19 April Friday

തദ്ദേശ സര്‍ക്കാരുകള്‍ ചലനാത്മകമാകട്ടെ

വെബ് ഡെസ്‌ക്‌Updated: Thursday Jan 26, 2017

ജനകീയാസൂത്രണം ലോകത്തിന് കേരളം സംഭാവന നല്‍കിയ മഹത്തായ മാതൃകയാണ്. വികസനം  ആര്‍ക്കുവേണ്ടി എന്ന ചോദ്യത്തിന് ജനങ്ങള്‍ക്കുവേണ്ടിയാണ് എന്നതാണുത്തരം. അങ്ങനെവരുമ്പോള്‍ അതിന്റെ മുന്‍ഗണനകളും നടത്തിപ്പും ജനങ്ങള്‍തന്നെ തീരുമാനിക്കണം എന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാനതത്ത്വവുമാണ്. അതുതിരിച്ചറിഞ്ഞാണ്, കേരളത്തിന് ജനകീയാസൂത്രണത്തിലൂടെ വികസനത്തിന്റെ പുതിയ മുഖം നല്‍കാന്‍  'നവ കേരളത്തിനായി ജനകീയാസൂത്രണം' എന്ന മൂര്‍ത്തമായ കര്‍മപരിപാടി   ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ആവിഷ്കരിച്ചത്.  13-ാം പദ്ധതിക്ക് അടങ്കല്‍തുകയായി രണ്ട് ലക്ഷം കോടി രൂപ അനുവദിക്കും. തദ്ദേശസ്ഥാപനങ്ങള്‍ക്ക് 60,000 കോടി രൂപയാണ് അനുവദിക്കുന്നത്. ഈ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്, കേരളം അതിന്റെ വികസനചരിത്രത്തിലെ ഒരു പുതിയ ഘട്ടത്തിലേക്ക് നീങ്ങുകയാണെന്നും ഈമുന്നേറ്റത്തിന്റ മുഖ്യസവിശേഷത കൂട്ടായപ്രവര്‍ത്തനത്തിന്റെ മൂര്‍ത്തരൂപമാകും അതെന്നുമാണ്.

എല്‍ഡിഎഫ്  സര്‍ക്കാര്‍ എടുത്ത ആദ്യതീരുമാനങ്ങളില്‍ ഒന്ന് പഞ്ചവത്സരപദ്ധതികളും ആസൂത്രണവും തുടരും എന്നതാണ്. കേന്ദ്ര സര്‍ക്കാര്‍ ആസൂത്രണത്തിന്റെ വഴി ഉപേക്ഷിക്കാന്‍ തീരുമാനിച്ചിട്ടും വികസനാസൂത്രണം തുടരാന്‍ കേരളം തീരുമാനിച്ചതിനുകാരണം ജനാധിപത്യത്തിലുള്ള ഉറച്ച വിശ്വാസമാണെന്ന് മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞിരുന്നു. കേരളത്തിന്റെ ഭാവിയെ വിധിക്കും കമ്പോളത്തിനും വിട്ടുകൊടുക്കാന്‍ നമ്മള്‍ തയ്യാറല്ല. കൂട്ടായ ഇടപെടലിലൂടെ ചരിത്രം നിര്‍മിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ കാണിച്ച നിശ്ചയദാര്‍ഢ്യമാണ് വിശ്വവിഖ്യാതമായ കേരളമാതൃക ഉണ്ടാകാന്‍ കാരണം. ഇന്ന് അനേകം പ്രതിസന്ധികള്‍ക്ക് നടുവിലാണ് സംസ്ഥാനം. പ്രതിബന്ധങ്ങള്‍ക്കുമുന്നില്‍ അറച്ചുനില്‍ക്കാതെ   വളര്‍ച്ചയോടൊപ്പം സാമൂഹ്യനീതിയും പരിസ്ഥിതിരക്ഷയും വിനോദവും വിശ്രമവും സാംസ്കാരിക ഉണര്‍വും ഉറപ്പാക്കുന്ന വികസനത്തിന്റെയും അഭിവൃദ്ധിയുടെയും ഒരു പുതിയ ഘട്ടത്തിലേക്ക് കടന്നുചെല്ലുകയാണാവശ്യം. അതിന് പ്രാപ്തമാകുന്നതാകണം പതിമൂന്നാംപദ്ധതി. ജനകീയാസൂത്രണത്തിന്റെ പ്രയോഗവും അതിലൂടെ ആര്‍ജിച്ച നേട്ടങ്ങളും മാത്രമല്ല, അതില്‍നിന്ന് പിന്മാറിയതിന്റെ ദോഷഫലങ്ങളും അനുഭവിച്ചറിഞ്ഞവരാണ് കേരളീയര്‍. വിവിധ പഠനങ്ങളും കമീഷന്‍ റിപ്പോര്‍ട്ടുകളും  ജനകീയാസൂത്രണത്തെ വിലയിരുത്തി നേട്ടങ്ങളോടൊപ്പം പോരായ്മകളും കുറവുകളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അത്തരം പോരായ്മകള്‍ പരിഹരിച്ച് മുന്നേറാന്‍ കഴിയും എന്നതാണ് മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത്തവണത്തെ പദ്ധതിനിര്‍വഹണത്തിന്റെ സവിശേഷതകളിലൊന്ന്. 

നടപടിക്രമങ്ങള്‍ ലളിതമാക്കിയും അനാവശ്യമായ കാലതാമസം ഒഴിവാക്കിയും യഥാസമയം വാര്‍ഷികപദ്ധതി രൂപീകരണം പ്രധാനമാണ്. ഇന്നത്തെ രീതിവച്ച് പദ്ധതി തയ്യാറാകാന്‍ ആഗസ്ത്-സെപ്തംബര്‍ മാസംവരെയാകും. ഏതാണ്ട് എണ്‍പതുശതമാനം  പണം ചെലവാക്കുന്നത് അവസാനത്തെ മൂന്നുമാസത്തിലാണ്. ഈ കാലതാമസം ഒഴിവാക്കുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങളിലെ ശ്രദ്ധേയമായ ഒരു ഭാഗം.  ധനകാര്യവര്‍ഷം തുടങ്ങാറാകുമ്പോള്‍ വെപ്രാളപ്പെട്ട് നടത്തേണ്ട ഒരു കാര്യമായി ആസൂത്രണത്തെ കാണരുത്.   ജീവിക്കുന്ന ഗ്രാമത്തിന്റെ അല്ലെങ്കില്‍ നഗരത്തിന്റെ ഭാവി വികസനം എങ്ങനെയാകണം എന്നതു സംബന്ധിച്ച അന്വേഷണങ്ങളും പഠനങ്ങളും സംവാദവും തുടര്‍ച്ചയായി നടക്കണം. അങ്ങനെയുള്ള തയ്യാറെടുപ്പ് ഉണ്ടെങ്കില്‍ പദ്ധതി തയ്യാറാക്കാന്‍ പ്രോജക്ടുകള്‍ക്കുവേണ്ടി നെട്ടോട്ടം ഓടേണ്ടിവരില്ല. നാടിന്റെ പൊതുനന്മയെയും വികസനത്തെയുംകുറിച്ച് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരുടെ ഒരു കൂട്ടായ്മ എല്ലാ ഗ്രാമത്തിലും നഗരത്തിലും ഉണ്ടാകണം. ക്രമേണ ആ കൂട്ടായ്മയിലേക്ക് എല്ലാ പൌരന്മാരെയും ആകര്‍ഷിക്കാന്‍ കഴിയണം.

എല്ലാ പൌരന്മാരും ആസൂത്രകരായി മാറുന്ന അവസ്ഥയാണ്   ആത്യന്തികമായി ലക്ഷ്യംവയ്ക്കേണ്ടത്- വിപുലമായ പങ്കാളിത്തവും  ജനാധിപത്യപരമായ പ്രവര്‍ത്തനവും ഉറപ്പാക്കുന്നതിനുള്ള ക്രിയാത്മക നിര്‍ദേശങ്ങളാണ് സര്‍ക്കാരില്‍നിന്ന് ഉയര്‍ന്നുകേള്‍ക്കുന്നത്.    ബഹുതല ആസൂത്രണത്തിന് നല്‍കുന്ന പ്രാധാന്യമാണ് മറ്റൊരു സവിശേഷത. മാലിന്യപ്രശ്നം, കുടിവെള്ളപ്രശ്നം തുടങ്ങി ഏത് പ്രശ്നമെടുത്താലും പ്രദേശത്തിനപ്പുറത്തേക്കുനീളുന്ന വേരുകളും ശാഖകളും  കാണാന്‍ കഴിയും. മുന്‍കാലത്ത് പ്രാദേശിക ആസൂത്രണത്തെ മുകള്‍ത്തട്ട് ഗവണ്‍മെന്റുകളുമായും വകുപ്പുകളുമായും കൂട്ടിയിണക്കുന്ന കാര്യം നാം വേണ്ടത്ര ശ്രദ്ധിച്ചിരുന്നില്ല. ഈ പോരായ്മ പരിഹരിക്കാന്‍ പതിമൂന്നാംപദ്ധതിയില്‍ ആത്മാര്‍ഥമായി ശ്രമിക്കും എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

പ്രാദേശിക സര്‍ക്കാരുകളുടെ ഭരണഘടനാപരമായ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ അവയെ സഹായിക്കുന്ന തരത്തിലുള്ള അനുപൂരകമായ ഇടപെടല്‍ സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുടെ ഭാഗത്തുനിന്ന്  ഉണ്ടാകും.  സംസ്ഥാന-ജില്ല-ബ്ളോക്കുതലങ്ങളില്‍ സന്നദ്ധസേവനവും ഉപദേശവും നല്‍കാന്‍ തയ്യാറുള്ള വിദഗ്ധരുടെയും സ്ഥാപനങ്ങളുടെയും പാനല്‍ തയ്യാറാക്കി സഹകരിപ്പിക്കുന്നതിനുള്ള  തീരുമാനവും  എടുത്തുപറയേണ്ടതാണ്. സാമൂഹ്യനീതി, മതനിരപേക്ഷത തുടങ്ങി കേരളസമൂഹം വിലമതിക്കുന്ന നവോത്ഥാനമൂല്യങ്ങള്‍ നിലനിര്‍ത്താന്‍ പതിമൂന്നാം പദ്ധതിക്കാലത്ത് പൊതുസ്ഥാപനങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരം ഉയര്‍ത്തുക എന്നത് ഒരു പ്രധാന ലക്ഷ്യമായി സ്വീകരിക്കാനുള്ള ആഹ്വാനവും  വ്യത്യസ്തമായ സമീപനത്തെ സൂചിപ്പിക്കുന്നു. ജനകീയാസൂത്രണ പ്രക്രിയയില്‍ ഫലപ്രദമായിമുന്നേറാന്‍ തദ്ദേശസ്ഥാപനങ്ങളെ പ്രാപ്തരാക്കുന്ന രീതിയില്‍ വിവിധ വകുപ്പുകളുടെ സംസ്ഥാന ജില്ലാതലസംവിധാനങ്ങളെ സുസജ്ജരാക്കുക,  വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഏകോപിപ്പിക്കുക, ഇവയ്ക്കാകെ  മുഖ്യമന്ത്രിയും വകുപ്പുമന്ത്രിമാരും നേതൃത്വം നല്‍കുക, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമാകെ ഇതിലേക്ക് കേന്ദ്രീകരിക്കുക എന്നിങ്ങനെയുള്ള വിശാലമായ ക്യാന്‍വാസാണ് ഒരുങ്ങുന്നത്. തീര്‍ച്ചയായും ഇത് നവകേരളത്തിനായുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഈടുവയ്പാണ്. ഈ മുന്നേറ്റം വിജയംവരിക്കാന്‍ എല്ലാ ഭാഗത്തുനിന്നും സഹായസഹകരണങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top