21 September Thursday

വ്യവസായക്കുതിപ്പിലേക്ക്‌ കേരളം

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022


വികസനം അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ സമരങ്ങളെയും വിവാദങ്ങളെയും യുഡിഎഫും ബിജെപിയും ഒരുകൂട്ടം മാധ്യമങ്ങളും പലവിധത്തിൽ പ്രോത്സാഹിപ്പിക്കുകയാണ്‌.  എന്നാൽ, വിവാദങ്ങളിലും അടിസ്ഥാനരഹിതമായ ആരോപണങ്ങളിലും പതറാതെ എൽഡിഎഫ്‌ സർക്കാർ വികസനപദ്ധതികളുമായി ശക്തമായി മുന്നോട്ട്‌. കേരളത്തിന്‌ അനുയോജ്യമായ വ്യവസായമെന്ന നയം ഉയർത്തിപ്പിടിച്ച്‌  പുതിയ മുന്നേറ്റത്തിന്‌ ഒരുങ്ങുകയാണ്‌ വ്യവസായമേഖല.  സംസ്ഥാനത്ത്‌ സ്ഥാപിക്കുന്ന സെമി കണ്ടക്ടർ പാർക്കും അനുബന്ധ യൂണിറ്റുകളും സ്വകാര്യ വ്യവസായ പാർക്കുകൾക്കുള്ള അനുമതിയും  ഇതിന്റെ ഭാഗമാണ്‌.  വ്യവസായ വികസനത്തിന്‌ ഊന്നൽനൽകി കൂടുതൽ തൊഴിലവസരം സൃഷ്ടിക്കാനാണ്‌ ശ്രമം. ഈ സാമ്പത്തികവർഷം ഒരു ലക്ഷം എംഎസ്‌എംഇ എന്ന ലക്ഷ്യത്തിലേക്ക്‌ അതിവേഗം അടുക്കുകയാണ്‌ കേരളം. ഇതുവരെ 58,189 സൂക്ഷ്‌മ‐ ചെറുകിട ഇടത്തരം സംരംഭം തുടങ്ങി. 3516.71 കോടി രൂപയുടെ നിക്ഷേപവും 1,28,642 തൊഴിലവസരവും ഉണ്ടായി.

ഇലക്‌ട്രോണിക്‌ ഘടകങ്ങളുടെ നിർമാണത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനാണ്‌ സെമി കണ്ടക്ടർ പാർക്കും അനുബന്ധ വ്യവസായ യൂണിറ്റുകളും ആരംഭിക്കുന്നത്‌. കേരളത്തെ ഒരു ഇലക്‌ട്രോണിക്‌ ഹബ്ബായി ഉയർത്തുകയാണ്‌ ലക്ഷ്യം. കെൽട്രോൺ, സി- ഡാക്, വിഎസ്എസ്‌സി, ഇലക്ട്രോണിക് ആൻഡ്‌ സെമി കണ്ടക്ടർ അസോസിയേഷൻ എന്നിവ തയ്യാറാക്കിയ സാധ്യതാ റിപ്പോർട്ട് കഴിഞ്ഞദിവസം മന്ത്രിതല യോഗം ചർച്ചചെയ്തു. സെമി കണ്ടക്ടർ അസംബ്ലിങ്‌ ആൻഡ്‌ ടെസ്റ്റിങ് ഫെസിലിറ്റി, പ്രിന്റഡ് സർക്യൂട്ട് ബോർഡുകൾ നിർമിക്കുന്ന യൂണിറ്റ്, സെമി കണ്ടക്ടർ ഡിസൈൻ ആൻഡ്‌ ട്രെയിനിങ്‌ ഇക്കോ സിസ്റ്റം എന്നിവയായിരിക്കും ആദ്യഘട്ടത്തിൽ സ്ഥാപിക്കുക. കൊച്ചിയിലും പാലക്കാട്ടുമാണ്‌ യൂണിറ്റുകൾ. കൊച്ചി സർവകലാശാല ഉൾപ്പെടെ രാജ്യത്തെ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളും ജപ്പാൻ, തയ്‌വാൻ എന്നിവിടങ്ങളിലെ പ്രമുഖ കമ്പനികളും സഹകരിക്കും. 1000 കോടി രൂപയുടെ നിക്ഷേപം വേണ്ടിവരും. 1000 പേർക്ക്‌ നേരിട്ടും 3000 പേർക്ക്‌ പരോക്ഷമായും തൊഴിൽ ലഭിക്കും.  

സ്വകാര്യ വ്യവസായ പാർക്കുകൾക്കുള്ള അനുമതിയും സുപ്രധാനമാണ്‌. ജനസാന്ദ്രത കൂടിയ കേരളം നേരിടുന്ന പ്രധാന പ്രശ്നം വ്യവസായങ്ങൾക്ക് അനുയോജ്യമായ ഭൂമി ലഭിക്കുന്നില്ല എന്നതാണ്‌. ഇതു പരിഹരിച്ച് വ്യവസായ വികസനത്തിന് കുതിപ്പ് നൽകാനാണ് സ്വകാര്യ വ്യവസായ എസ്‌റ്റേറ്റ്‌ പദ്ധതി. ഗ്രാമ, നഗര വ്യത്യാസമില്ലാതെ 10 ഏക്കറോ അതിലധികമോ വരുന്ന വ്യവസായത്തിന് അനുയോജ്യമായ ഭൂമിയിൽ ചെറുകിട സംരംഭകരുടെ കൂട്ടായ്മകൾ, സഹകരണ സ്ഥാപനങ്ങൾ, കൂട്ടുടമാ സംരംഭകർ, ചാരിറ്റബിൾ സൊസൈറ്റികൾ,  കമ്പനികൾ മുതലായവയ്‌ക്ക് പാർക്ക്‌ സ്ഥാപിക്കാം. റോഡ്‌, വൈദ്യുതി, ജലവിതരണം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളും ലബോറട്ടറി, ടെസ്റ്റിങ്‌, സർട്ടിഫിക്കേഷൻ തുടങ്ങിയ പൊതുസൗകര്യങ്ങളും ഒരുക്കാൻ ഏക്കറിന് 30 ലക്ഷം രൂപ നിരക്കിൽ പരമാവധി മൂന്ന്‌ കോടി രൂപവരെ സർക്കാർ ധനസഹായം നൽകും. നാല്‌ പാർക്കിനാണ്‌ വ്യാഴാഴ്‌ച അനുമതി നൽകിയത്‌. 

വ്യവസായമേഖലയിൽ പ്രഖ്യാപിച്ച മറ്റു പദ്ധതികളും വേഗത്തിൽ നടപ്പാക്കുകയാണ്‌. കൊച്ചി–-ബംഗളൂരു വ്യവസായ ഇടനാഴിക്കുള്ള സ്ഥലമേറ്റെടുക്കൽ ജനുവരിയിൽ പൂർത്തിയാകും. ഭൂമി ഏറ്റെടുക്കുന്ന നോഡൽ ഏജൻസിയായ കിൻഫ്രയ്‌ക്ക്‌ കിഫ്‌ബിയാണ്‌ പണം നൽകുന്നത്‌. എറണാകുളം, പാലക്കാട്‌ ജില്ലകളിലായി പദ്ധതിക്ക്‌  2060 ഏക്കറാണ്‌ ആവശ്യം. എറണാകുളം അയ്യമ്പുഴയിൽ ഗ്ലോബൽ ഇൻഡസ്‌ട്രിയൽ ഫിനാൻസ്‌ ആൻഡ്‌ ട്രേഡ്‌ സിറ്റിയാണ്‌ (ഗിഫ്‌റ്റ്‌ സിറ്റി) സ്ഥാപിക്കുന്നത്‌.  അടിസ്ഥാനസൗകര്യ വികസനത്തിന്‌ പ്രാരംഭഘട്ടത്തിൽ 1600 കോടിയുടെ നിക്ഷേപവും 10 വർഷത്തിനകം പൊതു–-സ്വകാര്യ പങ്കാളിത്തത്തോടെ 18,000 കോടിയുമാണ്‌ പ്രതീക്ഷിക്കുന്നത്‌. രണ്ടുലക്ഷംപേർക്ക്‌ നേരിട്ടും 3.6 ലക്ഷംപേർക്ക്‌ പരോക്ഷമായും തൊഴിൽ ലഭിക്കും. പാലക്കാട്‌ ജില്ലയിൽ കണ്ണമ്പ്ര, പുതുശേരി സെൻട്രൽ, പുതുശേരി വെസ്റ്റ്‌ വില്ലേജുകളിലെ ഭൂമി ഏറ്റെടുക്കൽ 60 ശതമാനം പൂർത്തിയായി. എൽഡിഎഫ്‌ സർക്കാരിന്റെ അടിസ്ഥാന പിന്തുണയും ആകർഷകങ്ങളായ പ്രോത്സാഹന പദ്ധതികളും വ്യവസായ സൗഹൃദാന്തരീക്ഷവും മറ്റ്‌ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതുമാണ്‌ വ്യവസായക്കുതിപ്പിന്‌ കാരണമാകുന്നത്‌. മാധ്യമങ്ങളും പ്രതിപക്ഷ പാർടികളും കേന്ദ്രഭരണ കക്ഷിയും എന്തൊക്കെ പ്രതിബന്ധങ്ങൾ സൃഷ്ടിച്ചാലും ജനങ്ങളുടെയും നാടിന്റെയും പുരോഗതിയാണ്‌ എൽഡിഎഫ്‌ സർക്കാരിന്റെ മുഖ്യ പരിഗണനയെന്നാണ്‌ ഈ കുതിപ്പ്‌ തെളിയിക്കുന്നത്‌. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top