസംസ്ഥാനത്തുമെത്തി. അത്യന്തം ആപൽക്കരമായ ഈ സാഹചര്യം മുൻകൂട്ടിക്കണ്ടുതന്നെയാണ്‌ എൽഡിഎഫ്‌ സർക്കാർ നടപടികൾ നീക്കുന്നത്‌.

തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിൽ സംഭവിച്ച ജാഗ്രതക്കുറവ് ഫലപ്രഖ്യാപന വേളയിൽ ഉണ്ടാകരുതെന്ന തീരുമാനം വീഴ്‌ചകൂടാതെ നടപ്പാക്കാനായി. മെയ്‌ നാലുമുതൽ ലോക്‌ഡൗണിന്‌ സമാനമായ നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുകയാണ്‌. കൂലിത്തൊഴിലാളികൾക്കും ഭക്ഷ്യസാധനങ്ങളുടെ വിതരണത്തിനും മാത്രമാണ്‌ ഇളവ്‌ അനുവദിച്ചിട്ടുള്ളത്‌. ഈ ആഴ്‌ചയിലെ അപ്രഖ്യാപിത അടച്ചിടൽ കോവിഡ്‌ വ്യാപനത്തെ തടുക്കുന്നതിൽ സുപ്രധാന കാൽവയ്‌പ്‌ ആയിരിക്കും. ഇവിടുന്നങ്ങോട്ട്‌ രോഗനിരക്ക്‌ കുറച്ചുകൊണ്ടുവരാൻ സാധിക്കുമെന്ന പ്രതീക്ഷയാണ്‌ സർക്കാരും വിദഗ്‌ധരും പങ്കുവയ്‌ക്കുന്നത്‌.

തെരഞ്ഞെടുപ്പും പുതിയ സർക്കാരിന്റെ സ്ഥാനാരോഹണവും യഥാസമയം നല്ല നിയന്ത്രണങ്ങളോടെ നടത്താനാണ്‌ സർക്കാർ തീരുമാനിച്ചത്‌. വോട്ടെടുപ്പ്‌ കഴിഞ്ഞതോടെയാണ്‌ രാജ്യത്തിന്റെ ഇതര ഭാഗങ്ങൾക്കൊപ്പം സംസ്ഥാനത്തും കോവിഡ്‌ വ്യാപനം മൂർച്ഛിക്കാൻ തുടങ്ങിയത്‌. തെരഞ്ഞെടുപ്പിനുശേഷവും  നയപരമായ തീരുമാനങ്ങളിലടക്കം സർക്കാർ അറച്ചുനിന്നില്ല. വാക്‌സിൻ പണം കൊടുത്തുവാങ്ങണമെന്ന കേന്ദ്രതീരുമാനത്തിന്‌ മുന്നിൽ വിറങ്ങലിച്ചു നിന്നില്ല.


 

സൗജന്യവാക്‌സിൻ എന്ന വാഗ്‌ദാനത്തിൽനിന്ന്‌ പിന്നോട്ടില്ലെന്ന്‌ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. വാക്‌സിൻ ചലഞ്ച്‌ ഏറ്റെടുക്കാൻ ജനങ്ങൾ സ്വമേധയാ മുന്നോട്ടുവന്നപ്പോൾ സർക്കാർ ആത്മവിശ്വാസത്തോടെ മുന്നിൽനിന്നു. ഭരണമാറ്റം കൊതിച്ചിരുന്ന യുഡിഎഫ്‌ വാക്സിൻ ചലഞ്ചിനെ പരസ്യമായി എതിർത്തു. കേന്ദ്രത്തിനെതിരെ സർക്കാർ പോരടിക്കണമെന്ന്‌ അവർ ആഗ്രഹിച്ചു. എങ്ങനെയും  ജനങ്ങൾക്ക്‌ വാക്‌സിൻ ലഭ്യമാക്കുന്നതിലായിരുന്നു സർക്കാരിന്റെ മുൻഗണന.

പ്രതിപക്ഷത്തിന്റെ കൈകളിൽ ഭരണം എത്തിയിരുന്നെങ്കിൽ വാക്‌സിൻ ചലഞ്ച്‌  ഉപേക്ഷിച്ച്‌,  കേന്ദ്രത്തെ കുറ്റപ്പെടുത്തിയും സ്വകാര്യമേഖലയ്‌ക്ക്‌ അവസരമൊരുക്കിയും തടിയൂരുമായിരുന്നു. പണം വാങ്ങിയാണെങ്കിലും ആവശ്യത്തിന്‌ വാക്‌സിൻ ലഭ്യമാക്കാനുള്ള ഉത്തരവാദിത്തംപോലും ഇപ്പോൾ കേന്ദ്രസർക്കാർ നിർവഹിക്കുന്നില്ല. കയറ്റുമതി നിയന്ത്രിച്ചും ആവശ്യമെങ്കിൽ ഇറക്കുമതി ചെയ്‌തും വാക്‌സിൻക്ഷാമം ഉടൻ പരിഹരിക്കാൻ കേന്ദ്രത്തിൽ ശക്തമായ സമ്മർദം ചെലുത്തേണ്ട സന്ദർഭമാണിത്‌. ഇപ്പോൾ നിശ്‌ചയിച്ച വിലയനുസരിച്ച്‌ ആയിരം കോടിയിലേറെ രൂപ വാക്‌സിൻ വാങ്ങാനായി സംസ്ഥാനം കണ്ടെത്തേണ്ടിവരും. കേന്ദ്രം സൗജന്യമായി നൽകുന്നില്ലെങ്കിൽ സംസ്ഥാന സർക്കാരിന്‌ ആ ചുമതല ഏറ്റെടുക്കാതിരിക്കാനാകില്ല.

ഇതര സംസ്ഥാനങ്ങൾ ഓക്‌സിജനുവേണ്ടി പരക്കം പായുമ്പോൾ മിച്ചമുള്ള സ്‌റ്റോക്ക്‌ അയൽസംസ്ഥാനങ്ങൾക്ക്‌ എത്തിക്കുകയായിരുന്നു കേരളം. ഈ സ്വയംപര്യാപ്‌തത ശാശ്വതമെന്ന്‌ പറയാനാകില്ല. ചികിത്സാസൗകര്യങ്ങൾ വിപുലപ്പെടുത്തിയെങ്കിലും വ്യാപനനിരക്ക്‌ ആശങ്ക ഉളവാക്കുന്നതാണ്‌. നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ ജനങ്ങളുടെ ദൈനംദിന ജീവിതം പ്രയാസകരമാകുകയാണ്‌. സർക്കാർ നൽകിവരുന്ന സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങൾ മുടങ്ങാതിരിക്കേണ്ട സാഹചര്യവും നിലനിൽക്കുന്നു. ജനങ്ങളെ അറിഞ്ഞ്‌ പ്രവർത്തിക്കുന്ന ഒരു സർക്കാരിനുമാത്രം നിർവഹിക്കാവുന്ന ഒട്ടേറെ ചുമതലയാണ്‌ പുതിയ സർക്കാരിനെ കാത്തിരിക്കുന്നത്‌. എൽഡിഎഫ്‌ സർക്കാരിന്‌ ഇതെല്ലാം തുടർച്ചമാത്രം. ഏത്‌ പ്രതിസന്ധിയിലും ജനങ്ങളും സർക്കാരും ഒപ്പമാണെന്ന്‌ തെളിയിക്കുന്ന മറ്റൊരു അവസരംകൂടിയാണിത്‌.

ഈ പ്രതിസന്ധി മുറിച്ചുകടക്കുന്നതോടൊപ്പം മുന്നോട്ടുകൊണ്ടുപോകേണ്ട നിരവധി വികസന യജ്ഞങ്ങൾ കേരളത്തിന്‌ പൂർത്തിയാക്കാനുണ്ട്‌. പുതിയത്‌ ആവിഷ്‌കരിച്ച്‌ നടപ്പാക്കാനുണ്ട്‌. ദേശീയപാത,  ദേശീയ ജലപാത, തീര–- മലയോര പാതകൾ, അതിവേഗ റെയിൽപ്പാത, കെ ഫോൺ തുടങ്ങിയവയെല്ലാം പൂർത്തിയാക്കേണ്ട പശ്‌ചാത്തല വികസന പദ്ധതികളാണ്‌. കേരളത്തെ മാറ്റിമറിച്ച ലൈഫ്‌, ആർദ്രം, ഹരിതം, പൊതുവിദ്യാഭ്യാസ മിഷനുകൾ പുതിയ കാഴ്‌ചപ്പാടോടെ മന്നോട്ടുകൊണ്ടുപോകണം. കഴിഞ്ഞ അഞ്ചുവർഷം നേരിട്ട പ്രതിസന്ധികൾ വലിയ പാഠങ്ങളാണ്‌ കേരളത്തിന്‌ നൽകിയത്‌. ദുരന്തങ്ങൾക്ക്‌ മുന്നിൽ സ്‌തംഭിച്ചു നിൽക്കാതെ നാടിനെ  നയിക്കാമെന്ന വിശ്വാസമാണ്‌ സർക്കാർ നൽകിയത്‌. ഒപ്പം ഭാവിതലമുറയുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ്‌ പുതിയ വഴിത്താരകൾ വെട്ടിത്തുറക്കണം. വിദ്യാസമ്പന്നർക്ക്‌ സ്വന്തം നാട്ടിൽത്തന്നെ തൊഴിലവസരം ഒരുക്കാനുള്ള വലിയൊരു കർമപദ്ധതിക്കാണ്‌ മുൻ സർക്കാർ തുടക്കമിട്ടത്‌. അത്‌ കൂടുതൽ ഉൾക്കാഴ്‌ചയോടെ മുന്നോട്ടുകൊണ്ടുപോകണം.

രാജി സമർപ്പിച്ച മുഖ്യമന്ത്രി, പുതിയ മന്ത്രിസഭയ്‌ക്കുള്ള ആലോചനകൾ എൽഡിഎഫും വിവിധ കക്ഷികളും ഉടനെ ആരംഭിക്കുമെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട്‌ ദീർഘമായ ഒരു പ്രക്രിയ എൽഡിഎഫിൽ ഉണ്ടാകാറില്ലെന്നത്‌ ഈ അവസരത്തിൽ ജനങ്ങൾക്ക്‌ ആശ്വാസംപകരുന്ന വസ്‌തുതയാണ്‌. കെട്ടുറപ്പുള്ള പ്രസ്ഥാനമെന്ന നിലയിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ചുമതലാ വിഭജനമടക്കം പൂർത്തിയാക്കി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുമെന്ന വിശ്വാസമാണ്‌ ജനങ്ങൾക്കുള്ളത്‌.  കോവിഡ്‌ നിയന്ത്രണങ്ങൾക്കൊപ്പം, കാലവർഷം, പുതിയ സ്‌കൂൾ വർഷം, ബാക്കിയായ പരീക്ഷകളുടെ തീരുമാനം,  മാറ്റിവച്ച പരീക്ഷകളുടെ നടത്തിപ്പ്‌, മൂല്യനിർണയം, സ്ഥലംമാറ്റം, പുതുക്കിയ ബജറ്റ്‌ തുടങ്ങി ഒട്ടേറെ  പ്രായോഗിക പ്രവർത്തനങ്ങൾ ഭരണതലത്തിൽ നടക്കേണ്ട സമയംകൂടിയാണിത്‌. ഇതെല്ലാം വളരെ കൃത്യമായി, ശാന്തമായി  നടക്കുമെന്ന ഉറപ്പുകൂടിയാണ്‌ എൽഡിഎഫിന്‌ ലഭിച്ച വിജയത്തിന്‌ തിളക്കമേറ്റുന്നത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top