03 October Tuesday

ജീവിതം പ്രതിഫലിക്കുന്ന പ്രകടനപത്രിക

വെബ് ഡെസ്‌ക്‌Updated: Saturday Mar 20, 2021


നവകേരള നിർമാണത്തിനായുള്ള രൂപരേഖയാണ്‌ വെള്ളിയാഴ്‌ച പ്രസിദ്ധീകരിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രിക. സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിനൊപ്പം ജനങ്ങളുടെ ക്ഷേമവും മതനിരപേക്ഷ ചട്ടക്കൂടും ഉറപ്പാക്കുകയാണ്‌ എൽഡിഎഫ്‌. 50 ഇന പരിപാടിയും 900 വാഗ്‌ദാനവുമാണ്‌ രണ്ടുഭാഗമായുള്ള പ്രകടനപത്രികയിൽ ഉള്ളത്‌. കോർപറേറ്റുകളുടെയും അതിസമ്പന്നരുടെയും വളർച്ചയ്‌ക്ക്‌ പ്രാമുഖ്യം നൽകുന്ന മോഡി സർക്കാരിന്റെയും മുൻ കോൺഗ്രസ്‌ സർക്കാരുകളുടെയും നയങ്ങളിൽനിന്ന്‌ വ്യത്യസ്‌തമായി ജനപക്ഷ ബദൽ ഉയർത്തിപ്പിടിക്കുന്നതാണ്‌ എൽഡിഎഫിന്റെ പ്രകടനപത്രിക. അതോടൊപ്പം ഭരണത്തുടർച്ച ലഭിക്കുമെന്ന ആത്മവിശ്വാസവും പ്രകടനപത്രികയിൽ നിഴലിച്ചുകാണാം.

‌തൊഴിൽ ഉറപ്പുവരുത്തുന്നതിലാണ്‌ പ്രകടനപത്രികയുടെ ഊന്നൽ. അഭ്യസ്‌തവിദ്യരായ യുവാക്കൾക്ക്‌ ഡിജിറ്റൽപ്ലാറ്റ്‌ഫോമിൽ 20 ലക്ഷം പേർക്ക്‌ തൊഴിൽ നൽകുമെന്നാണ്‌ വാഗ്‌ദാനം. ഇവരുടെ സാമൂഹ്യസുരക്ഷ സർക്കാർ ഏറ്റെടുക്കുമെന്ന പ്രധാന വാഗ്‌ദാനവും മുന്നോട്ടുവയ്‌ക്കുന്നു. കാർഷിക മേഖലയിൽ അഞ്ച്‌ ലക്ഷം പേർക്കും കാർഷികേതര മേഖലയിൽ പത്ത്‌ ലക്ഷം പേർക്കും അനൗപചാരിക മേഖലയിൽ അഞ്ച്‌ ലക്ഷം പേർക്കും തൊഴിൽ സൃഷ്ടിക്കും. കെ–-ഫോൺ പദ്ധതി നടപ്പാക്കിയ പിണറായി സർക്കാർ അതിന്റെ തുടർച്ചയെന്നോണമാണ്‌ ഡിജിറ്റൽ മേഖലയിൽ തൊഴിലവസരം സൃഷ്ടിക്കുമെന്ന ഉറപ്പ്‌കൂടി നൽകുന്നത്‌.

വീട്ടമ്മമാർക്ക്‌ പെൻഷൻ നൽകുമെന്ന വാഗ്‌ദാനം പ്രകടനപത്രികയിലെ ഏറ്റവും നൂതനമായ ആശയമാണ്‌. സമ്പന്ന രാഷ്ട്രങ്ങളിൽപ്പോലും നടപ്പാക്കാത്ത ആശയമാണിത്‌. കേരളത്തിലെ ലക്ഷക്കണക്കിന്‌ വീടുകളിൽ ആഹ്‌ളാദവും ആശ്വാസവും പകരുന്നതാണ്‌ ഈ വാഗ്‌ദാനം. അതോടൊപ്പം നിലവിലുള്ള സാമൂഹ്യക്ഷേമ പെൻഷൻ ഘട്ടം ഘട്ടമായി 2500 രൂപയായി വർധിപ്പിക്കുകയും ചെയ്യുമെന്നും എൽഡിഎഫ്‌ പറയുന്നു. യുഡിഎഫ്‌ കാലത്ത്‌ 600 രൂപയായിരുന്ന പെൻഷൻ 1600 രൂപയാക്കിയത്‌ എൽഡിഎഫ്‌ സർക്കാരാണ്‌. അത്‌ അടുത്ത അഞ്ച്‌ വർഷത്തിനിടയ്‌ക്ക്‌ 900 രൂപ വർധിപ്പിക്കുമെന്നാണ്‌ പുതിയപ്രഖ്യാപനം. 2016ൽ ആയിരം രൂപ വാഗ്‌ദാനംചെയ്‌ത എൽഡിഎഫ്‌ അത്‌ 1600 ആയി വർധിപ്പിച്ചിരുന്നു എന്നകാര്യംകൂടി ഇതോടൊപ്പം ചേർത്തു‌വായിക്കേണ്ടതുണ്ട്‌.


 

കെഎസ്‌ആർടിസി ഉൾപ്പെടെയുള്ള പൊതുമേഖലയെ സംരക്ഷിക്കുമെന്നും ടെക്‌സ്‌റ്റൈൽ മേഖലയ്‌ക്കായി അസംസ്‌കൃത സാധനങ്ങൾ ലഭ്യമാക്കുന്നതിനായി ഒരു കൺസോർഷ്യം എന്ന ആശയവും പ്രകടനപത്രിക മുന്നോട്ടുവയ്‌ക്കുന്നുണ്ട്‌. കേരളത്തിന്റെ മെച്ചപ്പെട്ട ആരോഗ്യമേഖലയെ ഉപയോഗപ്പെടുത്തി കേരളത്തെ ഫാർമസ്യൂട്ടിക്കൽ ഹബ്ബായും ഇലക്‌ട്രോണിക് ഹബ്ബായും മാറ്റുമെന്ന പ്രഖ്യാപനവും പ്രകടനപത്രികയിലുണ്ട്‌. ചെറുകിട വ്യവസായ സംരംഭങ്ങൾ 1.4 ലക്ഷത്തിൽനിന്ന്‌ മൂന്ന്‌ ലക്ഷമായി വർധിപ്പിക്കും. കൃഷിക്കാരുടെ വരുമാനം 50 ശതമാനമായി വർധിപ്പിക്കും. രാജ്യതലസ്ഥാനത്ത്‌ കർഷകസമരം നടക്കുന്ന പശ്ചാത്തലത്തിൽ കേരള സർക്കാരിന്റെ ഈ വാഗ്‌ദാനം പ്രസക്തമാണ്‌. അതോടൊപ്പം റബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കുമെന്നും വാഗ്‌ദാനമുണ്ട്‌. ലൈഫ്‌ മിഷൻ പദ്ധതികൾ ഫലപ്രദമായി നടപ്പാക്കിയ പിണറായി വിജയൻ സർക്കാർ അടുത്ത അഞ്ച്‌ വർഷവും ഈ പദ്ധതി തുടരുമെന്നും വാഗ്‌ദാനം ചെയ്യുന്നു. അടുത്ത വർഷംമാത്രം ഒന്നരലക്ഷം വീട്‌ നിർമിക്കുമെന്നും അഞ്ച്‌ വർഷത്തിനകം അഞ്ച്‌ ലക്ഷം വീട്‌ നിർമിച്ചുനൽകുമെന്നും എൽഡിഎഫ്‌ പറയുന്നു. കടൽ കടലിന്റെ മക്കൾക്കായി നൽകുമെന്നും തീരദേശ വികസനത്തിനായി 5000 കോടിരൂപയുടെ പാക്കേജ്‌ നടപ്പാക്കുമെന്നും പ്രകടനപത്രിക പറയുന്നു. 2040 വരെ വൈദ്യുതിക്ഷാമമില്ലാത്ത കേരളം ഉറപ്പുവരുത്തുമെന്നും വാഗ്‌ദാനമുണ്ട്‌. 60,000 കോടിരൂപയുടെ പശ്‌ചാത്തല വികസനം, സ്‌പോർട്‌സ്‌‌ സമുച്ചയങ്ങളുടെ നിർമാണം തുടങ്ങി പല പദ്ധതികളും പ്രകടനപത്രികയിൽ ഇടംപിടിച്ചിട്ടുണ്ട്‌.

സ്ഥാനാർഥി നിർണയത്തിലും പ്രചാരണ പ്രവർത്തനങ്ങളിലും ഏറെ മുന്നേറിയ എൽഡിഎഫ് തെരഞ്ഞെടുപ്പ്‌ പ്രകടനപത്രിക ആദ്യം പുറത്തിറക്കിയും മാതൃക കാട്ടിയിരിക്കുകയാണ്‌. ‌2016 ലെ പ്രകടനപത്രികയിൽ ജനങ്ങൾക്ക്‌ നൽകിയ 600 വാഗ്‌ദാനത്തിൽ 580ഉം നടപ്പാക്കിയ ആത്മവിശ്വാസവുമായാണ്‌ ‌എൽഡിഎഫ്‌ ഇക്കുറി തെരഞ്ഞെടുപ്പിനെ നേരിടുന്നത്‌. പ്രകടനപത്രിക കപടവാഗ്‌ദാനമല്ലെന്നും അത്‌ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള പദ്ധതികളാണെന്നും ബോധ്യപ്പെടുത്തുന്ന പ്രവർത്തനമാണ്‌ കഴിഞ്ഞ അഞ്ചുവർഷവും പിണറായി സർക്കാർ നടപ്പാക്കിയത്‌. അതുകൊണ്ടുതന്നെ അടുത്ത അഞ്ച്‌ വർഷത്തേക്ക്‌ നടപ്പാക്കാനുള്ള, യാഥാർഥ്യമാകാൻ പോകുന്ന പദ്ധതികളാണ്‌ വെള്ളിയാഴ്‌ച പുറത്തിറക്കിയ പ്രകടനപത്രികയിലുള്ളത്‌.

കേരളത്തിലെ എല്ലാ ജില്ലയിലും ചെന്ന്‌ വിവിധ വിഭാഗം ജനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട്‌ നടത്തിയ ചർച്ചയുടെയും സർവകലാശാലാ വിദ്യാർഥികളുമായി പ്രത്യേകം നടത്തിയ ചർച്ചയുടെയും അടിസ്ഥാനത്തിലാണ്‌ പ്രകടനപത്രിക തയ്യാറാക്കിയത്‌. അതുകൊണ്ടുതന്നെ ജീവിതത്തിന്റെ സമസ്‌ത മേഖലയെയും സ്‌പർശിക്കുന്ന പ്രകടനപത്രികയായി എൽഡിഎഫിന്റേത്‌ മാറി. എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ പറഞ്ഞതുപോലെ കടലാസിന്റെ മൂല്യമല്ല ജീവിതത്തിന്റെ മൂല്യമാണ്‌ എൽഡിഎഫ്‌ പ്രകടനപത്രികയ്‌ക്കുള്ളത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top