26 April Friday

വഴികാട്ടുന്ന സർക്കാരിന്റെ ഒന്നാംവാർഷികം

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022


രണ്ടാം പിണറായി സർക്കാർ ഒരുവർഷം പിന്നിടുകയാണ്. കഴിഞ്ഞ സർക്കാർ അഞ്ചു വർഷക്കാലം കേരളത്തിന്റെ സമസ്ത മേഖലയിലും ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ടാണ്‌ മുന്നോട്ടുപോയത്. ആ നേട്ടങ്ങളെ മുറുകെപ്പിടിച്ചും പുതിയ വെല്ലുവിളികളെ നേരിട്ടുമാണ് ഗവൺമെന്റ്‌ പ്രവർത്തിക്കുന്നത്.

കേരളത്തിന്റെ ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും വർധിപ്പിക്കുകയും അവ നീതിയുക്തമായി വിതരണം ചെയ്യുകയുമെന്ന ഇടതുപക്ഷ സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. അതിനായി വിജ്ഞാനാധിഷ്ഠിത സമൂഹമായി കേരളത്തെ മാറ്റുകയെന്നതാണ് ഗവൺമെന്റിന്റെ കാഴ്‌ചപ്പാട്‌. ഈ ലക്ഷ്യത്തെ മുൻനിർത്തി ശാസ്‌ത്രസാങ്കേതിക രംഗത്തെ അറിവുകളെ വികസിപ്പിക്കുന്നതിനും അവ ഉൽപ്പാദനരംഗത്ത് പ്രയോഗിക്കുന്നതിനും ഉതകുന്നതരത്തിലുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്. ആരോഗ്യ, വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരം മെച്ചപ്പെടുത്തുകയെന്നത് പ്രധാനമായിത്തന്നെ സർക്കാർ കാണുന്നുണ്ട്. പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളെ സവിശേഷ പ്രാധാന്യത്തോടെ സമീപിക്കുകയുമാണ്. നമ്മുടെ പ്രതിരോധത്തിന്റെ അടിസ്ഥാനമായ കേരളത്തിന്റെ ഭാഷയും സംസ്കാരവും സംരക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള പദ്ധതികളും നടപ്പാക്കുകയാണ്. കോർപറേറ്റുകളുടെ താൽപ്പര്യങ്ങളെ സംരക്ഷിക്കുന്ന ആഗോളവൽക്കരണ നയങ്ങൾക്ക് ബദലായി അടിസ്ഥാനവിഭാഗങ്ങളുടെ താൽപ്പര്യങ്ങളിൽ ഊന്നിനിന്നുകൊണ്ടാണ് സംസ്ഥാന ഗവൺമെന്റ്‌ പ്രവർത്തിക്കുന്നത്.

--കേന്ദ്രം സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ച പൊതുമേഖലാ സ്ഥാപനങ്ങളെപ്പോലും സംസ്ഥാനം ഏറ്റെടുക്കുകയാണ്. പശ്ചാത്തലസൗകര്യ വികസനവും കെ-–-ഫോൺ പദ്ധതിയും ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ലൈഫ് പദ്ധതി, പട്ടയവിതരണം പോലുള്ളവയും പുരോഗമിക്കുന്നു. ഭരണയന്ത്രത്തെ ജനസൗഹാർദപരമാക്കുന്നതിന്റെ ഭാഗമായി വർക്ക് സ്റ്റഡിയും നാലാം ഭരണപരിഷ്കാര കമീഷന്റെ റിപ്പോർട്ടും നടപ്പാക്കുകയാണ്. വാതിൽപ്പടി സേവനത്തിനുള്ള സംവിധാനങ്ങളും അതിവേഗം മുന്നേറുന്നു.
ഫെഡറലിസത്തിന്റെ കടയ്ക്കൽകത്തിവയ്‌ക്കുന്ന കേന്ദ്ര നയങ്ങൾ സംസ്ഥാനത്തിന് പ്രതിസന്ധികൾ സൃഷ്ടിച്ചിട്ടുണ്ട്. ജിഎസ്ടി നഷ്ടപരിഹാരം 2022 ഓടെ ഇല്ലാതാകുകയാണ്. 10–--ാം ധന കമീഷന്റെ കാലത്ത് 3.857 ശതമാനമാണ് നികുതി വിഹിതം ലഭിച്ചതെങ്കിൽ 15–--ാം ധന കമീഷനാകുമ്പോഴേക്കും അത് 1.92 ശതമാനമായി ചുരുങ്ങി.

ഇത്തരത്തിലുള്ള പ്രതിസന്ധികൾക്കിടയിലും പ്രാദേശിക സർക്കാരുകളായി ഉയർത്തിയിട്ടുള്ള തദ്ദേശഭരണ സ്ഥാപനങ്ങളെയും 2.5 ലക്ഷം കോടി രൂപയോളം നിക്ഷേപമുള്ള സഹകരണപ്രസ്ഥാനങ്ങളെയും കേന്ദ്രീകരിച്ചുള്ള ബദൽ നയങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മുന്നോട്ടുവച്ചിട്ടുണ്ട്. കേരളത്തിന്റെ പൊതുവായ താൽപ്പര്യങ്ങളെ ഹനിക്കാത്ത എല്ലാവിധ വായ്‌പകളെയും ഉപയോഗപ്പെടുത്തി മുന്നോട്ടുപോകുന്ന പ്രായോഗിക സമീപനവും അവതരിപ്പിച്ചിട്ടുണ്ട്. വർത്തമാനകാലത്തെ ബദൽ സമീപനത്തിന്റെ മാതൃകകൂടിയാണ്‌ ഇത്.

ആധുനിക കേരളത്തിന്റെ രൂപീകരണത്തിന് അടിസ്ഥാനമിട്ടത് നവോത്ഥാന മുന്നേറ്റങ്ങളാണ്. അതിനെ വർഗപരമായ കാഴ്ചപ്പാടോടെ വികസിപ്പിക്കുന്നതിനാണ് കർഷകത്തൊഴിലാളി പ്രസ്ഥാനങ്ങൾ ഇടപെട്ടത്. അതിലൂടെ ആർജിച്ച ബഹുജന പിന്തുണയാണ് 1957ൽ കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയെ അധികാരത്തിൽ എത്തിച്ചത്. കേരളത്തിന്റെ ആധുനികവൽക്കരണത്തിന്റെ രണ്ടാംഘട്ടമെന്ന നിലയിലുള്ള വികസന പ്രവർത്തനങ്ങളാണ് ഈ സർക്കാർ നടപ്പാക്കിയത്. ഇത് പിന്തുടർന്നുള്ള നയപരിപാടികൾ പിൽക്കാല ഇടതുപക്ഷ ഗവൺമെന്റുകളും നടപ്പാക്കി.

1990കളോടെ ആഗോളവൽക്കരണനയങ്ങൾ കേരളത്തിന്റെ വികസന കാര്യങ്ങളിൽ പുതിയ വെല്ലുവിളികൾ ഉയർത്തി. അത് മറികടക്കുന്നതിനുള്ള ഇടപെടൽ കൂടിയാണ് പിൽക്കാല ഇടതുപക്ഷ സർക്കാരുകൾ ഏറ്റെടുത്തത്. ഈ അനുഭവങ്ങളും സ്വാംശീകരിച്ചുകൊണ്ടാണ് നവകേരള വികസനമെന്ന കാഴ്‌ചപ്പാടോടെ രണ്ടാം പിണറായി സർക്കാർ പ്രവർത്തിക്കുന്നത്.
ആഗോളവൽക്കരണ നയങ്ങൾക്ക് ബദൽ ഇല്ലെന്ന കോൺഗ്രസിന്റെയും ബിജെപിയുടെയും നയങ്ങളിൽനിന്ന് വ്യത്യസ്തമായി പരിമിതികൾക്കകത്തുനിന്നുകൊണ്ട് ബദൽ മുന്നോട്ടുവയ്ക്കുകയാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ. ഈ മാതൃക ബദൽ നയങ്ങൾക്കുവേണ്ടിയുള്ള ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെ പോരാട്ടങ്ങൾക്ക് കരുത്തുപകരും. ലോകത്തെമ്പാടും പ്രവർത്തിക്കുന്ന ഇടതുപക്ഷ ഗവൺമെന്റുകൾക്കും ആഗോളവൽക്കരണകാലത്തെ ബദൽ നയങ്ങൾ രൂപപ്പെടുത്തുന്നതിന് ദിശാബോധം നൽകുന്നവിധം എൽഡിഎഫ് സർക്കാരിന്റെ ഇടപെടൽ മാറുകയാണ്. സംസ്ഥാന സർക്കാരിന്റെ കഴിഞ്ഞവർഷക്കാലത്തെ പ്രവർത്തനങ്ങൾ ഇക്കാര്യങ്ങൾക്ക് അടിവരയിടുകയും ചെയ്യുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top