31 May Wednesday

വികസനം തകർക്കുന്നത്‌ ചെറുത്തേ തീരൂ

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020രാജ്യത്ത് പലതരത്തിൽ വേറിട്ടുനിൽക്കുന്ന സംസ്ഥാനമാണ് കേരളം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത നേട്ടങ്ങൾ കൈവരിച്ച നാട്. അതാണ്‌ ലോകം അംഗീകരിച്ച ‘കേരളമാതൃക’. സാമ്പത്തികവികസനത്തിന്‌ ആനുപാതികമായി  മാത്രം സാമൂഹ്യവികസന സൂചികകൾ ഉയരുകയെന്ന പൊതുരീതിയിൽനിന്ന് വേറിട്ട്‌ കേരളം മുന്നോട്ടുപോയി. കുറഞ്ഞ സാമ്പത്തിക വളർച്ചയുള്ളപ്പോഴും ഉയർന്ന സാമൂഹ്യവളർച്ച കൈവരിക്കാൻ നമുക്ക് കഴിഞ്ഞു. ആയുർദൈർഘ്യം, ജനന നിരക്ക്, മരണനിരക്ക്, ശിശുമരണനിരക്ക്, സാക്ഷരത, സ്ത്രീവിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ കഴിഞ്ഞ നൂറ്റാണ്ടിൽത്തന്നെ കേരളം ലോകത്തെ വികസിത രാജ്യങ്ങൾക്കൊപ്പമെത്തി.

ഏത് മലയാളിക്കും അഭിമാനിക്കാവുന്ന കാര്യമാണ്‌ ഇതെല്ലാം. ഇത് ഏതെങ്കിലുമൊരു രാഷ്ട്രീയ പാർടിയുടെയോ സർക്കാരിന്റെയോ നേതാവിന്റെയോ നേട്ടമല്ല. ദീർഘകാലത്തെ സാമൂഹ്യവിപ്ലവത്തിന്റെ ഫലമാണ്. നവോത്ഥാന പ്രസ്ഥാനങ്ങളും കർഷകസമരങ്ങളും തൊഴിലാളി പോരാട്ടങ്ങളും സ്വാതന്ത്ര്യസമരവും ഇടതുപക്ഷ മുന്നേറ്റങ്ങളുമെല്ലാം ഈ സാമൂഹ്യവിപ്ലവത്തിന്റെ ഭാഗമാണ്. ഈ പടവുകളിലൂടെ നടന്നുകയറിയാണ് കേരളം ലോകത്തിനും രാജ്യത്തിനും മുന്നിൽ തലയുയർത്തി നിൽക്കുന്നത്. ഈ മുന്നേറ്റത്തിന്റെ തുടർച്ച സാധ്യമാക്കുന്നതിൽ വലിയ പങ്കുവഹിച്ചത് മാറിമാറി വന്ന ഇടതുപക്ഷ സർക്കാരുകളും അവർ കൊണ്ടുവന്ന നിയമപരിഷ്കാരങ്ങളും ഭരണനടപടികളുമാണ്. സംസ്ഥാനത്ത് ഇന്ന് ഭരണത്തിലിരിക്കുന്ന എൽഡിഎഫ് സർക്കാർ നേട്ടത്തിലേക്കുള്ള ഈ കുതിപ്പിൽ നൽകുന്ന സംഭാവന വളരെയേറെയാണ്.

തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ തന്നെ ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടുവച്ച കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഈ സർക്കാർ നീങ്ങുന്നത്. പുതിയൊരു കേരള നിർമിതി എന്ന വാഗ്ദാനവുമായാണ് മുന്നണി അധികാരമേറ്റത്.  കേരള മാതൃകയുടെ നേട്ടത്തിൽ അഭിരമിച്ചാൽ പോരാ, അടിസ്ഥാനമേഖലകളിൽ വികാസമുണ്ടാക്കുന്നതിൽ ഇനിയും നാം ഏറെ മുന്നോട്ടുപോകണമെന്ന കാഴ്ചപ്പാടാണ് മുന്നണിയുടെ പ്രകടനപത്രിക മുന്നോട്ടുവച്ചത്. ഉൽപ്പാദനമേഖലകളുടെ വളർച്ച ത്വരിതപ്പെടുത്തുക, വിദ്യാസമ്പന്നരായ പുതിയ തലമുറയ്‌ക്ക്‌ അനുയോജ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ഭൗതിക പശ്ചാത്തല സൗകര്യങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങി ഊന്നൽനൽകേണ്ട കാര്യങ്ങൾ പത്രികയിൽ എണ്ണിപ്പറഞ്ഞിരുന്നു. ഈ ദിശയിലെല്ലാം എല്ലാ വിഭാഗങ്ങളുടെയും അംഗീകാരം നേടുന്നവിധം മുന്നേറാനും സർക്കാരിനു കഴിഞ്ഞു. ഗെയിൽ പൈപ്പ്‌ ലൈൻ പൂർത്തിയാക്കിയതും ദേശീയപാത വികസനവും ഈ നേട്ടപ്പട്ടികയിൽ ഇടംനേടിയിരിക്കുന്നു. ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യ ക്ഷേമരംഗങ്ങളിലെ അതുല്യ നേട്ടങ്ങൾക്കൊപ്പമാണ് ഈ കുതിപ്പുകൾ.

ഇതിനു പുറമെ കേരളത്തിലെ മതനിരപേക്ഷ, ജനാധിപത്യ പൗരബോധത്തെ ഉണർത്തുന്നതിലും എൽഡിഎഫ് സർക്കാർ നിർണായക പങ്കുവഹിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ദുർബല സ്ഥാനാർഥിയെ നിർത്തിയതുകൊണ്ടു മാത്രം നിയമസഭയിൽ ഒരു സീറ്റ്  നേടിയ ബിജെപിക്ക് സംസ്ഥാനത്ത് ഒരു ചുവടുപോലും കൂടുതൽ നീക്കാൻ കഴിയാത്തതിന്‌ ഈ സർക്കാരിന്റെ സാന്നിധ്യം മുഖ്യകാരണമാണ്.

കേരള സർക്കാരിന്റെ നേട്ടങ്ങൾ രാജ്യത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കോട്ടങ്ങളെ കൂടുതലായി ജനശ്രദ്ധയിൽ കൊണ്ടുവരുന്നു എന്നതാണ് ഒരു പ്രശ്നം

സ്വാഭാവികമായും ബിജെപി കേന്ദ്രങ്ങൾ അസ്വസ്ഥരാണ്. രണ്ടു തരത്തിലാണ്  കേരളത്തിന്റെ നേട്ടം അവരെ അലോസരപ്പെടുത്തുന്നത്. കേരള സർക്കാരിന്റെ നേട്ടങ്ങൾ രാജ്യത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കോട്ടങ്ങളെ കൂടുതലായി ജനശ്രദ്ധയിൽ കൊണ്ടുവരുന്നു എന്നതാണ് ഒരു പ്രശ്നം. കേരളം  ഒന്നാമതാകുന്നിടത്തെല്ലാം അവർ ഭരിക്കുന്ന വമ്പൻ സംസ്ഥാനങ്ങളായ ഉത്തർപ്രദേശും മധ്യപ്രദേശുമൊക്കെ അവസാന സ്ഥാനത്താണ് എന്നത് അവരെ തെല്ലൊന്നുമല്ല വിഷമിപ്പിക്കുന്നത്. കേരളത്തിൽ വേരുപിടിക്കാമെന്ന അവരുടെ വർഗീയ രാഷ്ട്രീയമോഹംകൂടി കുഴിച്ചുമൂടിക്കൊണ്ടാണ് കേരള സർക്കാർ കൂടുതൽ ജനപിന്തുണ നേടുന്നത് എന്നതാണ് അവരുടെ രണ്ടാമത്തെ പ്രയാസം.

ഈ ഭയപ്പാടിൽനിന്നാണ് നിയമസഭാ കാലാവധി അവസാനിക്കാനിരിക്കെ അവർ അവസാന അടവ് പയറ്റുന്നത്. ഒരുവശത്ത് എല്ലാ കേന്ദ്ര അന്വേഷണ ഏജൻസികളെയും കേരളത്തിലേക്ക് തുറന്നുവിട്ടിരിക്കുന്നു. നാടിന്റെ നട്ടെല്ലായ വികസന പദ്ധതികളുടെമേൽ അവർ മെക്കിട്ടു കയറുന്നു. ലൈഫിലും കെ ഫോണിലും കെ റെയിലിലും കിഫ്ബിയിലും കൈവയ്‌ക്കുന്നു. വളഞ്ഞുപിടിച്ചു കഴുത്തുഞെരിച്ച് ഈ സർക്കാരിനെ ശ്വാസംമുട്ടിക്കാനാകുമോ എന്നാണ്‌ നോട്ടം. ഇതിനൊപ്പം കേന്ദ്രമന്ത്രി അടക്കമുള്ള ബിജെപി നേതാക്കൾ അപവാദ പ്രചാരണത്തിലൂടെയും വികസനപദ്ധതികളെ തകർക്കാനാകുമോ എന്ന പരീക്ഷണത്തിൽ മുഴുകുന്നു. വികസനപദ്ധതികൾക്ക് ധനധമനിയായി പ്രവർത്തിക്കുന്ന കിഫ്ബിയെയും സംസ്ഥാന ലോട്ടറിയെയും പ്രവാസി ചിട്ടിയെയും ഇങ്ങനെ സംശയത്തിന്റെ നിഴലിലാക്കുന്നു. എല്ലായിടത്തും കള്ളപ്പണമാണെന്ന് ആർപ്പുവിളിക്കുന്നു. ശബരിമല വിമാനത്താവളം പദ്ധതിക്കെതിരെവരെ നുണ പ്രചരിപ്പിക്കുന്നു.

ബിജെപിക്ക് ഭാവിയിലേക്ക് തറയൊരുക്കിക്കൊടുക്കുക മാത്രമാണ് തങ്ങളുടെ രാഷ്ട്രീയ ദൗത്യമെന്ന ധാരണയിൽ നീങ്ങുന്ന യുഡിഎഫ് ബിജെപിക്കൊപ്പം ഈ അപവാദമെല്ലാം ഏറ്റുപാടുകയും കേന്ദ്ര ഏജൻസികൾ കാട്ടുന്ന അനീതിക്കെല്ലാം ചൂട്ടുപിടിക്കുകയും ചെയ്യുന്നു. കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമായി ഇത് മാറിക്കഴിഞ്ഞു. ഇതുവരെ നേടിയ നേട്ടങ്ങൾ നിലനിർത്താനും ഇനിയും മുന്നോട്ടുപോകാനും ഈ നാടിന് ഇക്കൂട്ടരെ ചെറുത്തുതോൽപ്പിച്ചേ മതിയാകൂ. ഒരു ജനതയെന്ന നിലയിൽ കേരളീയരുടെ ആകെ ഉത്തരവാദിത്തമായി ഇത് മാറുകയാണ്. തദ്ദേശഭരണ സ്ഥാപനങ്ങളിൽനിന്ന് ഈ കേരള വിരുദ്ധശക്തികളെ ആകുന്നത്ര അകറ്റിനിർത്തുക എന്നത് ഈ പ്രതിരോധത്തിന്റെ ഭാഗമാണ്. അത്തരത്തിലൊരു വിധിയെഴുത്തിന്റെ  സൂചനകൾ പ്രചാരണ രംഗത്തുകാണുന്നുണ്ട്. കേരള വിരുദ്ധരെ ഇത് കൂടുതൽ അക്രമാസക്തരാക്കും. വരുംദിവസങ്ങളിൽ കൂടുതൽ വിഷം ചേർത്തുള്ള അപവാദങ്ങളും വികസനത്തിന് കൂച്ചുവിലങ്ങിടുന്ന നടപടികളും പ്രതീക്ഷിക്കാം. അതും ചെറുത്തുതോൽപ്പിച്ചുതന്നെ മുന്നോട്ടുപോകാൻ ഈ നാടിനും സർക്കാരിനും കഴിയണം. അത് നാളെയുടെകൂടി ആവശ്യമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top