20 April Saturday

രണ്ട് സർക്കാർ രണ്ട്‌ സമീപനം

വെബ് ഡെസ്‌ക്‌Updated: Friday Apr 30, 2021


ജനങ്ങൾക്ക്‌ കോവിഡ്‌ പ്രതിരോധ വാക്‌സിൻ സൗജന്യമായി നൽകാൻ മാസങ്ങൾക്ക്‌ മുമ്പേ തീരുമാനിച്ച എൽഡിഎഫ്‌ സർക്കാർ ആ ലക്ഷ്യത്തിലേക്ക്‌ നിശ്‌ചയദാർഢ്യത്തോടെ മുന്നേറുകയാണ്‌. 18നും 45നും ഇടയിൽ പ്രായമുള്ളവർക്ക്‌ നൽകാൻ ആദ്യഘട്ടമായി ഒരു കോടി ഡോസ്‌ വാക്‌സിനാണ്‌ കേരളം വിലകൊടുത്തുവാങ്ങുന്നത്‌. എന്ത്‌ പ്രതിസന്ധിയിലും സർക്കാർ പറഞ്ഞ വാക്ക്‌ മാറ്റില്ലെന്ന്‌ ഒരിക്കൽക്കൂടി ജനങ്ങൾ അനുഭവിച്ചറിയുന്നു. മഹാമാരിയുടെ മരണക്കയത്തിൽ മുങ്ങിത്താഴാതെ ജനങ്ങളെ കാത്തുരക്ഷിക്കാനുള്ള സർക്കാരിന്റെ പ്രതിബദ്ധത ആവർത്തിച്ച്‌ തെളിയിക്കപ്പെടുന്നു.

ഒരു വർഷംമുമ്പ്‌ രാജ്യത്താദ്യമായി കേരളത്തിൽ കോവിഡ്‌ സ്ഥിരീകരിച്ചതുമുതൽ തുടരുന്ന കരുതലിന്റെയും ജാഗ്രതയുടെയും ആസൂത്രണമികവിന്റെയും പുതിയ ഘട്ടത്തിലേക്കാണ്‌ സാർവത്രികവും സൗജന്യവുമായി വാക്‌സിനേഷൻ നൽകുന്നതിലൂടെ സംസ്ഥാനം കടക്കുന്നത്‌.

രാജ്യത്ത്‌ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശമായതിനാൽ അതിവേഗ രോഗവ്യാപനത്തിന്‌ കേരളത്തിൽ സാധ്യതയേറെയാണ്‌. ഈ അപകടം മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങളാണ്‌ കേരളം തുടക്കം മുതൽ നടത്തിയത്‌. രോഗികളെയും അവരുമായി അടുത്തുപെരുമാറിയവരെയും കണ്ടെത്തി വേറിട്ട്‌ താമസിപ്പിച്ച്‌, രോഗവ്യാപനം തടഞ്ഞ്‌ ചികിൽസ ഉറപ്പാക്കിയതാണ്‌ ഒന്നാം തരംഗത്തിൽ കേരളത്തെ സംരക്ഷിച്ചത്‌. ഓക്‌സിജൻ ഉൽപ്പാദനം വർധിപ്പിക്കാനും കൂടുതൽ വെന്റിലേറ്ററുകളും ഐസിയു ബഡ്ഡുകളും ഏർപ്പെടുത്താനും കാണിച്ച ജാഗ്രതയും രക്ഷയായി. മാരകമായ രണ്ടാം തരംഗം ഉണ്ടാകുമെന്ന ആരോഗ്യവിദഗ്‌ധരുടെ മുന്നറിയിപ്പ്‌ സംസ്ഥാനം ഗൗരവമായി കണ്ടു. പ്രാണവായു ഇല്ലാതെ ശ്വാസംമുട്ടിയും ആശുപത്രികളിൽ പ്രവേശനം കിട്ടാതെയും ആയിരങ്ങൾ തെരുവിൽ മരിക്കുമ്പോൾ എൽഡിഎഫ്‌ സർക്കാരിന്റെ ജാഗ്രതയും ആരോഗ്യസംവിധാനങ്ങളുടെ കാര്യക്ഷമതയും കേരളത്തിന്‌ കവചമൊരുക്കുന്നു. രോഗവ്യാപനം വർധിച്ചാൽ നമ്മളും അപകടത്തിലേക്ക്‌ നീങ്ങിക്കൂടായ്‌കയില്ല.

മഹാമാരിക്കെതിരായ പോരാട്ടത്തിൽ വ്യത്യസ്‌ത അനുഭവങ്ങളിലൂടെയാണ്‌ കേരളവും രാജ്യത്തെ മറ്റിടങ്ങളും കടന്നുപോകുന്നത്‌. ജനങ്ങളോട്‌ പ്രതിബദ്ധതയോ കാര്യങ്ങൾ മനസ്സിലാക്കി ഇടപെടാനുള്ള അറിവോ പ്രാപ്‌തിയോ ഇല്ലാത്ത അൽപ്പബുദ്ധികൾ രാജ്യത്തെ ജനങ്ങളെ മഹാമാരിക്കു മുന്നിലേക്ക്‌ വലിച്ചെറിഞ്ഞിരിക്കുന്നു. ശ്വാസം കിട്ടാതെ മനുഷ്യർ പിടഞ്ഞു മരിക്കുന്നതിന്റെയും ശ്‌മശാനങ്ങളിൽ കൂട്ടച്ചിതകളിൽ ചാമ്പലാകുന്നതിന്റെയും ദൃശ്യങ്ങൾ വിങ്ങുന്ന ഹൃദയവുമായി ലോകം കണ്ടുനിൽക്കേണ്ടിവരുന്നു. കഴിവുകെട്ടവരും അഹങ്കാരികളുമായ ഭരണാധികാരികൾ രാജ്യത്തെ പൗരൻമാരെ കൊന്നൊടുക്കുകയാണെന്ന്‌ പറയേണ്ടിവരുന്നു. രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ മാത്രമല്ല, ഏറ്റവുമൊടുവിൽ വാക്‌സിന്റെ കാര്യത്തിലും അങ്ങേയറ്റം കഴിവുകേടും ബുദ്ധിശൂന്യതയുമാണ്‌ കേന്ദ്രം കാണിച്ചത്‌. മഹാദുരന്തത്തിന്റെ വേളയിലും മറയില്ലാതെ കോർപറേറ്റ്‌ ദാസ്യവേല ചെയ്യാനും മോഡി സർക്കാർ മടിക്കുന്നില്ല. ദുരന്തം അവസരമാക്കി ജനങ്ങളെ കൊള്ളയടിക്കാൻ വാക്‌സിൻ കമ്പനികൾക്ക്‌ അവസരമൊരുക്കുകയാണ്‌. എല്ലാവർക്കും സൗജന്യമായി വാക്‌സിൻ നൽകുമെന്ന്‌ ബജറ്റിൽ പ്രഖ്യാപിച്ചവർ ഒട്ടും നാണമില്ലാതെ അത്‌ മാറ്റിപ്പറഞ്ഞു. സൗജന്യ വാക്‌സിനേഷന്‌ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച 35,000 കോടി എവിടെയെന്ന്‌ ആർക്കുമറിയില്ല. ആവശ്യമെങ്കിൽ കൂടുതൽ തുക നൽകുമെന്ന വാഗ്‌ദാനവും ജലരേഖ മാത്രമായി.


 

കേന്ദ്ര സർക്കാരിന്റെ വാക്‌സിൻ ഉൽപ്പാദന നടപടികൾ തികഞ്ഞ ഫലിതമാണ്‌. മോഡി സർക്കാരിന്റെ ഭാവനാശൂന്യതയ്‌ക്കും ദീർഘവീക്ഷണമില്ലായ്‌മയ്‌ക്കും മറ്റൊരു ഉദാഹരണം. രാജ്യത്തെ 130 കോടി ജനങ്ങൾക്ക്‌ വാക്‌സിൻ ഉൽപ്പാദിപ്പിക്കാനുള്ള ചുമതല രണ്ടേരണ്ട്‌ കമ്പനിക്കാണ്‌ നൽകിയത്‌. വർഷങ്ങളെടുത്താലും ആവശ്യമായ വാക്‌സിൻ നൽകാൻ ഇവർക്ക്‌ കഴിയില്ല. ഒരു വർഷത്തിലേറെ സമയമുണ്ടായിട്ടും ജനങ്ങൾക്ക്‌ പരമാവധി വേഗത്തിൽ വാക്‌സിൻ ലഭ്യമാക്കാനുള്ള സംവിധാനം ഒരുക്കാൻ കേന്ദ്രം ശ്രമിച്ചതേയില്ല. വാക്‌സിൻ ഗവേഷണം ആരംഭിച്ചപ്പോൾത്തന്നെ ഉൽപ്പാദന സംവിധാനങ്ങൾ സജ്ജമാക്കണമായിരുന്നു. പൊതു, സ്വകാര്യ മേഖലകളിൽ കൂടുതൽ ഉൽപ്പാദനശാലകൾ ഒരുക്കാതിരുന്നതാണ്‌ രണ്ടാം കോവിഡ്‌ തരംഗം ഇത്രയും രൂക്ഷമാക്കിയത്‌. അതിവേഗം വാക്‌സിനേഷൻ വ്യാപിപ്പിച്ച യൂറോപ്യൻ രാജ്യങ്ങളിൽ കോവിഡിന്റെ രണ്ടാം വരവ്‌ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ട്‌. കോവിഡ്‌ വാക്‌സിൻ ഉൽപ്പാദനം രണ്ട്‌ കമ്പനിക്കുമാത്രം നൽകിയതിനുപിന്നിൽ സാമ്പത്തികതാൽപ്പര്യങ്ങളുണ്ടെന്ന്‌ സംശയിക്കുന്നവരെ കുറ്റം പറയാനാകില്ല.

വാക്‌സിൻ വികസിപ്പിക്കുന്നതിൽ കാര്യമായ പങ്കില്ലാത്ത ഈ കമ്പനികൾ സ്വന്തം ഉൽപ്പാദന സംവിധാനങ്ങളുടെ ബലത്തിൽ രാജ്യത്തെ ജനങ്ങളുടെ ജീവന്‌ വിലപേശുന്ന സ്ഥിതിയാണിപ്പോൾ. കേന്ദ്ര സർക്കാർ വാക്‌സിൻ ഉൽപ്പാദകരുടെ വില പേശലിനൊപ്പം നിൽക്കുമ്പോൾ ജീവന്റെ വിലയുള്ള ജാഗ്രതയുമായി പൗരൻമാരെ കാത്തുരക്ഷിക്കാൻ ശ്രമിക്കുകയാണ്‌ കേരളം. രണ്ടു സർക്കാരിന്റെ രണ്ട്‌ സമീപനം ഇവിടെ ജനങ്ങൾ അനുഭവിച്ചറിയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top