24 April Wednesday

ജനഹൃദയംതൊട്ട്‌ സർക്കാർ

വെബ് ഡെസ്‌ക്‌Updated: Friday Feb 5, 2021


ജനങ്ങളുടെ പ്രതീക്ഷകൾ സാക്ഷാൽക്കരിക്കുമ്പോഴാണ്‌ സർക്കാരും ഭരണസംവിധാനവും സാർഥകമാകുന്നത്‌. കരുതലും ശ്രദ്ധയും നീതിബോധവുമുള്ളവരാണ്‌ ഭരണം നടത്തുന്നതെന്ന്‌ പൗരന്മാർക്ക്‌ ബോധ്യപ്പെടണം. ജനാഭിലാഷം മനസ്സിലാക്കാൻ ഭരണത്തിന്‌ കഴിയണം. മനുഷ്യരുടെ പ്രശ്‌നങ്ങൾ ഫലപ്രദമായി പരിഹരിക്കണം. ഭരണനടപടികൾ മനുഷ്യരെ ചെന്നുതൊടണം. അതിന്റെ സദ്‌ഫലങ്ങൾ ഓരോ കുടുംബത്തിലും എത്തണം. ഇത്തരത്തിൽ ജനങ്ങളുടെ അഭിലാഷങ്ങളും പ്രതീക്ഷകളും യാഥാർഥ്യമാക്കാൻ ഇടപെട്ടുകൊണ്ടേയിരിക്കുകയാണ്‌‌ എൽഡിഎഫ്‌ സർക്കാർ.

കാലാവധി പൂർത്തിയാകുംമുമ്പ്‌ ജനങ്ങൾക്ക്‌ പരമാവധി ആശ്വാസമേകുന്ന സൂക്ഷ്‌മവും വിപുലവുമായ നടപടികളാണ്‌ സർക്കാർ കൈക്കൊള്ളുന്നത്‌. കെട്ടിടനിർമാണ അനുമതിക്കുള്ള നിയമങ്ങൾ ലഘൂകരിച്ചത്‌‌ മുതൽ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം വരെയുള്ള കഴിഞ്ഞദിവസത്തെ തീരുമാനങ്ങൾ സർക്കാരിന്റെ കരുതലും ശ്രദ്ധയും പ്രതിബദ്ധതയുമാണ്‌ കാണിക്കുന്നത്‌.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ ജനങ്ങൾക്ക്‌ മുന്നിൽവച്ച പ്രകടനപത്രികയിലെ വാഗ്‌ദാനങ്ങൾ ഏതാണ്ട്‌ പൂർണമായി നടപ്പാക്കിയ സർക്കാരാണിത്‌. പ്രകടനപത്രികയിലെ വാഗ്‌ദാനം വോട്ട്‌ തട്ടാനുള്ള പാഴ്‌വാക്കാണെന്ന്‌ കേന്ദ്ര ഭരണകക്ഷി നേതാക്കൾ നാണമില്ലാതെ പറയുന്ന നാട്ടിലാണ്‌ പൂർണ മാർക്ക്‌ നേടിയ പ്രോഗ്രസ്‌ റിപ്പോർട്ടുമായി സംസ്ഥാന സർക്കാർ നിൽക്കുന്നത്‌. വാഗ്‌ദാനങ്ങൾ പാലിച്ചതിനോടൊപ്പം സൂക്ഷ്‌മവും സർവതല സ്‌പർശിയുമായ ഭരണ നടപടികളിലൂടെ ജനങ്ങൾക്ക്‌ കൂടുതൽ ആശ്വാസമെത്തിക്കാനും സർക്കാർ ശ്രമിക്കുന്നു.


 

പാവപ്പെട്ടവർക്ക്‌ കിടപ്പാടം നൽകുന്ന ലൈഫ്‌ പദ്ധതി, ഭക്ഷ്യസുരക്ഷ ഉറപ്പാക്കിയ സുഭിക്ഷ കേരളം, അന്താരാഷ്‌ട്ര നിലവാരമുള്ള വിദ്യാലയങ്ങൾ, ദേശീയ പാതയടക്കമുള്ള റോഡുകളുടെ വികസനം, നൂറുകണക്കിന്‌ പുതിയ പാലങ്ങൾ, ഗുണമേന്മയുള്ള വൈദ്യുതി വിതരണം... എന്നിങ്ങനെ വികസനത്തിന്റെ വസന്തകാലത്തിലൂടെയാണ്‌ കേരളം മുന്നോട്ടുപോകുന്നത്‌. പച്ചക്കറിക്ക്‌ അടിസ്ഥാനവിലയും നെൽകർഷകർക്ക്‌ ബോണസും കർഷകപെൻഷനുമെല്ലാം പ്രഖ്യാപിച്ച്‌ കാർഷിക മേഖലയെ സംരക്ഷിക്കാനും സർക്കാർ മുന്നിൽ നിന്നു. കാർഷിക രംഗം കോർപറേറ്റുകൾക്ക്‌ അടിയറവയ്‌ക്കുന്നതിനെതിരെ രാജ്യത്തെ കർഷകർ ഡൽഹിയിൽ പോരാട്ടം നടത്തുമ്പോഴാണ്‌ കേരളം അവരെ ചേർത്തുപിടിക്കുന്നത്‌. വ്യവസായം, തൊഴിൽ, ആരോഗ്യം, ഐടി, ഭക്ഷ്യവിതരണം, കായികരംഗം, സാംസ്‌കാരിക മേഖല എന്നു തുടങ്ങി സർക്കാരിന്റെ ശ്രദ്ധയും ഇടപെടലും എല്ലായിടത്തുമുണ്ടായിരുന്നു. ഓഖിയും പ്രളയവും നിപായും കോവിഡുമെല്ലാം ഏൽപ്പിച്ച കനത്ത ആഘാതത്തിനിടയിലാണ്‌ ഈ മികച്ച പ്രകടനമെന്ന്‌ ഓർമിക്കണം.

സേവനങ്ങൾ അനായാസം ജനങ്ങളിലെത്തിക്കാൻ വലിയ ശ്രദ്ധയാണ്‌ സർക്കാർ കാണിക്കുന്നത്‌. ഐടി അധിഷ്‌ഠിതമാക്കുകവഴി വില്ലേജ്‌ ഓഫീസുകളും തദ്ദേശ ഭരണസ്ഥാപനങ്ങളും ജനസേവനകേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു. എങ്കിലും നിയമത്തിന്റെ നൂലാമാല പല കാര്യങ്ങളിലും തടസ്സം സൃഷ്‌ടിക്കുന്നു‌. അനുമതി ലഭിക്കുന്നതിലെ താമസം ഒഴിവാക്കുന്നതിനാണ്‌ സ്വയം സാക്ഷ്യപ്പെടുത്തി കെട്ടിടം നിർമിക്കാമെന്ന്‌ നിയമം ഭേദഗതി ചെയ്യുന്നത്‌. പിഎസ്‌സി റാങ്ക്‌‌ ലിസ്‌റ്റിന്റെ കാലാവധി നീട്ടി തൊഴിലന്വേഷകരായ യുവജനങ്ങൾക്ക്‌ സർക്കാർ പുതിയ പ്രതീക്ഷ പകർന്നു. ദീർഘകാല ആവശ്യം അംഗീകരിച്ച്‌ നാടാർ സമുദായത്തിലെ എല്ലാവർക്കും സംവരണം നൽകാനും തീരുമാനിച്ചു. തൊഴിലുറപ്പ്‌ തൊഴിലാളി ക്ഷേമനിധി യാഥാർഥ്യമാകുന്നതോടെ പാവപ്പെട്ട കൂടുതൽ ജനങ്ങൾക്ക്‌‌‌ ക്ഷേമപെൻഷന്റെ കരുതൽ ലഭിക്കും. സർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കാനും പുതുക്കിയ വേതനം ഏപ്രിൽ ഒന്നു മുതൽ നൽകാനും തീരുമാനമായി. മന്ത്രിമാർ നേതൃത്വം നൽകുന്ന സാന്ത്വനസ്‌പർശം അദാലത്തുകൾ തഴേത്തട്ടിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്ന സവിശേഷമായ ഇടപെടലാണ്‌.

കാര്യക്ഷമതയും സമയബന്ധിതമായി പദ്ധതികൾ പൂർത്തിയാക്കാനുള്ള നിശ്‌ചയദാർഢ്യവുമാണ്‌ സർക്കാരിനെ വേറിട്ട്‌ നിർത്തുന്ന ഘടകങ്ങളിലൊന്ന്‌. സൂക്ഷ്‌മതയോടും ദീർഘവീക്ഷണത്തോടും പദ്ധതികൾ ആസൂത്രണം ചെയ്‌ത്‌ നിശ്‌ചയിച്ച സമയത്ത്‌ പൂർത്തിയാക്കുന്നു. എല്ലാ വകുപ്പുകളിലും ഇത്രയേറെ വൈവിധ്യപൂർണമായ പദ്ധതികൾ നടപ്പാക്കിയ സർക്കാർ അധികമില്ല. ഒപ്പം സേവനം എളുപ്പം ലഭിക്കുന്നതിന്‌ നിയമങ്ങളും നടപടിക്രമങ്ങളും ലഘൂകരിക്കാനും ശ്രമിച്ചു. ഇങ്ങനെ സൂക്ഷ്‌മവും വിപുലവുമായ ഇടപെടലുകളും നിയമനിർമാണങ്ങളും നടത്താൻ‌ സർക്കാരിന്‌ കഴിഞ്ഞു.

അടുത്ത അഞ്ചുവർഷം കേരളം എങ്ങനെ മുന്നേറണമെന്നതിനെക്കുറിച്ച്‌  വിവിധ രംഗങ്ങളിലുള്ളവരുമായി മുഖ്യമന്ത്രി ആശയവിനിമയം നടത്തിവരികയാണ്‌. വിദ്യാർഥികളും യുവജനങ്ങളും പ്രശസ്‌തരായ സംരംഭകരുമെല്ലാം സൃഷ്‌ടിപരമായ നിർദേശങ്ങളുമായി മുന്നോട്ടു വരുന്നു. പിണറായി സർക്കാരിനെക്കുറിച്ച്‌ എല്ലാവർക്കും നല്ലതേ പറയാനുള്ളൂ. കരുതലോടെ ഓരോ കുടുംബത്തിന്റെയും ഹൃദയത്തിൽ ചെന്നുതൊടുന്ന എൽഡിഎഫ്‌ സർക്കാർ തുടരണമെന്നാണ്‌ എല്ലാവരുടേയും അഭിലാഷം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top