28 March Thursday

ഭരണത്തുടർച്ചയ്‌ക്ക്‌ എൽഡിഎഫ്‌ സജ്ജം

വെബ് ഡെസ്‌ക്‌Updated: Thursday Mar 11, 2021


ചരിത്രത്തിലാദ്യമായി കേരളത്തിൽ ഭരണത്തുടർച്ച യാഥാർഥ്യമാക്കാനുള്ള മുന്നേറ്റത്തിലാണ്‌ എൽഡിഎഫ്‌. സംസ്ഥാനത്ത്‌ വികസനവും ജനക്ഷേമവും ഉറപ്പുവരുത്താൻ എൽഡിഎഫ്‌ വീണ്ടും അധികാരത്തിലെത്തണമെന്ന്‌‌ ജനങ്ങൾ അഭിലഷിക്കുന്നു. കേരളത്തിന്റെ മനസ്സ്‌ തൊട്ടറിയുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി ഈ ചരിത്രനിയോഗം സാക്ഷാൽക്കരിക്കാനുള്ള പ്രവർത്തനങ്ങളുമായി വീണ്ടും ജനങ്ങളിലേക്ക്‌ ചെല്ലുകയാണ്‌. സീറ്റ്‌ വിഭജനവും സ്ഥാനാർഥി നിർണയവും പ്രശ്‌നങ്ങളില്ലാതെ പൂർത്തിയാക്കി എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. മുന്നണിയെ നയിക്കുന്ന സിപിഐ എം അടക്കമുള്ള കക്ഷികൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. അഞ്ചുവർഷം നാട്‌ അനുഭവിച്ചറിഞ്ഞ വികസനപ്രവർത്തനങ്ങളും ജനക്ഷേമവും തുടരാനും നവകേരളം കെട്ടിപ്പടുക്കാൻ ആവിഷ്‌കരിച്ച പദ്ധതികൾ ഫലപ്രാപ്‌തിയിലെത്തിക്കാനും പ്രാപ്‌തമായ കരുത്തുറ്റ നേതൃനിരയാണ്‌ എൽഡിഎഫിന്‌ വേണ്ടി മത്സര രംഗത്തുള്ളത്‌.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ പരിചയ സമ്പത്തും യുവത്വവും സമന്വയിക്കുന്ന സ്ഥാനാർഥികൾ എൽഡിഎഫിനായി കളത്തിലിറങ്ങുന്നു‌. സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ സിപിഐ എം സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ എൽഡിഎഫ്‌ പൂർണസജ്ജമായിക്കഴിഞ്ഞു. സംസ്ഥാനത്തെ ഏറ്റവും ജനപിന്തുണയുള്ള പാർടിയായ സിപിഐ എം എല്ലാ ജനവിഭാഗങ്ങളുടെയും മനസ്സ്‌ തൊട്ടറിയുന്ന വൈവിധ്യമുള്ള സ്ഥാനാർഥികളെയാണ്‌ രംഗത്തിറക്കുന്നത്‌. പാർടി പ്രവർത്തകർ, വിദ്യാർഥി–- യുവജന നേതാക്കൾ, തൊഴിലാളി പ്രവർത്തകരും കലാകാരന്മാരും നടന്മാരും എൻജിനിയർമാരും ഡോക്‌ടർമാരും അടക്കമുള്ള പ്രൊഫഷണലുകളും ഉൾപ്പെടെ വിവിധ മേഖലകളിലുള്ളവർ സിപിഐ എം സ്ഥാനാർഥികളായി മത്സരിക്കുന്നു. സിപിഐ എം സ്ഥാനാർഥികളിൽ പകുതിയോളം പേർ പുതുമുഖങ്ങളാണ്‌. 12 വനിതകളും സിപിഐ എം പട്ടികയിലുണ്ട്‌. ജനപക്ഷ വികസനത്തിലൂടെ നവകേരളം യാഥാർഥ്യമാക്കാൻ ഇത്തരമൊരു കൂട്ടായ്‌മ കൂടിയേ തീരൂ. എൽഡിഎഫിന്‌ ഭരണം ഒരു തുടർ പ്രക്രിയയാണ്‌. ജനക്ഷേമവും വികസനവും ഉറപ്പുവരുത്താനുതകുന്ന ആശയ‌ങ്ങളുടെ അടിത്തറയിൽ രൂപം നൽകുന്ന പദ്ധതികളുമായാണ്‌ എൽഡിഎഫ്‌ മുന്നോട്ടുപോകുന്നത്‌. ജനപക്ഷ വികസനം യാഥാർഥ്യമാക്കാൻ ഉൾക്കാമ്പും കർമശേഷിയുമുള്ള നേതൃനിരയാണ്‌ സിപിഐ എമ്മും എൽഡിഎഫും മുന്നോട്ടുവയ്‌ക്കുന്നത്‌.

അതേസമയം, സ്ഥാനാർഥി പ്രഖ്യാപനം പോലും നടത്താനാകാതെ ഗുരുതരമായ പ്രതിസന്ധിയിലാണ്‌ യുഡിഎഫ്‌. ദേശീയതലത്തിൽ നേതൃത്വമില്ലാതെ ആടിയുലയുന്ന കോൺഗ്രസിന്‌ കൂട്ടായ നിലപാടെടുക്കാനോ ഏകകണ്ഠമായി സ്ഥാനാർഥികളെ നിശ്‌ചയിക്കാനോ കഴിയുന്നില്ല. ഓരോ മണ്ഡലത്തിലേക്കും നാലും അഞ്ചും പേരെ നിർദേശിക്കുന്ന ജംബോ സ്ഥാനാർഥി പട്ടികയുമായി കോൺഗ്രസിന്റെ ഗ്രൂപ്പ്‌ നേതാക്കൾ ഡൽഹിയിൽ പിടിവലി നടത്തുകയാണ്‌. കോൺഗ്രസ്‌ പാർടിയുടെ താൽപ്പര്യങ്ങളേക്കാൾ സ്വന്തം ഗ്രൂപ്പിന്‌ നേട്ടമുണ്ടാക്കാനുള്ള ശ്രമത്തിലാണ്‌ ഉമ്മൻചാണ്ടിയും രമേശ്‌ ചെന്നിത്തലയുമെല്ലാം. തെരഞ്ഞെടുപ്പ്‌ കമ്മിറ്റിയിൽ ആലോചിക്കാതെയാണ്‌ സ്ഥാനാർഥി പട്ടിക തയ്യാറാക്കിയതെന്ന്‌ മുതിർന്ന നേതാക്കൾ പോലും പരസ്യമായി വിമർശനം ഉന്നയിക്കുന്നു. ഗ്രൂപ്പ്‌ വീതംവയ്‌പിൽ പ്രതിഷേധിച്ച്‌ മുതിർന്ന നേതാവ്‌ പി സി ചാക്കോ കോൺഗ്രസിൽനിന്ന്‌ രാജിവച്ചത്‌ ആ പാർടി നേരിടുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. കേരളത്തിൽ കോൺഗ്രസ്‌ എന്തുമാത്രം ദുർബലമായെന്നതിന്റെ പ്രഖ്യാപനം കൂടിയാണ്‌ ചാക്കോയുടെ രാജി.

കേരളത്തിൽ ഭരണത്തിന്റെ നാലയലത്ത്‌ എത്താനാവാത്ത ബിജെപിയിലും പ്രശ്‌നങ്ങൾക്ക്‌ കുറവില്ല. കോൺഗ്രസിനെ തോൽപ്പിക്കുന്ന ഗ്രൂപ്പിസമാണ്‌ ബിജെപിയിൽ. സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനോടുള്ള എതിർപ്പ്‌ പരസ്യമായി പ്രകടിപ്പിച്ച്‌ മുതിർന്ന നേതാവ്‌ ശോഭ സുരേന്ദ്രൻ കുറേക്കാലമായി ഇടഞ്ഞു നിൽക്കുന്നു. ഇ ശ്രീധരനെപ്പോലുള്ളവരെ പാർടിയിലെത്തിച്ചും അമിത്‌ ഷായെ രംഗത്തിറക്കി എൽഡിഎഫിനെ ആക്ഷേപിച്ചും പിടിച്ചുനിൽക്കാൻ ശ്രമിക്കുന്ന കെ സുരേന്ദ്രന്‌ സ്ഥാനാർഥികളെ നിശ്‌ചയിക്കാൻ പോലും സാധിക്കുന്നില്ല. ഗ്രൂപ്പ്‌ വടംവലിയിൽ ഉഴലുന്ന ബിജെപിക്ക്‌ കേരളത്തിലെ ജനങ്ങൾക്കുമുന്നിൽ വയ്‌ക്കാൻ പദ്ധതികളോ പരിപാടികളോ ഇല്ല.വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ പാരസ്‌പര്യം ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന്‌ സിപിഐ എമ്മും എൽഡിഎഫും കരുതുന്നു.

അഞ്ചുവർഷം കേരളം തൊട്ടറിഞ്ഞ വികസനത്തിന്റെ നല്ലകാലം തുടരാനുള്ള നിർണായക തെരഞ്ഞെടുപ്പാണിത്‌. ക്ഷേമപെൻഷനുകളും ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ മുന്നേറ്റവുമടക്കമുള്ള നേട്ടങ്ങൾ നിലനിർത്താൻ എൽഡിഎഫ്‌ ഭരണം തുടരേണ്ടതുണ്ട്‌‌. കേരള ബാങ്കും കെ ഫോണും അടക്കം പിണറായി സർക്കാർ തുടക്കമിട്ട നിരവധി പദ്ധതികൾ പൂർത്തിയാക്കാൻ തുടർ ഭരണം കൂടിയേ തീരൂ. വർഗീയതയെ ചെറുത്ത്‌ സമാധാനവും ക്ഷേമവും കളിയാടുന്ന കേരളം കെട്ടിപ്പടുക്കാൻ എൽഡിഎഫിന്‌ മാത്രമേ സാധിക്കൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top