20 April Saturday

തീരദേശത്തിന്റെ മനസ്സ് ഇടതുപക്ഷത്തിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 3, 2019


തീരദേശമേഖലയിലെ രണ്ട് കാഴ്ചകൾ കഴിഞ്ഞദിവസങ്ങളിൽ സംസ്ഥാനത്ത് ശ്രദ്ധിക്കപ്പെട്ടു. പ്രളയത്തിൽ മുങ്ങിപ്പോകുന്നവരെ രക്ഷിക്കാൻ സ്വന്തം ശരീരംതന്നെ ചവിട്ടുപടിയായി സമർപ്പിച്ച മത്സ്യത്തൊഴിലാളി കെ പി ജൈസലും കൂട്ടരും പൊന്നാനിയിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥിക്ക‌് കെട്ടിവയ്ക്കാനുള്ള പണം സ്വരൂപിച്ച് നൽകുന്നതായിരുന്നു  ഒരു കാഴ്ച. തെക്കൻ കേരളത്തിൽ തലസ്ഥാനമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ഒരു കൂറ്റൻ  മത്സ്യം  ഉയർത്തിപ്പിടിച്ച്  ക്യാമറയ‌്ക്ക‌് പോസ് ചെയ‌്ത‌് തനിക്ക് ഓക്കാനം വരുന്നില്ല എന്ന് വിലപിക്കുന്നതായിരുന്നു രണ്ടാമത്തെ  ദൃശ്യം. ആദ്യത്തേത് തീരദേശത്തിന്റെ സ‌്നേഹവും കൂറും വിശ്വാസവും ഇടതുപക്ഷത്തോടാണെന്ന  വസ‌്തുത അടിവരയിട്ടുറപ്പിക്കുന്നു. രണ്ടാമത്തേത്,  ഓക്കാനം വന്നിട്ടും മത്സ്യത്തൊഴിലാളികളുടെ വോട്ടിനുവേണ്ടി നാടകമാടാൻ  ലജ്ജയില്ല എന്ന  യുഡിഎഫ് കാപട്യത്തിന്റെ പ്രകടനം.  വോട്ടുബാങ്ക‌് സൃഷ്ടിക്കാനുള്ള ഉപായങ്ങളും വാഗ്ദാനങ്ങളും വൈകാരിക പ്രകടനവുമായാണ്  വലതുപക്ഷം തീരദേശത്ത‌് ചെല്ലുന്നത്. തങ്ങൾക്കനുകൂലമാക്കാനുള്ള സമവാക്യങ്ങൾ തേടിയും അത് സാധ്യമാക്കാൻ കുതന്ത്രങ്ങളുപയോഗിച്ചും ചെല്ലുന്ന വലതുപക്ഷത്തിന‌് ഇക്കുറി തീരദേശത്തെ ജനതയുടെ പിന്തുണയില്ല എന്നാണു ജൈസൽ ഉൾപ്പെടെയുള്ള മത്സ്യത്തൊഴിലാളി സൈന്യത്തിന്റെ തെരഞ്ഞെടുപ്പുരംഗത്തെ ഇടപെടൽ നൽകുന്ന സന്ദേശം.

തീരദേശ ജനത എൽഡിഎഫ് സർക്കാരിലും ഇടതുപക്ഷ രാഷ്ട്രീയത്തിലും അർപ്പിക്കുന്ന വിശ്വാസത്തിന്റെ  പ്രതിഫലനം കഴിഞ്ഞദിവസം തൃശൂർ ജില്ലയിലെ വലപ്പാട്ടും കണ്ടു. അവിടെ ഇടതുപക്ഷ ജനാധിപത്യമുന്നണി  സംഘടിപ്പിച്ച തീരദേശ സംഗമത്തിലേക്ക് മത്സ്യത്തൊഴിലാളികളുടെ മഹാപ്രവാഹം ആണുണ്ടായത്. സംഗമത്തെ അഭിസംബോധന ചെയ‌്ത‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് മത്സ്യത്തൊഴിലാളികളുടെ സേവനം ഉണ്ടായിരുന്നില്ലെങ്കിൽ കേരളത്തിന്റെ പ്രളയനഷ്ടം എത്രയോ മടങ്ങ‌് വർധിക്കുമായിരുന്നു എന്നാണ്. എല്ലാംമറന്ന‌് രക്ഷാപ്രവർത്തനത്തിനിറങ്ങിയ നാടിന്റെ സൈന്യത്തെ ബിഗ് സല്യൂട്ട് നൽകി ആദരിച്ച മുഖ്യമന്ത്രി മത്സ്യത്തൊഴിലാളി മേഖലയ‌്ക്ക് എന്തുചെയ‌്താലും അധികമാകില്ലെന്നാണ്  സർക്കാരിന്റെ നിലപാടെന്നും  വ്യക്തമാക്കി.

അഭൂതപൂർവമായ പിന്തുണയാണ് തീരദേശങ്ങളിൽ സർക്കാരിനും ഇടതുപക്ഷത്തിനും ലഭിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെയും കുടുംബങ്ങളുടെയും ഈ നിലപാടിന് നിദാനം അവരുടെ അനുഭവങ്ങൾ തന്നെയാണ്.  മത്സ്യത്തൊഴിലാളി മേഖലയുടെ സമഗ്ര വികസനത്തിന് 2000 കോടിയുടെ പ്രത്യേക പാക്കേജ്  പ്രഖ്യാപിച്ച സർക്കാർ, തീരദേശ മേഖലയിലെ മുഴുവൻ സ്‌കൂളുകളും ആരോഗ്യസ്ഥാപനങ്ങളും ശാക്തീകരിക്കാൻ 900 കോടി രൂപയാണ് നീക്കിവച്ചത്. ഇതിനൊക്കെ പണമെവിടെ, കിഫ്‌ബി ഒരു തട്ടിപ്പാണ്, ഒന്നും നടക്കാൻ പോകുന്നില്ല എന്ന് ശാപ വാക്കുരുവിടുകയായിരുന്നു പ്രതിപക്ഷം അപ്പോൾ. കിഫ്‌ബി വിജയമാണ്, അതിൽ ഗണ്യമായ തോതിൽ നിക്ഷേപം എത്തുന്നു എന്നതാണ് ഇന്നത്തെ അവസ്ഥ. അതോടെ, കിഫ്ബിയിലൂടെ എന്ത് നേടാൻ എന്ന് ചോദിച്ചവരുടെ സംശയം അവസാനിച്ചിരിക്കുന്നു. 

ഹാർബറുകളുടെയും തുറമുഖങ്ങളുടെയും വികസനത്തിന് 250 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് എൽഡിഎഫ് സർക്കാർ നടപ്പാക്കുന്നത്. തലസ്ഥാന ജില്ലയിലെ മുട്ടത്തറയിൽ 192 ഫ്‌ളാറ്റുകളാണ് ഇതിനകം മത്സ്യത്തൊഴിലാളികൾക്ക്  നിർമിച്ചുനൽകിയത്. ബീമാപള്ളി, വലിയതുറ, കാരോട്, പൊന്നാനി, കണ്ണൂർ, ആലപ്പുഴ എന്നിവിടങ്ങളിലും ഫ്‌ളാറ്റുകൾ വരുന്നു. കടൽക്ഷോഭത്തിന്റെ നാളുകളിൽ ദുരിതജീവിതം താണ്ടുന്ന, അരക്ഷിതമായ കൂരകളിൽ കഴിയേണ്ടിവരുന്ന, തിര ഒന്നാഞ്ഞടിക്കുമ്പോൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഓടിച്ചെല്ലേണ്ടിവരുന്ന കടലോര ജനതയുടെ സ്വപ‌്നമാണ‌് ഇത്തരം ഭവനസമുച്ചയങ്ങൾ. കടലാക്രമണഭീഷണി നേരിടുന്ന കുടുംബങ്ങളെ സുരക്ഷിത മേഖലകളിലേക്ക് മാറ്റുന്ന  പദ്ധതിയുടെ ഭാഗമായി 1798 പേരെയാണ് പുനരധിവസിപ്പിച്ചത്. കടലാക്രമണത്തിൽ ഭൂമിയും വീടും നഷ്ടപ്പെട്ട 248 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് 25 കോടി രൂപയുടെ പദ്ധതിയും  നടപ്പാക്കി.

ഓഖി-, പ്രളയ കാലങ്ങളിൽ ജീവൻരക്ഷാപ്രവർത്തനങ്ങളിൽ മുൻപന്തിയിൽ മത്സ്യത്തൊഴിലാളികളായിരുന്നു. ഏറ്റവും അപകടകരമായ സാഹചര്യത്തിൽ എക്കാലവും തൊഴിൽ ചെയ്യുന്നവരുമാണവർ. കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിനായി മൂന്ന് മറൈൻ ആംബുലൻസുകൾ  നിർമിക്കാനുള്ള തീരുമാനം ആ രംഗത്ത‌് ഇന്നുള്ള പ്രയാസങ്ങൾ വലിയതോതിൽ ലഘൂകരിക്കും. പ്രളയകാലത്ത്  ജീവൻ  പണയംവച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങുന്നത് തങ്ങളുടെ കർത്തവ്യമാണ് എന്നാണവർ കണക്കാക്കിയത്. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടതുമൂലം കേടായ 535 ഔട്ട്‌ബോർഡ് മോട്ടോറുകളും 619 യാനങ്ങളും പ്രവർത്തനക്ഷമമാക്കുന്നതിന് 2.11 കോടി രൂപ ചെലവഴിച്ച്‌ സർക്കാർ അവർക്കു നൽകിയ വാക്കുപാലിച്ചു.

ഓഖി ആഞ്ഞടിച്ചപ്പോൾ, പ്രകൃതിദുരന്തങ്ങളിൽനിന്ന് കടലോര ജനതയെ രക്ഷിക്കാൻ എന്തൊക്കെ ചെയ്യാനാകുമെന്ന ആലോചനയാണ് സർക്കാർ നടത്തിയത്. യഥാസമയം 1500 കിലോമീറ്റർ ദൂരെവരെ കാലാവസ്ഥാ മുന്നറിയിപ്പു  നൽകാൻ കഴിയുന്ന ‘നാവിക്' ഉപകരണം 15,000 പേർക്ക് നൽകിയതും  40,000 മത്സ്യത്തൊഴിലാളികൾക്ക് ലൈഫ് ജാക്കറ്റും  1000 പേർക്ക് സാറ്റലൈറ്റ് ഫോണുകളും ലഭ്യമാക്കിയത‌ും അതിന്റെ ഫലമായാണ്. അപകട ഇൻഷുറൻസ് അഞ്ചുലക്ഷം രൂപയിൽനിന്ന് പത്തു ലക്ഷം രൂപയാക്കി വർധിപ്പിച്ചു.  മത്സ്യബന്ധന യാനങ്ങൾ  കടലിൽ പോകുന്നതും തിരികെ വരുന്നതും നിരീക്ഷിക്കാനായി  സാഗര മൊബൈൽ ആപ് വികസിപ്പിച്ചു.  ഇങ്ങനെ രാജ്യത്തിനാകെ മാതൃകയായ അനേകം നടപടികളാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനുള്ള തീരദേശ ജനതയുടെ വിശ്വാസം ദൃഢപ്പെടുത്തുന്നത്. ഓഖിയുടെ വേളയിൽ കേരളത്തിൽ രക്ഷാപ്രവർത്തനത്തെക്കുറിച്ച‌് അനാവശ്യ വിവാദങ്ങളുയർത്താൻ ചില കേന്ദ്രങ്ങൾ തുനിഞ്ഞപ്പോൾ തമിഴ്നാട്ടിലെ തീരദേശ ജനത, തങ്ങൾക്ക‌് കേരളത്തിൽ പോയാൽ മതി എന്നാണു പറഞ്ഞത്. അത് വിശ്വാസത്തിന്റെ വിളംബരമായിരുന്നു. ഓഖി ദുരന്തത്തിൽ   മരിക്കുകയോ കാണാതാകുകയോ ചെയ‌്ത 143 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വീതം ധനസഹായം നൽകിയതും  മരിച്ചവരുടെ ആശ്രിതരിൽ ഒരാൾക്ക് മത്സ്യഫെഡിൽ ജോലി നൽകുന്നതും മറ്റൊരു സംസ്ഥാനത്തും സാധ്യമാകാത്ത  കാര്യങ്ങളാണ്.  മീൻ ഉയർത്തിയുള്ള പ്രഹസനമോ ഓക്കാനം മറച്ചുവച്ചുള്ള അഭ്യാസമോ അല്ല, ഈ അനുഭവങ്ങളുടെ വെളിച്ചമാണ് കടലോരത്തെ ഇന്ന് നയിക്കുന്നത്. അതുകൊണ്ടുതന്നെയാണ് എൽഡിഎഫിനോട്  കടലിന്റെ മക്കൾ ഐക്യപ്പെടുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top