24 April Wednesday

വികസനക്കുതിപ്പും മാധ്യമ മൗനവും

വെബ് ഡെസ്‌ക്‌Updated: Saturday Jun 18, 2022


വലിയ വികസനപദ്ധതികളിൽ ചിലതെങ്കിലും  സംസ്ഥാനത്തിനുതന്നെ ഏറ്റെടുക്കാനാകുന്ന ശേഷിയുണ്ട്‌. അത്തരം കാര്യങ്ങൾക്ക്‌ തടയിടാൻ  യുഡിഎഫും  ബിജെപിയും സംയുക്തമായി അനാവശ്യ കോലാഹലമുയർത്തിയിട്ടും എൽഡിഎഫ്‌ സർക്കാർ അതിവേഗം മുന്നോട്ടുപോകുകയാണ്‌. അതിക്രമങ്ങൾ അതിരുവിട്ടിട്ടും മാധ്യമങ്ങൾക്ക്‌ മിണ്ടാട്ടമില്ല. മാത്രവുമല്ല, വികസനം അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ സമരങ്ങളെ പലവിധത്തിൽ പ്രോത്സാഹിപ്പിക്കുകയുമാണ്‌. കുറ്റവാളികളെ വെള്ളപൂശൽ,  വ്യാജപ്രചാരണം, നേട്ടങ്ങളുടെ തമസ്‌കരണം തുടങ്ങി  അതിന്റെ ചേരുവകൾ പലതാണ്‌. സംസ്ഥാനം ആഗോളതലത്തിൽ മികവിന്റെ നാട  തൊട്ടിട്ടും വാർത്തകളിൽ അവയ്‌ക്കൊന്നും തീരെപ്രാധാന്യമില്ല. കഴിഞ്ഞ ദിവസങ്ങളിൽ ചില മേഖലയിൽ കേരളം നടത്തിയ വൻകുതിപ്പുകൾ സംബന്ധിച്ച്‌ റിപ്പോർട്ടുകൾ വന്നിട്ടും മാധ്യമങ്ങൾ കണ്ണടയ്‌ക്കുകയായിരുന്നു.  ഈ സാമ്പത്തികവർഷം ഒരു ലക്ഷം എംഎസ്‌എംഇ എന്ന ലക്ഷ്യത്തിലേക്ക്‌ സംസ്ഥാനം അതിവേഗം കുതിക്കുകയും  രണ്ടര മാസത്തിനകം 13,137 സൂക്ഷ്‌മ‐ ചെറുകിട ഇടത്തരം സംരംഭങ്ങൾ  രജിസ്റ്റർ ചെയ്യപ്പെടുകയുമുണ്ടായത്‌ ഏറെ  പ്രതീക്ഷാനിർഭരമാണ്‌. അതുവഴി ആയിരത്തിനടുത്ത്‌ കോടിയുടെ നിക്ഷേപം ആകർഷിക്കാനും മുപ്പതിനായിരത്തിലധികംപേർക്ക്‌ തൊഴിൽ നൽകാനുമായി. എംഎസ്‌എംഇ ശക്തിപ്പെടുത്താൻ പഞ്ചായത്തുതലത്തിൽ 1155 ഇന്റേണുകളെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്‌.

കേരളത്തിന്റെ സ്റ്റാർട്ടപ് മേഖല ആഗോള അംഗീകാരം നേടിയതാണ്‌ മറ്റൊരു മുന്നേറ്റം. ഗ്ലോബൽ സ്റ്റാർട്ടപ് ഇക്കോ സിസ്റ്റം റിപ്പോർട്ടിന്റെ (ജിഎസ്ഇആർ) അഫോഡബിൾ ടാലന്റ് റാങ്കിങ്ങിൽ സംസ്ഥാനം ഏഷ്യാ വൻകരയിൽ ഒന്നാമതെത്തി; ആഗോള നിലവാരത്തിൽ നാലാം സ്ഥാനത്തും. ലോകത്തെ  തലയെടുപ്പുള്ള ഗവേഷകസംരംഭങ്ങളായ സ്റ്റാർട്ടപ് ജീനോമും ഗ്ലോബൽ എന്റർപ്രണർഷിപ് നെറ്റ്‌വർക്കും തയ്യാറാക്കിയ റിപ്പോർട്ടിലാണ് അഭിമാനകരമായ നേട്ടങ്ങൾ എടുത്തുപറഞ്ഞത്‌. സ്റ്റാർട്ടപ് രംഗത്തെ സാങ്കേതികപ്രതിഭകളുടെ  നിയമനത്തിലും അവരെ നിലനിർത്തുന്നതിലുമുള്ള സവിശേഷമായ ശേഷിയാണ് റാങ്കിങ്ങിന്റെ ഭാഗമായി പരിശോധിച്ചതും. സ്റ്റാർട്ടപ്പുകൾക്ക് സംസ്ഥാനം  നൽകുന്ന പിന്തുണയും ഒരുക്കുന്ന പശ്ചാത്തല സൗകര്യങ്ങളുമാണ് ശ്രദ്ധേയമായ വളർച്ചയ്ക്ക് കാരണമായി റിപ്പോർട്ട്‌ അടിവരയിട്ടതെന്നതും നിസ്സാരമല്ല. ജിഎസ്ഇആറിന്റെ  രണ്ടു വർഷം മുമ്പത്തെ മികവുപട്ടികയിൽ കേരളം ഏഷ്യയിൽ അഞ്ചാം സ്ഥാനത്തും  ആഗോളതലത്തിൽ 20-ാം സ്ഥാനത്തുമായിരുന്നു. എൽഡിഎഫ്‌ സർക്കാരിന്റെ അടിസ്ഥാന പിന്തുണയും ആകർഷകങ്ങളായ പ്രോത്സാഹനപദ്ധതികളും സൗഹൃദാന്തരീക്ഷവും കേരളത്തിൽ സ്റ്റാർട്ടപ് ആവാസവ്യവസ്ഥ  വളരാൻ സഹായകമായതായി റിപ്പോർട്ടിന്‌ അനുബന്ധമായ പഠനം വ്യക്തമാക്കുന്നു. കോവിഡിന്റെ തുടർ കെടുതികൾക്കിടയിലും നിലനിർത്തിയ  അവിശ്വസനീയ  മുന്നേറ്റം ആഹ്ലാദകരമാണെന്നാണ്‌ സ്റ്റാർട്ടപ് ജീനോം സ്ഥാപകൻ  മാർക്ക് പെൻസെലിന്റെ വിലയിരുത്തൽ. 3600 സ്റ്റാർട്ടപ് വളർത്തിക്കൊണ്ടുവന്ന ഇടപെടലുകൾക്കുള്ള അംഗീകാരമാണ്‌ ഇത്‌. 2026 ആകുമ്പോഴേക്കും  15,000 എണ്ണംകൂടി ആരംഭിക്കുകയാണ്‌ ലക്ഷ്യം.  ഈ നേട്ടത്തിനു പുറമെ വെഞ്ച്വർ നിക്ഷേപങ്ങളിലും മികച്ച നിക്ഷേപ സമാഹരണം നടത്തുന്ന സമൂഹമെന്ന നിലയിലും കേരളം പട്ടികയിൽ തിളങ്ങി. സ്റ്റാർട്ടപ്പുകൾ തുടങ്ങുന്ന  ഘട്ടത്തിൽ സംസ്ഥാന സർക്കാർ നൽകുന്ന വൻ  ഇളവുകൾ ആകർഷകമാണെന്ന  റിപ്പോർട്ടിലെ ഊന്നൽ ആഗോളസ്ഥാപനങ്ങളുടെ  ശ്രദ്ധനേടാൻ സഹായകമാകും.

കേരളത്തിലെ വിവിധ ജില്ലയിൽ കുടുംബശ്രീ മുഖാന്തരം  നടപ്പാക്കുന്ന ‘കേരള ചിക്കൻ’ പദ്ധതി 100 കോടി രൂപയുടെ വിറ്റുവരവ്‌ എന്ന റെക്കോഡിലേക്ക്‌ കുതിച്ചതും കഴിഞ്ഞ ദിവസമാണ്‌. ഉപഭോക്താക്കൾക്ക് ന്യായവിലയ്ക്ക് ഗുണമേന്മയുള്ള ചിക്കൻ ലഭ്യമാക്കാൻ  2017 നവംബറിലാണ് പദ്ധതി തുടങ്ങിയത്. ഇറച്ചിക്കോഴി ഫാമുകൾ ഏറ്റെടുത്ത, ഔട്ട്‌ലെറ്റുകൾ  നടത്തുന്ന സ്‌ത്രീകളടക്കം  364 കുടുംബശ്രീ സംരംഭകർക്കാണ് നേട്ടത്തിന്റെ പ്രയോജനം. ചുരുങ്ങിയ കാലയളവിൽ 80 ലക്ഷം കിലോ കോഴിയിറച്ചിയാണ് ഔട്ട്‌ലെറ്റുകൾവഴി വിറ്റത്.  പൊതുവിപണിയിലേതിനേക്കാൾ വിലക്കുറവാണ്‌ അവിടെ. പദ്ധതി തുടങ്ങി അഞ്ചു വർഷം കഴിയുംമുമ്പാണ് 100 കോടി വിറ്റുവരവ് എന്ന മാതൃകാപരമായ നേട്ടം എത്തിപ്പിടിച്ചതെന്നതിനും  മാധ്യമങ്ങൾ അർഹമായ  പ്രാധാന്യം നൽകിയില്ല.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top