24 April Wednesday

സംസ്ഥാന സർക്കാരിന്‌ അഭിമാന നേട്ടം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 16, 2019


കൊല്ലം ബൈപാസ‌് യാഥാർഥ്യമായി. പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൊവ്വാഴ‌്ച വൈകിട്ട‌് ഉദ‌്ഘാടനം ചെയ‌്തതോടെ 47 വർഷത്തെ കാത്തിരിപ്പിനാണ‌് വിരാമമാകുന്നത‌്. 13.8 കിലോമീറ്റർ ദീർഘദൂര ബൈപാസ‌് കൊല്ലം ജനത‌യ‌്ക്ക‌് മാത്രമല്ല, കേരളത്തിന്റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെ റോഡ‌് മാർഗം യാത്രചെയ്യുന്ന ഓരോ യാത്രികനും ആശ്വാസമാണ‌്. കൊല്ലം നഗരത്തിലെ പൊറുതിമുട്ടിക്കുന്ന ഗതാഗതക്കുരുക്കിനെ ഭയക്കാതെ ഇനി യാത്രചെയ്യാം.

ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന‌് അതിന്റെ ആയിരം ദിവസം പൂർത്തിയാക്കുന്ന വേളയിൽ തീർച്ചയായും അഭിമാനിക്കാം.  അരനൂറ്റാണ്ടോളം ഇഴഞ്ഞുനീങ്ങിയ പദ്ധതിക്ക് ജീവൻ നൽകി വേഗത്തിൽ പൂർത്തിയാക്കാനായതിൽ സംസ്ഥാന സർക്കാരിനെയും പൊതുമരാമത്ത് വകുപ്പിനെയും അഭിനന്ദിക്കുന്നു. 2016 മെയ് 31 വരെയുള്ള കണക്ക‌് പ്രകാരം ബൈപാസ‌് നിർമാണത്തിന്റെ  23.52 ശതമാനം ജോലിയാണ്  ആകെ പൂർത്തിയാക്കിയത്.

പിണറായി വിജയൻ നയിക്കുന്ന  സർക്കാർ അധികാരത്തിൽ എത്തുന്നതി‌ന‌് തൊട്ട‌് മുമ്പത്തെ സ്ഥിതിയാണിത‌്. സ്ഥലമെടുപ്പ‌്, ഫണ്ട‌് തുടങ്ങി ഓരോ നൂലാമാലകളിൽപ്പെട്ട‌് ഇങ്ങനെ ഇഴഞ്ഞുനീങ്ങുകയായിരുന്നു.  അതാണ്, രണ്ടരവർഷത്തിനകം 76 ശതമാനം ജോലിയും പൂർത്തിയാക്കി ഉദ്‌ഘാടനത്തിന്‌ സജ്ജമാക്കിയത്. ഫൗണ്ടേഷനുകളിലായിരുന്ന 3 പാലങ്ങളും ആയിരം ദിവസത്തിനുള്ളിൽ പൂർണസജ്ജമാക്കി. 46 പില്ലറുകളിൽ 37 എണ്ണവും പണിതത് ഈ സർക്കാരിന്റെ കാലത്താണ്.

വൻ പ്രളയത്തിനിടയിലാണ് ഈ പ്രവൃത്തികൾ മുടക്കമേതുമില്ലാതെ പൂർത്തീകരിച്ചതെന്നും ഓർക്കണം. 352 കോടി രൂപ ചെലവ് പ്രതീക്ഷിച്ച ബൈപാസിന് 176 കോടി രൂപ വീതം കേന്ദ്രവും സംസ്ഥാനവും നൽകണമെന്നതാണ‌് വ്യവസ്ഥ. ഫണ്ട് അനുവദിക്കുന്നതിലും കാലതാമസമില്ലാതെ സർക്കാർ തീരുമാനമെടുത്തു. 2016 മെയ് 31 വരെ 34 കോടി രൂപയാണ് പദ്ധതിക്കുവേണ്ടി സംസ്ഥാനം ചെലവഴിച്ചത്.

അതിനു ശേഷം സർക്കാർ ഇതുവരെ 80 കോടിയോളം രൂപ അനുവദിച്ചു. ബാക്കിയുള്ള തുക അന്തിമ ബില്ലിനൊപ്പം നൽകാനും തീരുമാനമായി.
ഇങ്ങനെ കേന്ദ്ര–-സംസ്ഥാന സർക്കാരുകൾക്ക‌് തുല്യപങ്കാളിത്തമുള്ള പദ്ധതിയാണ‌്  കേന്ദ്രഭരണത്തിന്റെ മറവിൽ ബിജെപിയും സ്ഥലം എംപിയും ഹൈജാക്ക‌് ചെയ്യാൻ ശ്രമിച്ചത്. തന്റെയും ബിജെപി സർക്കാരിന്റെയും നേട്ടമാക്കി പദ്ധതിയെ മാറ്റാനാണ‌് എംപി ശ്രമിച്ചത‌്.

ബൈപാസ‌് കടന്നുപോകുന്ന പ്രദേശത്തെ എംഎൽഎമാരെ പോലും രാഷ്ട്രീയകാരണങ്ങളാൽ ഉദ‌്ഘാടനച്ചടങ്ങിൽനിന്ന‌് ഒഴിവാക്കി. അതേസമയം കേന്ദ്രം ഭരിക്കുന്ന പാർടിക്കാരൻ എന്ന ഒറ്റപ്പരിഗണനയിൽ തിരുവനന്തപുരത്ത‌് നിന്നുള്ള എംഎൽഎ ഒ രാജഗോപാലിനെയും മറ്റ‌് സംസ്ഥാനങ്ങളെ പ്രതിനിധാനംചെയ്യുന്ന രാജ്യസഭാംഗങ്ങളായ  വി മുരളീധരനെയും സുരേഷ‌് ഗോപിയെയും ഉൾപ്പെടുത്തുകയുംചെയ‌്തു. സംസ്ഥാന സർക്കാർ നൽകിയ ലിസ്റ്റ‌് വെട്ടിമാറ്റിയാണ‌് ഇവരെ ഉൾപ്പെടുത്തിയതെന്നും കാണണം. കൊല്ലം നഗരപിതാവി‌നുപോലും സീറ്റ‌് അനുവദിച്ചില്ല. ഫെഡറൽ രീതിക്ക‌് കടകവിരുദ്ധമായ നീക്കമാണിത‌്.

ഇതൊക്കെയാണെങ്കിലും ഉദ‌്ഘാടനച്ചടങ്ങിൽനിന്ന‌് മാറിനിൽക്കാനല്ല  മുഖ്യമന്ത്രിയും മന്ത്രിമാരും തയ്യാറായത‌്. നാടിന്റെ വികസനത്തിൽ രാഷ‌്ട്രീയമില്ലെന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ  പ്രഖ്യാപിത നിലപാടാണ‌് ഇവിടെ ഉയർത്തിപ്പിടിച്ചത‌്. പ്രതിബന്ധങ്ങൾക്കുമുന്നിൽ പതറിനിൽക്കാതെ ജനക്ഷേമ–-വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്ന ദൃഢനിശ്ചയമാണ‌് സർക്കാരിന‌്. അങ്ങനെ പൂർത്തിയാക്കിയ  ഒരു പദ്ധതിയാണിത‌്. അതുകൊണ്ടു തന്നെയാണ്‌ സംസ്ഥാന സർക്കാരിന്‌ അഭിമാന നേട്ടമായി ഇത്‌ മാറുന്നത്‌.

കൊല്ലം ബൈപാസ‌് മാത്രമല്ല, ആലപ്പുഴ ബൈപാസും അന്തിമ ഘട്ടത്തിലാണ‌്. ദേശീയപാത വികസനത്തിന്റെ സ്ഥലമെടുപ്പ‌് ഇഴഞ്ഞുനീങ്ങുമ്പോഴായിരുന്നു ഈ സർക്കാർ അധികാരമേറ്റെടുത്തത‌്. സ്ഥലമെടുപ്പ‌് പൂർത്തിയാക്കി പാത വികസനം യാഥാർഥ്യമാകുന്നു. കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം, ഗ്യാസ‌് പൈപ്പ‌് ലൈൻ പദ്ധതി തുടങ്ങി ഇഴഞ്ഞുനീങ്ങുന്ന വൻ പദ്ധതികളെല്ലാം ലക്ഷ്യത്തിലെത്തുകയോ ലക്ഷ്യത്തിലേക്ക‌് നീങ്ങുകയോ ആണ‌്. ഇതാണ‌് നാടിന്റെ യഥാർഥ വികസനം.

മുഖ്യമന്ത്രി  ശരിയായി ചൂണ്ടിക്കാട്ടിയതുപോലെ, കേരളത്തിൽ ഒന്നും നടക്കുന്നില്ല എന്ന് പറഞ്ഞ പ്രധാനമന്ത്രിക്കുതന്നെ, സ്വന്തം വാക്കുകളെ തിരുത്തേണ്ടിവന്നിരിക്കുന്നു.  ഉദ്ഘാടന പരിപാടിയിൽനിന്ന്  ജനപ്രതിനിധികളെ മാറ്റിനിർത്തി, കേന്ദ്ര ഭരണകക്ഷിയുടെ  പൊറാട്ടു നാടകമാക്കി അതിനെ മാറ്റാൻ ബിജെപി ശ്രമിച്ചെങ്കിലും, സങ്കുചിത നേട്ടത്തിന് സ്ഥലം എംപി നാണംകെട്ട നിലപാടെടുത്തുവെങ്കിലും, കേരളത്തിലെ ജനങ്ങൾ കൊല്ലം ബൈപാസിനെ കാണുന്നത്, പ്രവർത്തിക്കുന്ന സർക്കാരിന്റെ ഇച്ഛാശക്തിയുടെയും വാഗ്ദാന പാലനത്തിന്റെയും പ്രതീകമായിട്ടാണ്. അത്തരം തിരിച്ചറിവുകൾ ഉള്ളവരാണ് കേരളത്തിലെ ജനങ്ങൾ എന്ന് ഇതുവരെയും സംഘ പരിവാറിനും രാഷ്ട്രീയ ഭിക്ഷാംദേഹികളായ കൊല്ലം എംപിയെ പോലുള്ളവർക്കും മനസ്സിലാകാത്തതാണ് ഖേദകരം. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top